യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 19 [ഭാഗം 1. വൈരാഗ്യ പ്രകരണം]

അപഹസ്തിത സര്‍വ്വാര്‍ത്ഥമനവസ്ഥിതിരാസ്ഥിതാ ഃ
ഗൃഹീത്വോത്സൃജ്യ ചാത്മാനം ഭവസ്ഥിതിരവിസ്ഥിതാ (1/30/8)

രാമന്‍ തുടര്‍ന്നു: ദുഃഖത്തിന്റെ കൂപത്തില്‍ പതിച്ചുപോയ ജീവജാലങ്ങളുടെ പരിതാപകരമായ അവസ്ഥ ആലോചിച്ച്‌ എന്റെയുള്ളില്‍ ആധി നിറഞ്ഞിരിക്കുന്നു. എന്റെ മനസ്സ്‌ ചിന്താക്കുഴപ്പത്താല്‍ പതറുന്നു; ഒരോ അടിയിലും ഞാന്‍ ഭയചകിതനാണ്‌. “ഞാന്‍ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ ആ പരമസത്യത്തില്‍ ഇനിയും സ്ഥിരപ്രതിഷ്ഠനായിട്ടില്ല. ഞാന്‍ കുറച്ച്‌ സ്വതന്ത്രനായും കുറച്ച്‌ ബദ്ധനായും കഴിയുന്നു.”

മുറിച്ചുകളഞ്ഞുവെങ്കിലും വേരറ്റിട്ടില്ലാത്ത വൃക്ഷം പോലെയാണു ഞാന്‍. എനിക്കു മനസ്സിനെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കണമെന്നുണ്ട്‌. പക്ഷേ എനിയ്ക്കതു പ്രാവര്‍ത്തികമാക്കാനുള്ള അറിവില്ല. അതുകൊണ്ട്‌ ഏതൊരവസ്ഥയിലാണ്‌ ദുഃഖം അനുഭവവേദ്യമാവാതിരിക്കുക എന്നെനിക്കു പറഞ്ഞു തന്നാലും. എന്നേപ്പോലെ ലൌകീകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുവന്‌ എങ്ങിനെ ശാന്തിയുടേയും ആനന്ദത്തിന്റേയും പരമോന്നതതലത്തില്‍ എത്താനാവും? ഏതൊരു മനോഭാവം കൈക്കൊള്ളുമ്പോഴാണ്‌ ഒരുവനെ ലൌകീകകര്‍മ്മങ്ങളും അനുഭവങ്ങളും ബാധിക്കാതിരിക്കുക? പ്രബുദ്ധനായ ഒരുവന്‍ ഈ ലോകത്തില്‍ എങ്ങിനെ വര്‍ത്തിക്കുന്നു? എങ്ങിനെയാണ്‌ ലോകത്തിന്‌ വെറുമൊരു പുല്‍ക്കൊടിയുടെ മൂല്യമേയുള്ളു എന്നുകരുതി മനസ്സിനെ കാമത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുക? എങ്ങിനെയാണ്‌ ലോകത്തെ സ്വന്തം ആത്മാവായി സാക്ഷാത്കരിക്കുക?

ഒരുവന്‍ എങ്ങിനെയാണ്‌ ഈ ലോകത്തില്‍ വര്‍ത്തിക്കേണ്ടത്‌? തുലോം ചഞ്ചലമായ എന്റെ മനസ്സിനെ മഹാമേരുവിനേപ്പോലെ ദൃഢമാക്കാനുള്ള വിവേകബോധം എനിക്കുപദേശിച്ചുനല്‍കിയാലും. അങ്ങ്‌ പ്രബുദ്ധന്നാണെന്നു ഞാനറിയുന്നു. ഈ വിവേകബോധത്തില്‍ നിന്നും ഒരിക്കലും തിരികെ ദുഃഖത്തിലേയ്ക്കു പതിക്കാതിരിക്കുവാനുള്ള ഉപദേശം നല്‍കിയാലും.

ഇഹലോകം വേദനയും മരണവും നിറഞ്ഞതാണല്ലോ. ഒരുവന്റെ മനസ്സിനെ കുഴപ്പിക്കാതെ എങ്ങിനെയാണ്‌ മനസ്സിനെ ആനന്ദത്തിന്റെ സ്രോതസ്സാക്കി മറ്റുക? കളങ്കം നിറഞ്ഞ മനസ്സിനെ എങ്ങിനെയാണ്‌ ശുദ്ധീകരിക്കുക? ഏതു മഹര്‍ഷിയാണ്‌ മനഃശുചീകരണവിദ്യ നിദ്ദേശിച്ചത്‌? ഇഷ്ടാനിഷ്ടദ്വന്ദങ്ങളുടെ ഒഴുക്കില്‍പ്പെടാതെ ഒരുവന്‍ എങ്ങിനെ ജീവിക്കണം?

തീര്‍ച്ചയായും ദുഃഖത്തിനും ദുരിതത്തിനും വശംവദനാവാതെ ഈ ലോകത്തില്‍ ജീവിക്കാന്‍ ഏതോ രഹസ്യം ഉണ്ടെന്നുറപ്പാണ്‌. തീയില്‍ വീണാല്‍പ്പോലും രസത്തെ (മെര്‍ക്കുറി) ബാധിക്കുന്നില്ലല്ലോ. എന്താണാ രഹസ്യം? മനസ്സിന്റെ വ്യാപാരങ്ങള്‍ ഈ ബ്രഹ്മാണ്ഡമായി പരന്നുകിടക്കുന്നു. എന്താണ്‌ ആ മനസ്സിനെതിരേ വര്‍ത്തിക്കുന്ന പരമാര്‍ത്ഥത്തിന്റെ രഹസ്യം? മോഹവലയത്തില്‍ നിന്നും വിടുതല്‍ നേടിയ വീരപുരുഷന്മാര്‍ ആരെല്ലാം? അവര്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങളാണ്‌ അവലംബിച്ചത്‌?

“ഈ അറിവെനിയ്ക്ക്‌ അപ്രാപ്യമോ ഞാനിതിന്‌ അയോഗ്യനോ ആണെന്ന്‌ അങ്ങുകരുതുന്ന പക്ഷം ഞാന്‍ മരണംവരെ ഉപവസിക്കാന്‍ പോവുന്നു.”

ഇത്രയും പറഞ്ഞ്‌ രാമന്‍ നിശ്ശബ്ദനായി.