രണ്ടുവര്‍ഷം മുമ്പു വലിയ സഹോദരന്‍ ആശ്രമത്തില്‍ വന്നപ്പോള്‍ “വെങ്കട്ടരാമയ്യ” എന്ന പെന്‍ഷ്യന്‍ ജഡ്ജ് വന്നിരുന്നു. ഈയിടെ അയാള്‍ വ്യാധിപീഡിതനായി സുഖപ്പെട്ട, ആ ശരീരവ്യാധിയുടെ ക്രമം വര്‍ണ്ണിച്ചു ഭഗവാനെ കേള്‍പ്പിച്ചു. കേട്ടു, കേട്ടു, “അതെ അയ്യ! ഈ ശരീരം തന്നെ നമുക്കൊരു വ്യാധിയാണ്. ഇനി ഒരു വ്യാധി വന്നാല്‍ വ്യാധിക്കു വ്യാധി എന്നു പറയണം. അസ്സലു വ്യാധിയുണ്ടല്ലൊ, അതു നമ്മളെ ബാധിക്കാതിരിക്കാനുള്ള മരുന്നു ആദ്യം സേവിക്കണം. എന്നാല്‍ ഈ വ്യാധി വ്യാധിക്കുവ്യാധിയാകയാല്‍, നമ്മളെതീണ്ടുകയില്ല. ആദ്യം ആ വ്യാധിയെ നിവൃത്തി ചെയ്യേണ്ട ഉപായം നോക്കാതെ ഇതിനെ കുറിച്ചു വിചാരിച്ചതുകൊണ്ട് പ്രയോജനമെന്തുണ്ട് ? ഈ വ്യാധിയെ അതിന്‍ വഴിക്കു വിട്ടു അസ്സല്‍ വ്യാധിക്കു ഔഷധം അലോചിക്കേണം”എന്നരുളി. . .

ഇതിനിടെ ഭക്തന്മാരുടെ പ്രോത്സാഹനത്തില്‍ സംസ്കൃതത്തിലുള്ള “ത്രിശൂലപുരമഹാത്മ്യം” വിശ്വനാഥ സ്വാമി തമിഴില്‍ എഴുതിയിരിക്കുന്നു. അതു എഴുതി തീര്‍ന്നപ്പോള്‍ ഭഗവാന്നു ദേഹസുഖമുണ്ടായിരുന്നില്ല. ഭഗവാന്റെ സന്നിധിക്കു കൊണ്ടുചെന്നാല്‍ തെറ്റുകള്‍ തീര്‍ക്കാന്‍ തുടങ്ങും, ശരീരത്തിന്നു അസുഖമുണ്ടാക്കേണ്ടാ എന്നു കരുതി കാണിച്ചില്ല. ഒരു ദിവസം ഭഗവാന്‍ ചോദിച്ചു” എന്താടൊ! മാഹാത്മ്യം ഏതുവരെ എഴുതി ? “അസത്യം പറയുവാന്‍ സാധിക്കാതെ ,” എഴുതിത്തീര്‍ന്നു” എന്നു പറഞ്ഞു. “എന്തെ! കൊണ്ടു വന്നില്ല ? ” “ഭഗവാനു ശരീരം അസ്വസ്ഥതയിലാകയാല്‍ കൊണ്ടു വന്നില്ല; “ഓ! ഹോ! ശരി; ശരി ശരീര അസ്വസ്ഥതക്കു എനിക്കെന്താണ് ? അതിന്റെ പാട് അതു പെട്ടുകൊള്ളും. ഞാന്‍ വെറുതെയിരിക്കയല്ലെ ! കൊണ്ടുവരൂ തെറ്റുകള്‍ തീര്‍ക്കാം, ഈ ശരീരത്തിന്നു എന്തെങ്കിലും ഉപചാരം വേണമെങ്കില്‍ ഇവരൊക്കെ ചെയ്തുകൊള്ളും ശരി തന്നയോ ? കൊണ്ടുവരു” എന്നരുളി ഭഗവാന്‍. ഗന്ത്യന്തരമില്ലാതെ കൊണ്ടുകൊടുത്തപ്പോള്‍ രാത്രിയില്‍ കൂടി വിളക്കുവച്ചു തെറ്റുകള്‍തീര്‍ത്തു. ദേഹത്തിന്റെ അസ്വസ്ഥത ആ പ്രവൃത്തിക്കു അല്പമെങ്കിലും തടസ്സമുണ്ടാക്കിയില്ല

5-2-’46.