സ്വാമി വിവേകാനന്ദന്‍

വേദാന്തദര്‍ശനപ്രകാരം മനുഷ്യന്‍ മൂന്നു പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നതാണെന്നു പറയാം ബാഹ്യതമം ദേഹം, മനുഷ്യന്റെ സ്ഥൂലരൂപം. ഇതിലാണ് കണ്ണ്, മൂക്ക്, ചെവി മുതലായ വിഷയഗ്രഹണോപകരണങ്ങള്‍. ഈ കണ്ണു ദര്‍ശനേന്ദ്രിയമല്ല: ഉപകരണംമാത്രം. അതിന്റെ പുറകിലാണിന്ദ്രിയം. അതുപോലെ, ചെവി ശ്രവണേന്ദ്രിയമല്ല: ഉപകരണമാണ്. അതിന്റെ പുറകിലാണ് ഇന്ദ്രിയം, അഥവാ ആധുനിക ശരീരശാസ്ത്രഭാഷയില്‍ കേന്ദ്രം. ഈ കേന്ദ്രങ്ങള്‍ക്കു സംസ്‌കൃതത്തിലുള്ള പേരാണ് ഇന്ദ്രിയങ്ങള്‍. കണ്ണുകളെ നിയന്ത്രിക്കുന്ന കേന്ദ്രം നശിച്ചാല്‍ കണ്ണു കാണില്ല. അതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളും. ഇനി, ഇന്ദ്രിയങ്ങളെ മറ്റൊരു വസ്തുവിനോടു സംയോജിപ്പിക്കാതെ അവയ്ക്കു സ്വയം എന്തെങ്കിലും ഗ്രഹിക്കാന്‍ വയ്യ. ആ വസ്തുവാണ് മനസ്സ്. നിങ്ങള്‍ ഏതോ കാര്യത്തെപ്പറ്റി അഗാധചിന്തയില്‍ മുഴുകിയിരിക്കുന്നു: അപ്പോള്‍ നാഴികമണി അടിക്കുന്നു: നിങ്ങള്‍ കേള്‍ക്കുന്നില്ല – ഈ അനുഭവം നിങ്ങള്‍ക്കു പലപ്പോഴും ഉണ്ടായിക്കാണും. ഇതെന്തുകൊണ്ട്? ചെവി അവിടെയുണ്ടായിരുന്നു. ശബ്ദസ്പന്ദങ്ങള്‍ അതില്‍ പ്രവേശിച്ചു: അവ തലച്ചോറില്‍ എത്തിക്കപ്പെടുകയും ചെയ്തു. എന്നിട്ടും നിങ്ങള്‍ ശബ്ദം കേട്ടില്ല. എന്തെന്നാല്‍ മനസ്സ് ഇന്ദ്രിയത്തോടു ചേര്‍ന്നിരുന്നില്ല. വിഷയമുദ്രകള്‍ ഇന്ദ്രിയങ്ങളില്‍ എത്തുന്നു: മനസ്സ് അവയോടു ചേരുമ്പോള്‍ ആ മുദ്രകളെ ഉള്‍ക്കൊണ്ട് അവയ്ക്കു ‘അഹങ്കാര’ത്തിന്റെ നിറം കൊടുക്കുന്നു.

ഞാന്‍ വല്ല പണിയിലുമേര്‍പ്പെട്ടിരിക്കെ, എന്റെ കൈവിരലില്‍ കൊതുകു കടിക്കുന്നു എന്നു വിചാരിക്കുക. മനസ്സു മറ്റൊന്നിനോടു ചേര്‍ന്നിരിക്കകൊണ്ട് ഞാന്‍ അതറിയുന്നില്ല. അല്പം കഴിഞ്ഞ്, ഇന്ദ്രിയങ്ങളിലേക്കെത്തിക്കപ്പെട്ട വിഷയമുദ്രകളോടു മനസ്സു യോജിക്കുമ്പോള്‍, ഒരു പ്രതിസ്ഫുരണമുണ്ടാകുന്നു. ഈ പ്രതിസ്ഫുരണത്തോടുകൂടിയാണ് എനിക്കു കൊതുകിനെപ്പറ്റി ബോധമുണ്ടാകുന്നത്. അതിനാല്‍, മനസ്സ് ഇന്ദ്രിയങ്ങളോടു യോജിച്ചതുകൊണ്ടുമായില്ല. ഇച്ഛാരൂപത്തില്‍ പ്രതിസ്ഫുരണമുണ്ടാകണം. പ്രതിസ്ഫുരണത്തിന്റെ ഉല്പത്തിസ്ഥാനമായ ഈ ജ്ഞാനശക്തിക്കാണ് ‘ബുദ്ധി’ എന്നു പറയുന്നത്. അങ്ങനെ, ആദ്യം ബാഹ്യോപകരണങ്ങള്‍ വേണം: പിന്നെ ഇന്ദ്രിയം: തുടര്‍ന്നു മനസ്സ് ഇന്ദ്രിയത്തോടു ചേരണം: ഒടുക്കം ബുദ്ധിയുടെ പ്രതിസ്ഫുരണം നടക്കണം. ഇവയെല്ലാം പൂര്‍ണ്ണമാകുമ്പോള്‍ ‘ഞാനും ബാഹ്യവിഷയവും’ എന്ന തോന്നല്‍ പെട്ടെന്നു മിന്നുന്നു: അതോടുകൂടി പ്രത്യക്ഷം, വസ്തുബോധം, വിജ്ഞാനം, ഉണ്ടാകുന്നു. ഉപകരണംമാത്രമായ ബാഹ്യേന്ദ്രിയം ശരീരത്തിലിരിക്കുന്നു: അതിന്റെ പിന്നിലാണ് സൂക്ഷ്മതരമായ അന്തരിന്ദ്രിയം: പിന്നെ മനസ്സ്, പിന്നെ ബുദ്ധി: അതിന്റെയും പിന്നില്‍ ‘ഞാന്‍’, ‘ഞാന്‍ കാണുന്നു, ഞാന്‍ കേള്‍ക്കുന്നു’ എന്നിങ്ങനെ തോന്നിക്കുന്ന അഹങ്കാരം.

ഈ പ്രക്രിയാപരമ്പര മുഴുവന്‍ ചില ശക്തികളാണ് നടത്തുന്നത്. അവയക്കു ‘പ്രാണ”നെന്നു പേര്. മനുഷ്യന്റെ ബാഹ്യേന്ദ്രിയസ്ഥാനമായ ഈ സ്ഥൂലഭാഗത്തെ സ്ഥൂലശരീരമെന്നു പറയുന്നു. അതിന്റെ പിന്നിലാണ് ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്ന പരമ്പര. ഇവയും പ്രാണനുംകൂടി ‘സൂക്ഷ്മശരീര”മെന്ന സംഘാതമുണ്ടാകുന്നു. ശരീരത്തിന് എന്തു ഹാനി പറ്റിയാലും നശിക്കാത്തവണ്ണം അത്ര സൂക്ഷ്മമായ മൂലതത്ത്വങ്ങള്‍ ചേര്‍ന്നുണ്ടായിട്ടുള്ളവയാണ് (സൂക്ഷ്മശരീരോപാദാനമായ) ഈ ശക്തികള്‍: അവ ശരീരത്തിനു പറ്റുന്ന എല്ലാ കെടുതികളേയും അതിജീവിക്കുന്നു. പ്രത്യക്ഷമായ സ്ഥൂലശരീരം സ്ഥൂലവസ്തുക്കള്‍ ചേര്‍ന്നുണ്ടായതാണ്: തന്നിമിത്തം അതു സദാ പുതുക്കപ്പെടുന്നു. നിരന്തരം മാറുന്നു. അന്തരിന്ദ്രിയങ്ങള്‍, മനോബുദ്ധ്യഹംകാരങ്ങള്‍, ആകട്ടെ യുഗയുഗങ്ങള്‍ നിലനില്‍ക്കത്തക്കവണ്ണം അത്ര സൂക്ഷ്മതമമായ വസ്തുക്കള്‍ ചേര്‍ന്നുണ്ടായവയാണ്. യാതൊന്നിനും പ്രതിരോധിക്കാന്‍ കഴിയാത്തവിധം അത്ര നേര്‍ത്തതാണവ: അവയ്ക്കു ഏതു തടസ്സവും താണ്ടിപ്പോകാം. സ്ഥൂലശരീരം അചേതനമാണ്: സൂക്ഷ്മദ്രവ്യനിര്‍മ്മിതമാകയാല്‍ സൂക്ഷ്മശരീരവും അപ്രകാരംതന്നെ. ഒരു ഭാഗം മനസ്സെന്നും വേറൊന്നു ബുദ്ധിയെന്നും മൂന്നാമത്തേത് അഹങ്കാരമെന്നും വിളിക്കപ്പെടുന്നെങ്കിലും അവയ്‌ക്കൊന്നും ‘ജ്ഞാതാ’വാകാന്‍ നിവൃത്തിയില്ലെന്നു ഒറ്റ നോട്ടത്തില്‍ കാണാം. ദ്രഷ്ടാവോ കര്‍മ്മസാക്ഷിയോ (ആര്‍ക്കുവേണ്ടിയോ കര്‍മ്മം ചെയ്യപ്പെടുന്നു ആ) പരനോ ആയിരിക്കാന്‍, അവയിലൊന്നിനും കഴിവില്ല. സകലമനോവൃത്തികളും അവധാരണവും അഹങ്കരണവുമെല്ലാം, പരാര്‍ത്ഥമാകണം. സൂക്ഷ്മദ്രവ്യാത്മകമാകയാല്‍ അവ സ്വാഭാസമാകാന്‍ വയ്യ. അവയുടെ പ്രകാശം അവയ്ക്കുള്ളതാകാന്‍ നിവൃത്തിയില്ല.

