ശ്രീ രമണമഹര്‍ഷി
മേയ് 7, 1938.

ഗാന്ധിസേവാസംഘം പ്രസിഡണ്ട്‌ കിശോരിലാല്‍ മഷ്റുവാല: ബ്രഹ്മചാര്യം വിജയപ്രദമായി ശീലിക്കുന്നതെങ്ങനെ?
മഹര്‍ഷി: ജീവന്‍ ബ്രഹ്മത്തോട് ചേര്‍ന്നിരിക്കുന്നതാണ് ബ്രഹ്മചര്യം. സാക്ഷാല്‍ക്കാരം ബ്രഹ്മചര്യമാണ്.

ചോദ്യം: നൈഷ്ടിക ബ്രഹ്മചര്യം സാക്ഷാല്‍ക്കാരത്തിനു സുപ്രദാനമായ ഒരു സാധനയാണോ? ബ്രഹ്മചര്യം – ബ്രഹ്മത്തില്‍ ചരിക്കുക – ബ്രഹ്മാകാരമായിരിക്കുക. നൈഷ്ടിക ബ്രഹ്മചര്യം – ആജീവാനന്ത ബ്രഹ്മചര്യം.
മഹര്‍ഷി: ബ്രഹ്മസാക്ഷാല്‍ക്കാരം ബ്രഹ്മചര്യം തന്നെയാണ്.

ചോദ്യം; തന്‍റെ അനുയായികള്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നതിനെപ്പറ്റി ഗാന്ധിജി പലപ്പോഴും ഖേദിച്ചിരുന്നു.
മഹര്‍ഷി: (ചിരിച്ചുകൊണ്ട്) അദ്ദേഹം സ്വന്തം ശുദ്ധിക്കുവേണ്ടിത്തന്നെ വളരെ പാടുപെട്ടു. അനുയായികളും ക്രമേണ ശരിയായിക്കൊള്ളും.

ചോദ്യം: പുനര്‍ജന്മത്തെപ്പറ്റിയുള്ള ഹൈന്ദവമതം ശരിയാണോ?
മഹര്‍ഷി: ശരിയെന്നോ തെറ്റെന്നൊ പറയാനൊക്കുകയില്ല. ഈ ജന്മം തന്നെ ഉള്ളതാണോ?(“നത്വേവാഹം ജാതുനാശം”). ജീവന്‍ തന്നെ ഉള്ളതാണോ എന്ന് അന്വേഷിക്കൂ. നമ്മാള്‍വാര്‍ പറയുന്നു.”അജ്ഞാനത്തില്‍ ഞാന്‍ അഹന്തയെത്തന്നെ ഞാനെന്നു കല്പിച്ചു. തെറ്ററ്റ അറിവില്‍ അഹന്ത ഇല്ലാത്തതാവുകയും ‘നീ’ എന്‍റെ ആത്മാവായിത്തീരുകയും ചെയ്തു.” ആദ്യം ഇതറിഞ്ഞിട്ട് പിന്നെ മറ്റെല്ലാം ചര്‍ച്ച ചെയ്യാം. ദ്വൈതാദ്വൈതങ്ങളെ താത്വിക പരിഗണനകളാല്‍ തീരുമാനിക്കുക വയ്യ. ജ്ഞാനാനുഭവത്തില്‍ ഈ രണ്ടും ഒഴിയുന്നു. തന്‍റെ ബ്രഹ്മചര്യത്തെ സംബന്ധിച്ച് ശുകനും ഉറപ്പില്ലായിരുന്നു. കൃഷ്ണന് അക്കാര്യത്തില്‍ ദൃഡതയുണ്ടായിരുന്നു.

ചോദ്യം: ഒരു ജ്ഞാനിയിലും സംസ്ക്കാരം തുടര്‍ന്നു നില്‍ക്കുമെന്ന് പറയുന്നു.
മഹര്‍ഷി: അതെ പക്ഷേ ജ്ഞാനിയില്‍ ബന്ധഹേതുകമല്ല, ഭോഗഹേതുകം മാത്രമാണ്

ചോദ്യം: ചില കള്ള സന്യാസികള്‍ അതിനെ പ്രാരാബ്ധം എന്ന് പറഞ്ഞു സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു. ഇത്തരാക്കാരെ യഥാര്‍ത്ഥ സന്യാസിമാരില്‍ നിന്നും തിരിച്ചറിയുന്നതെങ്ങനെ?
മഹര്‍ഷി: കര്‍ത്തവ്യകര്‍മ്മമൊഴിഞ്ഞ ജ്ഞാനി “ഇത് എന്‍റെ പ്രാരബ്ധം” എന്ന് പറയുകയില്ല. ജ്ഞാനികള്‍ പല മട്ടിലും ജീവിക്കുന്നു എന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്.