സ്വാമി വിവേകാനന്ദന്‍

പ്രാണായാമത്തിനു മനഃശക്തികളെ ഏകാഗ്രമാക്കുന്നതില്‍ എന്തു കാര്യം? ശരീരയന്ത്രത്തിന്റെ പുറം ചക്രംപോലെയാണു ശ്വാസം. ഒരു വലിയ യന്ത്രത്തില്‍ പുറംചക്രമാണ് ആദ്യം ചലിക്കുന്നതായി കാണുന്നത്. ആ ചലനം ചെറുചെറു ചക്രങ്ങളിലേക്കു പകര്‍ന്നു ചെല്ലുന്നു. ഒടുവില്‍ എത്രയും ലോലവും അത്യന്തസൂക്ഷ്മവുമായ യന്ത്രാവയവംകൂടി ചലിച്ചുതുടങ്ങുന്നു. ശ്വാസം ആ പുറംചക്രമാണ്. അതു ശരീരാവയവങ്ങള്‍ക്കെല്ലാം ക്രിയാശക്തി നല്കി നയിക്കുന്നു.

നമ്മുടെ സ്വന്തം ശരീരത്തെപ്പറ്റി നമുക്കൊന്നും അറിഞ്ഞു കൂടാ: അറിയാന്‍ കഴികയില്ല. കവിഞ്ഞപക്ഷം ഒരു മൃതശരീരമെടുത്തു കീറിമുറിച്ചുനോക്കാം: ചിലരുണ്ട്, അകത്തെന്താണെന്നറിയാന്‍ ജീവനുള്ള ജന്തുവിനെത്തന്നെ മുറിച്ചു കഷണം കഷണമാക്കുന്നവര്‍. അങ്ങനെ ചെയ്താലും നമ്മുടെ സ്വന്തം ശരീരത്തിന്റെ ജ്ഞാനമാകുന്നില്ല. അതിനു നമ്മുടെ ശരീരങ്ങളുമായി ഒരു കാര്യവുമില്ല. നമുക്ക് അവയെപ്പറ്റി അത്യല്പമേ അറിയാവൂ. എന്തുകൊണ്ടറിയുന്നില്ല? നമ്മുടെ ഉള്ളിലുണ്ടാകുന്ന അതിസൂക്ഷ്മവ്യാപാരങ്ങളെക്കൂടി ഗ്രഹിക്കാനുള്ള തിരിച്ചറിവു നമ്മുടെ വീക്ഷണത്തിനില്ലാത്തതു കൊണ്ട്. മനസ്സു കുറേക്കൂടെ സൂക്ഷ്മമായി ശരീരാന്തര്‍ഭാഗത്തു പ്രവേശിക്കുന്ന മട്ടാകുമ്പോഴേ അതറിവാന്‍ കഴിയൂ. സൂക്ഷ്മപ്രത്യക്ഷം ഉണ്ടാകാന്‍ സ്ഥൂലപ്രത്യക്ഷത്തില്‍നിന്നു തുടങ്ങണം. ഈ യന്ത്രം മുഴുവന്‍ ചലിപ്പിക്കുന്ന ശക്തി പിടിയില്‍ വരണം. അതാണു പ്രാണന്‍. അതിന്റെ ഏറ്റവും പ്രകടമായ ഭാവമാണു ശ്വാസം. പിന്നെ, ശ്വാസ മാര്‍ഗ്ഗമായി മെല്ലെ ശരീരത്തിനുള്ളില്‍ കടക്കാം. അങ്ങനെ ദേഹമാസകലം വ്യാപരിക്കുന്ന സൂക്ഷ്മശക്തികളെ – നാഡിയില്‍ക്കൂടെയുള്ള പ്രാണധാരകളെ – നേരിട്ടു പഠിക്കാന്‍ സാധിക്കും. അവയെ തൊട്ടറിയുംപോലെ കണ്ടുതുടങ്ങിയാല്‍ അവയേയും ദേഹത്തെയും സ്വാധീനമാക്കിത്തുടങ്ങാം. ഈ പ്രാണധാരകള്‍തന്നെയാണു മനസ്സിനെയും വ്യാപരിപ്പിക്കുന്നത്. അതുകൊണ്ടു ശരീരത്തിന്റെയും മനസ്സിന്റെയും മേല്‍ പൂര്‍ണ്ണസ്വാധീനതയുള്ള ഒരവസ്ഥയെ പ്രാപിക്കാം: നമുക്ക് അവയെ നമ്മുടെ കിങ്കരന്മാരാക്കാം. ജ്ഞാനമാകുന്നു ശക്തി. ഈ ശക്തി സമ്പാദിക്കണം. അതിന് ആദിതൊട്ട് ആരംഭിക്കണം. പ്രാണായാമംകൊണ്ട് ആരംഭിക്കണം. ഈ പ്രാണായാമം ഒരു നീണ്ട വിഷയമാണ്. ഇതു പൂര്‍ണ്ണമായി ഉദാഹരിക്കാന്‍ അനേകം പാഠങ്ങള്‍ വേണ്ടിവരും. നമുക്ക് ഓരോ ഭാഗമായി എടുത്തു പഠിക്കാം.

