ശ്രീ രമണമഹര്‍ഷി

മാര്‍ച്ച്‌ 2, 1936

174. ഡോക്ടര്‍ ഹാന്‍ഡ്‌: അഹന്തയുടെ ആദിയെ കാണാന്‍ രണ്ട്‌ മാര്‍ഗ്ഗങ്ങളുണ്ടോ?

ഉ: അഹന്തയുടെ ആദി ഒന്നേയുള്ളൂ. അതിനെ പ്രാപിക്കേണ്ട മാര്‍ഗ്ഗവും ഒന്നു മാത്രം.

ചോ: ധ്യാനം, മൗനം എന്നു പറയപ്പെടുന്ന രണ്ടിനുമിടയ്ക്ക്‌ വേര്‍പാടെങ്ങനെയുണ്ടായി?

ഉ: അഹന്തയിരിക്കവെ തന്നെ ധ്യാനിക്കാന്‍ കഴിയും. അപ്പോള്‍ ധ്യാനിക്കുന്ന അഹന്തയും ധ്യാനിക്കപ്പെട്ട പൊരുളും ഉണ്ട്‌. ഇത്‌ വളഞ്ഞ വഴി. അഹന്തയെങ്ങനെയൊഴിയുമെന്നന്വേഷിച്ചാല്‍ അഹന്ത ഒഴിയും. അവശേഷിക്കുന്നത് ആത്മാവ്‌. ഇതാണ്‌ നേര്‍വഴി.

ചോ: അപ്പോള്‍ ഞാനെന്താണ്‌ ചെയ്യേണ്ടത്‌?

ഉ: തന്നോട്‌ (ആത്മാവിനോട്‌) ചേര്‍ന്നു നില്‍ക്കണം.

ചോ: എങ്ങനെ?

ഉ: നാമെപ്പോഴും ആത്മാവാണ്‌. എന്നാല്‍ ആത്മബോധത്തെയും അഹന്താബോധത്തെയും കൂട്ടിക്കുഴക്കുകയാണ്‌. അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു. അതിനാല്‍ അഹന്തയെ ഒഴിക്കേണ്ടതാണ്‌ ഒരേ ആവശ്യം. ആത്മാനുഭൂതി പ്രകൃത്യാ തന്നെ എല്ലാവര്‍ക്കുമുണ്ട്‌. അത്‌ പുത്തനായുണ്ടാക്കേണ്ടതില്ല. അതെപ്പോഴുമുണ്ട്‌.