സ്വാമി വിവേകാനന്ദന്‍

അതിനെ അറിവാന്‍ വയ്യ, അറിവാന്‍ ശ്രമിക്കുന്നതു വെറുതെ. അറിയാവുന്ന വസ്തുവായാല്‍, അതു പിന്നെ അതായിരിക്കയില്ല. അത് എന്നും അറിയുന്നവനാണ് (ജ്ഞാതാവാണ്, ജ്ഞേയമല്ല). അറിയുകയെന്നാല്‍ അളവില്‍ പെടുത്തലാണ്. അറിയുക എന്നാല്‍ വിഷയീകരിക്കലാണ്. അവനാകട്ടെ, സര്‍വവിഷയങ്ങളുടെയും നിത്യദ്രഷ്ടാവാണ്, ജഗത്തിന്റെ നിത്യസാക്ഷി, നിങ്ങളുടെ സ്വന്തം ആത്മാവ്. ജ്ഞാനം ഒരു താഴ്ന്നപടി, അപകര്‍ഷംപോലെയാണ്. നാം ഇപ്പോഴേ ആ നിത്യജ്ഞാതാവാകുന്നു. നാം അതെങ്ങനെ അറിയും? അതാണ് എല്ലാ മനുഷ്യരുടെയും യഥാര്‍ത്ഥസ്വഭാവം. അതിനെ പലവിധം പ്രകാശിപ്പിക്കാന്‍ ഓരോ മനുഷ്യനും പാകപ്പെടുകയാണ് ചെയ്യുന്നത്. അല്ലെങ്കില്‍പ്പിന്നെ സദാചാരനിയമങ്ങളെന്തിന്? സദാചാരത്തിനു യുക്തിയെന്ത്? ഏതെങ്കിലും രൂപത്തില്‍ പരോപകാരം എന്നൊരാശയമാണല്ലോ സര്‍വ്വസദാചാരശാസ്ത്രങ്ങളിലും കേന്ദ്രമായി നില്‍ക്കുന്നത്. മനുഷ്യരോടു ദയ, സര്‍വ്വഭൂതങ്ങളോടും ദയ, ഇതായിരിക്കണം കര്‍മ്മപ്രേരകശക്തി എന്നാണല്ലോ സദാചാരമൂലം. ഇതെല്ലാം ”സര്‍വ്വജഗത്തും ഞാന്‍തന്നെ, ഈ ജഗത്ത് ഏകമാകുന്നു” എന്നുള്ള നിത്യസത്യത്തിന്റെ വിവിധസ്ഫുരണങ്ങള്‍മാത്രം. അല്ലാതെ മറ്റൊരു യുക്തിയെന്ത്? എന്തിനു സ്വജനസഹായം ചെയ്യണം? എന്തിനു ഞാന്‍ പരോപകാരം ചെയ്യണം? എന്താണ് പ്രേരകം? സഹതാപം നിമിത്തം! സര്‍വ്വത്ര സമഭാവം നിമിത്തം! കഠോരഹൃദയന്‍മാര്‍ക്കും ചിലപ്പോള്‍ അന്യരോടു ദയ തോന്നും. സ്വന്തം നില എന്ന ഭാവന വെറും മിഥ്യാഭ്രമമാണെന്നും അതിനെ മുറുകെ പിടിച്ചിരിക്കുന്നതു ലജ്ജാവഹമാണെന്നും പറയുമ്പോള്‍ ഭയപ്പെടുന്ന മനുഷ്യനുണ്ടല്ലോ, ആ മനുഷ്യന്‍പോലും പരിപൂര്‍ണ്ണമായ സ്വാര്‍ത്ഥത്യാഗമാണ് സദാചാരത്തിന്റെ സാരം എന്നു സമ്മതിക്കും. പരിപൂര്‍ണ്ണ സ്വാര്‍ത്ഥത്യാഗം