അഹോ വയം ജന്‍മഭൃതോ ലബ്ധം കാര്‍ത്സ്ന്യേന തത്ഫലം
ദേവനാമപി ദുഷ്പ്രാപം യദ്യോഗേശ്വരദര്‍ശനം (10-84-9)
യസ്യാത്മബുദ്ധിഃ കുണപേ ത്രിധാതുകേ
സ്വധീഃ കളത്രാദിഷു ഭൗമ ഇജ്യധീഃ
യത്തീര്‍ത്ഥ ബുദ്ധിഃ സലിലേ ന കര്‍ഹിചിജ്
ജനേഷ്വഭിജ്ഞേഷു സ ഏവ ഗോഖരഃ (10-84-13)

ശുകമുനി തുടര്‍ന്നു:
ശ്രീകൃഷ്ണന്റെ മഹിമകളെപ്പറ്റിയും പ്രേമത്തെപ്പറ്റിയും എല്ലാവരും ചേര്‍ന്നു നടത്തിയ ചര്‍ച്ചകള്‍ അവരെ ആത്മോദ്ധാരണപരമായി സ്വാധീനിച്ചു. ആ സമയത്ത്‌ മാമുനിമാരില്‍ ശ്രേഷ്ഠരായവര്‍ കൃഷ്ണനെ കാണാന്‍ അവിടെയെത്തി. അവര്‍ വന്നപ്പോള്‍ രാജാക്കന്മാരും പ്രഭുക്കളും ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്നു. കൃഷ്ണനും ബലരാമനും അവരെ സ്വാഗതം ചെയ്തു. മുനിമാരുടെ പാദങ്ങള്‍ കഴുകി അവര്‍ക്ക്‌ ഉചിതങ്ങളായ ആസനങ്ങള്‍ നല്‍കി.

കൃഷ്ണന്‍ പറഞ്ഞു:
ഇന്നു നാം തികച്ചും അനുഗൃഹീതരത്രെ. നമ്മുടെ ജന്മത്തിന്‌ ഇന്നു സാഫല്യം കൈവന്നിരിക്കുന്നു. യോഗിവര്യന്മാരില്‍ ശ്രേഷ്ഠരായ മഹര്‍ഷിമാരുടെ ദര്‍ശനഭാഗ്യം നമുക്കുണ്ടായിരിക്കുന്നു. ദിവ്യനദികള്‍ വെറും ജലമല്ല. ദേവവിഗ്രഹങ്ങള്‍ വെറും മണ്ണും കല്ലുമല്ല. അവ ഭക്തനെ ഏറെക്കാലം കൊണ്ട്‌ ശുദ്ധീകരിക്കുന്നു. എന്നാല്‍ ദിവ്യമാമുനിമാരുടെ ഒരെയൊരു ദര്‍ശനം കൊണ്ട്‌ ഭക്തഹൃദയം സംശുദ്ധമാകുന്നു. അഗ്നി, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഭൂമി, ആകാശം, പ്രാണവായുക്കള്‍, വാക്ക്, മനസ്സ്‌ എന്നിവയെ നിയന്ത്രിക്കുന്ന ദേവതകള്‍ പോലും നാനാത്വഭാവമെന്ന കല്‍മഷത്തിന് അടിമപ്പെട്ടവരത്രെ. അവര്‍ക്കൊന്നും മനുഷ്യഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദിവ്യന്മാരായ ഈ മഹര്‍ഷിമാരുടെ ഏതാനും നിമിഷത്തെ സത്സംഗം കൊണ്ട്‌ ഒരുവന്റെ എല്ലാ പാപങ്ങളും ഇല്ലാതെയാവുന്നു. സ്വശരീരത്തെ ആത്മാവെന്നു കരുതുന്നവന്‍ വെറുമൊരു കഴുതയത്രെ. അവന്‍ ഭാര്യയും കുട്ടികളും മറ്റും സ്വന്തമെന്നു കരുതുന്നു. ലൗകികവസ്തുക്കളെ പൂജിച്ച്‌ നദികളെ പുണ്യതീര്‍ത്ഥമെന്ന് കരുതി നടക്കുമ്പോഴും മഹര്‍ഷിമാരില്‍ അവന്‌ ഭക്തിയേതുമില്ല.

ശുകമുനി തുടര്‍ന്നു:
മാമുനിമാര്‍ തങ്ങളെ ഭഗവാന്‍ കൃഷ്ണന്‍ പുകഴ്ത്തുന്നതു കേട്ട്‌ അത്ഭുതസ്തബ്ധരായി നിന്നുപോയി. അവര്‍ക്കറിയാമായിരുന്നു, ഭഗവാന്‍ ഈ മനുഷ്യവേഷം ധരിച്ച്‌ മനുഷ്യധര്‍മ്മമനുസരിച്ചു നടിക്കുകയാണെന്ന്‌.

അവര്‍ പറഞ്ഞു:
പ്രഭോ, അങ്ങയെ ആരറിയാന്‍. അങ്ങ്‌ ഏകനെങ്കിലും അനേകങ്ങളായി കാണപ്പെടുന്നു. ഭൂമി ഒന്നാണെങ്കലും അത്‌ വൃക്ഷങ്ങളും പാറകളും മറ്റുമായാണല്ലോ കാണപ്പെടുന്നത്‌. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തിന്റെ ചലനമേതുമില്ലാത്ത അടിത്തറ അവിടുന്നത്രെ. അവിടുന്ന് നാമരൂപങ്ങള്‍ക്കതീതനെങ്കിലും കാലാകാലങ്ങളില്‍ ധര്‍മ്മസംരക്ഷണത്തിനായി, ദുഷ്ടസംഹാരത്തിനായി, നാമരൂപങ്ങള്‍ ധരിക്കുന്നു. സ്വപ്നം കാണുന്നുവര്‍ സ്വന്തം ശരീരത്തെപ്പറ്റി ബോധവാനല്ലാത്തതുപോലെ മായാജന്യമായ മതിഭ്രമത്തിനടിപ്പെട്ട മനുഷ്യര്‍ക്ക്‌ അവിടുത്തെ പറ്റിയുളള അവബോധമില്ല തന്നെ. അവിടുന്ന് എല്ലായ്പ്പോഴും അവരുടെ ആത്മസത്തയായി നിലകൊളളുന്നുവെന്ന് അവരറിയുന്നില്ല. അങ്ങില്‍ മാത്രം നിതാന്തഭക്തിയുളളവര്‍ക്കു മാത്രമേ അവിടുത്തെ സാക്ഷാത്കരിക്കാനാവൂ. അവിടുത്തെ കാണാന്‍ സാധിച്ചതിനാല്‍ ഞങ്ങള്‍ അനുഗൃഹീതരായിരിക്കുന്നു.

മാമുനിമാര്‍ ഉടനേ തന്നെ മടങ്ങിപ്പോവാന്‍ തുനിയവേ വസുദേവര്‍ അവരോടു ചോദിച്ചു: ‘എങ്ങനെയാണ്‌ ഒരുവന്‍ കര്‍മ്മപാശത്തില്‍ നിന്നും മോചിതനാവുന്നതെന്നു പറഞ്ഞു തന്നാലും.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF