ശ്രീ രമണമഹര്‍ഷി
ഒക്ടോബര്‍ 3, 1938

ഒരു സന്ദര്‍ശകന്‍: മനുഷ്യന്‍ ഈശ്വരന് നാമങ്ങള്‍ കല്പിക്കുന്നു. ആ നാമങ്ങള്‍ പവിത്രമാണെന്നും അവ എത്രത്തോളം കൂടുതല്‍ ജപിക്കുന്നുവോ അത്രത്തോളം ഗുണം ചെയ്യുമെന്നും പറയുന്നു. ശരിയാണോ?

മഹര്‍ഷി: എന്തുകൊണ്ടല്ല. നിങ്ങള്‍ ഒരഭിധാനത്തെ വഹിക്കുന്നു. എന്നാല്‍ ജനിച്ച ദേഹത്തില്‍ ആ പേരെഴുതിയിരുന്നില്ല. എങ്കിലും നിങ്ങള്‍ ആ നാമവുമായി സാത്മ്യം പ്രാപിച്ചു. അതിനാല്‍ അതൊരു കഥയായിത്തീരുന്നില്ല. ആ നാമത്തിന്‍റെ ആവര്‍ത്തനം ആ വസ്തുവിനെപ്പറ്റിയുള്ള കൂടുതല്‍ സ്മരണയാണ്‌. അതു ഗുണമല്ലേ?

സന്ദര്‍ശകന്‍ അത്ര സംതൃപ്തനായി തോന്നപ്പെട്ടില്ല. അദ്ദേഹം മടങ്ങിപ്പോകവേ ഭഗവാന്‍റെ അനുഗ്രഹത്തിന് പ്രാര്‍തിച്ചു.

ഭഗവാന്‍: ഞാന്‍ ശബ്ദം കൊണ്ടനുഗ്രഹിച്ചാല്‍ തൃപ്തിവരുമോ? (ഇരുപേരും ചിരിച്ചു)

ഒക്ടോബര്‍ 4, 1938

കൂര്‍ഗില്‍നിന്നും ഒരു സംഘം ആഢ്യസ്ത്രീകള്‍ വന്നു ചേര്‍ന്നു. ഒരു സ്ത്രീ: എനിക്കൊരു മന്ത്രം ഉപദേശിച്ചു കിട്ടിയിട്ടുണ്ട്. പക്ഷേ അതു ജപിച്ചാല്‍ വിചാരിക്കാത്ത ആപത്തുകള്‍ നേരിടുമെന്ന് മറ്റുള്ളവര്‍ ഭയപ്പെടുത്തുന്നു. അത് പ്രണവമാണ്. എനിക്കതില്‍ വിശ്വാസമുണ്ടുതാനും. ഭഗവാനെന്തു പറയുന്നു.

മഹര്‍ഷി: അതു ജപിച്ചുകൊള്ളൂ.

ചോദ്യം: അത്രമാത്രം മതിയോ?
മഹര്‍ഷി: മന്ത്രജപത്തിന്‍റെ ഉദ്ദേശ്യം നമ്മില്‍ സ്വയമേവ സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തുകയാണ്. വായ്‌ കൊണ്ട് ജപിക്കുന്നത് മനസികമാവും. ഒടുവില്‍ അത് ആത്മസ്ഫുരണമായിത്തീരും. മന്ത്രത്തിന്‍റെ അവസാന സ്വരൂപം അതുതന്നെ. ആത്മാനുഭൂതിയെന്നു പറയുന്നതിതിനെയാണ്.

ചോദ്യം: സമാധി എന്താണ്‌?

മഹര്‍ഷി: മനസ്സ് നിശ്ചഞ്ചലമായിത്തീരുന്നത്.

ഒക്ടോബര്‍ 13, 1938

മധ്യവയസ്കയായ ഒരു ആന്ധ്രവനിത: ധ്യാനത്തില്‍ ദൃഷ്ടി എകാഗ്രമായിരിക്കാന്‍ ഈശ്വരചിന്ത ആവശ്യമാണോ?

മഹര്‍ഷി: തത്സമയം മനസ്സും എകാഗ്രമായിരിക്കണം.

ചോദ്യം: പ്രതിദിനം 2 മണിക്കൂര്‍നേരം ധ്യാനം അഭ്യസിച്ചുവന്നു. പിന്നീട് ശരീരത്തില്‍ സുഖക്കെട് വന്നപ്പോള്‍ അഭ്യാസംകൊണ്ടാണെന്ന് ചിലര്‍ പറഞ്ഞതിനാല്‍ ധ്യാനം നിര്‍ത്തിവച്ചു.

മഹര്‍ഷി: അങ്ങനെ തള്ളേണ്ട. അഭ്യാസം തുടര്‍ന്നുപോകുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളും.

ചോദ്യം: പ്രാണായാമം ചെയാമോ?

മഹര്‍ഷി: അതു സഹായകരമാണ് ആഹാരനിയമവും പരിപാലിക്കണം.

ചോദ്യം: സഗുണദ്ധ്യാനം ആകാമോ?

മഹര്‍ഷി: അത് അവരവരുടെ പാകതയനുസരിച്ചുള്ളതാണ്. ചിത്ത നിരോധമാണ് പ്രധാനം.