ശ്രീ രമണമഹര്‍ഷി

ജനുവരി, 1, 1936

122. ക്രിസ്തുമസ്സ്‌ ഒഴിവുകാലത്ത്‌ ഭഗവാനെ ദര്‍ശിക്കാന്‍ ധാരാളം പേര്‍ വന്നിരുന്നു.

ഒരാള്‍: ഏകത്വാനുഭവം എങ്ങനെയുണ്ടാകുന്നു?

ഉ: നാം ഏക ഉണര്‍വ്വ്വു തന്നെ ആയിരിക്കുമ്പോള്‍ അതിനെ പ്രാപിക്കുന്നതെങ്ങനെ? പ്രാപിക്കുന്നതെങ്ങനെ എന്ന ചോദ്യത്താല്‍, താന്‍ തന്നെ പ്രാപിക്കേണ്ടതില്ല എന്നു സ്പഷ്ടമാണ്‌.

ചോ: ആത്മാവെന്നതെന്ത്‌? അനാത്മാവേത്‌? പരമാത്മാവെന്നു പറയുന്നതേത്‌?

ഉ: ക്രമപ്രകാരം ജീവനെയും, ജഗത്തിനെയും, ഈശ്വരനെയും കുറിക്കും. ഏത്‌ എങ്ങനെയിരുന്നാലും നാം എപ്പോഴും അഭേദമായിട്ടിരിക്കുന്നു. തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌? എന്നാല്‍ അധികമാളുകളും തന്നെ പുതിയതായിട്ടൊരു ദൃശ്യമായിട്ട്‌ പ്രകാശിക്കുന്ന ഒരു ജ്യോതിയാട്ടോ മറ്റോ കാണാമെന്നു പ്രതീക്ഷിക്കുന്നു. ആത്മാവെങ്ങനെ അപ്രകാരം ഒരു ദൃശ്യമാകും? അതൊരു ഗോചരവസ്തുവല്ല. എപ്പോഴും ഉള്ളതാണ്‌. അത്‌ വെട്ടമോ ഇരുട്ടോ അല്ല. അത്‌ ഇങ്ങനെ, അങ്ങനെ എന്ന്‌ പറയാന്‍ നിര്‍വ്വാഹമില്ലാതെ ഉള്ളവിധം ഉള്ളതായിരിക്കുന്നു. ‘ഞാന്‍ ഞാനായിരിക്കുന്നവന്‍’ എന്ന ബൈബിള്‍ വചനത്തെക്കള്‍ കൂടുതല്‍ അതിനെ വ്യക്തമാക്കിപ്പറയാന്‍ സാധ്യമല്ല. അംഗുഷ്ടമാത്രം, കുതിരവാലിനേക്കാള്‍ സൂക്ഷ്മം എന്നും മറ്റും ഉപനിഷത്തുക്കളില്‍ പറയുന്നത്‌ മനസ്സിനെ ഒരുവിധം തിരിച്ചുവിടാന്‍ പറഞ്ഞ ലക്ഷണങ്ങളെന്നല്ലാതെ യാഥാര്‍ത്ഥമല്ല. അത്‌ ഉള്ളത്‌, ഇല്ലാത്തത്‌, എന്ന രണ്ടില്‍ നിന്നും മാറിയിരിക്കുന്ന ഒരറിവുസ്വരൂപം. സുഖമോ ദുഃഖമോ അല്ലാത്ത ഒരു ശാന്തിരൂപം. ഇതിനെ തായുമാനവര്‍, ‘അഹങ്കാരന്‍ മറയുമ്പോള്‍ മറ്റൊരു ‘ഞാന്‍’ (ആത്മാവായ ഞാന്‍) പ്രകാശിക്കും’ എന്നു പാടിയിരിക്കുന്നു. ‘സത്യമോ, മിഥ്യയോ അല്ല, വെട്ടമോ ഇരുട്ടോ അല്ല’ എന്നു സ്കന്ദാനുഭൂതിയിലും പറഞ്ഞിട്ടുണ്ട്‌.

ശ്രീ ശങ്കരന്‍ അതീതമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അത്‌ പോര, സിദ്ധികള്‍ ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കത്തക്കവകൂടിയായിരിക്കണമെന്ന്‌ കുംഭകോണത്ത്‌ ഒരു സിദ്ധന്‍ വാദിച്ചതായി ഒരാള്‍ പറഞ്ഞു.

തായുമാനവര്‍ സിദ്ധികളെ നിരാകരിച്ചു പറയുന്ന ഒരു പദ്യത്തെ ഭഗവാന്‍ ചൂണ്ടിക്കാട്ടി. ‘സിദ്ധികള്‍ എന്തും ചെയ്യാന്‍ കഴിയുന്നതാണ്‌. എന്നാല്‍ ചിന്തയെ അടക്കിവച്ചു ചുമ്മാതിരിക്കാന്‍ വൈഭവമില്ലാതിരിക്കുന്നു.’ എന്നദ്ദേഹം കുണ്ഠിതപ്പെടുന്നു. ‘എന്തെല്ലാം പഠിച്ചാലും എന്തു സിദ്ധികളുണ്ടായിരുന്നാലും മനസ്സിനെ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു. അഹങ്കാരന്‍ നശിച്ച സ്ഥാനത്ത്‌ അഖണ്ഡാനന്ദം പ്രകാശിക്കുന്നത്‌ തന്നെ മൗനം. ഇരുട്ടോ പ്രകാശമോ അല്ലാത്ത അതിനെ കുറിക്കാന്‍ മറ്റു വാക്കില്ലാത്തതിനാല്‍ പ്രകാശം എന്നു പറയേണ്ടിവരുകയാണ്‌.