യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 295 [ഭാഗം 5. ഉപശമ പ്രകരണം]

അവിദ്യാ സംപരിജ്ഞാതാ ന ചൈനം പരികര്‍ഷതി
മൃഗതൃഷ്ണാ പരിജ്ഞാതാ തര്‍ഷുലം നാവകര്‍ഷതി (5/74/20)

വസിഷ്ഠന്‍ തുടര്‍ന്നു: ആത്മാവ് ഒരു ശരീരത്തെ ദര്‍ശിക്കുന്ന മാത്രയില്‍ അത് സ്വയം ആ ശരീരമാണെന്ന് അനുമാനിയ്ക്കുന്നു. ഈ ലോകമെന്ന ‘കാഴ്ച’യുണ്ടായത് മരുഭുമിയില്‍ മരുപ്പച്ചയുണ്ടാകുന്നതുപോലെയാണ്. ഈ ഭ്രമക്കാഴ്ച്ച കടലിലെ അലകള്‍ പോലെ പല രൂപത്തിലും നാമത്തിലും ഉയര്‍ന്നുപൊങ്ങി എല്ലാടവും പരക്കുന്നു. ചിലതിനു മനസ്സെന്നും, മറ്റുചിലതിനു വിവേകമെന്നും പേര്. അഹങ്കാരം, വാസനകള്‍ , ഇന്ദ്രിയങ്ങള്‍ എന്നിങ്ങനെ നാനാ നാമങ്ങള്‍ . മനസ്സും അഹംകാരവും വാസ്തവത്തില്‍ ഒന്നുതന്നെ. പേരില്‍ മാത്രമേ അവയ്ക്ക് വ്യത്യാസമുള്ളു. ഒന്നില്‍ നിന്നാണ് മറ്റേതുണ്ടായതെന്ന് അജ്ഞാനികള്‍ പറയും, എന്നാലത് മഞ്ഞില്‍ നിന്നാണ് വെള്ളനിറം ഉണ്ടായതെന്ന് പറയുന്നതുപോലെ അസംബന്ധമാണ്. മനസ്സോ അഹങ്കാരമോ, അവയില്‍ ഒന്ന് നിലച്ചാല്‍ മറ്റേതും നിലച്ചു എന്നര്‍ത്ഥം.

അതിനാല്‍ ബന്ധനം, മോക്ഷം, തുടങ്ങിയ എല്ലാ ധാരണകളെയും വിവേകത്താലും അനാസക്തിയോഗത്താലും ഇല്ലാതാക്കി ആശകളും ആര്‍ത്തികളും അവസാനിപ്പിച്ച്, മനസ്സിനെ (അഹംകാരത്തെ) ഇല്ലാതാക്കാന്‍ ശ്രമിക്കൂ. ‘എനിക്ക് മുക്തി വേണം’ എന്നൊരു ചിന്ത വന്നാല്‍പ്പോലും മനസ്സ് ഉണര്‍ന്നു എന്നര്‍ത്ഥം. മനസ്സ് മറ്റു ധാരണകളെ ചിന്തിക്കുമ്പോഴാണ് ശരീരാദികള്‍ ഉണ്ടാവുന്നത്. പിന്നെയവിടെ ‘ഞാന്‍ ഇത് ചെയ്യുന്നു’, ‘ഞാനിത് ആസ്വദിക്കുന്നു’, ‘എനിക്കിതറിയാം’ തുടങ്ങിയ ധാരണകള്‍ മരുഭൂമിയിലെ മരുപ്പച്ചകള്‍ പോലെ ഉയരുകയായി. അവയെല്ലാം മിഥ്യയാണ്. എന്നാല്‍ അവയുടെ അയാഥാര്‍ഥ്യം സ്ഥിരീകരിക്കുംവരെ മനസ്സിന് അവ ആകര്‍ഷകങ്ങളാണ്. മരുപ്പച്ചയിലേയ്ക്ക് മൃഗങ്ങള്‍ ഓടി അടുക്കുന്നതുപോലെയാണിത്.

“അവയുടെ യാഥാര്‍ത്ഥ്യം അറിഞ്ഞാല്‍പ്പിന്നെ മനസ്സിനവയോട് യാതൊരു താല്‍പ്പര്യവും ഉണ്ടാവുകയില്ല. വെറും മരുപ്പച്ചയാണെന്ന് തിരിച്ചറിഞ്ഞാല്‍പ്പിന്നെ ആരും അതിന്റെ മാസ്മരികതയില്‍ ആകൃഷ്ടരാവുകയില്ലല്ലോ.” അന്ധകാരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന വിളക്ക് പോലെ ആത്മജ്ഞാനം ധാരണകളെ വേരോടെ നശിപ്പിക്കുന്നു. എല്ലാ ഉപാധികളെയും ഇല്ലായ്മ ചെയ്യുന്നു.

‘ഈ ശരീരം വെറും ജഢമല്ലേ? എന്തിനാണിതിനു വേണ്ടി ഞാന്‍ സുഖം തേടി വിഷമിക്കുന്നത്?’ എന്നൊരുവന്‍ ആത്മാര്‍ഥമായി ചോദിക്കുമ്പോള്‍ എല്ലാ ആസക്തികളും അവനില്‍ നിന്നുമൊഴിഞ്ഞു പോകുന്നു. ആത്മജ്ഞാനിയായ ഋഷി സുസ്ഥിരമായ ആത്മപ്രഭയില്‍ പ്രശോഭിക്കുന്നു. സ്വയം അയാള്‍ സംപ്രീതനാണ്. സ്വപ്രബുദ്ധതയാല്‍ അയാളിലെ ഉള്‍വെളിച്ചം ബാഹ്യമായും പ്രസരിക്കുകയാണ്. ആത്മാവിനെ എല്ലാറ്റിന്റെയും ആത്മസത്തയായി അയാള്‍ കാണുന്നു. ആത്മാവയാള്‍ക്ക് സര്‍വ്വവ്യാപിയായ ഭഗവാനാണ്. ആത്മാവ് സ്വയം നാമരൂപരഹിതമാണെങ്കിലും എല്ലാ നാമരൂപങ്ങളിലും അത് വ്യാപരിച്ചിരിക്കുന്നു. പണ്ട് കാമക്രോധങ്ങള്‍ തന്നെ വലച്ചിരുന്നു എന്നതോര്‍ത്ത്, തന്റെ അജ്ഞാനത്തെപ്പറ്റിയോര്‍ത്ത് അയാള്‍ പൊട്ടിച്ചിരിക്കുന്നു.

അയാള്‍ ദുഷ്ടക്കൂട്ടരുടെ സഹവാസം ഇല്ലാതെ, മനസ്സില്‍ ഭാരങ്ങളും ആകാംക്ഷകളുമില്ലാതെ ആത്മവിദ്യയില്‍ അടിയുറച്ചിരിക്കുന്നു. അയാളെ എല്ലാവരും മാനിക്കുന്നു, പുകഴ്ത്തുന്നു. എല്ലാവര്‍ക്കും പ്രിയനാണയാള്‍ . എന്നാല്‍ എല്ലാരില്‍നിന്നും വ്യത്യസ്ഥനാണയാള്‍ . അയാള്‍ക്കൊന്നും ആവശ്യമില്ല. അയാളൊന്നും എടുക്കുന്നില്ല, കൊടുക്കുന്നുമില്ല. ആരെയും വന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ആഹ്ലാദിക്കുകയോ ദു:ഖിക്കുകയോ ചെയ്യുന്നില്ല. അയാള്‍ ജീവന്മുക്തനായ ഋഷിയാണ്. സോദ്ദേശപരമായ എല്ലാ കര്‍മ്മങ്ങളും അയാളില്‍ അവസാനിച്ചിരിക്കുന്നു. അയാളില്‍ എല്ലാ ഉപാധികളും അസ്തമിച്ചിരിക്കുന്നു. എല്ലാ ആശകളും പ്രത്യാശകളും അയാളില്‍ ഒടുങ്ങിയിരിക്കുന്നു.

രാമാ, എല്ലാ ആശകളും അവസാനിപ്പിച്ചു സ്വയം പ്രശാന്തതയില്‍ അഭിരമിച്ചാലും. ആശാപാശങ്ങളില്ലാത്ത മനസ്സിന്റെ ആനന്ദത്തേക്കാള്‍ വലുതായി നിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്ന യാതൊന്നുമില്ല. ചക്രവര്‍ത്തിപദവിയോ, സ്വര്‍ഗ്ഗപ്രാപ്തിയോ, പ്രിയപ്പെട്ടവരുമായുള്ള സംഗമോ ഒന്നും പ്രത്യാശാവിമുക്തമായ മനസ്സിന്റെയത്ര ആഹ്ലാദം നമ്മിലുളവാക്കുകയില്ല.