ഉദാഹരണത്തിന്, ഈ മേശയുടെ അഭിവ്യക്തി യാതൊരു ഭൗതികവസ്തുവും ഹേതുവായിട്ടാകാന്‍ വയ്യ. അതിനാല്‍, യഥാര്‍ത്ഥപ്രകാശകനും ദ്രഷ്ടാവും ഭോക്താവുമായി ഒരാള്‍ അവയ്‌ക്കെല്ലാം പിറകിലുണ്ടാകണം: അവനാണാത്മാവ്, യഥാര്‍ത്ഥപുരുഷന്‍, ആത്മാവാണ് യഥാര്‍ത്ഥത്തില്‍ വസ്തുക്കളെ കാണുന്നത്. ബാഹ്യോപകരണങ്ങളും ഇന്ദ്രിയങ്ങളും വിഷയമുദ്രകളെ ഗ്രഹിച്ചു മനസ്സിലേക്കു കൊണ്ടുപോവുകയും, മനസ്സ് അവയെ ബുദ്ധിക്കു സമര്‍പ്പിക്കുകയും ബുദ്ധി അവയെ കണ്ണാടിയിലെന്നപോലെ (തന്നില്‍) പ്രതിബിംബിപ്പിക്കുകയും ചെയ്യുന്നു. ഇവയ്‌ക്കെല്ലാറ്റിനും പുറകില്‍ എല്ലാം കണ്ടുകൊണ്ട് ആജ്ഞകളും നിര്‍ദ്ദേശങ്ങളും കൊടുത്തുകൊണ്ട് ആത്മാവിരിക്കുന്നു. ആത്മാവ് ഇപ്പറഞ്ഞ എല്ലാ ഉപകണങ്ങളുടെയും നിയാമകന്‍, ഈ പൂരത്തിലെ പുരുഷന്‍, ശരീരത്തിലെ സിംഹാസനസ്ഥനായ രാജാവ്. അഹങ്കരണം, അവധാരണം, വികല്പനം, കരണങ്ങള്‍, ഉപകരണങ്ങള്‍, ദേഹം ഇവയെല്ലാം അവന്റെ ആജ്ഞയെ അനുസരിക്കുന്നു. അവനാണ് ഇവയെല്ലാം അഭിവ്യക്തമാക്കുന്നത്. ഇതാണ് മനുഷ്യാത്മാവ് അപ്രകാരം പ്രപഞ്ചത്തിലെ ഒരു ചെറിയ അംശത്തിലുള്ളതുപോലെ, സമഷ്ടിപ്രപഞ്ചത്തിലും കാണാം. അനുരൂപതയാണ് പ്രപഞ്ചനിയമമെങ്കില്‍ അതിലെ ഓരോ അംശവും സമഷ്ടിയുടെ മാതൃകയില്‍ വിരചിതമായിരിക്കണം. അതിനാല്‍ നമ്മുടെ ഈ സ്ഥൂലമായ ഭൗതികജഗത്തിന്റെ പിന്നില്‍ ഭൂതസൂക്ഷ്മാത്മകമായ ഒരു മനോമയജഗത്ത് ഉണ്ടായിരിക്കണമെന്ന് ന്യായമായി വിചാരിക്കാം. ഇതിനും പിറകില്‍, ഈ മനോവ്യാപാരങ്ങളുടെയെല്ലാം പ്രേരകനും പ്രശാസിതാവും ഈ ജഗത്തിന്റെ സിംഹാസനേശ്വരനുമായി ഒരു സര്‍വ്വാത്മാവും ഉണ്ടായിരിക്കണം. ഓരോ മനസ്സിന്‍െയും ശരീരത്തിന്റെയും പിന്നിലുള്ള ആത്മാവ് ‘പ്രത്യഗാത്മാവ്’ അഥവാ ജീവാത്മാവ് എന്നും, ജഗത്തിന്റെ പിന്നില്‍ അതിന്റെ നായകനും നിയാമകനും പാലകനുമായി വര്‍ത്തിക്കുന്ന ആത്മാവ് ‘ഈശ്വരന്‍’ എന്നും പറയപ്പെടുന്നു.

തുടര്‍ന്ന് ആലോചിക്കുവാനുള്ളത് ഇതെല്ലാം എവിടെനിന്നു വരുന്നു എന്നാണ്. ഉത്തം; വരുക എന്നുവെച്ചാലെന്ത്? അസത്തില്‍നിന്നു സത്തെന്തെങ്കിലും നിര്‍മ്മിക്കാമെന്ന അര്‍ത്ഥത്തിലാണെങ്കില്‍, അതസാദ്ധ്യം. ഈ സൃഷ്ടിസര്‍വ്വസ്വത്തെ, സംഭൂതത്തെ, ശൂന്യത്തില്‍നിന്നുളവാക്കുക സാദ്ധ്യമല്ല. ഒരു കാരണം കൂടാതെ ഒരു കാര്യവും ഉണ്ടാവില്ല. കാര്യം കാരണപരിണാമം മാത്രമാണുതാനും. ഇതാ ഒരു ഗ്ലാസ്സ്: നാം അതിനെ അടിച്ചുടച്ച് അരച്ചു പൊടിയാക്കി, രാസദ്രവ്യങ്ങളുപയോഗിച്ചു മിക്കവാറും നശിപ്പിച്ചു എന്നു വിചാരിക്കുക. അതു ശൂന്യമായിപ്പോകുമോ? നിശ്ചയമായും ഇല്ല. അതിന്റെ ആകാരം നശിക്കും. എന്നാല്‍, അതിന്റെ ഉപാദാനകാരണങ്ങളായ അംശകണങ്ങള്‍ അവശേഷിക്കും. ഇവ ഇന്ദ്രിയഗോചരമല്ലാതായേയ്ക്കും, നശിക്കില്ല. ആ ദ്രവ്യാംശങ്ങള്‍കൊണ്ടുതന്നെ മറ്റൊരു ഗ്ലാസ് ഉണ്ടാക്കാനും കഴിയുമെന്നു തീര്‍ച്ച. ഒരു കാര്യത്തില്‍ ഇതു സത്യമാണെങ്കില്‍, മറ്റെല്ലാറ്റിലും അപ്രകാരംതന്നെയാകണം. അസത്തില്‍നിന്നു സത്തുണ്ടാക്കാനോ സത്തിനെ അസത്താക്കാനോ കഴിയില്ല. അത് ഉത്തരോത്തരം സൂക്ഷ്മമോ, പിന്നെ ഉത്തോത്തരം സ്ഥൂലമോ ആയേയ്ക്കാം.

വര്‍ഷബിന്ദു സമുദ്രത്തില്‍നിന്നു ബാഷ്പരൂപത്തില്‍ വലിച്ചെടുക്കപ്പെടുകയും പിന്നീടത് വായുവില്‍ക്കൂടി പര്‍വ്വതങ്ങളിലേക്കു പാറുകയും ചെയ്യുന്നു. അവിടെ, അതു വീണ്ടും വെള്ളമായി, അനേകശതം നാഴിക ഒഴുകി, തിരിയെ മാതൃസമുദ്രത്തിലേക്കു ചെന്നു ചേരുന്നു. വിത്തു വൃക്ഷത്തെ ഉല്പാദിപ്പിക്കുന്നു: വൃക്ഷം വിത്തു വിട്ടുംവെച്ചു നശിക്കുന്നു. അതു പിന്നെയും മറ്റൊരു വൃക്ഷമായി ഉയര്‍ന്നുവരുന്നു: വീണ്ടും വിത്തില്‍ അവസാനിക്കുന്നു:- ഇങ്ങനെ മേല്‍ക്കുമേല്‍, പക്ഷിയുടെ കഥയെടുക്കുക. അത് ഒരു മുട്ടയില്‍നിന്നുല്‍ഗമിക്കുന്നു, അഴകുള്ള പക്ഷിയാകുന്നു: ജീവിക്കുന്നു, ഭാവിപക്ഷികള്‍ക്കുള്ള മുട്ടകളിട്ടുംവെച്ചു മരിക്കുന്നു. മൃഗങ്ങള്‍ ഇങ്ങനെതന്നെ: മനുഷ്യരും ഇങ്ങനെതന്നെ. എല്ലാം ചില ബീജങ്ങള്‍, ചില മൂലവസ്തുക്കള്‍, ചില സൂക്ഷ്മരൂപങ്ങള്‍ – ഇവയില്‍നിന്നാരംഭിക്കുന്നു എന്നു പറയാം: വളരുംതോറും ഏറെക്കുറെ സ്ഥൂലമാകുന്നു: വീണ്ടും ആ സൂക്ഷ്മരൂപത്തിലേക്കു നിവര്‍ത്തിച്ചു ലയിക്കുന്നു. വിശ്വം മുഴുവന്‍ ഇങ്ങനെ പൊയ്‌ക്കെണ്ടിരിക്കുന്നു. ഈ വിശ്വമെല്ലാം ഉരുകി അലിഞ്ഞ് സൂക്ഷ്മാത്‌സൂക്ഷ്മതരമായി ഒടുവില്‍ നിശ്ശേഷം മറഞ്ഞ മട്ടായ ഒരു കാലം വരും. അത് അതിസൂക്ഷ്മദ്രവ്യമായി വര്‍ത്തിക്കും. ഇന്നത്തെ പ്രകൃതിശാസ്ത്ര-ജ്യോതിഃശാസ്ത്രങ്ങള്‍ വഴിക്കും, ഈ ഭൂമി തണുത്തുവരികയാണെന്നും കാലക്രമത്തില്‍ വളരെ തണുത്തു ഛിന്നഭിന്നമാകുമെന്നും, പിന്നെ സൂക്ഷ്മാല്‍ സൂക്ഷ്മതരമായി വീണ്ടും ആകാശമായി പരിണമിക്കുമെന്നും നമുക്കറിയാം. എങ്കിലും ഈ സൂക്ഷ്മാണുക്കളെല്ലാം മറ്റൊരു ഭൂമിയുടെ സൃഷ്ടിക്കുവേണ്ട ഉപാദാന വസ്തുവാകാനായി അവശേഷിക്കും. വീണ്ടും ആ ഭൂമി അന്തര്‍ദ്ധാനം ചെയ്തു വേറൊന്ന് ആവിര്‍ഭവിക്കും. താഴുകയും ഉയരുകയും ചെയ്യുന്ന ഓളങ്ങള്‍പോലെ, ഈ പ്രപഞ്ചം അതിന്റെ കാരണങ്ങളില്‍ ലയിക്കുകയും വീണ്ടും ആ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ന്നു രൂപം കൊള്ളുകയും ചെയ്യുന്നു. കാരണങ്ങളില്‍ ലയിക്കുകയും വീണ്ടും രൂപം കൊള്ളുകയും ചെയ്യുന്നതിന് യഥാക്രമം സങ്കോചമെന്നും വികാസമെന്നും പറയുന്നു. വിശ്വം മുഴുവന്‍ ചുരുങ്ങുകയും വീണ്ടും വിടരുകയും ചെയ്യുകയാണെന്നു പറയാം. ഇന്നത്തെ പ്രകൃതിശാസ്ത്രങ്ങളില്‍ അംഗീകരിക്കപ്പെട്ട വാക്കുകളുപയോഗിക്കുകയാണെങ്കില്‍, സങ്കോചവികാസങ്ങളെ പ്രലയം, പ്രഭവം എന്നാണ് പറയേണ്ടത്, സകലരൂപങ്ങളും താണ ഇനങ്ങളില്‍നിന്നു പതുക്കെ വളര്‍ന്നു ഉപര്യുപരി രൂപങ്ങള്‍ പൂണുന്നു എന്നുള്ള ‘പരിണാമവാദ’ത്തെപ്പറ്റി നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ. അതു വളരെ ശരിതന്നെ. എന്നാല്‍ ഒരോ പ്രഭവത്തിന്റെയും പിന്നില്‍ ഒരോ പ്രലയം സിദ്ധവത്കൃതമാണ്.

