ശ്രീ രമണമഹര്‍ഷി

മതിയും വിധിയും ദേഹമുള്ളിടത്തോളം മാത്രമേ നിലക്കുന്നുള്ളൂ. എന്നാല്‍ ജ്ഞാനം ഈ രണ്ടിനെയും അതിജീവിക്കുന്നു. കാരണം ആത്മാവ്‌ അജ്ഞാനവിജ്ഞാനങ്ങള്‍ക്കും അതീതമാണ്.

മനസ്സ് വിചാരങ്ങളുടെ സംഘാതമാണ്. വിചാരിക്കാന്‍ ആളുള്ളതുകൊണ്ടാണ് വിചാരങ്ങള്‍ ഉളവാകുന്നത്. വിചാരിക്കുന്നവന്‍ അഹന്തയാണ്. അഹന്തയെ ഓര്‍മ്മിച്ചാല്‍ അഹന്ത ഒഴിയും. അഹന്തയും മനസ്സും ഒന്നാണ്. ചിന്തയുടെ മൂലം അഹന്തയാണ്. അതില്‍നിന്നും എല്ലാ വിചാരങ്ങളും ഉടലെടുക്കുന്നു.

മനഃശാന്തിയോടുകൂടി ഒരു ബോധവും നമുക്കുണ്ട്. ഈ അവസ്ഥയെവേണം നാം ലക്ഷ്യമാക്കേണ്ടത്. എന്നാല്‍ ലക്ഷ്യം ഇതാണെന്നറിയാതെ അതങ്ങനെയോ ഇങ്ങനെയോ എന്നു സംശയിക്കാന്‍ തുടങ്ങുന്നതിനാല്‍ അവന് ലക്ഷ്യത്തിലുറപ്പ് വന്നില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തീര്‍ന്ന നിലയില്‍ സംശയത്തിനവകാശമില്ല. ബഹിര്‍മുഖമായും ചരിക്കുന്ന മനസുള്ളതുകൊണ്ടാണ് മനസ്‌ മുങ്ങുക എന്ന വാക്കുപയോഗിച്ചത്. എന്നാല്‍ അറിവോടുകൂടിയ പരമശാന്തിയില്‍ മുങ്ങാന്‍ മനസ്സേ ഉണ്ടായിരിക്കുകയില്ല.

ചോ: എന്‍റെ മൂന്നാമത്തെ തിരുവണ്ണാമല യാത്രയില്‍ നിഷ്ഠയ്ക്ക് അല്‍പ്പം വികല്‍പം വന്നതുപോലെ തോന്നുന്നു. ഇതെന്തെങ്കിലും ഘട്ടത്തെ കുറിക്കുകയാണോ എന്നറിഞ്ഞില്ല. അതോ മേലാല്‍ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്ന സൂചനയാണോ എന്നും അറിയുന്നില്ല.
മഹര്‍ഷി: ചിത്തവൃത്തിക്ക് സ്ഥലകാലാവസ്ഥകള്‍ക്കൊന്നും ബന്ധമില്ല. അവയില്‍ കുടുങ്ങിപ്പോകരുത്.

ശ്രീ. എസ്. കൃഷ്ണന്‍ എം. എ. എഴുതിയ ആദിശങ്കരന്‍റെ വിവേകചൂഡാമണിയില്‍ തര്‍ജിമ ഗ്രന്ഥത്തിനു ഭഗവാന്‍ എഴുതിയ അവതാരികയില്‍ ഇപ്രകാരം പറയുന്നു.

