ശ്രീ രമണമഹര്‍ഷി

ജനുവരി 31, 1936.

151. മേല്‍പറഞ്ഞ അമേരിക്കന്‍ സന്ദര്‍ശകന്‍ അല്‍പം ശ്രവണമാന്ദ്യമുള്ള ആളായിരുന്നു.

ജീവിതത്തില്‍ സ്വാശ്രയനായിക്കഴിഞ്ഞ അദ്ദേഹം സ്വന്തം കുറവിനെപ്പറ്റി പരാതിപ്പെട്ടു.

ഉ: നിങ്ങള്‍ നിങ്ങളെ അശ്രയിക്കുന്നവനല്ല. അഹന്തയെ ആശ്രയിക്കുന്നയാളാണ്‌. അത്‌ വിട്ടിട്ടു നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തന്നെ(ആത്മാവിനെ)ത്തന്നെ ആശ്രയിക്കുന്നവനായിത്തീരുക.

ഭഗവാന്‍ വീണ്ടും പറഞ്ഞു

വിഷമിക്കാനൊന്നുമില്ല. ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന്
ആവശ്യമാണ്‌. നിങ്ങള്‍ക്ക്‌ ഒരിന്ദ്രിയത്തെ ഈശ്വരന്‍ തന്നെ കീഴടക്കിത്തന്നിരിക്കുന്നു. അത്രക്കും നന്നായി.

ആഗതന്‍: അങ്ങയുടെ ഫലിതം നന്നായി. എങ്കിലും എന്റെ കുറവ്‌, അതാത്മാഭിമാനത്തെ ഹനിക്കുന്നു.

ഭഗവാന്‍: ആത്മാവൊന്നേയുള്ളൂ. നിങ്ങള്‍ നിങ്ങളെ പഴിക്കുമ്പോള്‍ അഭിമാനക്ഷതം തോന്നാറുണ്ടോ? നിങ്ങളുടെ തെറ്റുകള്‍ക്ക്‌ സ്വയം കുറ്റപ്പെടുത്തുമ്പോള്‍ അത്‌ തോന്നാറുണ്ടോ? അത്മാവേ താനെന്നിരുന്നാല്‍ നമ്മെ നിന്ദിക്കാനാളുണ്ടായിരിക്കയില്ല.