എന്നതെന്താണ്? ഈ ഞാന്‍ എന്ന ഭാവത്തിന്റെ, തന്നിഷ്ടത്തിന്റെ, സംപൂര്‍ണ്ണപരിത്യാഗം: മറ്റൊന്നുമല്ല. ഞാനെന്നും എന്റേതെന്നുമുള്ള ഭാവന, അഹന്തയും മമതയും, പഴയ മൂഢവിശ്വാസങ്ങളുടെ ഫലമാണ്. ഈ അഹം എത്രത്തോളം പൊയ്‌പോകുന്നുവോ അത്രത്തോളം നമുക്കു യഥാര്‍ത്ഥമായ ആത്മപ്രകാശമുണ്ടാകും. ഇതത്രേ ശരിയായ സ്വാര്‍ത്ഥത്യാഗം, സര്‍വ്വധര്‍മ്മോപദേശങ്ങളുടെയും കാതല്‍, അസ്തിവാരം, ചുരുക്കം അതാകുന്നു. മനുഷ്യന്‍ അറിഞ്ഞോ അറിയാതെയോ, മന്ദം മന്ദം അതിലേക്കു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഏറെക്കുറെ അതഭ്യസിക്കുകയാണ്. എന്നാല്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ബഹുഭൂരിപക്ഷവും അറിയാതെ ചെയ്യുകയാണെന്നു മാത്രം. അവര്‍ അറിഞ്ഞു ചെയ്യട്ടെ: ഈ മമതയും അഹങ്കാരവും യഥാര്‍ത്ഥമല്ല, പരിമിതമാണ്, മിഥ്യയാണ് എന്നറിഞ്ഞ് അവയെ മനഃപൂര്‍വ്വം ത്യജിക്കട്ടെ. പുറമെ കാണുന്ന മനുഷ്യന്‍ അകമേയുള്ള അനന്തസത്യത്തിന്റെ ഒരൊളിമിന്നല്‍മാത്രം: സര്‍വ്വമായിരിക്കുന്ന അനന്തവഹ്‌നിയില്‍നിന്നുള്ള ഒരു പൊരിമാത്രം: യഥാര്‍ത്ഥമനുഷ്യനോ അഖണ്ഡം അനാദ്യന്തം.

ഈ ജ്ഞാനംകൊണ്ട് ഉപയോഗമെന്ത്? ഇതിന്റെ ഫലവും പ്രയോജനവുമെന്ത്? ഈ കാലത്ത് ഏതൊന്നിനെയും അതിന്റെ പ്രയോജനംകൊണ്ടാണളക്കുന്നത്. അതുകൊണ്ട് എത്ര പണം കിട്ടും എന്നാണ് നോക്കുന്നത്. സത്യത്തെ ധനംകൊണ്ടോ പ്രയോജനംകൊണ്ടോ വേണം വിലവെയ്ക്കാന്‍ എന്നു പറയുവാന്‍ ആര്‍ക്കെന്തവകാശം? പ്രയോജനമൊന്നും ഇല്ലെന്നിരിക്കട്ടെ, എന്നാല്‍ അതിന്റെ സത്യത്വം കുറഞ്ഞുപോകുമോ? പ്രയോജനമല്ല സത്യത്തിന്റെ മാനം. ഈ സംഗതിയിലാവട്ടെ, പരമപ്രയോജനമുണ്ടുതാനും. എല്ലാവരും ആനന്ദത്തെയാണല്ലോ തേടുന്നത്. അധികം പേരും അത് അനിത്യക്ഷണികവസ്തുക്കളില്‍നിന്നു കിട്ടാനാണ് നോക്കുന്നത്. ഇന്ദ്രിയങ്ങള്‍ ഒരു കാലത്തും ആനന്ദപ്രദങ്ങളായിരുന്നിട്ടില്ല. ഇന്ദ്രിയങ്ങളിലോ ഇന്ദ്രിയാര്‍ത്ഥങ്ങളിലോ ആനന്ദമനുഭവിച്ച ഒരു മനുഷ്യനും ഉണ്ടായിട്ടില്ല, ആനന്ദം ആത്മാവിലേ ഉള്ളു. ആത്മാനന്ദം അനുഭവിക്കുന്നതാകുന്നു മനുഷ്യനു പരമപ്രയോജനം. രണ്ടാമത് അജ്ഞാനമാണ് സര്‍വ്വദുഃഖങ്ങള്‍ക്കും കാരണം. ‘അപരിമിതം ചിരിക്കും കരയും, അപരിമിതം പരിമിതമാണ്’ എന്നു വിചാരിക്കുന്നതാണ് അടിസ്ഥാനമായ അജ്ഞാനം. അജ്ഞാനങ്ങള്‍ക്കെല്ലാറ്റിനും മൂലമായിട്ടുള്ളത് അമൃതവും നിത്യശുദ്ധവും പൂര്‍ണ്ണാത്മാവുമായ നാം ക്ഷുദ്രദേഹങ്ങളും ക്ഷുദ്രമനസ്സുകളുമാണെന്നു വിചാരിക്കുന്നതാണ്. ഇതാണ് സര്‍വ്വസ്വാര്‍ത്ഥത്തിനും വിളനിലം. ഞാന്‍ ദേഹമാണെന്നു വിചാരിക്കുമ്പോഴേക്ക് അതിനെ നിലനിര്‍ത്തണം, മറ്റു ശരീരങ്ങളെ നശിപ്പിച്ചും അതിനെ രക്ഷിക്കണം. സുഖിപ്പിക്കണം എന്ന തോന്നലുണ്ടാകുന്നു. അപ്പോള്‍ ഞാന്‍ വേറെ, നിങ്ങള്‍ വേറെ. ഈ ഭേദഭാവന വരുന്നതോടുകൂടി സര്‍വ്വദ്രോഹങ്ങള്‍ക്കും വാതില്‍ തുറക്കുന്നു, സര്‍വ്വകഷ്ടപ്പാടുകള്‍ക്കും വഴി തെളിയുന്നു. ഇന്നുള്ള മനുഷ്യരില്‍ നന്നെ ചെറിയൊരു ഭാഗമെങ്കിലും ഈ ക്ഷുദ്രസങ്കുചിതസ്വാര്‍ത്ഥബുദ്ധിയെ ത്യജിക്കുമെങ്കില്‍ ഈ ഭൂമിതന്നെ നാളെ സ്വര്‍ഗ്ഗമായിത്തീരും. ഭൗതികശാസ്ത്രപുരോഗതികൊണ്ടും യന്ത്രംകൊണ്ടും മാത്രം അതൊരിക്കലും ഉണ്ടാവുകയില്ല. അതുകള്‍ കത്തുന്ന തീയില്‍ ഒഴിക്കുന്ന തൈലംപോലെ ദുഃഖത്തെ പ്രോജ്ജ്വലിപ്പിക്കുകയേയുള്ളു. ആത്മജ്ഞാനസഹിതമല്ലാത്ത ഭൗതികജ്ഞാനം കത്തുന്ന തീയില്‍ തള്ളുന്ന വിറകാണ്. അതു സ്വാര്‍ത്ഥബുദ്ധികളുടെ കൈയില്‍ പരസ്വാപഹരണത്തിന് ഒരായുധംകൂടി കൊടുക്കുകയാണ്: അന്യനു വേണ്ടി സ്വന്തജീവിതം ത്യജിക്കുന്നതിനുപകരം തനിക്കുവേണ്ടി പരജീവിതം അപഹരിപ്പാന്‍ അവരെ സഹായിക്കുകയാണ്.

