സ്വാമി വിവേകാനന്ദന്‍

സ്വാരാജ്യം നമുക്കുണ്ടായിരുന്നു. അതു നഷ്ടമായിരിക്കുന്നു. അതു വീണ്ടെടുക്കണം. ഇത്രയും സര്‍വ്വമതങ്ങളും സമ്മതിക്കുന്നു. വീണ്ടെടുക്കുന്നതെങ്ങനെ എന്നുപദേശിക്കുന്നതിലാണ് അവയ്ക്ക് തമ്മില്‍ത്തമ്മില്‍ വ്യത്യാസം. ഒന്നില്‍ നിങ്ങള്‍ ഇന്നിന്ന കര്‍മ്മം ചെയ്യണം, ഇന്നിന്ന വിഗ്രഹങ്ങള്‍ക്ക് കുറെ പണം കൊടുക്കണം, ഇന്നിന്നതു ഭക്ഷിക്കണം. ഇന്നിന്നതു ആചരിക്കണം, എന്നാല്‍ സ്വാരാജ്യം സിദ്ധിക്കും എന്നു പറയുന്നു. മറ്റൊന്നില്‍ പ്രകൃതിക്കപ്പുറമുള്ള ഒരു ദേവനോടു ക്ഷമായാചനം ചെയ്തു നമസ്‌കരിച്ചു കരഞ്ഞപേക്ഷിച്ചാല്‍ സ്വാരാജ്യലാഭമുണ്ടാകുമെന്നു പറയുന്നു. വേറൊന്നില്‍, അങ്ങനെ ഒരു ദേവനെ സര്‍വ്വാത്മനാ സ്നേഹിച്ചാല്‍ മതി, സ്വാരാജ്യസിദ്ധിയുണ്ടാകും എന്നു പറയുന്നു. ഈ വിവിധോപദേശങ്ങളും ഉപനിഷത്തുകളിലുണ്ട്. കുറേക്കൂടെ പോകുമ്പോള്‍ ഇതു നമുക്കു കാണാം.

എന്നാല്‍ അന്തിമവും ഉത്തമവുമായ ഉപദേശം നിങ്ങള്‍ കരയുകയേ വേണ്ട എന്നാണ്. ഈ കര്‍മ്മങ്ങളൊന്നും നിങ്ങള്‍ ചെയ്യേണ്ട, രാജ്യം എങ്ങനെ വീണ്ടെടുക്കാമെന്ന് ആലോചിക്കയേ വേണ്ട. വീണ്ടെടുക്കാന്‍ അതു നഷ്ടമായിട്ടില്ല. കയ്യിലുള്ളതു തേടിനടക്കേണമോ? നിങ്ങള്‍ക്കു ദിവ്യത്വം ഇപ്പോഴേ ഉണ്ട്. നിങ്ങള്‍ ഈ നിമിഷത്തിലേ മുക്തന്‍മാരാണ്. ഞാന്‍ മുക്തന്‍ എന്നു വിചാരിക്കുന്ന പക്ഷം ആ നിമിഷം നിങ്ങള്‍ മുക്തനായി: ബദ്ധനെന്നു വിചാരിച്ചാല്‍ ബദ്ധനുമായി. ഇതൊരു ധീരവചനംതന്നെ! സുധീരമായി പറയേണ്ടിവരും എന്നു ഞാന്‍ ആദ്യമേ പ്രസ്താവിച്ചുവല്ലോ. ഇത് ആദ്യമായി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു ഭയം തോന്നാം. എന്നാല്‍ അതിനെപ്പറ്റി ചിന്തിച്ച്, അതിനെ സ്വജീവിതത്തില്‍ സാക്ഷാല്‍ക്കരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞതു ശരി എന്നു ബോധ്യപ്പെടും. മുക്താവസ്ഥ നിങ്ങളുടെ പ്രകൃതിയല്ലെന്നിരിക്കില്‍, ആ അവസ്ഥ നിങ്ങള്‍ക്ക് ഒരു വിധത്തിലും സിദ്ധിക്കില്ല. സ്വാതന്ത്ര്യമുണ്ടായിരുന്നു, അതെങ്ങനെയോ നഷ്ടമായി എന്നു പറകയാണെങ്കില്‍ ആദിയില്‍ അതുണ്ടായിരുന്നില്ല എന്നു വെളിവാകുന്നു. എന്തുകൊണ്ടെന്നാല്‍ യഥാര്‍ത്ഥസ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കില്‍ അത് മറ്റൊന്നുകൊണ്ടും നശിക്കില്ല. സ്വതന്ത്രത്തെ പരതന്ത്രമാക്കാന്‍ ഒരിക്കലും കഴിയില്ല. വാസ്തവത്തില്‍ പരതന്ത്രമായതിന് ആദിയില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നതു വെറും ഭ്രമം.