ഓരോ അഭ്യാസവും എന്തിനു ശീലിക്കണം, എന്തെല്ലാം ശക്തികളാണ് ശരീരത്തില്‍ ചലിച്ചുതുടങ്ങുക എന്നു നമുക്കു ക്രമേണ അറിവാകും. ഈ അനുഭവങ്ങളെല്ലാം നമുക്കു വന്നു ചേരും. പക്ഷേ അതിനു നിരന്തരാഭ്യാസം ആവശ്യമാണ്. തെളിവ് അഭ്യാസംകൊണ്ടു കിട്ടുകയും ചെയ്യും. ഞാന്‍ എത്ര യുക്തികള്‍ പറഞ്ഞു തന്നാലും താന്‍തന്നെ ചെയ്തുനോക്കി ബോധ്യപ്പെടുന്നതുവരെ അതു നിങ്ങള്‍ക്കു തെളിവാകയില്ല. ശരീരമാസകലം ഈ പ്രാണധാരകള്‍ അനുഭവപ്പെട്ടുതുടങ്ങുന്നതോടൊപ്പം നിങ്ങളുടെ സംശയങ്ങള്‍ തീരും. പക്ഷേ നിത്യം കഠിനമായി അഭ്യസിക്കണം. അതിന് ഉത്തമമായ സമയം രാവിലെയും വൈകുന്നേരവുമാണ്. രാവു പകര്‍ന്നു പകലാകുമ്പോഴും പകല്‍ പകര്‍ന്നു രാവാകുമ്പോഴും താരതമ്യേന ശാന്താവസ്ഥയായിരിക്കും. പ്രാതഃസന്ധ്യയും സായംസന്ധ്യയും ശാന്തികാലങ്ങളാണ്. അതിനൊത്തു നിങ്ങളുടെ ശരീരത്തിനും ശാന്തമാകാനുള്ള ഒരു പ്രകൃതിയുണ്ട്. ഈ സ്വാഭാവികാവസ്ഥ ശരിക്കുപയോഗിച്ച് അഭ്യാസം തുടങ്ങണം. അഭ്യസിച്ചല്ലാതെ ഭക്ഷണം കഴിക്കയില്ലെന്നു നിയമം വെയ്ക്കുക ഇങ്ങനെ ചെയ്താല്‍ വിശപ്പിന്റെ ശക്തിയെങ്കിലും നിങ്ങളുടെ മടിയെ തകര്‍ത്തു കൊള്ളും. അനുഷ്ഠാനമോ പൂജയോ കഴിച്ചല്ലാതെ ഒരിക്കലും ഭക്ഷിച്ചു പോകരുതെന്നു ഭാരതത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നു. കുറച്ചു കഴിഞ്ഞ് അവര്‍ക്ക് അതു സ്വാഭാവികവുമാകുന്നു. കുളിയും അനുഷ്ഠാനവും കഴിയാതെ കുട്ടിക്കു വിശപ്പു തോന്നില്ല.

കഴിവുള്ളവര്‍ അനുഷ്ഠാനത്തിനുമാത്രമായി ഒരു മുറി നീക്കിവെയ്ക്കുന്നതു നല്ലതാണ്. അവിടെ ഉറങ്ങരുത്. അതു പരിപാവനമാക്കി വെയ്ക്കുക. കുളിച്ചു ശരീരത്തിലും മനസ്സിലും പൂര്‍ണ്ണശുദ്ധിയോടു കൂടിയല്ലാതെ ആ മുറിയില്‍ കടക്കരുത്. അതില്‍ എപ്പോഴും പൂക്കള്‍ വെച്ചിരിക്കണം. യോഗിക്ക് ഏറ്റവും പറ്റിയ പരിസരമാണത്. പ്രീതികരങ്ങളായ ചിത്രങ്ങളും വെയ്ക്കണം. രാവിലെയും വൈകുന്നേരവും സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കണം. ശണ്ഠയോ കോപമോ പാപചിന്തയോ ഒന്നും ആ മുറിയിലുണ്ടാകരുത്. നിങ്ങള്‍ക്കൊത്ത മനോവൃത്തിയുള്ളവരെ മാത്രമേ അതില്‍ കയറ്റാവൂ. ഇങ്ങനെ ആ മുറിയില്‍ ക്രമേണ പരിപാവനതയുടെ ഒരന്തരീക്ഷമുണ്ടാകും. പിന്നെ, ദീനതയോ ദുഃഖമോ സംശയമോ മനസ്സിനു സ്വൈരക്കേടോ ഉണ്ടാകുമ്പോള്‍ ആ മുറിയില്‍ കടക്കുകയെന്ന ഒറ്റക്കാര്യം തന്നെ നിങ്ങള്‍ക്കു