എന്നാല്‍ ഈ ജ്ഞാനം പ്രായോഗികമോ എന്ന് മറ്റൊരു ചോദ്യമുണ്ട്. ഇന്നത്തെ സമുദായസ്ഥിതിയില്‍ അതു നടക്കുമോ? സമുദായം ഇന്നത്തേതായാലും വേണ്ടതില്ല, പണ്ടത്തേതായാലും വേണ്ടതില്ല. സത്യം ഒരു സമുദായത്തിന്റെ മുമ്പിലും കുമ്പിടുകയില്ല. ഏതു സമുദായവും സത്യത്തെ വണങ്ങണം: അല്ലെങ്കില്‍ നശിക്കണം. സത്യത്തിന്‍മേലായിരിക്കണം, സമുദായത്തിന്റെ സ്വരൂപപ്രതിഷ്ഠ: സമുദായാവശ്യത്തിനുവേണ്ടി സത്യത്തിനു നീക്കുപോക്കു വരുത്താവുന്നതല്ല. നിഃസ്വാര്‍ത്ഥതയെപ്പോലൊരു വിശിഷ്ടധര്‍മ്മം സമുദായത്തില്‍ പ്രായോഗികമായില്ലെങ്കില്‍ ആ സമുദായം വിട്ട് മനുഷ്യന്‍ കാട്ടില്‍ പോകുന്നതാണ് നല്ലത്: അതു ധീരതയായിരിക്കും. ധീരത രണ്ടുവിധമുണ്ട്. ഒന്നു പീരങ്കിക്കു മാറു കാണിക്കുന്ന ധീരത. മറ്റേത് ആത്മാവില്‍ വിശ്വസിക്കുന്ന ധീരത. ഇന്ത്യയെ ആക്രമിച്ച ഒരു ചക്രവര്‍ത്തിയോട് അവിടെയുള്ള ജ്ഞാനികളില്‍ ചിലരെ ചെന്നു കാണണമെന്ന് അദ്ദേഹത്തിന്റെ ഗുരു പറഞ്ഞിരുന്നു. ചക്രവര്‍ത്തി വളരെയെല്ലാം അന്വേഷിച്ച് ഒടുവില്‍ ഒരു പാറപ്പുറത്തിരിക്കുന്ന വളരെ വയസ്സായ ഒരാളെ കണ്ടെത്തി: അദ്ദേഹത്തോട് കുറച്ചു നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ ബഹുമതി തോന്നി, തന്റെ രാജ്യത്തേക്കു വരണമെന്ന് ചക്രവര്‍ത്തി ക്ഷണിച്ചു. ”ഞാന്‍ വരുന്നില്ല: എനിക്കീ വനം മതി” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ ചക്രവര്‍ത്തി ”നിങ്ങള്‍ക്കു സ്ഥാനമാനങ്ങളും സമ്പത്തും തരാം, ഞാന്‍ ലോകചക്രവര്‍ത്തിയാണ്” എന്നു പറഞ്ഞു. ”വേണ്ട, അതൊന്നും ഞാന്‍ സാരമാക്കുന്നില്ല” എന്ന് വൃദ്ധന്‍ തീര്‍ത്തുപറഞ്ഞപ്പോള്‍ ”നിങ്ങള്‍ വരികയില്ലെങ്കില്‍ ഞാന്‍ നിങ്ങളെ കൊല്ലും” എന്ന് ചക്രവര്‍ത്തി പറഞ്ഞു. അദ്ദേഹം പ്രശാന്തമായി മന്ദഹസിച്ചു. ”അല്ലയോ ചക്രവര്‍ത്തി, താങ്കള്‍ ഇതില്‍പരം ഒരു വിഡ്ഢിത്തം ഇതിനു മുമ്പു പറഞ്ഞിരിക്കില്ല. എന്നെ കൊല്ലുകയോ? അതു താങ്കള്‍ക്കു കഴിവുള്ളതല്ല. സൂര്യന്‍ എന്നെ ശോഷിപ്പിക്കയില്ല: വഹ്‌നി എന്നെ ദഹിപ്പിക്കയില്ല: വാള്‍ എന്നെ കൊല്ലുകയില്ല: ഞാന്‍ അജന്‍: അമൃതന്‍, സനാതനന്‍, സര്‍വ്വശക്തന്‍, സര്‍വ്വാന്തര്യാമിയാകുന്നു” എന്നു പറഞ്ഞു. അത് അദ്ധ്യാത്മധീരത. മറ്റേതു സിംഹത്തിന്റെയോ വ്യാഘ്രത്തിന്റെയോ ധീരത.