വിശ്വത്തില്‍ പ്രകടമാകുന്ന ശക്തിയുടെ ആകെത്തുക എക്കാലവും ഒന്നുതന്നെയാണെന്ന ദ്രവ്യം നശിപ്പിക്കാവതല്ലെന്നും നമുക്കറിയാം. ഒരു കണം ദ്രവ്യംപോലും കുറവുചെയ്യുക ഒരു പ്രകാരത്തിലും സാദ്ധ്യമല്ല. അതുപോലെ ഒരു ലവം ശക്തി കുറയ്ക്കുവാനോ കൂട്ടുവാനോ കഴിയില്ല. ആകെത്തുക എല്ലായ്‌പ്പോഴും ഒന്നുതന്നെ. പ്രഭവമോ പ്രലയമോ ആയുള്ള അഭിസ്ഫുരണത്തിലാണ് വ്യത്യാസം. അതിനാല്‍ ഈ കല്പം പൂര്‍വ്വകല്പത്തിലെ പ്രലയത്തിനുശേഷമുള്ള പ്രഭവമത്രേ. ഈ കല്പം വീണ്ടും സൂക്ഷ്മതരമായി പ്രലയിക്കുന്നു. അതില്‍നിന്നു അടുത്ത കല്പം ഉണ്ടാകുന്നു. ജഗത്തു മുഴുവന്‍ ഈ രീതിയില്‍ പൊയ്‌ക്കൊണ്ടേയിരിക്കുന്നു. ഇങ്ങനെശൂന്യത്തില്‍നിന്നു വല്ലതും നിര്‍മ്മിക്കുക എന്നയര്‍ത്ഥത്തില്‍ ‘സൃഷ്ടി’യില്ല എന്നു കാണുന്നു. അഭിവ്യക്തി – ഈ പദമാണ് കുറെക്കൂടി നല്ലത് – ഉണ്ട് എന്നു പറയാം. ഈശ്വരന്‍ ഈ വിശ്വത്തിന്റെ അഭിവ്യഞ്ജകനും. വിശ്വം ഈശ്വരനില്‍നിന്നു നിശ്വസിക്കപ്പെടുന്നു എന്നാണൊരു ഭാവന. വീണ്ടും സങ്കോചിച്ച് ഈശ്വരനില്‍ത്തന്നെ ലയിക്കുന്നു: പിന്നെയും വെളിയിലേക്കു വിക്ഷേപിക്കപ്പെടുന്നു.

വേദങ്ങളില്‍ മനോഹരമായ ഈ ഉപമ ഉപയോഗിച്ചിട്ടുണ്ട്- ‘ആ നിത്യന്‍ ഈ വിശ്വത്തെ നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്നു.’ നമുക്ക് ഒരു കൊച്ചു ധൂളീകണത്തെ നിശ്വസിച്ചിട്ടു വീണ്ടും ഉച്ഛ്വസിക്കുവാന്‍ കഴിയുംപോലെതന്നെ. അതൊക്കെ ശരി: എന്നാല്‍ ഒന്നാമത്തെ കല്പത്തില്‍ എങ്ങനെ എന്നൊരു ചോദ്യമുണ്ടാകാം. ഒന്നാമത്തെ കല്പമെന്നതിനു എന്തര്‍ത്ഥം? അങ്ങനെയൊന്നുണ്ടായിട്ടില്ല. കാലത്തിനു ഒരാരംഭം നല്‍കാമെങ്കില്‍ കാലകല്പനയാകെ തകരും. കാലം എന്നാരംഭിച്ചു എന്നു ചിന്തിക്കാന്‍ ശ്രമിക്കുക: അപ്പോള്‍ ആ പരിധിക്കപ്പുറമുള്ള കാലത്തെപ്പറ്റി ചിന്തിക്കേണ്ടിവരുന്നു. അതുപോലെ, ദേശം എവിടെ ആരംഭിക്കുന്നു എന്നു ചിന്തിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ അതിനപ്പുറമുള്ള ദേശത്തെപ്പറ്റി ചിന്തിക്കേണ്ടിവരുന്നു. കാലവും ദേശവും അനന്തമാണ്. അതിനാല്‍ അവയ്ക്കു ആരംഭവും അവസാനവുമില്ല. ഈശ്വരന്‍ അഞ്ചു മിനിട്ടുകൊണ്ട് ഈ പ്രപഞ്ചം സൃഷ്ടിച്ചിട്ട് ഉറങ്ങാന്‍ പോയെന്നും അന്നുമുതല്‍ ഇന്നുവരെ ഉറക്കമാണെന്നുമുള്ള സങ്കല്പത്തേക്കാള്‍ മെച്ചമാണിത്. കൂടാതെ, ഈ സങ്കല്പം ഈശ്വരനെ നിത്യസ്രഷ്ടാവായി നമുക്കു കാണിച്ചുതരുന്നു. ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു തരംഗപരമ്പരയാണിത്. ഈ നിത്യപരിപാടിയെ ഈശ്വരന്‍ നയിച്ചുകൊണ്ടിരിക്കുന്നു. വിശ്വത്തിനു ആദിയും അന്തവുമില്ലാത്തതുപോലെ ഈശ്വരനും ആദിയും അന്തവുമില്ല, അത് ആവശ്യം അങ്ങനെയായിരിക്കണമെന്നു നാം കാണുന്നു. എന്തെന്നാല്‍ സ്ഥൂലമോ സൂക്ഷ്മമോ ആയ ഏതെങ്കിലും രൂപത്തില്‍ സൃഷ്ടി നടക്കാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നു വിചാരിച്ചാല്‍, ഈശ്വരനെ ജഗത്‌സാക്ഷിയായി നാം മനസ്സിലാക്കിയിട്ടുള്ളതിനാല്‍, ആ കാലത്ത് ഈശ്വരനുണ്ടായിരുന്നില്ലെന്നും വരും. ജഗത്തില്ലാത്തപ്പോള്‍ ഈശ്വരനും ഇല്ല. ഒരു സങ്കല്പം മറ്റതിനെ വിടാതെ തുടരുന്നു. കാരണബോധം കാര്യബോധത്തില്‍നിന്നു സിദ്ധിക്കുന്നു: കാര്യമില്ലെങ്കില്‍ കാരണവുമില്ല. വിശ്വം നിത്യമാകക്കൊണ്ട് ഈശ്വരനും നിത്യനാണെന്നു സ്വതസ്സിദ്ധമാകുന്നു.

