ശ്രീ രമണമഹര്‍ഷി

ഏപ്രില്‍ 20, 1935

47. ഭഗവദ്ദര്‍ശനത്തിനു വന്നിരുന്ന ഒരു മലയാളി ഭക്തന്‍.

ചോ: ലോകം അധികവും കഷ്ടപ്പെടുന്നു. നാം നമ്മെ അറിയാനും നമ്മുടെ സുഖത്തിനു വേണ്ടിയും ഏകാന്തത തേടുന്നു. ഇതു സ്വാര്‍ത്ഥമല്ലേ?

ഉ: നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിരിക്കുന്ന അന്യര്‍ ആര്‌? എല്ലാവരും നാം തന്നെ, എല്ലാവും നാം തന്നെ. ഒരു സമുദ്രം അതിന്റെ അലകളെ അറിയുന്നില്ല. അതുപോലെ ആത്മാവ്‌ ലോകവൃത്തികളെയും അറിയുന്നില്ല.

48. വേറൊരു ഭക്തന്‍:-

അങ്ങ്‌ ഭഗവാനാണ്‌. എല്ലാം അറിയാമല്ലോ. എനിക്കെപ്പോള്‍ ജ്ഞാനം ലഭിക്കുമെന്നരുളിച്ചെയ്യാമോ?

ഉ: ഞാന്‍ ഭഗവാനാണെങ്കില്‍ എനിക്കന്യനായിട്ടാരുമില്ല, അതുകൊണ്ട്‌ ജ്ഞാനിയോ, അജ്ഞാനിയോ ഇല്ല. മറിച്ച്‌ ഞാന്‍ നിങ്ങളെപ്പോലെ ഒരാളാണെങ്കില്‍ നിങ്ങള്‍ക്കറിവുള്ളതെല്ലാം എനിക്കുമറിയാം. ഈ രണ്ട്‌ വിധത്തിലായാലും ഞാനുത്തരം പറയേണ്ട കാര്യമില്ല.