ശ്രീ രമണമഹര്‍ഷി

ഒരു സന്ദര്‍ശകന്‍:നിര്‍ഗുണ ബ്രഹ്മോപാസന ബുദ്ധിമുട്ടുള്ളതും അപായകരവുമാണല്ലോ?

മഹര്‍ഷി: പ്രത്യക്ഷത്തെ അപ്രത്യക്ഷമാണെന്നു കരതുന്നതിനാല്‍ സംശയമുളവാകുന്നു. തനിക്കടുത്തുള്ളതെന്നു പറയാന്‍ ആത്മാവിനേക്കാള്‍ മറ്റെന്തുണ്ട്? ആത്മാവിനേക്കാളും പ്രത്യക്ഷമെന്നു പറയാന്‍ മറ്റെന്തുണ്ട്?

ചോദ്യം: സഗുണോപാസന ഏറ്റവും എളുപ്പമെന്നു തോന്നുന്നു.
മഹര്‍ഷി: നിങ്ങള്‍ക്കേതെളുപ്പമോ അതു ചെയ്യുക.

ഒന്ന് പലതായി വര്‍ദ്ധിക്കുന്നു എന്ന് വിശ്വസിക്കുന്ന മൗഡ്യം ധാരാളം പെര്‍ക്കുള്ളതാണ്. ജീവന്മാര്‍ പലതുതന്നെ. ജീവന്‍ അഹന്തയും രൂപങ്ങള്‍ ആത്മാവിന്‍റെ പ്രതിഫലന പ്രകാശങ്ങളുമാണ്. ഒരാള്‍ അഹന്തയോടു ചേര്‍ന്നുനിന്നു ധാരാളം പെരുണ്ടെന്നു കാണുന്നു. ഈ മടത്തനത്തിനെപ്പറ്റി പറഞ്ഞാലും മനുഷ്യന്‍ മനസ്സിലാക്കുകയില്ല. സ്വപ്നത്തില്‍ പലരെയും കണ്ടു വിശ്വസിക്കുന്നവന്‍ ഉണര്‍ന്നശേഷം അവരെപ്പറ്റി ചോദിക്കാറുണ്ടോ?

ചോദ്യം: എന്നാല്‍ ജീവനെന്നു പറയുന്നതാത്മാവിനെത്തന്നെ ആയിരിക്കുമല്ലോ.
മഹര്‍ഷി: ഏതാണ്ടങ്ങനെതന്നെ. ആത്മാവ് ദ്രഷ്ടാവല്ല. ജീവന്‍ ദ്രഷ്ടാവാണുതാനും. ദൃശ്യം ഈ ലോകവും. അങ്ങനെ ആത്മാവു (ത്രിപുടിയായി) ഭേദിച്ചു നില്‍ക്കുന്നതാണ് ജീവന്‍.

ചോദ്യം: ആര്‍ക്കും പൊതുവേ ഉള്ള മരണത്തെ ഭയക്കുന്നതിന്‍റെ ഫലമെന്താണ്?
മഹര്‍ഷി: ഫലമൊന്നുമില്ല. പൂര്‍വ്വജന്മവാസനാവശാലുള്ള ഭയമാണ്.