രണ്ട‍ാം സ്കന്ദം ആരംഭം

ഏതാവാന്‍ സ‍ാംഖ്യയോഗാഭ്യ‍ാം സ്വധര്‍മ്മപരിനിഷ്ഠയാ
ജന്മലാഭഃ പരഃ പുംസാമന്തേ നാരായണസ്മൃതിഃ (2-1-6)
സ സര്‍വ്വധീവൃത്ത്യനുഭൂതസര്‍വ ആത്മാ യഥാ സ്വപ്നജനേക്ഷിതൈകഃ
തം സത്യമാനന്ദനിധിം ഭജേത നാന്യത്ര സജേ​‍്ജദ്യത ആത്മപാതഃ (2-1-39)

ശുകമുനി പറഞ്ഞു:

രാജന്‍, ഉന്നതമായൊരുചോദ്യം തന്നെയത്‌. മനുഷ്യന്‍ സാധാരണയായി നശ്വരമായ വസ്തുവകകളും ആസക്തനാണ്‌. അതേ വസ്തുക്കളെ ‘ഞാന്‍’, എന്നകരുതി കൂടുതല്‍ സുഖം നല്‍കുന്ന വസ്തുക്കളെ മാത്രമറിഞ്ഞ്അവന്‍ ജീവിക്കുന്നു. മനുഷ്യജന്മത്തിന്റെ ലക്ഷ്യംതന്നെ മരണസമയത്ത്‌ പരമപുരുഷനായ ശ്രീകൃഷ്ണനെ (നാരായണനെ) ഓര്‍ക്കാന്‍ കഴിയുക എന്നതാണ്‌. ആയത്‌ ധാര്‍മ്മീകജീവിതത്തിലൂടെയോ യോഗമാര്‍ഗ്ഗങ്ങളുലൂടെയോ നേടാവുന്നതാണ്‌. രാജര്‍ഷിയായ ഖട്വ‍ാംഗന്‍ കേവലം ഒരുമണിക്കൂര്‍മാത്രമേ മരണത്തിനുമുന്‍പ്‌ സമയമുളളൂ എന്നറിഞ്ഞ് സര്‍വ്വതും ത്യജിച്ച്‌ സ്വയം ഭഗവാനില്‍ വിലീനനായി. സ്വന്തം മോക്ഷപ്രാപ്തിക്കുവേണ്ടി ശ്രമിച്ചില്ലെങ്കില്‍ നീണ്ടൊരു ജീവിതം കൊണ്ടെന്താണു പ്രയോജനം? മരണമടുക്കുമ്പോഴേയ്ക്കും മനുഷ്യന്‍ അവന്റെ എല്ലാ കെട്ടുപാടുകളും നിന്നും, സ്വന്തം ശരീരത്തോടു പോലുമുളള ആസക്തിയില്‍നിന്നും മുക്തനാവണം.

ശാന്തവും ശുദ്ധവുമായ ഒരിടത്തുപോയി ‘ഓം’, എന്ന ദിവ്യമന്ത്രം ധ്യാനിച്ചുകഴിയണം. പരമപുരുഷന്റെ ഏതെങ്കിലുമൊരു അവയവത്തെ ധ്യാനത്തില്‍ ദര്‍ശിച്ച്‌ അവിടുത്തോടുളള ഭക്തിയും പ്രേമവും വര്‍ദ്ധിപ്പിച്ച്‌ മറ്റൊന്നിലും താത്പര്യമില്ലാത്ത അവസ്ഥയിലെത്തണം. ഈ ധ്യാനം മനോമാലിന്യങ്ങളെ അകറ്റി മനസില്‍ ദിവ്യഭക്തിയും പ്രേമവും നിറയ്ക്കുന്നു. താമസംവിനാ അവന്‍ പരമപദം പ്രാപിക്കയും ചെയ്യും.

