MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

കുംഭകര്‍ണ്ണവധം

സോദരനേവം പറഞ്ഞതു കേട്ടതിക്രോധം
മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍
“ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല
നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം
നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും
ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം
വേദശാസ്ത്രങ്ങളും കേട്ടുകൊള്ളാമിനി
ഖേദമകന്നു സുഖിച്ചുവാഴുന്ന നാള്‍
ആമെങ്കിലാശു ചെന്നായോധനം ചെയ്തു
രാമാദികളെ വധിച്ചു വരിക നീ”
അഗ്രജന്‍വാക്കുകളിത്തരം കേട്ടളവുഗ്രന‍ാം
കുംഭകര്‍ണ്ണനന്‍ നടന്നീടിനാന്‍
വ്യഗ്രവും കൈവിട്ടു യുദ്ധേ രഘൂത്തമന്‍
നിഗ്രഹിച്ചാല്‍ വരും മോക്ഷമെന്നോര്‍ത്തവന്‍
പ്രകാരവും കടന്നുത്തുംഗശൈലരാജാകാര
മോടലറിക്കൊണ്ടതിദ്രുതം
ആയിരംഭാരമിരുമ്പുകൊണ്ടുള്ള
തന്നായുധമായുള്ള ശൂലവും കൈക്കൊണ്ടു
വാനരസേനയില്‍ പുക്കോരുനേരത്തു
വാനരവീരരെല്ലവരുമോടിനാര്‍
കുംഭകര്‍ണ്ണന്‍‌തന്‍ വരവു കണ്ടാകുലാല്‍
സംഭ്രമം പൂണ്ടു വിഭീഷണന്‍‌തന്നോടു
“വന്‍പുള്ള രാക്ഷസനേവനിവന്‍
പറകംബരത്തോളമുയരമുണ്ടത്ഭുതം!“
ഇത്ഥം രഘൂത്തമന്‍ ചോദിച്ചളവതിനുത്തരമാശു
വിഭീഷണന്‍ ചൊല്ലിനാന്‍
“രാവണസോദരന്‍ കുംഭകര്‍ണ്ണന്‍ മമ
പൂര്‍വജനെത്രയും ശക്തിമാന്‍ ബുദ്ധിമാന്‍
ദേവകുലാന്തകന്‍ നിദ്രാവശനിവനാവതി
ല്ലാര്‍ക്കുമേറ്റാല്‍ ജയച്ചീടുവാന്‍
തച്ചരിത്രങ്ങളെല്ലാമറിയിച്ചു ചെന്നിച്ഛ്യാ
പൂര്‍വജന്‍ കാല്‍ക്കല്‍ വീണീടിനാന്‍
ഭ്രാതാ വിഭീഷണന്‍ ഞാന്‍ ഭവത്ഭക്തിമാന്‍
പ്രീതിപൂണ്ടെന്നെയനുഗ്രഹിക്കേണമേ!
സീതയെ നല്‍കുക രാഘവനെന്നു
ഞാനാദരപൂര്‍വ്വമാവോളമപേക്ഷിച്ചേന്‍
ഖഡ്ഗവും കൈക്കൊണ്ടു നിഗ്രഹിച്ചീടുവാ
നുഗ്രതയോടുമടുത്തതു കണ്ടു ഞാന്‍
ഭീതനായ് നാലമാതൃന്മാരുമായ് പോന്നു
സീതാപതിയെശ്ശരണമായ് പ്രാപിച്ചേന്‍“
ഇത്ഥം വിഭീഷണവാക്കുകള്‍ കേട്ടവന്‍
ചിത്തം കുളുര്‍ത്തു പുണര്‍ന്നാനനുജനെ
പിന്നെപ്പുറത്തു തലോടിപ്പറഞ്ഞിതു:
“ധന്യനല്ലോ ഭാവാനില്ല കില്ലേതുമേ
ജീവിച്ചിരിക്ക പലകാലമൂഴിയുല്‍
സേവിച്ചുകൊള്‍ക രാമപാദ‍ാംബുജം
നമ്മുടെ വംശത്തെ രക്ഷിപ്പതിന്നു നീ
നിര്‍മ്മലന്‍ ഭാഗവതോത്തമനെത്രയും
നാരായണപ്രിയനെത്രയും നീയെന്നു
നാരദന്‍ തന്നെ പറഞ്ഞുകേട്ടേനഹം
മായാമയമിപ്രപഞ്ചമെല്ലെ,മിനിപ്പോ
യാലുമെങ്കില്‍ നീ രാമപാദാന്തികേ“
എന്നതു കേട്ടഭിവാദ്യവും ചെയ്തതിഖിന്നനായ്
ബാഷ്പവും വാര്‍ത്തു വാങ്ങീടിനാന്‍
രാമപാര്‍ശ്വം പ്രാപ്യ ചിന്താവിവശനായ്
ശ്രീമാന്‍ വിഭീഷണന്‍ നില്‍ക്കും ദശാന്തരേ
ഹസ്തപാദങ്ങളാല്‍ മര്‍ക്കടവീരരെ
ക്രുദ്ധനായൊക്കെ മുടിച്ചുതുടങ്ങിനാന്‍
പേടിച്ചടുത്തുകൂടാഞ്ഞു കപികളുമോടി
ത്തടങ്ങിനാര്‍ നാനാദിഗന്തരേ
മത്തഹസ്തീന്ദ്രനെപ്പോലെ കപികളെ
പ്പത്തുന്നൂറായിരം കൊന്നാനരക്ഷണാല്‍
മര്‍ക്കടരാജനതുകണ്ടൊരു മല
കൈക്കൊണ്ടെറിഞ്ഞതു മാറില്‍ത്തടുത്തവന്‍
കുത്തിനാന്‍ ശൂലമെടുത്തതുകൊണ്ടതിവിത്ര
സ്തനായ്‌വീണു മോഹിച്ചിതര്‍ക്കജന്‍
അപ്പോളവനെയുമൂക്കോടെടുത്തുകൊണ്ടു
ല്പന്നമോദം നടന്നു നിശാചരന്‍
യുദ്ധേ ജയിച്ചു സുഗ്രീവനെയും കൊണ്ടു
നക്തഞ്ചരേശ്വരന്‍ ചെല്ലുന്ന നേരത്തു
നാരീജനം മഹാപ്രാസാദമേറിനിന്നാരൂഢമോദം
പനിനീരില്‍ മുക്കിയ മാല്യങ്ങളും
കളഭങ്ങളും തൂകിനാരാലസ്യമാശു
തീര്‍ന്നീടുവാനാദരാല്‍
മര്‍ക്കടരാജനതേറ്റു മോഹം വെടിഞ്ഞുല്‍
ക്കടരോഷേണ മൂക്കും ചെവികളും
ദന്തനഖങ്ങളെക്കൊണ്ടു മുറിച്ചു
കൊണ്ടന്തരീക്ഷേ പാഞ്ഞുപോന്നാനതിദ്രുതം
ക്രോധവുമേറ്റമഭിമാനഹാനിയും
ഭീതിയുമുള്‍ക്കൊട്നു രക്താഭിഷിക്തനായ്
പിന്നെയും വീണ്ടും വരുന്നതു കണ്ടതി
സന്നദ്ധനായടുത്തു സുമിത്രാത്മജന്‍
പര്‍വ്വതത്തിന്മേല്‍ മഴപൊഴിയുംവണ്ണം
ദുര്‍വ്വാരബാണഗണം പൊഴിച്ചീടിനാന്‍
പത്തുനൂറായിരം വാനരന്മാരെയും
വക്ത്രത്തിലാക്കിയടയ്ക്കുമവനുടന്‍
കര്‍ണ്ണനാസാവിലത്തൂടേ പുറപ്പെടും
പിന്നെയും വാരിവിഴുങ്ങുമവന്‍ തദാ
രക്ഷോവരനുമന്നേരം നിരൂപിച്ചു
ലക്ഷമ്മനന്‍ തന്നെയുപേക്ഷിച്ചു സത്വരം
രാഘവന്തന്നോടടുത്താനതു കണ്ടു വേഗേന
ബാണം പൊഴിച്ചു രഘൂത്തമന്‍
ദക്ഷിണഹസ്തവും ശൂലവും രാഘവന്‍
തല്‍ക്ഷണേ ബാണമെയ്താശു ഖണ്ഡിക്കയായ്
യുദ്ധാങ്കണേ വീണു വാനരവൃന്ദവും
നക്തഞ്ചരന്മാരുമൊട്ടുമരിച്ചിതു
വാമഹസ്തേ മഹാസാലവും കെകൊണ്ടു
രാമനോടേറ്റമടുത്തു നിശാചരന്‍
ഇന്ദ്രാസ്ത്രമെയ്തു ഖണ്ഡിച്ചാനതു വീണു
മിന്ദ്രാരികള്‍ പലരും മരിച്ചീടിനാര്‍
ബദ്ധകോപത്തോടലറിയടുത്തിതു
നക്തഞ്ചരാധിപന്‍ പിന്നെയുമന്നേരം
അര്‍ദ്ധചന്ദ്രാകാരമായ രണ്ടമ്പുകൊണ്ടു
ത്തുംഗപാദങ്ങളും മുറിച്ചീടിനാന്‍