ആത്മാവിനു ബന്ധം വാസ്തവത്തിലില്ല, ഉണ്ടെന്ന ധാരണ തെറ്റ് എന്നൊരു പക്ഷം. അതല്ല, ബന്ധം വാസ്തവത്തിലുണ്ട് എന്നു മറ്റൊരു പക്ഷം. ഇതില്‍ ഏതു നിങ്ങള്‍ കൈക്കൊള്ളും? ആത്മാവ് സ്വതവേ ശുദ്ധമുക്തസ്വഭാവമാണെന്നു സമ്മതിച്ചാല്‍, അതിനു പിന്നെ ബന്ധമോ തടവോ ഉണ്ടാക്കുവാന്‍തക്ക യാതൊന്നും പ്രപഞ്ചത്തില്‍ ഉണ്ടായിട്ടില്ലെന്ന് ആ സമ്മതത്തില്‍നിന്നേ വന്നുകൂടുന്നു. അതിനു ബന്ധകരമായി പ്രകൃതിയില്‍ എന്തെങ്കിലുമൊന്നുണ്ടെന്നു പറഞ്ഞാലോ, മുമ്പുതന്നെ അതിനു യഥാര്‍ത്ഥസ്വാതന്ത്ര്യമുണ്ടായിരുന്നില്ലെന്നു തീര്‍ച്ചയായി: അതു സ്വതന്ത്രമായിരുന്നു എന്ന് ആദ്യം പറഞ്ഞതു തെറ്റുമായി. അതുകൊണ്ട് സ്വാതന്ത്ര്യാനുഭവം എപ്പോഴെങ്കിലും സാദ്ധ്യമാണെങ്കില്‍ അതു സ്വഭാവേന സ്വതന്ത്രമാണെന്നു സമ്മതിച്ചേ തീരൂ. മറിച്ചുവരുവാന്‍ വയ്യ.

സ്വാതന്ത്ര്യമെന്നത് അന്യവസ്തുവിനെ ഒന്നും ആശ്രയിക്കായ്മയാണ്: അതിനെ വികാരപ്പെടുത്താവുന്ന ഒരു കാരണവുമില്ല. ആത്മാവ് അകാരണമാണ് സ്വയംഭൂവാണ്. ഈ തത്ത്വത്തില്‍നിന്നു പല ഗംഭീരാശയങ്ങളും നമുക്കു സിദ്ധിച്ചിട്ടുണ്ട്. ആത്മാവിനു സ്വാതന്ത്ര്യം സ്വതസ്സിദ്ധമാണെന്ന്. അതായത് മറ്റൊന്നിനും അതിനെ ബാധിപ്പാന്‍ കഴിയില്ലെന്ന്, സമ്മതിച്ചുകൊണ്ടല്ലാതെ അതിന് അമൃതത്വം സ്ഥാപിക്കാവതല്ല. മരണമെന്നത് ബാഹ്യകാരണത്തിന്റെ ബാധകൊണ്ടുണ്ടാകുന്ന കാര്യമാകുന്നു. ഞാന്‍ വിഷം കുടിക്കുന്നു. തല്‍ഫലമായി ഞാന്‍ മരിക്കുന്നു. വിഷമെന്ന ബാഹ്യവസ്തുവിന് എന്റെ ശരീരത്തെ ബാധിപ്പാന്‍ ശക്തിയുണ്ടെന്ന് അതുകൊണ്ടു തെളിയുന്നു. ആത്മാവ് സ്വതവേ സ്വതന്ത്രമാണെങ്കില്‍ അതിനെ മറ്റൊന്നും ബാധിക്കില്ല. അതു മരിക്കുകയും ഇല്ല. ആത്മാവ് നിമിത്തനിയമത്തിനപ്പുറമാണ്, മായാതീതമാണ് എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സ്വാതന്ത്ര്യവും അമൃതത്വവും ആനന്ദവുമെല്ലാം, എന്നിരിക്കെ ഈ രണ്ടു പക്ഷത്തില്‍ ഏതു സ്വീകാര്യം? ആദ്യത്തെ പക്ഷം ഭ്രമമെന്നു കരുതുകയോ രണ്ടാമത്തേതു ഭ്രമമെന്നു കരുതുകയോ ചെയ്യണം. രണ്ടാമത്തേതു ഭ്രമമെന്നാണ് ഞാന്‍ ഉറപ്പിക്കുന്നത്. എന്റെ ബുദ്ധിക്കും ആദര്‍ശങ്ങള്‍ക്കും അധികം യോജിച്ചതും അതത്രേ. സ്വതവേ ഞാന്‍ സ്വതന്ത്രനാണന്ന് എനിക്കു നന്നായറിയാം. എന്റെ സ്വാതന്ത്ര്യം ഒരു ഭ്രമമാണെന്നും ഈ ബന്ധനം വാസ്തവമാണെന്നും ഞാന്‍ സമ്മതിക്കില്ല. (ഞാന്‍ ബദ്ധന്‍ എന്നുള്ള ബോധം മിഥ്യ, വാസ്തവത്തില്‍ ഞാനും എപ്പോഴും മുക്തന്‍.)

