സ്വാമി വിവേകാനന്ദന്‍

31. തതഃ കൃതാര്‍ത്ഥാനാം പരിണാമ ക്രമസമാപ്തിര്‍ഗുണാനാം

തതഃ ധര്‍മ്മമേഘസമാധിയുടെ, ഉത്പത്തികൊണ്ട്, കൃതാര്‍ത്ഥാനാം കൃതാര്‍ത്ഥങ്ങളായ, ഗുണാനാം കാര്യോത്പാദകങ്ങളായ ഗുണങ്ങളുടെ, പരിണാമക്രമസമാപ്തിഃ പരിണാമക്രമത്തിനു സമാപ്തി വരുന്നു.
അപ്പോള്‍ കൃതാര്‍ത്ഥങ്ങളായ ഗുണങ്ങളുടെ പരിണാമക്രമം സമാപിതമാവുന്നു.
അപ്പോള്‍ ജാത്യന്തരസംക്രമരൂപമായിരിക്കുന്ന വിവിധ ഗുണപരിണാമങ്ങളും എന്നേക്കുമായി അവസാനിക്കുന്നു.

32. ക്ഷണപ്രതിയോഗീ പരിണാമാപരാന്തനിര്‍ഗ്രാഹ്യഃ ക്രമഃ
ക്രമഃ ക്രമമെന്നത്, ക്ഷണപ്രതിയോഗീ ഇരുക്ഷണങ്ങളാകുന്ന പ്രതിയോഗികളോടു കൂടിയത്, (രണ്ടു ക്ഷണങ്ങളെക്കൊണ്ടു നിരൂപിക്കപ്പെടുന്നത്, പ്രേരിപ്പിക്കപ്പെടുന്നത്) ആകുന്നു: അത്, പരിണാമാപരാന്തനിര്‍ഗ്രാഹ്യഃ പരിണാമ1ത്തിന്റെ അപരാന്തം കൊണ്ടു നിശ്ചയിക്കപ്പെടാവുന്നതാണ്.
ക്ഷണങ്ങളോടു ചേര്‍ന്നു നിലകൊള്ളുന്നതും (ഒരു പരമ്പരയുടെ) മറ്റെ അറ്റത്തു കാണപ്പെടുന്നതുമാണ് ക്രമം.

പതഞ്ജലിമഹര്‍ഷി ഇവിടെ ക്രമം എന്ന പദത്തെ നിര്‍വ്വചിക്കുന്നു. പ്രതിക്ഷണമുണ്ടാകുന്ന പരിണാമങ്ങളെയാണ് അതുകൊണ്ടു നിരൂപിക്കുന്നത്. ഞാന്‍ വല്ലതും വിചാരിച്ചിരിക്കുന്നതിനിടയില്‍ അനേകക്ഷണങ്ങള്‍ കഴിഞ്ഞുപോകുന്നു. അതിലോരോ ക്ഷണത്തിലും ചിത്തവൃത്തിക്കു മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ വിചാരപരമ്പരയുടെ അന്ത്യത്തില്‍ മാത്രമേ ഞാന്‍ ആ മാറ്റത്തെ ഗ്രഹിക്കുന്നുള്ളു. ഇതാണു ക്രമം. സര്‍വ്വവ്യാപിത്വം സിദ്ധിച്ച ചിത്തത്തിനാകട്ടെ, ഈ ക്രമമില്ല. അതിനു സര്‍വ്വവും അപരോക്ഷമാണ്. വര്‍ത്തമാനമായ ഏകക്ഷണമേ അതിനുള്ളു. ഭൂതവും ഭാവിയും വിലയിച്ചിരിക്കുന്നു: കാലം നിരുദ്ധമായിരിക്കുന്നു. സര്‍വ്വജ്ഞാനവും ആ ഏകക്ഷണത്തിലുണ്ട്. ഒരു മിന്നല്‍പോലെ സര്‍വ്വവും വിദിതമാവുന്നു.

33. പുരുഷാര്‍ത്ഥശൂന്യാനാം ഗുണാനാം പ്രതിപ്രസവഃ
കൈവല്യം. സ്വരൂപപ്രതിഷ്ഠാ വാ ചിതിശക്തേരിതി.

പുരുഷാര്‍ത്ഥശൂന്യാനാം ഭോഗാപവര്‍ഗ്ഗങ്ങള്‍ കൊടുക്കേണ്ടതു കൊടുത്തുതീര്‍ന്ന, ഗുണാനാം ഗുണങ്ങളുടെ, പ്രതി പ്രസവഃ പ്രതിലോമപരിണാമം, കൈവല്യം കൈവല്യമാകുന്നു. വാ അഥവാ, ചിതിശക്തേഃ ചിതിശക്തിയുടെ, സ്വരൂപപ്രതിഷ്ഠാ സ്വരൂപത്തിലുള്ള സ്ഥിതിയാണ് (കൈവല്യം), ഇതി ഇങ്ങനെ (ശാസ്ത്രസമാപ്തിഃ) ശാസ്ത്രം സമാപ്തമായി.
പുരുഷനു നിഷ്ര്പയോജനങ്ങളായ ഗുണങ്ങളുടെ തിരിച്ചുള്ള ലയമാണു കൈവല്യം: അഥവാ, അതു ചിതിശക്തിക്കു സ്വരൂപത്തിലുള്ള പ്രതിഷ്ഠയാണ്.

പ്രകൃതിയുടെ കാര്യം സാധിച്ചു: നമ്മുടെ വത്‌സലയായ ആ പ്രകൃതിധാത്രി സ്വയം ഏറ്റെടുത്ത പരാര്‍ത്ഥകൃത്യം നിര്‍വ്വഹിച്ചുകഴിഞ്ഞ് ആത്മപ്രമാദിയായ ജീവനെ കൈയ്ക്കു പിടിച്ചെന്നപോലെ സാവധാനം നയിച്ച്, പ്രാപഞ്ചികമായ എല്ലാ അനുഭവങ്ങളും സര്‍വ്വവിധ വിഭവങ്ങളും കാണിച്ചുകൊടുത്ത്, നാനാജന്മങ്ങളിലൂടെ മേല്ക്കുമേല്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണല്ലോ ചെയ്തത്. അങ്ങനെ ഒടുവില്‍, പുരുഷന്‍ പൊയ്‌പോയ മഹിമയെ വീണ്ടെടുക്കുകയും സ്വസ്വരൂപത്തെ വീണ്ടും സ്മരിക്കുകയും ചെയ്യുന്നു. അപ്പോള്‍ ആ വത്‌സലയായ മാതാവ്, സംസാരമരുഭൂമിയില്‍ വഴി കാണാതെ ചുറ്റിത്തിരിയുന്ന മറ്റു ജീവന്മാരെയും ഉദ്ധരിക്കാനായി, വന്ന വഴിക്കേ മടങ്ങിപ്പോകുന്നു. ഇപ്രകാരം അവള്‍ അനാദ്യനന്തമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. അപ്രകാരംതന്നെ ജീവരാശികളുടെ അനന്തനദി സുഖദുഃഖങ്ങളിലും ശുഭാശുഭങ്ങളിലും കൂടി ഒഴുകി ആത്മസാക്ഷാത്കാരമാകുന്ന കൈവല്യ മഹാസമുദ്രത്തില്‍ വിലയിച്ചുകൊണ്ടിരിക്കുന്നു.

സ്വസ്വരൂപസാക്ഷാത്കാരം സിദ്ധിച്ച മഹാപുരുഷന്മാര്‍ സര്‍വ്വോത്കര്‍ഷേണ വര്‍ത്തിക്കട്ടെ! അവരുടെ അനുഗ്രഹത്താല്‍ നമുക്കെല്ലാം സ്വസ്തി ഭവിക്കട്ടെ!

കൈവല്യപാദം സമാപ്തം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 396-398]