ഇനി ആത്മാവും നിത്യമാകണം. എന്തുകൊണ്ട്? ഒന്നാമത് ആത്മാവു ദ്രവ്യമല്ല. അതു സ്ഥൂലശരീരമല്ല, മനസ്സെന്നോ വിചാരമെന്നോ പറയുന്ന സൂക്ഷ്മശരീരവുമല്ല. അതു ജഡശരീരമോ ക്രിസ്തുമതത്തില്‍ പറയപ്പെടുന്ന ‘ആത്മശരീര’മോ അല്ല. സ്ഥൂലശരീരത്തിനും ചേതനശരീരത്തിനും മാത്രമേ മാറ്റം വരുവാനിടയുള്ളൂ. സ്ഥൂലശരീരം മിക്കവാറും പ്രതിക്ഷണപരിണാമിയാണ്, മരിക്കയും ചെയ്യും. എന്നാല്‍ ആത്മശരീരം ചിരം നിലനില്‍ക്കും: വിമുക്തിവരെ. പിന്നെ അതും കൊഴിഞ്ഞുപോകും. ഒരാള്‍ മുക്തനാകുമ്പോള്‍ ആത്മശരീരം വിശീര്‍ണ്ണമാകുന്നു. മനുഷ്യന്‍ മരിക്കുമ്പോഴൊക്കെ സ്ഥൂലദേഹം അഴിഞ്ഞുപോകുന്നു. ആത്മാവ് സത്മഘാതമല്ലായ്കയാല്‍ അവിനാശിയാകണം. വിനാശം എന്നതിന് എന്താണര്‍ത്ഥം? ഒരു സംഘാതത്തിന്റെ ഘടകദ്രവ്യങ്ങള്‍ വിഘടിക്കുന്നതാണ് വിനാശം. ഈ ഗ്ലാസ് അടിച്ചുടച്ചാല്‍ സംഹതദ്രവ്യങ്ങള്‍ വിഹതങ്ങളായി: അതു പാത്രത്തിന്റെ വിനാശവുമായി. ഘടകവിയോഗമാണ് വിനാശമെന്നുവെച്ചാല്‍. സംഘാതമല്ലാത്ത ഏതും നശിപ്പിക്കാവതല്ല, അവിടെ ഒരിക്കലും വിഘടന സാദ്ധ്യമല്ല എന്ന് ഇതില്‍നിന്നു സിദ്ധിക്കുന്നു. ആത്മാവ് അസംഹതമാണ്. അത് അഖണ്ഡമായ ഏകത്വമാണ്. അതുകൊണ്ട്, അത് അവിനാശ്യമാകണം. അതേ കാരണംകൊണ്ട് അത് അനാദിയുമാണ്. അങ്ങനെ, ആത്മാവ് ആദിയും അന്തവും ഇല്ലാത്തതാണ്.

മൂന്നു തത്ത്വങ്ങളുണ്ട്. ഇതാ പ്രകൃതി – അത് അനന്തമെങ്കിലും പരിണാമിയാണ്. പ്രകൃതിയാകെക്കൂടി ആദിയും അന്തവുമില്ലാത്തതാണ്: എന്നാല്‍ അതിനുള്ളില്‍ വിവിധപരിണാമങ്ങള്‍ നടപ്പുണ്ട്. സഹസ്രാബ്ദങ്ങളായി സമുദ്രത്തിലേക്കു ഒഴുകിക്കൊണ്ടിരിക്കുന്ന നദിപോലെയാണത്. നദി എന്നും ഒന്നുതന്നെ. എന്നാല്‍ ഓരോ നിമിഷവും അതു മാറിക്കൊണ്ടിരിക്കുന്നു: ജലകണങ്ങള്‍ നിരന്തരം സ്ഥാനംമാറിക്കൊണ്ടിരിക്കുന്നു. പിന്നെ, അപരിണാമിയും (അഖില) നിയാമകനുമായ ഈശ്വരനുണ്ട്. ആത്മാവ്, ഈശ്വരനെപ്പോലെ അപരിണാമിയും നിത്യനുമാണ്. എങ്കിലും നിയമ്യനാണ്. ഒന്നു സ്വാമി, മറ്റേതു ഭൃത്യന്‍: മൂന്നാമത് പ്രകൃതി.

