ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘കാര്യക്രമപട്ടിക’ (ശ്രീരമണ തിരുവായ്മൊഴി)

ഒരു മാസത്തിന്നു മുമ്പ് മധുരക്ക്‌ പോയ ചിന്നസ്വാമി നാലഞ്ചു ദിവസം മുമ്പ് മദ്രാസില്‍ വന്നു അവിടെയുള്ള രമണ ഭക്തന്മാരില്‍ പ്രമുഖരായവരോടൊക്കെ ആലോചിച്ചു സെപ്റ്റംബര്‍ ഒന്നാം തീയ്യതിക്ക് നിശ്ചയിച്ച സ്വര്‍ണോത്സവത്തിനു വേണ്ടുന്ന കാര്യക്രമപട്ടിക ഉണ്ടാക്കി ഇന്നലെ കാലത്തെ വന്നു. ആ പട്ടിക ഒരു വൃദ്ധഭക്തന്‍ ഭഗവാന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു കയ്യ് കൂപ്പി നിന്നു.

ആ പട്ടികയില്‍. ഉത്സവദിവസം കാലത്തെ എഴുമണി മുതല്‍ക്കു വൈകിട്ട് എഴുമണി വരെയുള്ള പരിപാടി എഴുതിയിരിക്കുന്നു. ഹൈക്കോര്‍ട്ട് ജഡ്ജ് മുതല്‍ പേര്‍കേട്ട വലിയ വലിയ ആളുകളുടെ പരിപാടികളായിരുന്നു അധികവും. മുസൂരി സുബ്രമന്യയ്യര്‍, ബുദലൂരി കൃഷ്ണമൂര്‍ത്തി അയ്യര്‍ മുതലായവരുടെ പാട്ട് കച്ചേരി കൂടാതെ മറ്റെന്തൊക്കെയോ ഉണ്ട് ആ പട്ടികയില്‍. ഭഗവാന്‍ അതൊക്കെ വായിച്ചു, മന്ദഹാസത്തില്‍ ശരി ആയിരിക്കുന്നു. നീണ്ട നീണ്ട കാര്യക്രമം പോട്ടെ! എനിക്കെന്തു വേണം, എന്തെങ്കിലും ചെയ്തുകൊള്ളുക. എനിക്കു മാത്രം പുറത്തുപോയി വരാനായി ഒഴിവ് തന്നാല്‍ മതി. എന്നാല്‍ ഈ വല്യവരൊക്കെ വന്നു പ്രസംഗിക്കുമെന്ന് പറഞ്ഞിട്ടുണ്ടാവുമല്ലോ! ഏതിനെക്കുറിച്ചാണ് പരാമര്‍ശിക്കുക. പ്രസംഗിക്കാന്‍ എന്താണുള്ളത് “ഉള്ളത് മൗനമാണ്” മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ? ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, തെലുഗു, മലയാളം ഇത്രയും ഭാഷകളില്‍ സംസാരിക്കുമത്രേ വലിയ വലിയ ആളുകള്‍. ഉം പോട്ടെ! എനിക്കെന്തു വേണം. എന്നോട് ഉപന്യസിക്കാനൊന്നും പറയാതിരുന്നാല്‍ മതി. അത്രയേ വേണ്ടൂ”

ആ ഭക്തന്‍ കയ്യ് തിരുമ്മിക്കൊണ്ട് ” ഇതില്‍ ഏതെങ്കിലും വേണ്ടെന്നു ഭഗവാന്‍ അരുള്‍ ചെയ്‌താല്‍ വിട്ടുകളയാം” ഓ! ഹോ! ശരി; ശരി’ ഇതൊക്കെ ഞാന്‍ വേണമെന്ന് പറഞ്ഞിരുന്നുവോ, അതില്‍ ചിലത് വേണ്ടെന്നു പറയുവാന്‍ ? എന്തെങ്കിലും ചെയ്തുകൊള്ളുക. അവരുടെ (സര്‍വാധികാരിയുടെ)യും നിങ്ങളുടെയും ഇഷ്ടം. എന്നെ മാത്രം ഏതീന്നും നിയമിക്കാതിരിക്കണം എന്നാല്‍ മതി. ഇതുപോലെ സോഫാമീതെ ഇരുന്നുകൊള്ളാം എന്തെങ്കിലും ചെയ്തുകൊള്ളൂ”

“ഭവാന്റെ സന്നിധിയില്‍ വായ തുറന്നു പ്രസംഗിക്കാന്‍ ആര്‍ക്കു സാധിക്കും. ഞങ്ങള്‍ക്കൊക്കെ ഇതിനുള്ള ഭാഗ്യം ലഭിച്ചുവല്ലോ എന്നാ സന്തോഷം പ്രകടിപ്പിക്കാനയ്കൊണ്ടാണിതൊക്കെ, എന്ന് പറഞ്ഞു നമസ്കരിച്ചു പോയി ആ ഭക്തന്‍. . .

28-8-46