യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 183 [ഭാഗം 4. സ്ഥിതി പ്രകരണം]

ശുഭാശുഭ പ്രസര പരാഹതാകൃതൗ
ജ്വലജ്ജരാമരണവിഷാദമൂര്‍ച്ഛിതേ
വ്യഥേഹ യസ്യ മനസി ഭോ ന ജായതേ
നരാകൃതിര്‍ ജഗതി സ രാമ രാക്ഷസ: (4/42/52)

വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധം എങ്ങിനെയാണ്‌ വൈവിദ്ധ്യമാര്‍ന്ന് ജീവനും മറ്റുമായിത്തീര്‍ന്നതെന്ന് ഞാന്‍ ഒന്നുകൂടി വിശദമാക്കാം. ഒരു സമുദ്രത്തില്‍ നോക്കിയാല്‍ ചിലയിടങ്ങള്‍ പ്രശാന്തവും മറ്റിടങ്ങള്‍ പ്രക്ഷുബ്ധവുമാണെന്നു കാണാം. അതുപോലെ അനന്താവബോധം ചിലയിടത്ത് വൈവിദ്ധ്യത്തെ സ്വീകരിക്കുന്നതായും മറ്റിടങ്ങളില്‍ അദ്വൈതഭാവത്തില്‍ നിലകൊള്ളുന്നതായും നമുക്കറിയാനാകുന്നു. സര്‍വ്വശക്തിമത്തായ അനന്താവബോധം അനന്തമായ വിഭൂതികളോടെ പ്രകടമാവുന്നത് സഹജമെന്നുവേണം കരുതാന്‍. എന്നാല്‍ ഈ പ്രകടനം നടപ്പിലാക്കാന്‍ സമയം, ആകാശം (ദൂരം), കാര്യകാരണങ്ങള്‍ എന്നിവയുടെ സഹായം അനിവാര്യമാണ്‌. അങ്ങിനെയാണ്‌ അനന്തമായ നാമരൂപങ്ങള്‍ ഉദ്ഭൂതമായത്. എന്നാല്‍ ഈ പ്രകടമായ കാഴ്ച്ചാവിശേഷങ്ങളെല്ലാം അനന്താവബോധത്തില്‍ നിന്നും വിഭിന്നവുമല്ല. നാമരൂപങ്ങളായി, കാലദേശങ്ങളായി, കാര്യ-കാരണങ്ങളായി, പ്രത്യക്ഷപ്പെടുന്നവയെ അനന്തതയുമായി ബന്ധിപ്പിക്കുന്ന സത്തയ്ക്ക് സാക്ഷിബോധം (ക്ഷേത്രജ്ഞന്‍) എന്നു പറയുന്നു.

ഈ ശരീരം ക്ഷേത്രമാണ്‌. അതിന്റെ അകവും പുറവും സമ്യക്കായി അറിയുന്നവനാണ് ക്ഷേത്രജ്ഞന്‍, അല്ലെങ്കില്‍ സാക്ഷിബോധം. ഈ സാക്ഷിബോധമാണ്‌ ലീനവാസനകളാല്‍ പ്രചോദിതമായി അഹംകാരത്തെ ഉണ്ടാക്കുന്നത്. ഈ അഹംകാരം ധാരണകളും വിവക്ഷകളും ഉളവാക്കുമ്പോള്‍ അത് ബുദ്ധിയെന്നറിയപ്പെടുന്നു. ആലോചനയ്ക്കുള്ള ഉപാധിയാവുമ്പോള്‍ ഇത് മനസ്സെന്ന് അറിയപ്പെടുന്നു. ഈ പ്രജ്ഞ, മാറ്റങ്ങള്‍ക്കു വിധേയമാവുകയോ വികൃതമാവുകയോ ചെയ്യുമ്പോള്‍ അത് പഞ്ചേന്ദ്രിയങ്ങളാവുന്നു. ഇവയെല്ലാം ചേര്‍ന്ന് ശരീരമാവുന്നു. പക്വതയാകുന്ന മുറ്യ്ക്ക് വലുപ്പത്തിലും നിറത്തിലും ഫലത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ പോലെ ബോധം മാറ്റങ്ങള്‍ക്കു വിധേയമാകുന്നതായി തോന്നുന്നു. അതോടെ അജ്ഞാനം ആഴത്തിലാഴത്തില്‍ വളരുകയും ചെയ്യുന്നു. മൂഢന്‍ തന്റെ സത്യാന്വേഷണം അവസാനിപ്പിച്ച് സ്വയം അജ്ഞാനത്തെ ആനന്ദമെന്ന് തെറ്റിദ്ധരിച്ച് അതിനെ ആവേശത്തോടെ പുല്‍കുന്നു. കര്‍മ്മങ്ങള്‍ എന്ന, സ്വയം ഉണ്ടാക്കിയ വലയില്‍ കുടുങ്ങി, താനാണ്‌ എല്ലാം ചെയ്യുന്നതെന്ന് കരുതി അവന്‍ അന്തമില്ലാത്ത ദുരിതങ്ങള്‍ക്കു വശംവദനാകുന്നു. ഇവയെല്ലാം സ്വയംകൃതവും സ്വാഭീഷ്ടപ്രദവുമായാണ്‌ കൈവന്നതെന്ന്‍ അവനറിയുന്നതേയില്ല.

രാമാ, ഈ ലോകത്ത് ശോകത്തിന്റെ ഒരേയൊരു കാരണം മനസ്സാണ്‌. മനസ്സ് മുഴുവന്‍ ദു:ഖങ്ങളും, വിപത്തുക്കളും, ആസക്തികളും, മോഹവിഭ്രമങ്ങളുമാണ്‌. ആത്മജ്ഞാനത്തെ മറന്ന് മനസ്സ് ആഗ്രഹങ്ങളെയും ക്രോധത്തെയുമുണ്ടാക്കുന്നു. അത് ദുഷ്ച്ചിന്തകളേയും ആസക്തികളേയും വളര്‍ത്തി മനുഷ്യനെ ഇന്ദ്രിയവിഷയങ്ങളാകുന്ന എരിതീയിലേയ്ക്ക് ആട്ടിത്തെളിക്കുന്നു. രാമാ, മനസ്സിനെ ഈ അജ്ഞാനചക്രത്തില്‍ നിന്നു കരകേറ്റിയാലും. “രാമാ, മനസ്സിന്റെ മലിനാവസ്ഥയില്‍ സ്വയം പരിതപിക്കാത്തവന്‍ മനുഷ്യരൂപത്തിലുള്ള രാക്ഷസനത്രേ. നന്മയും തിന്മയും മാറിമാറിയാണ്‌ അവന്റെ മനസ്സിലെ ചിന്തകള്‍. അവന്‌ ജരാനരയും, മരണവും വ്യസനവും സഹജമാണ്‌”