തസ്യൈവം യുഞ്ജതശ്ചിത്തം തപഃ സ്വാധ്യായസംയമൈഃ
അനുഗ്രഹയാവിരാസീരന്നരനാരായണോ ഹരിഃ (12-8-32)

ശൗനകന്‍ പറഞ്ഞു: ചിലര്‍ പറയുന്നത്‌ മാര്‍ക്കണ്ഡേയമഹര്‍ഷി ഒരു പ്രളയത്തെ അതിജീവിച്ചുവെന്നും, അദ്ദേഹത്തെ അതു ബാധിച്ചിട്ടില്ല എന്നുമാണ്‌. എന്നാല്‍ അദ്ദേഹം ഈ മന്വന്തരത്തിലും ജീവിച്ചിട്ടുണ്ട്‌. ഈ ലോകചക്രം അവസാനിച്ചിട്ടുമില്ല. ഈ പരസ്പരവൈരുദ്ധ്യം എങ്ങനെയാണു വിശദീകരിക്കുക?

സൂതന്‍ പറഞ്ഞു:
ഉപനയനകര്‍മ്മത്തിനുശേഷം മാര്‍ക്കണ്ഡേയന്‍ വേദാഭ്യാസവും തപശ്ചര്യയും നടത്തി. അദ്ദേഹം നിത്യബ്രഹ്മചര്യവ്രതമെടുത്ത്‌ സദാ ഭഗവാന്‍ ഹരിയില്‍ ഭക്തിപൂണ്ട്‌ തീവ്രതപശ്ചര്യകളില്‍ മുഴുകി ജീവിച്ചു. അതേസമയം തന്റെ ഗുരുവിനെയും സൂര്യദേവനെയും അഗ്നിയെയും പൂജിച്ചു. അങ്ങനെ ഏറെക്കാലം ഭഗവദ്‍ധ്യാനത്തില്‍ മുഴുകി ജീവിച്ച്‌ ഒടുവില്‍ ആത്മീയപാതയിലെ ശത്രുക്കളായ കാമം, ക്രോധം, ലോഭം, അഹങ്കാരം, അജ്ഞാനം എന്നിവയെയും മരണത്തെപ്പോലും അതിജീവിച്ചു.

ആറ് മന്വന്തരങ്ങള്‍ അദ്ദേഹമിങ്ങനെ കഴിഞ്ഞു. ഏഴാമത്‌ മന്വന്തരത്തില്‍ ദേവേന്ദ്രന്‌ മാര്‍ക്കണ്ഡേയന്‍ തന്റെ പദവി തട്ടിയെടുക്കുമോ എന്ന ഭയമുണ്ടായി. മാര്‍ക്കണ്ഡേയന്റെ അനിതരസാധാരണമായ തപശ്ചര്യകളും സാധനകളുംമൂലം തന്റെ സിംഹാസനം നഷ്ടപ്പെടുമോ എന്ന ആശങ്കയില്‍ മാര്‍ക്കണ്ഡേയന്റെ തപശ്ചര്യക്ക്‌ ഭംഗംവരുത്താന്‍ പതിവുപോലെ ഏര്‍പ്പാടുകള്‍ ചെയ്തു. അപ്സരസ്സുകള്‍ ഗായകരോടും കാമദേവനോടുമൊപ്പം മഹര്‍ഷിയുടെ തപസ്സിളക്കാന്‍പുറപ്പെട്ടു.

കാമദേവനും കൂട്ടരും ഹിമാലയത്തിന്റെ വടക്കേ ചെരുവില്‍ മഹര്‍ഷി ധ്യാനനിരതനായിരിക്കുന്നയിടത്തു ചെന്നു. അവര്‍ക്കറിയാവുന്ന മാര്‍ഗ്ഗമെല്ലാം പ്രയോഗിച്ചുവെങ്കിലും മാര്‍ക്കണ്ഡേയന്‍ ഇളകിയില്ല. തങ്ങളുടെ പരിശ്രമങ്ങളെല്ലാം പരാജയപ്പെട്ടതില്‍ തലതാഴ്ത്തി അവര്‍ ഇന്ദ്രസവിധമണഞ്ഞു. അതേ സമയം മഹര്‍ഷിയുടെ തപസ്സില്‍ അതീവസന്തുഷ്ടനായ ഭഗവാന്‍ ഹരി നര-നാരായണ രൂപത്തില്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ക്കണ്ഡേയന്‍ സാഷ്ടാംഗനമസ്കാരം നടത്തി. എന്നിട്ട്‌ എഴുന്നേറ്റുനിന്നു്‌ വണങ്ങി ഹൃദയംനിറഞ്ഞ ഭക്തിയോടെ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

‘ഭഗവന്‍, അവിടുന്ന് ഈ ദ്വിരൂപത്തില്‍ പ്രകടമായിരിക്കുന്നത്‌ മൂന്നു ലോകങ്ങളിലുമുളള സകലജീവികള്‍ക്കും മോക്ഷം നല്‍കുവാനായാണല്ലോ. ത്രിഗുണങ്ങളുടെ വിളയാട്ടമേല്‍ക്കാത്ത അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു. മഹത്തായ കാലംപോലും അവിടുത്തെ പുരികക്കൊടിയുടെ ലീലമാത്രം. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ, ലൗകികവസ്തുക്കളോടും നശ്വരമായ ഈ ശരീരത്തോടും ഇവയുമായി ബന്ധപ്പെട്ട എന്തിനോടും മൂല്യം കല്‍പ്പിക്കുന്നത്‌ എത്രമാത്രം വൃഥാവിലാണ്‌? അതുകൊണ്ട്‌ ഞാന്‍ അവയില്‍ നിന്നെല്ലാം പിന്തിരിഞ്ഞ് അവിടുത്തെ അഭയം പ്രാപിക്കുന്നു.’

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF