ശ്രീ രമണമഹര്‍ഷി

നവംബര്‍ 9, 1935

ആരും സ്വരൂപത്തെ അറിഞ്ഞു കൊണ്ടിരിക്കുകതന്നെയാണ്‌. എങ്കിലും തനിക്കൊരു സ്ഥിതിയില്ലെന്നാണ്‌ അവര്‍ക്കു തോന്നിക്കൊണ്ടിരിക്കുന്നത്‌. അത്ഭുതം! തനിക്കെന്തില്ലയോ അതുണ്ടെന്നും എന്തുണ്ടോ അതില്ലെന്നും കല്‍പിച്ചുകൊണ്ടിരിക്കുന്നു. പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നതുപോലെ കരുതുന്നു. അതാണാശ്ചര്യത്തിനും ആശ്ചര്യമായിരിക്കുന്നത്‌. പ്രത്യക്ഷമോ, അനുമാനമോ യുക്തിയോ ഏതായാലും അറിയുന്നവനുള്ളപ്പോഴേ അവയുമുള്ളൂ. അവന്‍ മായുമ്പോള്‍ അവനോടൊത്ത്‌ അതുകളും മായും. അവനോട്‌ ചേര്‍ന്നാല്‍ മാത്രമേ അവയ്ക്കു നിലയുള്ളൂ.

94. ഒരു ഭക്തന്‍:

ഞാനെത്രയോ അപകൃത്യങ്ങള്‍, കുറ്റങ്ങളും ചെയ്തുപോയിട്ടുണ്ട്‌. അതെല്ലാം പൊറുത്ത്‌ ഭഗവാന്‍ മാപ്പുതരുമോ?

ഉ: ഭഗവാന്‍ ആരോടും അതൃപ്തിയുള്ളവനല്ല. തന്റെ മനസ്സ്‌ തന്നെ ബാധിക്കതിരുന്നാല്‍ അതു മതിയാവും.