സ്വാമി വിവേകാനന്ദന്‍

മറ്റൊരു സംഗതി; പ്രപഞ്ചം പരിമിതമാണെന്ന് എങ്ങനെയറിയാം? തത്ത്വദര്‍ശനം വഴിക്കേ അതറിയാനാവൂ. അപരിമിതം സോപാധികമായതത്രേ പ്രപഞ്ചം: അതുകൊണ്ട് അതു പരിമിതമാണ്. അതുകൊണ്ട് നമ്മുടെ പരിസ്ഥിതികളെയെല്ലാം നാം ജയിക്കുന്ന ഒരു കാലം വരും. ആകട്ടെ, അവയെ എങ്ങനെ ജയിക്കാം? ഓരോ വസ്തുവിനെയും വെവ്വേറെ ജയിക്കുക എന്നുള്ളത് അസംഭാവ്യമാണ്: അതു സാദ്ധ്യമല്ല. വെള്ളത്തില്‍ കിടക്കുന്ന ഒരു മല്‍സ്യത്തിന് ശത്രുക്കളില്‍നിന്ന് രക്ഷപ്രാപിക്കണം. അതെങ്ങനെ സാധിക്കും? ചിറകുകളെ പരിണമിപ്പിച്ചു പക്ഷിയായിട്ട്. മല്‍സ്യം വെള്ളത്തെയോ വായുവെയോ മാറ്റുന്നില്ല: താന്‍തന്നെ പരിണമിക്കുന്നു. പരിണാമം എപ്പോഴും ആത്മനിഷ്ംമാണ്. സ്വന്തം സ്ഥിതി മാറ്റിയിട്ടാണ് പ്രകൃതിയെ ജയിക്കുന്നതെന്നു പരിണാമത്തില്‍ എവിടെയും കാണാം. ഇതു മതത്തിലും ധര്‍മ്മാചരണത്തിലും സംബന്ധിച്ച് തിന്‍മയെ ജയിക്കുന്നതെങ്ങനെയെന്നു നോക്കുമ്പോള്‍ അതും വിഷയിയുടെ (സ്വന്ത) പരിണാമത്താല്‍ മാത്രമാണെന്നു കാണാം. ഇങ്ങനെ വിഷയിയുടെ വശത്തുനിന്നാണ് അദ്വൈതത്തിനു സര്‍വ്വബലവും സിദ്ധിക്കുന്നത്. പാപമെന്നും ദുഃഖമെന്നുമുള്ള മുറവിളി ബുദ്ധിശൂന്യം: അവ ബാഹ്യങ്ങളല്ല. ഞാന്‍ കോപത്തിനു വശംവദനാകാതിരുന്നാല്‍ എനിക്കു കോപമെവിടെ? ഞാന്‍ വിദ്വേഷബുദ്ധിക്ക് ഇടംകൊടുക്കുകയില്ലെങ്കില്‍ വിദ്വേഷം എന്നെ സ്പര്‍ശിക്കയില്ല: എനിക്കു വിദ്വേഷം തോന്നുകയുമില്ല.

ഇങ്ങനെ വിഷയി പരിണാമം വഴി, തന്നെത്താന്‍ പരിപൂര്‍ണ്ണനാക്കുകയാണ് പ്രകൃതിജയത്തിന്റെ പദ്ധതി. ഞാന്‍ ഇതുകൂടി ധൈര്യപ്പെട്ടു പറയാം; ഇന്നു കണ്ടുപിടിച്ചിട്ടുള്ള ശാസ്ത്രതത്ത്വങ്ങള്‍ക്കും ധര്‍മ്മാദര്‍ശങ്ങള്‍ക്കും ഒത്തിരിക്കുന്നതും, എന്നു മാത്രമല്ല അവയെ തെല്ലു കടന്നുനില്‍ക്കുന്നതുമായ മതം അദ്വൈതം ഒന്നുമാത്രമാണ്. അതു നിമിത്തമാണ് ആധുനികശാസ്ത്രജ്ഞന്‍മാര്‍ക്ക് അതില്‍ അഭിരുചി തോന്നുന്നത്. അവര്‍ക്കു പഴയ ദൈ്വതസിദ്ധാന്തങ്ങള്‍ മതിയാകുന്നില്ല: അവരെ തൃപ്തിപ്പെടുത്തുവാന്‍ അവ പര്യാപ്തങ്ങളല്ല. വെറും വിശ്വാസം മാത്രമുണ്ടായാല്‍ പോര: വിശ്വസിക്കാമെന്നു യുക്തി അനുവദിക്കുകകൂടി വേണം. പരമ്പരാപ്രാപ്തമായ ഒരു മതമൊഴികെ മറ്റെല്ലാം അസത്യമാണെന്ന് ഈ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്തും വിചാരിക്കുന്നതു നമുക്കു ബലം മതിയായിട്ടില്ലെന്നാണ് തെളിയിക്കുന്നത്. ആവക വിചാരങ്ങളെ ദൂരെ തള്ളണം. അത് ഈ രാജ്യത്തിലേ ഉള്ളു എന്നു ഞാന്‍ പറയുന്നില്ല. എല്ലാ രാജ്യത്തും അതുണ്ട്. എന്റെ രാജ്യത്തുള്ളതുപോലെ മറ്റെങ്ങും ഇല്ലെന്നുകൂടി പറയാം. ഈ അദ്വൈതത്തെ സാമാന്യജനങ്ങളില്‍ പ്രചരിപ്പാന്‍ അനുവദിച്ചില്ല. ആദിയില്‍ അതു ചില സന്ന്യാസികളുടെ കയ്യിലായി. അവരതിനെ അരണ്യങ്ങളിലേക്കു കൊണ്ടുപോയി. അതിന് ആരണ്യകം എന്നു പേരും വീണു. എന്നാല്‍ ഈശ്വരകൃപയാല്‍ ബുദ്ധന്‍ അവതരിച്ചു. പൊതുജനങ്ങള്‍ക്ക് അതുപദേശിച്ചു. ജനങ്ങള്‍ ആകമാനം ബുദ്ധമതം സ്വീകരിച്ചു. പിന്നെ വളരെക്കാലം കഴിഞ്ഞപ്പോള്‍ നാസ്തികന്‍മാരും അജ്ഞേയവാദികളും വര്‍ദ്ധിച്ച് ജനബോധം നശിപ്പിച്ചു. അപ്പോഴും ഭൗതികതയില്‍നിന്ന് ഭാരതഭൂമിയെ രക്ഷിപ്പാന്‍ ഏകമാര്‍ഗ്ഗം അദ്വൈതമേ ഉള്ളു എന്നു കണ്ടു.

ഇങ്ങനെ രണ്ടു തവണ അദ്വൈതം ഭാരതഭൂമിയെ ഭൗതികതയില്‍നിന്നു രക്ഷിച്ചിട്ടുണ്ട്! ബുദ്ധാവതാരത്തിനു മുമ്പത്തെ ഭൗതികത്വം അതിഭയങ്കരമായിരുന്നു. അത് ഇന്നത്തെപ്പോലെയല്ല, ഇതിനെക്കാള്‍ തുലോം ബീഭല്‍സമായിരുന്നു. ഒരു വിധത്തില്‍ ഞാനും ഒരു ഭൗതികവാദിയാണെന്നു പറയാം. എന്തുകൊണ്ടെന്നാല്‍ പദാര്‍ത്ഥം ഒന്നേയുള്ളു എന്നാണ് ഞാനും വിശ്വസിക്കുന്നത്. അതു ജഡപദാര്‍ത്ഥമാണെന്നു ഭൗതികവാദി പറയുന്നു: ഈശ്വരനാണെന്നു ഞാനും! ഒരേ മൂലപദാര്‍ത്ഥത്തില്‍നിന്നാണ് മനുഷ്യന് ആശയും മതവും മറ്റേതൊന്നും ഉണ്ടായതെന്നു ഭൗതികവാദിയും സമ്മതിക്കുന്നു. ബ്രഹ്മത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായതെന്നു ഞാന്‍ പറയുന്നു. ഭൗതികതയുടെ നികൃഷ്ടരൂപമാണ് ബുദ്ധാവതാരത്തിനു മുമ്പ് നടപ്പുണ്ടായിരുന്നത്. ”തിന്നുക, കുടിക്കുക, രമിക്കുക: ദേവനില്ല, ജീവനില്ല, പരലോകവുമില്ല: മതം എന്നതു ദുഷ്ടപുരോഹിതന്‍മാരുടെ കപടതന്ത്രം.” ഇതായിരുന്നു അതിന്റെ രൂപം, ആജീവനാന്തം സുഖമായിരിക്കണം: കടംകൊണ്ടും സുഖംകൊള്ളണം: കടം വീട്ടേണ്ട കാര്യം ആലോചിക്കേണ്ട: ഇതായിരുന്നു ഭൗതികധര്‍മ്മോപദേശം. ഈ പഴയ ഭൗതികത്വവും അതിന്റെ സിദ്ധാന്തങ്ങളും സര്‍വ്വജനങ്ങളിലും പ്രചരിച്ചതുകൊണ്ട് അതിനു സര്‍വ്വജനദര്‍ശനം എന്ന പേര്‍ ഇന്നും നിലനില്‍ക്കുന്നു. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ബുദ്ധന്‍ അവതരിച്ച്, വേദാന്തതത്ത്വങ്ങളെ പ്രകാശിപ്പിച്ച്, സാമാന്യജനത്തില്‍ പ്രചരിപ്പിച്ച് ഭാരതഭൂമിയെ രക്ഷിച്ചത്. പിന്നീട് ആയിരം സംവല്‍സരങ്ങള്‍ക്കുശേഷം അതേ നില വന്നു. സംസ്‌കാരഹീനരായ ബഹുജനങ്ങളും അനേകവര്‍ഗ്ഗക്കാരും ബുദ്ധമതത്തില്‍ ചേര്‍ന്നിരുന്നു: അവര്‍ അധികവും അജ്ഞരായിരുന്നതുകൊണ്ട് കാലക്രമത്തില്‍ ബുദ്ധോപദേശങ്ങള്‍ അധഃപതിച്ചു. അതു സ്വാഭാവികം. ജഗന്നിയന്താവായി ഒരീശ്വരനുണ്ടെന്ന് ബുദ്ധന്‍ ഉപദേശിച്ചില്ല. പക്ഷേ ബഹുജനങ്ങള്‍ പതുക്കെപ്പതുക്കെ അവരുടെ ദേവന്‍മാരെയും പിശാചുക്കളെയും കുട്ടിച്ചാത്തന്‍മാരെയും മതത്തിലേക്കു കടത്തിക്കൊണ്ടുവന്നു. ബുദ്ധമതം ഇന്ത്യയില്‍ ഒരു മഹാകഷായമായിത്തീര്‍ന്നു. പിന്നെയും ഭൗതികത്വം മുന്നണിയിലേക്കു വന്നു. ഉയര്‍ന്നവര്‍ക്കു തോന്നിയവാസം, താണവര്‍ക്ക് അന്ധവിശ്വാസം എന്നായിരുന്നു അതിന്റെ പിന്നത്തെ രൂപം. അപ്പോള്‍ ശങ്കരാചാര്യര്‍ ജനിച്ചു: വേദാന്തത്തിനു നവജീവന്‍ കൊടുത്തു. അതിനെ യുക്തിയിന്‍മേല്‍ അടിയുറപ്പിച്ചു. ഉപനിഷത്തുകളില്‍ തത്ത്വോപദേശത്തിന്റെ യുക്തിഭാഗങ്ങള്‍ പലപ്പോഴും അവ്യക്തങ്ങളാണ്. ബുദ്ധന്‍ അതിന്റെ ധര്‍മ്മാചരണഭാഗത്തെ ബലപ്പെടുത്തിയതേയുള്ളു. ശങ്കരാചാര്യര്‍ യുക്തിഭാഗം ബലപ്പെടുത്തി. അദ്ദേഹം ചര്‍ച്ച ചെയ്തു യുക്തിയുക്തമാക്കി വേദാന്തമെന്ന പ്രൗഢദര്‍ശനം ജനസമക്ഷം അവതരിപ്പിച്ചു.

യൂറോപ്പില്‍ ഇന്നു ഭൗതികത്വമാണ് പ്രചരിക്കുന്നത്. നമുക്കു തത്ത്വം അറിവാന്‍ കഴിയില്ലെന്നു വാദിക്കുന്നവരുടെ ബുദ്ധി തെളിഞ്ഞ് അവര്‍ക്ക് സദ്ഗതിയുണ്ടാകേണമേ എന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാവാം. എന്നാല്‍ അതുകൊണ്ട് അവര്‍ അടങ്ങില്ല, അവര്‍ യുക്തികൊണ്ടേ തൃപ്തിപ്പെടൂ. യുക്തിയുക്തമായ മതമേ യൂറോപ്പിന്റെ രക്ഷയ്ക്ക് അടിസ്ഥാനമാകൂ. അദ്വൈതം, രണ്ടില്ല: ഏകം, അദ്വിതീയം, ബ്രഹ്മം ഇതൊന്നേ വിചാരശീലന്‍മാര്‍ക്കു പറ്റൂ. മതധര്‍മ്മങ്ങള്‍ ക്ഷയിച്ച് അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ അത് ആവിര്‍ഭവിക്കും. അതു നിമിത്തമാണ് ഇന്നു യൂറോപ്പിലും അമേരിക്കയിലും വേദാന്തം വേരുപിടിച്ചിരിക്കുന്നത്.