“ലോകത്ത് ആരും സുഖത്തിനാഗ്രഹിക്കുന്നു. തന്റേതല്ലാത്ത കായിക വേദനകളെ വെറുക്കുകയും ചെയ്യുന്നു. സന്തോഷമില്ലാത്തവന് സ്നേഹമുണ്ടായിരിക്കുകയില്ല. ഗാഢനിദ്രയില്‍ ആനന്ദമുണ്ട്. അതിനെ അനുഭവിക്കുന്നുണ്ടെങ്കിലും തന്‍റെ സ്വരൂപസുഖത്തെപ്പറ്റി അറിവില്ലാത്തതിനാല്‍ സുഷുപ്തിസുഖത്തെ അറിയുന്നില്ല. എന്നാലും ആനന്ദം അവനാഗ്രഹിക്കുന്നു. പക്ഷെ, പോംവഴിമുട്ടിയ മനുഷ്യന്‍ സുഖത്തെ കാമിച്ചു ക്ഷണികമായ വ്യാവഹാരിക സുഖങ്ങളാല്‍ മതിമയങ്ങുന്നു. അങ്ങനെ തന്നില്‍ത്തന്നെയുള്ള ആനന്ദത്തെ നേരിട്ടറിയുന്നത്തിനുള്ള മാര്‍ഗ്ഗമായി ശിവന്‍ തന്നെ ശങ്കരാചാര്യരായി അവതരിച്ച് പ്രസ്ഥാനത്രയത്തിന് വ്യാഖ്യാനമെഴുതിയിരിക്കുന്നതായി പറയുന്നു. അത് നിത്യാനന്ദത്തിന്‍റെ മഹിമയെ പ്രകീര്‍ത്തിച്ചിരിക്കുന്നു. എന്തായാലും തീവ്രാധികാരികള്‍ക്ക് ഈ വ്യാഖ്യാനങ്ങളെക്കൊണ്ടു പ്രയോജനമൊന്നുമില്ല.

ഒരഭിഭാഷകനും ഉത്തമഭക്തനുമായ ശ്രീ ഷണ്മുഖത്തിനോട് രമണമഹര്‍ഷി: സാക്ഷാല്‍ക്കാരത്തിനുവേണ്ടി ഒരു ഗുരുവിന്‍റെ കീഴില്‍ 12 വര്‍ഷം ശിഷ്യനായിരിക്കണമെന്നു ശാസ്ത്രങ്ങള്‍ ഘോഷിക്കുന്നു. ഗുരുവെന്തു ചെയ്യുന്നു? മോക്ഷം ഇതാ പിടിച്ചോള്ളൂ എന്നുപറഞ്ഞു ശിഷ്യന്റെ കൈയ്യില്‍ കൊടുക്കുകയാണോ? ആത്മാവെപ്പോഴും പ്രത്യക്ഷമായി പ്രകാശിച്ചുകൊണ്ടല്ലേ ഇരിക്കുന്നത്? താനായ ആത്മാവിനെ അജ്ഞാനവശാല്‍ അറിയാതെ പോകുന്നു എന്നല്ലേ സാധാരണ വിശ്വാസം. സാക്ഷാല്‍ക്കരിച്ച ഗുരുവിനോടുകൂടിയുള്ള സംസര്‍ഗം മൂലം ഈ അജ്ഞാനം ക്രമേണ ഒഴിയുകയും ആത്മാവ് സ്വതവേ പ്രത്യക്ഷമാവുകയും ചെയുന്നു.

ജനങ്ങള്‍ കരുതുന്നത് ഗുരു തത്വമസിയെപ്പോലെ വല്ലതും ശിഷ്യനെ പഠിപ്പിക്കുമെന്നാണ്. ബ്രഹ്മം എന്തോ ഒരു വലിയ സത്വമാണെന്നു ശിഷ്യന്‍ കരുതും. കുടുസ്സായ ‘ഞാന്‍’ എങ്ങനെയാണ് ബൃഹത്തായ ബ്രഹ്മാവാവുന്നത്? അങ്ങനെ ധരിക്കുന്നത്‌ വിഡ്ഢിത്തരമല്ലേ? കുടുസ്സായ ഞാന്‍ നശിക്കണം. ഗുരുവിന്‍റെ സഹായം ഇതിനാണ്. ഈ ‘ഞാന്‍’ ഒടുങ്ങിയാല്‍ അവിടെ ബ്രഹ്മം സ്വയം പ്രകാശിക്കും. അല്ലാതെ ഗുരു സാക്ഷാല്‍ക്കാരത്തെ പ്രദാനം ചെയ്യുന്നില്ല.