മനഃശാന്തി തരും. ഇതായിരുന്നു അമ്പലങ്ങളുടെയും പള്ളികളുടെയും ഉദ്ദേശ്യം. ചില അമ്പലങ്ങളിലും പള്ളികളിലും ഇപ്പോഴും അതനുഭവപ്പെടും. എന്നാല്‍ മിക്കവയിലും ആ ആശയമേ നശിച്ചുപോയിരിക്കുന്നു. കാര്യമിതാണ്, ഒരിടത്തു പാവനസ്പന്ദനങ്ങള്‍ നിലനിര്‍ത്തുന്നതുകൊണ്ട് അവിടം പ്രകാശിക്കും: പ്രകാശമാനമായിത്തന്നെ തുടരും. ഒരു മുറി ഒഴിച്ചിടാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് എവിടെ ഇഷ്ടമെന്നുവെച്ചാല്‍ അവിടെവെച്ച് അനുഷ്ഠാനമാകാം. ഒരാസനത്തില്‍ നിവര്‍ന്നിരിക്കുക. ആദ്യംതന്നെ വേണ്ടതു സര്‍വ്വചരാചരങ്ങളുടെയും നേര്‍ക്ക് ഒരു പാവനവിചാരധാര അയയ്ക്കുകയാണ്. ഇങ്ങനെ ആവര്‍ത്തിച്ചു വിചാരം ചെയ്യുക; ‘സര്‍വ്വഭൂതങ്ങള്‍ക്കും സൗഖ്യം ഭവിക്കട്ടെ! സര്‍വ്വഭൂതങ്ങള്‍ക്കും ശാന്തി ഭവിക്കട്ടെ! സര്‍വ്വഭൂതങ്ങള്‍ക്കും ആനന്ദം ഭവിക്കട്ടെ!’ ഇങ്ങനെ പുണ്യ ചിന്ത കിഴക്കും തെക്കും വടക്കും പടിഞ്ഞാറും പ്രവഹിപ്പിക്കുക. ഇത് എത്രയധികം ചെയ്യുന്നുവോ അത്രയധികം നിങ്ങള്‍ക്കു സുഖമുണ്ടാകും. നമുക്ക് ആരോഗ്യമുണ്ടാകുവാന്‍ എളുപ്പമേറിയ വഴി അന്യരെ അരോഗികളാക്കുകയാണ്, നമുക്കു സുഖമുണ്ടാകുവാന്‍ എളുപ്പമേറിയ വഴി അന്യരെ സുഖികളാക്കുകയാണ് എന്നു നിങ്ങള്‍ ഒടുവില്‍ കണ്ടുപിടിക്കും. ഇങ്ങനെ സര്‍വ്വഭൂതങ്ങള്‍ക്കും ശുഭം നേര്‍ന്നിട്ട് ഈശ്വരവിശ്വാസമുള്ളവര്‍ പ്രാര്‍ത്ഥിക്കണം – ധനത്തിനോ ആരോഗ്യത്തിനോ സ്വര്‍ഗ്ഗപ്രാപ്തിക്കോ വേണ്ടിയല്ല, ആത്മജ്ഞാനത്തിനും വെളിച്ചത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുക. മറ്റു പ്രാര്‍ത്ഥനകളെല്ലാം സ്വാര്‍ത്ഥമാണ്. അനന്തരം ചെയ്യേണ്ടതു സ്വന്തം ശരീരത്തെപ്പറ്റിയുള്ള ചിന്തയാണ്. ശരീരം അരോഗവും ദൃഢവുമായിരിക്കാന്‍ ശ്രദ്ധിക്കുക. അതാണു നിങ്ങള്‍ക്കുള്ള ഏറ്റവും ഉത്തമമായ ഉപകരണം. ‘ഈ ശരീരം വജ്രതുല്യബലമുള്ളതാണ്. ഇതിന്റെ സഹായം കൊണ്ടു സംസാരസാഗരം തരണം ചെയ്യും’ എന്നു ഭാവന ചെയ്യുക. മോക്ഷം ഒരു കാലത്തും ദുര്‍ബ്ബലനു കിട്ടുവാന്‍ പോകുന്നില്ല. എല്ലാ ദൗര്‍ബ്ബല്യവും ദൂരെയെറിയുക. ശക്തി നിനക്കുണ്ട് എന്നു ശരീരത്തിനോട് പറയുക. ശക്തി നിനക്കുണ്ട് എന്ന് മനസ്സിനോടും പറയുക. തങ്ങളില്‍ത്തന്നെ അളവറ്റ വിശ്വാസവും ശുഭപ്രതീക്ഷയും പുലര്‍ത്തുക.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 2. പേജ് 172-177]