ഇനി ഭഗവാന്റെ പരമദിവ്യരൂപം നിങ്ങളുടെ ധ്യാനത്തിനുവേണ്ടി വിവരിച്ചുതര‍ാം. അത്‌ വിശ്വത്തിന്റെ പ്രതിഭാസരൂപങ്ങളായ പഞ്ചഭൂതങ്ങളും (ഭൂമി, വെളളം, അഗ്നി, വായു, ആകാശം) അഹങ്കാരവും ബുദ്ധിയും എല്ലാത്തിന്റേയും സത്തടങ്ങിയതുമത്രെ. ചുരുക്കത്തില്‍ ന‍ാം കാണുന്ന ഈ വിശ്വമത്രയും ഭഗവല്‍ശരീരമാകുന്നു. ഭൂമിക്കുതാഴെയുളളയിടങ്ങള്‍ (പാതാളം, സതാതലം, മഹാതലം, തലാതലം, വിതലം, സുതലം, അതലം), ഭഗവല്‍പ്പാദങ്ങള്‍, പാദപ്രതലം, ഞെറിയാണികള്‍, കാല്‍വന്നുകള്‍, കാല്‍മുട്ടുകള്‍, തുടകള്‍ എന്നിവയത്രെ. ഭൂമി അവിടുത്തെ അരക്കെട്ടാണ്‌. ഭൂമിക്കുമുകളിലുളളയിടങ്ങള്‍ (ഭൂവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം) ഭഗവല്‍നാഭി, നെഞ്ച്, കഴുത്ത്, മുഖം, പുരികങ്ങള്‍, തല എന്നിവയാണ്‌. മായ അവിടുത്തെ പുഞ്ചിരിയത്രെ. ദൈവീകത അവിടുത്തെ ഇന്ദ്രിയങ്ങളും ആകാശം കണ്ണുകളും, സൂര്യന്‍ കാഴ്ചയും, രാത്രിപകലുകള്‍ കണ്‍ പോളകളുമാകുന്നു. രാജാവേ, സമുദ്രമവിടുത്തെ ആമാശയവും പര്‍വ്വതങ്ങള്‍ എല്ലുകളും നദികള്‍ രക്തധമനികളുമത്രെ. മരങ്ങള്‍ രോമങ്ങളും മൃഗങ്ങളും മനുഷ്യരും ദേവന്മ‍ാരും അവിടുത്തെ ശരീരഭാഗങ്ങളുമത്രെ. അവിടുന്നല്ലാതെ മറ്റൊന്നും തന്നെയില്ല. ഈ വിശ്വംമുഴുവന്‍ ആ ദിവ്യമഹിമ കൊണ്ടു നിറഞ്ഞിരിക്കുന്നു. അതേ ശ്രീകൃഷ്ണനില്‍ത്തന്നെ താങ്കളും ഉള്‍ക്കൊളളുന്നു.

സ്വപ്നം കാണുന്നുയാള്‍ തന്റെ സ്വപ്നത്തില്‍ പലേ രൂപങ്ങളുണ്ടാക്കി അവനവനെത്തന്നെ കാണുന്നതുപോലെ പരമാത്മാവായ ശ്രീകൃഷ്ണന്‍തന്നെയാണ്‌ എല്ലാവരുടേയും ബുദ്ധിവ്യാപാരങ്ങളിലൂടെ എല്ല‍ാം അനുഭവിക്കുന്നുത്‌. അദ്ദേഹം എല്ലാവിധ നിലനില്‍പ്പിന്റേയും ആനന്ദത്തിന്റേയും ഇരിപ്പിടമാണ്‌. ഒരുവന്‍ മറ്റൊന്നിനേയും ആശ്രയിക്കാതെ അവിടുത്തെ പൂജിച്ച്‌ കഴിയുന്നില്ലെങ്കില്‍ സ്വന്തം പതനത്തിലേക്കുളള വഴി തെളിയിക്കുകയത്രേ ചെയ്യുന്നുത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF