MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ബാലി സുഗ്രീവ വിരോധകാരണം

പണ്ടു മായാവിയെന്നൊരസുരേശ്വര-
നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌.
യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ-
നുദ്ധതനായ്‌ നടന്നീടും ദശാന്തരേ
കിഷ്കിന്ധയ‍ാം പുരിപുക്കു വിളിച്ചിതു
മര്‍ക്കടാധീശ്വരനാകിയ ബാലിയെ.
യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി-
ക്രൂദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടന്‍
മുഷ്‌ടികള്‍കൊണ്ടു താഡിച്ചതുകൊണ്ടതി-
ദുഷ്‌ടന‍ാം ദൈത്യനുമ പേടിച്ചു മണ്ടിനാന്‍.
വാനരശ്രേഷനുമോടിയെത്തീടിനാന്‍
ഞാനുമതുകണ്ടു ചെന്നിതു പിന്നാലെ.
ദാനവന്‍ ചെന്നു ഗുഹയിലുള്‍പ്പുക്കിതു
വാനരശ്രഷ്ഠനുമെന്നോടു ചൊല്ലിനാന്‍ഃ
“ഞാനിതില്‍പുക്കിവന്‍തന്നെയൊടുക്കുവന്‍
നൂനം വിലദ്വാരി നില്‍ക്ക നീ നിര്‍ഭയം.
ക്ഷീരം വരികിലസുരന്‍ മരിച്ചീടും
ചോര വരികിലടച്ചു പോയ്‌ വാഴ്ക നീ.”
ഇത്ഥം പറഞ്ഞതില്‍ പുക്കിതു ബാലിയും
തത്ര വിലദ്വാരി നിന്നേനടിയനും.
പോയിതു കാലമൊരുമാസമെന്നിട്ടു-
മാഗതനായതുമില്ല കപീശ്വരന്‍.
വന്നിതു ചോര വിലമുഖതന്നില്‍നി-
ന്നെന്നുളളില്‍നിന്നു വന്നു പരിതാപവും.
അഗ്രജന്‍തന്നെ മായാവി മഹാസുരന്‍
നിഗ്രഹിച്ചാനെന്നുറച്ചു ഞാനും തദാ
ദു:ഖമുള്‍ക്കൊണ്ടു കിഷ്കിന്ധപുക്കീടിനേന്‍;
മര്‍ക്കടവീരരും ദുഃഖിച്ചതുകാലം
വാനരാധീശ്വരനായഭിഷേകവും
വാനരേന്ദ്രന്മാരെനിക്കു ചെയ്‌തീടിനാര്‍
ചെന്നിതു കാലം കുറഞ്ഞൊരു പിന്നെയും
വന്നിതു ബാലി മഹാബലവാന്‍ തദാ.
കല്ലിട്ടു ഞാന്‍ വിലദ്വാരമടച്ചതു
കൊല്ലുവാനെന്നോര്‍ത്തു കോപിച്ചു ബാലിയും
കൊല്ലുവാനെന്നോടടുത്തു, ഭയേന ഞാ-
നെല്ലാടവും പാഞ്ഞിരിക്കരുതാഞ്ഞെങ്ങും
നീളേ നടന്നുഴന്നീടും ദശാന്തരേ
–ബാലി വരികയില്ലത്ര ശാപത്തിനാല്‍–
ഋശ്യമൂകാചലേ വന്നിരുന്നീടിനേന്‍
വിശ്വാസമോടു ഞാന്‍ വിശ്വനാഥാ വിഭോ!
മൂഢന‍ാം ബാലി പരിഗ്രഹിച്ചീടിനാ-
നൂഢരാഗം മമ വല്ലഭതന്നെയും.
നാടും നഗരവും പത്നിയുമെന്നുടെ
വീടും പിരിഞ്ഞു ദു:ഖിച്ചിരിക്കുന്നു ഞാന്‍.
ത്വല്‍പാദപങ്കേരുഹസ്പര്‍ശകാരണാ-
ലിപ്പോളതീവ സുഖവുമുണ്ടായ്‌വന്നു.”
മിത്രാത്മജോക്തികള്‍ കേട്ടോരനന്തരം
മിത്രദുഃഖേന സന്തപ്തന‍ാം രാഘവന്‍
ചിത്തകാരുണ്യം കലര്‍ന്നു ചൊന്നാന്‍, “തവ
ശത്രുവിനെക്കൊന്നു പത്നിയും രാജ്യവും
വിത്തവുമെല്ലാമടക്കിത്തരുവന്‍ ഞാന്‍;
സത്യമിതു രാമഭാഷിതം കേവലം.”
മാനവേന്ദ്രോക്തികള്‍ കേട്ടു തെളിഞ്ഞൊരു
ഭാനുതനയനുമിങ്ങനെ ചൊല്ലിനാന്‍ഃ
“സ്വര്‍ല്ലോകനാഥജനാകിയ ബാലിയെ-
ക്കൊല്ലുവാനേറ്റം പണിയുണ്ടു നിര്‍ണ്ണയം.
ഇല്ലവനോളം ബലം മറ്റൊരുവനും;
ചൊല്ലുവന്‍ ബാലിതന്‍ ബാഹുപരാക്രമം.
ദുന്ദുഭിയാകും മഹാസുരന്‍ വന്നു കി-
ഷ്കിന്ധാപുരദ്വാരി മാഹിഷവേഷമായ്‌
യുദ്ധത്തിനായ്‌ വിളിച്ചോരു നേരത്തതി-
ക്രുദ്ധന‍ാം ബാലി പുറപ്പെട്ടു ചെന്നുടന്‍
ശൃംഗം പിടിച്ചു പതിപ്പിച്ചു ഭൂമിയില്‍
ഭംഗംവരുത്തിച്ചവിട്ടിപ്പറിച്ചുടന്‍
ഉത്തമ‍ാംഗത്തെച്ചുഴറ്റിയെറിഞ്ഞിതു
രക്തവും വീണു മതംഗാശ്രമസ്ഥലേ.
‘ആശ്രമദോഷം വരുത്തിയ ബാലി പോ-
ന്നൃശ്യമൂകാചലത്തിങ്കല്‍ വരുന്നാകില്‍
ബാലിയുടെ തല പൊട്ടിത്തെറിച്ചുടന്‍
കാലപുരി പൂക മദ്വാക്യഗൗരവാല്‍.’
എന്നു ശപിച്ചതു കേട്ടു കപീന്ദ്രനു-
മന്നുതുടങ്ങിയിവിടെ വരുവീല.
ഞാനുമതുകൊണ്ടിവിടെ വസിക്കുന്നു
മാനസേ ഭീതികൂടാതെ നിരന്തരം.
ദുന്ദുഭിതന്റെ തലയിതു കാണ്‍കൊരു
മന്ദരംപോലെ കിടക്കുന്നതു ഭവാന്‍.
ഇന്നിതെടുത്തെറിഞ്ഞീടുന്ന ശക്തനു
കൊന്നുകൂടും കപിവീരനെ നിര്‍ണ്ണയം.”
എന്നതു കേട്ടു ചിരിച്ചു രഘൂത്തമന്‍
തന്നുടെ തൃക്കാല്‍പെരുവിരല്‍കൊണ്ടതു
തന്നെയെടുത്തു മേല്‍പോട്ടെറിഞ്ഞീടിനാന്‍.
ചെന്നു വീണു ദശയോജനപര്യന്തം.
എന്നതു കണ്ടു തെളിഞ്ഞു സുഗ്രീവനും
തന്നുടെ മന്ത്രികളും വിസ്‌മയപ്പെട്ടു
നന്നുനന്നെന്നു പുകഴ്‌ന്നു പുകഴ്‌ന്നവര്‍
നന്നായ്തൊഴുതു തൊഴുതു നിന്നീടിനാര്‍.
പിന്നെയുമര്‍ക്കാത്മജന്‍ പറഞ്ഞീടിനാന്‍ഃ
“മന്നവ!! സപ്തസാലങ്ങളിവയല്ലോ.
ബാലിക്കു മല്‍പിടിച്ചീടുവാനായുളള
സാലങ്ങളേഴുമിവയെന്നറിഞ്ഞാലും.
വൃത്രാരിപുത്രന്‍ പിടിച്ചിളക്കുന്നേരം
പത്രങ്ങളെല്ല‍ാം കൊഴിഞ്ഞുപോമേഴിനും.
വട്ടത്തില്‍ നില്‍ക്കുമിവേറ്റ്യൊരമ്പെയ്‌തു
പൊട്ടിക്കില്‍ ബാലിയെക്കൊല്ലായ്‌വരും ദൃഢം.”
സൂര്യാത്മജോക്തികളീദൃശം കേട്ടൊരു
സൂര്യാന്വയോല്‍ഭൂതനാകിയ രാമനും
ചാപം കുഴിയെക്കുലച്ചൊരു സായകം
ശോഭയോടെ തൊടുത്തെയ്തരുളീടിനാന്‍.
സാലങ്ങളേഴും പിളര്‍ന്നു പുറപ്പെട്ടു
ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും
ബാലം ജ്വലിച്ചു തിരിഞ്ഞുവന്നാശു തന്‍-
തൂണീരമമ്പോടു പുക്കോരനന്തരം
വിസ്മിതനായോരു ഭാനുതനയനും
സസ്മിതം കൂപ്പിത്തൊഴുതു ചൊല്ലീടിനാന്‍
“സാക്ഷാല്‍ ജഗന്നാഥന‍ാം പരമാത്മാവു
സാക്ഷിഭൂതന്‍ നിന്തിരുവടി നിര്‍ണ്ണയം.
പണ്ടു ഞാന്‍ ചെയ്തോരു പുണ്യഫലോദയം-
കൊണ്ടു കാണ്മാനുമെനിക്കു യോഗം വന്നു.
ജന്മമരണനിവൃത്തി വരുത്തിവാന്‍
നിര്‍മ്മലന്മാര്‍ ഭജിക്കുന്നു ഭവല്‍പദം.
മോക്ഷദനായ ഭവാനെ ലഭിക്കയാല്‍
മോക്ഷമൊഴിഞ്ഞപേക്ഷിക്കുന്നതില്ല ഞാന്‍.
പുത്രദാരാര്‍ത്ഥരാജ്യാദി സമസ്തവും
വ്യര്‍ത്ഥമത്രേ തവ മായാവിരചിതം.
ആകയാല്‍ മേ മഹാദേവ! ദേവേശ! മ-
റ്റാക‍ാംക്ഷയില്ല ലോകേശ! പ്രസീദ മേ.
വ്യാപ്തമാനന്ദാനുഭൂതികരം പരം
പ്രാപ്തോഹമാഹന്ത ഭാഗ്യഫലോദയാല്‍,
മണ്ണിനായൂഴി കുഴിച്ചനേരം നിധി-
തന്നെ ലഭിച്ചതുപോലെ രഘൂപതേ!
ധര്‍മ്മദാനവ്രതതീര്‍ത്ഥതപ:ക്രതു
കര്‍മ്മപൂര്‍ത്തേഷ്‌ട്യാദികള്‍ കൊണ്ടൊരുത്തനും
വന്നുകൂടാ ബഹു സംസാരനാശനം
നിര്‍ണ്ണയം ത്വല്‍പാദഭക്തികൊണ്ടെന്നിയേ.
ത്വല്‍പാദപത്മാവലോകനം കേവല-
മിപ്പോളകപ്പെട്ടതും ത്വല്‍കൃപാബലം.
യാതൊരുത്തന്നു ചിത്തം നിന്തിരുവടി-
പാദ‍ാംബുജത്തിലിളകാതുറയ്ക്കുന്നു
കാല്‍ക്ഷണംപോലുമെന്നാകിലവന്‍ തനി-
ക്കൊക്ക നീങ്ങീടുമജ്ഞാനമനര്‍ത്ഥദം.
