ശ്രീ രമണമഹര്‍ഷി

ജൂണ്‍ 24 1935

രമണഗീതയിലെ ഒരു സംശയത്തിന്‌ സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ്‌ സിദ്ധനായിത്തീരുന്നു.

അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ പുതുമയെല്ലാം മാറും. അവര്‍ ശിവനു തുല്യരായിത്തീരുന്നു. എന്തിന്‌, ശിവന്‍ തന്നെയായിത്തീരും. അനുഗ്രഹശക്തിയും ഉണ്ടാകുന്നു.

ഭഗവാന്‍ തുടര്‍ന്നു: കേള്‍ക്കുന്നവരുടെ നിലയൊപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സാധാരണ എല്ലാവരും ശരീരത്തിനെ മാത്രം കാണുന്നു. സിദ്ധികളെ ഇഷ്ടപ്പെടുന്നു. വെറും ജ്ഞാനമെങ്കില്‍ ആര്‍ക്കും തൃപ്തിയാവുകയില്ല. സിദ്ധികൂടി ഉണ്ടെങ്കിലേ സ്വാരസ്യം ഉള്ളൂ. മനോനില ഇങ്ങനെ ഇരുന്നാല്‍ എല്ലാവരുടെ നോട്ടവും സിദ്ധിയിലായിരിക്കും. ജ്ഞാനോപശാന്തിക്ക് ആളില്ല. അങ്ങനെയുള്ളവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ജ്ഞാനം മൂലം സിദ്ധികളെ പ്രാപിക്കാമെന്നു പറയേണ്ടിയിരിക്കുന്നു. ജ്ഞാനത്തില്‍ എല്ലാം അടങ്ങും. ജ്ഞാനി, സിദ്ധികളെപ്പറ്റി വിചാരിക്കുകപോലുമില്ല. ജ്ഞാനമേ മുഖ്യം. ജ്ഞാനമാണ്‌ മുഖ്യം. അതു കഴിഞ്ഞിട്ട്‌ സിദ്ധികളെപ്പറ്റി അലോചിക്കാം. സിദ്ധികള്‍ ശരീരത്തെപ്പറ്റിയുള്ളവയാണ്‌. യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌. ജ്ഞാനിയാണ്‌ യഥാര്‍ത്ഥ സിദ്ധപുരുഷന്‍. സിദ്ധമായുള്ളതിനെ ചേര്‍ന്നിരിക്കുന്നവന്‍ സ്വതസ്സിദ്ധനാണ്‌. സ്ഥിതമായ സത്യം എന്താണെന്നറിഞ്ഞ്‌ അത്‌ താനായിരിക്കുന്നതാണ്‌ സിദ്ധി (ഉള്ളത്‌ നാല്‍പ്പത്‌) വരങ്ങള്‍ കൊടുക്കാന്‍ കഴിവുള്ളവന്‍, അവന്‍. അത്മലാഭമാണ്‌ മുഖ്യവരം.

തിരുവിളയാടര്‍ പുരാണത്തില്‍ സിദ്ധര്‍പ്പടലത്തില്‍ ശിവപെരുമാള്‍ തന്റെ ഭക്തന്‍ സിദ്ധികളെപ്പറ്റി ചിന്തിക്കുകയില്ലെന്നും അവനാര്‍ക്കും വരത്തെ കൊടുക്കുന്നില്ലെന്നും അക്കാര്യം സാന്നിധ്യമാത്രത്താല്‍ നിറവേറ്റപ്പടുമെന്നും പറഞ്ഞിരിക്കുന്നു.

സിദ്ധികളെക്കൊണ്ടുള്ള പ്രയോജനം അവര്‍ക്കു കിട്ടുന്നു. അതിനാല്‍ സിദ്ധന്‍ ദ്വൈതത്തെ താങ്ങുന്നില്ല. ജ്ഞാനിയാവുന്നില്ല. ജ്ഞാനസിദ്ധിയാണ്‌ സിദ്ധി. മറ്റു സിദ്ധികളെ ആര്‍ജ്ജിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.