ഈശ്വരന്‍ ജഗത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ക്കു കാരണമാകയാല്‍ കാര്യത്തിന്റെ ആവിര്‍ഭാവത്തിനു കാരണത്തിന്റെ സാന്നിദ്ധ്യം വേണം. മാത്രമല്ല, കാരണമാണ് കാര്യമായിത്തീരുന്നത്. നിര്‍മ്മാതാവ് ഉപയോഗിച്ച ചില ദ്രവ്യങ്ങളും ചില ശക്തികളും കൂടിച്ചേര്‍ന്നു ഗ്ലാസ്സ് ഉണ്ടായി. ഗ്ലാസ്സില്‍ കാരണദ്രവ്യങ്ങള്‍ക്കു പുറമെ ആ ശക്തികളുമുണ്ട്. ഉപയോഗിച്ച ശക്തികള്‍ ഇവിടെ ‘പ്രസക്തി’യായിത്തീര്‍ന്നിട്ടുണ്ട്. ആ ശക്തി പോയാല്‍ ഗ്ലാസ് ഉടഞ്ഞു ചിതറും. ഉപയോഗിച്ച കാരണദ്രവ്യങ്ങളും ഗ്ലാസ്സിലുണ്ട്. സംശയമില്ല. അവയ്ക്കു രൂപം മാറിയെന്നുമാത്രം. കാരണം കാര്യമായി, കാര്യം കാണുന്നിടത്തെല്ലാം എപ്പോഴും കാരണത്തെ വിവേചിക്കാന്‍ കഴിയും. കാരണം തന്നെ കാര്യമായി വെളിപ്പെടുന്നു. ഈശ്വരന്‍ ജഗത്തിന്റെ കാരണവും – ജഗത്ത് കാര്യവുമാണെങ്കില്‍, ഈശ്വരന്‍ ജഗത്തായിച്ചമഞ്ഞിരിക്കുന്നുവെന്ന് ഇതില്‍നിന്നു സിദ്ധിക്കുന്നു. ആത്മാക്കള്‍ കാര്യവും ഈശ്വരന്‍ കാരണവുമാണെങ്കില്‍ ഈശ്വരന്‍ ആത്മാക്കളായിരിക്കുന്നു. അതുകൊണ്ട്; ഓരോ ആത്മാവും ഈശ്വരന്റെ ഒരംശമാണ്. ‘ഒരു മഹാഗ്‌നിയില്‍ നിന്ന് അസംഖ്യം സ്ഫുലിംഗങ്ങള്‍ പാറുന്നതുപോലെ, ആ നിത്യനില്‍നിന്നു ഈ ജീവാത്മപ്രപഞ്ചമെല്ലാം പുറപ്പെടുന്നു.’

നിത്യനായ ഈശ്വരനും നിത്യമായ പ്രകൃതിയുമുണ്ട് എന്നു നാം കണ്ടു. നിത്യങ്ങളായ അസംഖ്യം ആത്മാക്കളുമുണ്ട്. ഇതു മതപരമായ ആശയങ്ങളുടെ വളര്‍ച്ചയിലെ ഒന്നാമത്തെ പടിയാണ്. ഈശ്വരനും താനും എന്നും വെവ്വേറെയായി മനുഷ്യന്‍ കാണുന്ന ഈ നിലയെ ദ്വൈതമെന്നു പറയുന്നു. ഈ നിലയില്‍ ഈശ്വരന്‍ സ്വയം ഒരു തത്ത്വം മനുഷ്യന്‍ സ്വയം ഒരു തത്ത്വം, പ്രകൃതിയും സ്വയം ഒരു തത്ത്വം. ദൃക്കും ദൃശ്യവും സര്‍വ്വഥാ പരസ്പവിരുദ്ധങ്ങളാണെന്ന ദ്വൈതവാദമാണിത്. മനുഷ്യന്‍ പ്രകൃതിയെ നോക്കുമ്പോള്‍ അവന്‍ ദൃക്കാണ്, പ്രകൃതി ദൃശ്യവും. അവന്‍ ദൃഗ്ദൃശ്യങ്ങള്‍ തമ്മില്‍ ദ്വൈതം കാണുന്നു. അവന്‍ ഈശ്വരനെ നോക്കുമ്പോള്‍ ഈശ്വരനെ ദൃശ്യമായും തന്നെ ദൃക്കായും കാണുന്നു: അവ തികച്ചും വെവ്വേറെ, ഇതാണ് മനുഷ്യന്നും ഈശ്വരനും തമ്മിലുള്ള ദ്വൈതം. ഇത് സാധാരണയായി മതത്തിന്റെ ആദ്യത്തെ ദര്‍ശനമാണ്.