ചിത്തം ഭവാങ്കലുറയ്ക്കായ്കിലുമതി-
ഭക്തിയോടെ രാമരാമേതി സാദരം
ചൊല്ലുന്നവന്നു ദുരിതങ്ങള്‍ വേരറ്റു
നല്ലനായേറ്റം വിശുദ്ധന‍ാം നിര്‍ണ്ണയം.
മദ്യപനെങ്കിലും ബ്രഹ്‌മഘ്നനെങ്കിലും
സദ്യോ വിമുക്തന‍ാം രാമജപത്തിനാല്‍.
ശത്രുജയത്തിലും ദാരസുഖത്തിലും
ചിത്തേയൊരാഗ്രഹമില്ലെനിക്കേതുമേ.
ഭക്തിയൊഴിഞ്ഞു മറ്റൊന്നുമേ വേണ്ടീല
മുക്തി വരുവാന്‍ മുകുന്ദ! ദയാനിധേ!
ത്വല്‍പാദഭക്തിമാര്‍ഗ്ഗോപദേശംകൊണ്ടു
മല്‍പാപമുല്‍പാടയത്രിലോകീപതേ!
ശത്രുമദ്ധ്യസ്ഥമിത്രാദിഭേദഭ്രമം
ചിത്തത്തില്‍ നഷ്‌ടമായ്‌വന്നിതു ഭൂപതേ!
ത്വല്‍പാദപത്മാവലോകനംകൊണ്ടെനി-
ക്കുല്‍പന്നമായിതു കേവലജ്ഞാനവും.
പുത്രദാരാദി സംബന്ധമെല്ല‍ാം തവ-
ശക്തിയ‍ാം മായാപ്രഭാവം ജഗല്‍പതേ!
ത്വല്‍പാദപങ്കജത്തിങ്കലുറയ്ക്കേണ-
മെപ്പോഴുമുള്‍ക്കാമ്പെനിക്കു രമാപതേ!
ത്വന്നാമസങ്കീര്‍ത്തനപ്രിയയാകേണ-
മെന്നുടെ ജിഹ്വാ സദാ നാണമെന്നിയേ.
ത്വച്ചരണ‍ാംഭോരുഹങ്ങളിലെപ്പൊഴു-
മര്‍ച്ചനംചെയ്യായ്‌വരിക കരങ്ങളാല്‍.
നിന്നുടെ കണ്ണുകള്‍കൊണ്ടു നിരന്തരം.
കര്‍ണ്ണങ്ങള്‍കൊണ്ടു കേള്‍ക്കായ് വരണം സദാ
നിന്നുടെ ചാരുചരിതം ധരാപതേ!
മച്ചരണദ്വയം സഞ്ചരിച്ചീടണ-
മച്യുതക്ഷേത്രങ്ങള്‍ തോറും രഘുപതേ!
ത്വത്പാദപ‍ാംസുതീര്‍ത്ഥങ്ങളേല്‍ക്കാകണേ-
മെപ്പോഴുമംഗങ്ങള്‍കൊണ്ടു ജഗത്പതേ!
ഭക്ത്യാനമസ്കരിക്കായ്വരേണം മുഹു-
രുത്തമാഗംകൊണ്ടു നിത്യം ഭവത്പദം.’
ഇത്ഥം പുകഴ്ത്തുന്ന സുഗ്രീവനെ രാഘവന്‍
ചിത്തം കുളിര്‍ത്തു പിടിച്ചു പുല്‍കീടിനാന്‍.
അംഗസംഗംകൊണ്ടു കല്‍മഷം വേരട്ട
മംഗലാത്മാവായ സുഗ്രീവനെത്തദാ
മായതാ തത്ര മോഹിപ്പിച്ചിതന്നേരം
കാര്യസിദ്ധിയ്ക്കു കരുണാജലനിധി.