സ്വാമി വിവേകാനന്ദന്‍

ഇതുവരെ വിസ്തരിച്ച ശുഷ്‌കസംഗതികള്‍ ഭക്തന്റെ നിശ്ചയ ദാര്‍ഢ്യത്തിനുമാത്രം വേണ്ടതാണ്: അതില്‍ക്കവിഞ്ഞൊരുപയോഗം അയാള്‍ക്കു അവകൊണ്ടില്ല. എന്തുകൊണ്ടെന്നാല്‍, തെളിവു കുറഞ്ഞു കലങ്ങിമറിഞ്ഞ തര്‍ക്കവിചാരഭൂമിക്കപ്പുറം വേഗത്തില്‍ കടത്തി അയാളെ സാക്ഷാത്കാരസാമ്രാജ്യത്തിലെയ്‌ക്കെത്തിപ്പാന്‍ തക്കമാര്‍ഗ്ഗത്തിലാണ് അയാള്‍ സഞ്ചരിക്കുന്നത്. ആ വഴിക്ക് ചെന്ന്, പാണ്ഡിത്യപ്രൗഢവും ശക്തിഹീനവുമായ യുക്തിവാദത്തെ സുദൂരം പിന്നിട്ട്, അന്ധകാരത്തില്‍ വെറും ബുദ്ധി തപ്പിത്തടയുന്ന നിലയും വിട്ട്, സാക്ഷാദ്ദര്‍ശനം എന്ന സൂര്യപ്രകാശം വിലസുന്ന തലത്തിലേയ്ക്കു അയാള്‍ ഈശ്വരകൃപയാല്‍ വേഗത്തില്‍ എത്തും. പിന്നെ അയാള്‍ യുക്തിയെ ആശ്രയിച്ചു വിശ്വസിക്കുകയല്ല, മിക്കവാറും നേരിട്ടു കണ്ടറിയുകയാണ്: യുക്തികൊണ്ടു സമര്‍ത്ഥിക്കുകയല്ല, ഇന്ദ്രിയം കൊണ്ടു പ്രത്യക്ഷത്തില്‍ കാണുകയാണ്. അങ്ങനെയുണ്ടാകുന്ന ഭഗവദ്ദര്‍ശനം, ഈശ്വരാനുഭൂതി, ഈശ്വരാനന്ദാനുഭവം, മറ്റേതൊന്നിനെക്കാളും മീതയല്ലേ? അതു മോക്ഷത്തേക്കാളും മീതെയാണെന്നു പ്രഖ്യാപിച്ചിട്ടുള്ള ഭക്തന്മാരും ഇല്ലായ്കയില്ല. പ്രയോജനം നോക്കിയാലും അതു മറ്റെല്ലാറ്റിനെക്കാളും മീതയല്ലേ? ഇന്ദ്രിയസുഖം ഉണ്ടാകുന്നതേതോ അതിനുമാത്രമേ പ്രയോജനവും ഉപയോഗവുമുള്ളു എന്ന് തികച്ചും ബോധ്യപ്പെട്ടിട്ടുള്ള മനുഷ്യര്‍ ലോകത്തിലുണ്ട്. അവരുടെ സംഖ്യ കുറച്ചധികമുണ്ടുതാനും. അവര്‍ക്ക്, മതം ഈശ്വരന്‍ ദൈവം നിത്യത്വം ആത്മാവ് ഇതൊക്കെ നിരുപയോഗമാണ്: അവ ധനത്തെ-ദേഹസുഖത്തെ-തരുന്നവയല്ലല്ലോ. ഇന്ദ്രിയങ്ങളെ സുഖിപ്പിച്ചു കാമങ്ങളെ തൃപ്തിപ്പെടുത്താത്തതൊന്നും അവര്‍ക്ക് ഒന്നിനും കൊള്ളില്ല. എന്നാല്‍ ഓരോ മനസ്സിലും അതിന്റെ പ്രത്യേകാവശ്യങ്ങളെ അനുസരിച്ചാണ് പ്രയോജനം നിര്‍ണ്ണയിക്കപ്പെടുന്നത്. ഭോജനം പാനം സന്തത്യുല്പാദനം മരണം എന്നവയില്‍നിന്നു ഒരിക്കലുമുയരാത്ത മനുഷ്യര്‍ക്ക് ഇന്ദ്രിയസംതൃപ്തിമാത്രമാകുന്നു ജന്മഫലം അവയില്‍നിന്നുയര്‍ന്ന വല്ലതിന്റെയും ആവശ്യം നേരിയ മട്ടിലെങ്കിലും തോന്നണമെങ്കില്‍ അവര്‍ക്ക് ജന്മജന്മാന്തരങ്ങള്‍ വളരെ കഴിയേണ്ടിവരും. മറിച്ച് ഈ മര്‍ത്ത്യജീവിതത്തിലെ ക്ഷണികകാര്യങ്ങളേക്കാള്‍ ആത്മാവിന്റെ ശാശ്വതകാര്യങ്ങള്‍ വിലകൂടിയവയാണെന്നു ആര്‍ക്കു തോന്നുന്നുവോ, ഇന്ദ്രിയങ്ങളെ ലാളിക്കുന്നത് ആലോചനയില്ലാത്ത ബാലക്രീഡപോലെയാണെന്നു ആര്‍ക്ക് തോന്നുന്നുവോ, അവര്‍ക്ക് ഈശ്വരനും ഈശ്വരപ്രേമവുമാകുന്നു. മനുഷ്യജീവിതംകൊണ്ടുള്ള ഏകപ്രയോജനം, മഹാപ്രയോജനം. വിഷയാസക്തി മുഴുത്ത ഈ ലോകത്തില്‍ അങ്ങനെയുള്ളവര്‍ കുറച്ചുപേരെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഭക്തിയോഗത്തിനു ഗൗണി (പ്രാരംഭം) എന്നും പര (ഉച്ചതമം) എന്നും രണ്ടു ദശകളുണ്ടെന്നു പറഞ്ഞുവല്ലോ. പ്രാരംഭദശയില്‍ പുരോഗതിക്കു സഹായിപ്പാന്‍ പല സ്ഥൂലാവലംബനങ്ങളും ഒഴിച്ചുകൂടാത്തവയാണ്. ഇതു വഴിയെ മനസ്സിലാകും. എല്ലാ മതങ്ങളിലുമുള്ള പുരാണാത്മകങ്ങളും പ്രതീകാത്മകങ്ങളുമായ ഭാഗങ്ങള്‍ സ്വഭാവേന വളര്‍ന്നുവന്നവയാണ്. അവ സാധകന്ന് ആദിമരക്ഷാവലയമായി നിന്ന് അവനെ ഈശ്വരപ്രാപ്തിക്കു തുണയ്ക്കുന്നു. ആവിധമുള്ള കഥാസമ്പത്തും ക്രിയാകലാപവും തിങ്ങിവളര്‍ന്ന മതസമ്പ്രദായങ്ങളില്‍നിന്നേ അദ്ധ്യാത്മകേസരികള്‍ ഉണ്ടായിട്ടുള്ളു. ഇത് ആലോചിച്ചുനോക്കേണ്ട മുഖ്യസംഗതിയാണ്. മതവിഷയത്തില്‍ ഏതേതു ഭാഗങ്ങളില്‍ കവിതാസ്വാരസ്യവും മനോഹാരിതയും ഗാംഭീര്യവും വിളങ്ങുന്നുണ്ടോ ആ ഭാഗങ്ങളെല്ലാം വേരോടെ പറിച്ചു നീക്കിക്കളവാന്‍, ഈശ്വരാഭിമുഖമായി ഇടറിച്ചെല്ലുന്ന ബാലമനസ്സിന് മുറുകെ പിടിപ്പാനുതകുന്ന സര്‍വ്വാവലംബങ്ങളെയും തട്ടിനീക്കിക്കളവാന്‍, ഉദ്യമിക്കുന്ന മതസമ്പ്രദായങ്ങളുണ്ടല്ലോ – അദ്ധ്യാത്മസൗധത്തിന്റെ മോന്തായത്തെത്തന്നെ തച്ചുതകര്‍ക്കാനും, അജ്ഞാനവും അന്ധവിശ്വാസവും നിമിത്തം തത്ത്വം തെറ്റിദ്ധരിച്ച്, വാസ്തവത്തില്‍ പ്രാണപ്രദാനം ചെയ്യുന്നതൊക്കെയും, മനുഷ്യഹൃദയത്തില്‍ വളര്‍ന്നുവരുന്ന അദ്ധ്യാത്മപ്രരോഹത്തിനു വളക്കൂറു നല്കന്നതൊക്കെയും തട്ടിക്കളവാനും ഉദ്യമിക്കുന്ന മതസമ്പ്രദായങ്ങള്‍ – അവയ്ക്കു മതമായി ശേഷിക്കുന്നത് ഒഴിഞ്ഞ തൊണ്ടുമാത്രം: വാക്കും ദുര്യുക്തിയുംകൂടി കെട്ടിയുണ്ടാക്കിയ ഒരു വെറും കൂടുമാത്രം: പക്ഷേ അതില്‍ ഒരുവക സമുദായക്കുപ്പനീക്കലിന്റെ അല്പം മണമോ പരിഷ്‌കാരമെന്നു പറയപ്പെടുന്നതിന്റെ സ്വല്പം ചുണയോ കലര്‍ന്നിരിക്കാം, അത്രതന്നെ – എന്ന് അവര്‍ വഴിയെ വൈകാതെ കാണും.