ഈ വാദം ഏതെങ്കിലും രൂപത്തില്‍ എല്ലാ ദര്‍ശനങ്ങളിലുമുണ്ട്. അതിനവീനദര്‍ശനങ്ങളിലും ഈ വാദം ഉദ്ഭവിക്കുന്നതു കാണാം. രണ്ടു കക്ഷികളുണ്ട്. ഒരു കൂട്ടര്‍ പറയുന്നു. ആത്മാവില്ല: ആത്മാവുണ്ടെന്ന ബോധം ഭ്രമമാണ്. ഭൗതികാണുക്കളുടെ പരിവര്‍ത്തനത്താല്‍ ദേഹമസ്തിഷ്‌കാദി സംഘടനകളുണ്ടായതിന്റെ ഫലമാണ് ആ ഭ്രമം. ഈ അണുക്കളുടെ നിരന്തരചലനസ്പന്ദനപരിവര്‍ത്തനങ്ങള്‍ നിമിത്തമാണ് സ്വതന്ത്രതാബോധവുമുണ്ടായിരിക്കുന്നത്. ഇതാണ് ബൗദ്ധശാഖക്കാരുടേയും അഭിപ്രായം. ഉദാഹരണം, അലാതഭ്രമണം. ഒരു പന്തമെടുത്ത് അതിവേഗത്തില്‍ ചുഴറ്റിയാല്‍ ഒരു പ്രഭാമണ്ഡലമുണ്ടാകും. മണ്ഡലം യഥാര്‍ത്ഥത്തിലില്ല. ഓരോ നിമിഷത്തിലും പന്തത്തിന്റെ സ്ഥാനം മാറുകയാണ്. അതുപോലെ ഏതാനും അണുക്കൂട്ടങ്ങള്‍ അതിവേഗത്തില്‍ തിരിഞ്ഞു സ്ഥിരമായ ഒരാത്മാവുണ്ടെന്ന മിഥ്യാബോധം ജനിപ്പിക്കുകയാണ്. അതല്ലാതെ അങ്ങനെ ഒരാത്മാവില്ല. മറുപക്ഷക്കാര്‍ പറയുന്നു, “വിചാരത്തിന്റെ ശീഘ്രഭ്രമണം നിമിത്തമാണ് നമുക്കു ജഡപദാര്‍ത്ഥമെന്ന ഭ്രാന്തിയുണ്ടാകുന്നത്. വാസ്തവത്തില്‍ അങ്ങനെ ഒരു പദാര്‍ത്ഥമില്ല” എന്ന്. ഇതില്‍ ഏതു സ്വീകാര്യം?

തീര്‍ച്ചയായും നാം ആത്മപക്ഷം സ്വീകരിച്ച് ജഡപക്ഷം തള്ളും. രണ്ടു വശത്തും വാദം ഒരുവിധമാണ്. ആത്മപക്ഷത്തില്‍ അതിന് അല്പം ശക്തി കൂടും. ജഡപദാര്‍ത്ഥം ഇന്നതാണെന്ന് ആരും ഇതേവരെ കണ്ടിട്ടില്ല. അവനവനില്‍നിന്നു ബാഹ്യമായി ഒരു ജഡപദാര്‍ത്ഥം കണ്ടറിഞ്ഞ മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. നമ്മെ വിട്ടു പുറത്തു ചാടുവാന്‍ നമുക്കു കഴിവില്ല. അതുകൊണ്ട് ആത്മപക്ഷത്തിലെ വാദത്തിനു ബലം കൂടും. രണ്ടാമത് ആത്മസിദ്ധാന്തംകൊണ്ടല്ലാതെ ജഡസിദ്ധാന്തംകൊണ്ട് ജഗത്തിനു സമാധാനമില്ല. ജഡസിദ്ധാന്തം യുക്തിശൂന്യമാണ്. ലോകത്തിലുള്ള സകലദര്‍ശനങ്ങളേയും വിശകലനം ചെയ്ത് അതുകളുടെ സത്തെടുത്തുനോക്കിയാല്‍ അത് ഈ രണ്ടു വാദങ്ങളില്‍ ഒന്നാണെന്നു കാണാം. ഇവിടെ ആത്മാവിന്റെ നിത്യശുദ്ധമുക്തസ്വഭാവത്തെപ്പറ്റിയ പ്രശ്‌നം സൂക്ഷ്മതരമായും തത്ത്വജ്ഞാനപരമായും ഉണ്ടായതുകാണാം. ഒരു പക്ഷക്കാര്‍ ആത്മാവിന്റെ കേവലം നിഷ്‌കളങ്കാവസ്ഥ വെറും ഭ്രമമാണെന്നു പറയും. മറുപക്ഷക്കാര്‍ ആത്മാവിന്റെ ബദ്ധാവസ്ഥയെയാണ് മിഥ്യയെന്നു പറയുന്നത്. നാം നിശ്ചയമായും രണ്ടാമത്തെ പക്ഷത്തില്‍ ചേര്‍ന്നു ബന്ധം മിഥ്യയാണെന്ന് വിശ്വസിക്കുന്നു.

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും