ശ്രീ രമണമഹര്‍ഷി

ജൂലൈ 13 1935

65. ഒരു സന്ദര്‍ശകന്‍:

സാക്ഷാല്‍ക്കാരത്തിനു ശേഷവും ഈ ജഗത്തിനെ കാണാനൊക്കുമോ?

ഉ: ഈ ചോദ്യം ആരില്‍നിന്നുമാണ്‌. ഒരു ജ്ഞാനിയില്‍നിന്നുമാണോ? ഒരജ്ഞാനിയില്‍നിന്നുമാണോ?

ചോ: ഒരജ്ഞാനിയില്‍ നിന്നുമാണ്‌.

ഉ: അറിയാത്തവന്‍ ആരെന്നു നോക്കൂ. സംശയമുണ്ടായതാര്‍ക്ക് എന്നറിഞ്ഞതിനുശേഷം സംശയം വീണ്ടുമുദിച്ചാല്‍ അപ്പോള്‍ നോക്കിക്കൊള്ളാം. ദേഹമോ,ലോകമോ ഞാനിരിക്കുന്നു എന്നു പറയുന്നുണ്ടോ? അതോ അവയെ കാണുന്നവനോ ഇതാ ദേഹം, ഇതാ ലോകം എന്നും മറ്റും പറയുന്നത്‌? കാണാന്‍ ആളില്ലെങ്കില്‍ കാഴ്ച എങ്ങനെ ഉണ്ടാകും? കാണുന്നവന്‍ ആരെന്നു ഇപ്പോഴേ കണ്ട്‌ സുഖമായിരിക്കാതെ മേല്‍ എന്തെല്ലാം സംഭവിക്കുമോ എന്നെന്തിനു ദുഃഖിക്കുന്നു.

ലോകം ദൃശ്യമോ, അദൃശ്യമോ ആയിക്കൊള്ളട്ടെ. അതുകൊണ്ട്‌ നമുക്കെന്തു ലാഭം, നഷ്ടം? ലോകം ഇപ്പോള്‍ ദൃശ്യമാണല്ലോ? അതിനാല്‍ നമുക്കുള്ള മേന്മയെന്ത്‌? ഉറക്കത്തില്‍ കാണാതെപോകുന്നതിനാല്‍ നമുക്കു വന്ന കുറവെന്ത്‌? അതുകൊണ്ട്‌ ലോകം ദൃശ്യമായാലും അദൃശ്യമായാലും നമ്മുടെ സ്ഥാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.

ഈ ചോദ്യമുദിക്കുന്നതിനു ഹേതു ജ്ഞാനികളും അജ്ഞാനികളെപ്പോലെ ഇരുന്നു കൊള്ളുന്നതിനാലാണ്‌. ജ്ഞാനിയും അജ്ഞാനിയും ലോകത്തെ കാണുന്നുണ്ടെങ്കിലും വീക്ഷണം രണ്ടു വിധത്തിലാണ്‌. സിനിമാസ്ക്രീനില്‍ ലോകമെല്ലാം കാണപ്പെടുന്നുണ്ട്‌. എന്നാലും സത്യത്തില്‍ അവിടെ തിരശ്ശീലയേ ഉള്ളൂ. കാഴ്ചകളെല്ലാം കണ്ടുതീരുമ്പോള്‍ എന്തവശേഷിക്കുന്നു. അപ്പോഴും തിരശ്ശീലയൊന്നെയുള്ളൂ. അതുപോലെ ലോകം ദൃശ്യമാവുമ്പോള്‍ അതവര്‍ക്ക്‌ ദൃശ്യമാവുമെന്നു ഗൗനിച്ച്‌ അധിഷ്ഠാന അഹംസ്വരൂപമാണ്‌ നാം എന്നു ബോധിച്ചാല്‍ ലോകം ദൃശ്യമായാലും അദൃശ്യമായാലും നമുക്കത്‌ ബാധകമല്ല. അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു. ജ്ഞാനിക്കോ ലോകം തന്റെ സ്വരൂപത്തില്‍ ഉദിച്ചണയുന്ന കാഴ്ച മാത്രം. ഉദയാസ്തമയങ്ങള്‍ ജ്ഞാനിയെ ഹനിക്കുന്നില്ല.