ഈവക മതം അനുസരിക്കുന്നവരില്‍ അധികഭാഗവും അറിഞ്ഞോ അറിയാതെയോ ഉള്ള ചാര്‍വ്വാകന്മാരാകുന്നു: (നാസ്തികവിഷയികളാകുന്നു). അവരുടെ ജന്‌മോദ്ദേശ്യം ഇഹത്തിലും പരത്തിലും ഇന്ദ്രിയസുഖാനുഭവം. അതാകുന്നു അവര്‍ക്കു മനുഷ്യജീവിതത്തിന്റെ തുടക്കവും ഒടുക്കവും. അതാണ് അവരുടെ ഇഷ്ടാപൂര്‍ത്തം. തെരുവുകള്‍ അടിച്ചുവാരുക, മലങ്ങള്‍ നീക്കംചെയ്യുക മുതലായി ഭൗതികസുഖത്തിനുതകുന്ന കാര്യങ്ങളാകുന്നു അവരുടെ ദൃഷ്ടിയില്‍ ജീവിതവും ജീവിതകൃത്യവും മുഴുവന്‍. അജ്ഞാനവും അസഹിഷ്ണുതയും കൂടിയ ഈ വിചിത്രമിശ്രത്തിന്റെ അനുയായികള്‍ അവരുടെ തനിനിറത്തില്‍ പുറത്തുവന്ന് അവര്‍ക്ക് ചേര്‍ന്നുനില്പാന്‍ തികച്ചും അര്‍ഹമായ നാസ്തികചാര്‍വ്വാകപംക്തികളില്‍ എത്രവേഗം ചേരുന്നുവോ അത്രയും ലോകാപകാരം. ഒരു പണത്തൂക്കം ധര്‍മ്മാചരണവും ആത്മസാക്ഷാത്കാരവും, അനേകഭാരം പാഴ്‌വാക്കുകളേക്കാളും അസംബന്ധഭാവനകളേക്കാളും കൂടുതല്‍ തൂങ്ങും. അജ്ഞതയുടെയും അസഹിഷ്ണുതയുടെയും വരണ്ട മണലില്‍നിന്ന് ഒരാദ്ധ്യാത്മകേസരി – ഒരേ ഒരാളെങ്കിലും – വളര്‍ന്നിട്ടുള്ളതായി കാണിച്ചുതരുമോ? വയ്യെങ്കില്‍, വായ് പൂട്ടുക. സത്യത്തിന്റെ വിമലപ്രകാശം അകത്തു കടപ്പാന്‍തക്കവണ്ണം ഹൃദയവാതായനങ്ങള്‍ തുറന്നുവെയ്ക്കുക. തങ്ങള്‍ പറയുന്നതെന്താണെന്നു പൂര്‍ണ്ണമായറിയുന്നവരുടെ – ഭാരതീയമഹര്‍ഷിമാരുടെ – പാദാന്തികത്തില്‍ ബാലപ്രായം ചെന്നിരിക്കുക അവര്‍ പറയുന്നതെന്തെന്നു മനസ്സിരുത്തി കേള്‍ക്കുക.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 3 ഭക്തിയോഗലക്ഷ്യം. പേജ് 427-431]