ശ്രീ രമണമഹര്‍ഷി

നവംബര്‍ 6, 1935

89. ജ്ഞാനാഗ്നിയില്‍ മനസ്സെരിഞ്ഞു മായുന്നതാണ്‌ കര്‍പ്പൂരാരാധന. ജ്ഞാനാഗ്നിയില്‍ എല്ലാ എരിഞ്ഞൊഴിയവേ അവശേഷിക്കുന്ന അഖണ്ഡസത്താസ്വരൂപമാണ്‌ വിഭൂതി. കുങ്കുമം സ്വരൂപാനുഭൂതിയാകുന്ന ചിച്ചക്തിയാണെന്നും ഭഗവാന്‍ പ്രസ്താവിച്ചു. കൂടാതെ വിഭൂതി പരാ, അപരാ എന്നു രണ്ടു വിധമാണെന്നും അതില്‍ ‘പരാ’ അഖണ്ഡാത്മസ്വരൂപമാണെന്നും അതിന്റെ സ്മാരകമാണ്‌ അപരാവിഭൂതിയെന്നും അരുളിച്ചെയ്തു.

91. ബംഗാളില്‍ നിന്നും ഭഗവാനെ ദര്‍ശിക്കാന്‍ വന്ന ഒരു ഭക്തന്‍ മനസ്സിനെ എങ്ങനെ നിയന്ത്രിക്കാമെനു ചോദിച്ചു.

ഉ: മനസ്സെന്നു പറയുന്നതെന്തിനെയാണ്‌?

ചോ: ഈശ്വരനെ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സവിടെ നില്‍ക്കുന്നില്ല. മറ്റു വിഷയങ്ങളുടെ പിറകേ ഓടുന്നു. അങ്ങനെ സംഭവിക്കരുതെന്നാഗ്രഹിക്കുന്നു.

ഉ: ചലനമാണ്‌ മനസ്സിന്റെ സ്വഭാവം. നിരന്തരമായ ധ്യാനാഭ്യാസത്താലും വൈരാഗ്യത്താലും അതിനെ വശപ്പെടുത്തേണ്ടതാണെന്നും ഭഗവദ്‌ഗീതയില്‍ പറയുന്നു. പലവിധ ചിന്തകളാല്‍ ചിതറിപ്പോകുന്ന മനസ്സ്‌ ബലഹീനമായിപ്പോകുന്നു. ദുര്‍ബലമനസ്സ്‌ ഒന്നിനെ പറ്റിനില്‍ക്കുകയില്ല. ഒരേ ലക്ഷ്യത്തില്‍ അടക്കി നിറുത്തി ശീലിക്കണം. ഒന്നില്‍ ചേര്‍ന്നു നില്‍ക്കുന്തോറും മനസ്സിനു ബലമേറും.

ചോ: മനസ്സിനു ബലം കൂടുമെന്നു പറഞ്ഞാലതെന്താണ്‌?

ഉ: വിക്ഷേപം (ചലനം) കൂടാതെ മനസ്സ്‌ നിലയ്ക്കു നില്‍ക്കുന്നതിനെ മനോബലമെന്നു പറയാം.

ചോ: അതെങ്ങനെ സിദ്ധിക്കും?

ഉ: അഭ്യാസം കൊണ്ടുതന്നെ. ഭക്തന്‌ ഈശ്വരന്‍ സ്വന്തം കരുത്തിനെ കൊടുക്കുന്നു. ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു. ഏതു മാര്‍ഗ്ഗമവലംബിച്ചാലും പ്രയത്നം കൂടിയേ തീരൂ.

ചോ: ആത്മവിചാരത്തില്‍ മനസ്സൂന്നിയതിനു ശേഷവും മനസ്സ്‌ നമ്മെ കബളിപ്പിക്കാന്‍ തുടങ്ങുന്നു. ഇതു നാം പിന്നീടേ അറിയുന്നുള്ളൂ.

ഉ: അതെ, അതെ. എല്ലാ കൗശലങ്ങളും അതിനറിയാം. എന്നാലും അഭ്യാസം നിഷ്ഫലമാവുകയില്ല. ആരംഭത്തില്‍ മനസ്സ്‌ അപ്പപ്പോള്‍ ലക്ഷ്യത്തില്‍ നില്‍ക്കും. ക്രമേണ കൂടുതല്‍ നേരം ലക്ഷ്യത്തില്‍ നില്‍ക്കുന്ന വൈഭവമുണ്ടാകും. അവസാനം അലച്ചില്‍ മാറി നിശ്ചഞ്ചലമായിത്തീരും. ആ അവസ്ഥയിലേ അതുവരെ വെളിപ്പെടാതിരുന്ന നിജശക്തി തന്റെ പൂര്‍ണ്ണപ്രഭാവത്തോടെ പ്രകാശിക്കുകയുള്ളൂ. സാത്വികമനസ്സ്‌ വിചാരമറ്റ്‌ ഉപശാന്തമായിത്തീരും. രാജസമനസ്സ്‌ വിചാരജടിലമായിരിക്കും. സാത്വികം അഖണ്ഡചൈതന്യധാരയോടു ചേര്‍ന്ന്‌ ഏകാകാരമായി നില്‍ക്കും.

ചോ: ഇങ്ങനെ ചൈതന്യാകാരമാവുന്നതിനു മുന്‍പ്‌ മനസ്സിനെ മാറ്റി നിര്‍ത്താനാവുമോ?

ഉ: ആഹാ! ചൈതന്യധാര പുത്തനായിട്ടുണ്ടാകുന്നതല്ല. ഏപ്പോഴും ഉള്ളതാണ്‌.