അടുത്തതായി, ഞാന്‍ ഇപ്പോള്‍ത്തന്നെ വിവരിച്ച മറ്റൊരു വീക്ഷണമുണ്ട്. ഈശ്വരന്‍ ജഗത്തിന്റെ കാരണവും ജഗത്തു കാര്യവുമാകയാല്‍ ഈശ്വരന്‍തന്നെ ജഗത്തും ആത്മാക്കളുമായിച്ചമഞ്ഞിരിക്കണമെന്നും ഈശ്വരനാകുന്ന സമഷ്ടിയുടെ ഒരു ക്ഷുദ്രാംശംമാത്രമാണ് താനെന്നും മനുഷ്യന്‍ കണ്ടുപിടിക്കുന്നു. നാം വെറും തുച്ഛജീവികള്‍ ആ മഹാഗ്‌നിയുടെ സ്ഫുലിംഗങ്ങള്‍: സമസ്തപ്രപഞ്ചവും ഈശ്വരന്റെതന്നെ അഭിവ്യക്തി, ഇതാണ് അടുത്തപടി. വിശിഷ്ടാദ്വൈതമെന്നാണ് ഇതിനെ പറയുന്നത്. എന്റെ ഈ ശരീരം ആത്മാവിനെ ആവരണംചെയ്തിരിക്കുംപോലെയും ആത്മാവ് ഈ ശരീരത്തിലും ശരീരത്തില്‍ വ്യാപിച്ചും ഇരിക്കുംപോലെയും, അനന്തജീവാത്മക്കളും പ്രകൃതിയും ഉള്‍ക്കൊണ്ട ഈ വിശ്വമാകെ. ഈശ്വരന്റെ ശരീരമാണെന്നു പറയാം. പ്രളയകാലം വരുമ്പോള്‍ വിശ്വം ഉത്തരോത്തരം സൂക്ഷ്മമാകുന്നു. എങ്കിലും ഈശ്വരശരീരമായിത്തന്നെ ഇരിക്കുന്നു. സ്ഥൂലമായി പ്രഭവിക്കുമ്പോഴും അത് ഈശ്വരശരീരമായി വര്‍ത്തിക്കുന്നു.

മനുഷ്യാത്മാവ് മനുഷ്യശരീരത്തിന്റെയും മനുഷ്യമനസ്സിന്റെയും ആത്മാവാകുംപോലെ, ഈശ്വരന്‍, നമ്മുടെ ആത്മാക്കളുടെ ആത്മാവാണ്. ‘ആത്മാക്കളുടെ ആത്മാവ്’ എന്ന പ്രയോഗം എല്ലാ മതങ്ങളിലും നിങ്ങള്‍ കേട്ടിരിക്കും. ഇതാണതിന്റെ ആശയം. അവന്‍ അവരില്‍ കുടികൊള്ളുന്നു. അവര്‍ക്കു വഴികാട്ടുന്നു. എല്ലാവരുടെയും നിയാമകനായിരിക്കുന്നു എന്നു പറയാം. ഒന്നാമത്തെ ദ്വൈതദര്‍ശനത്തില്‍ നാം ഓരോ വ്യക്തിയാണ്. ഈശ്വരനില്‍നിന്നും പ്രകൃതിയില്‍നിന്നും നിത്യഭിന്നര്‍. രണ്ടാമത്തെ ദര്‍ശനമനുസരിച്ചു നാം വ്യക്തികളാണ്, പക്ഷേ, ഈശ്വരഭിന്നരല്ല. നാം ഒരു മഹാരാശിയില്‍ പാറി നടക്കുന്ന ക്ഷുദ്രകണങ്ങള്‍പോലെയാണ്. ആരാശിയാണീശ്വരന്‍. നാം വ്യക്തികളാണെങ്കിലും ഈശ്വരനില്‍ ഒന്നാകുന്നു. നാമെല്ലാം അവനില്‍. എല്ലാവരും അവന്റെ അംശങ്ങള്‍. അതിനാല്‍ നാം ഒന്ന്. എങ്കിലും, മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും ഈശ്വരനും തമ്മിലും ഭിന്നമെങ്കിലും അഭിന്നമായ ഒരു നിഷ്‌കൃഷ്ടവ്യക്തിത്വം ഉണ്ടുതാനും.

ഇപ്പോള്‍ കുറേക്കൂടി സൂക്ഷ്മമായ ഒരു പ്രശ്‌നമുദിക്കുന്നു – അനന്തത്തിന് അംശങ്ങള്‍ ഉണ്ടാകുമോ? അനന്തത്തിന്റെ അംശങ്ങള്‍ എന്നാലെന്ത്? ചിന്തിച്ചുനോക്കിയാല്‍ അതസാദ്ധ്യമാണെന്നു കാണാം. അനന്തം നിരംശമാണ്: എപ്പോഴും അനന്തമായിത്തന്നെ ഇരിക്കയും ചെയ്യും. അതിനെ അംശിക്കാമെങ്കിലോ, ഓരോ അംശവും അനന്തമാകും. എന്നാല്‍ രണ്ടനന്തങ്ങള്‍ അസാദ്ധ്യം. അങ്ങനെ ഉണ്ടെന്നു വിചാരിച്ചാല്‍ ഓരോന്നും മറ്റേതിനെ പരിച്ഛേദിക്കുകയും രണ്ടും പരിച്ഛിന്നമാകയും ചെയ്യും. ആനന്ത്യം അഖണ്ഡവും ഏകവുമാകുവാനേ നിവൃത്തിയുള്ളൂ. ഇപ്രകാരം ആനന്ത്യം ഒന്നേയുള്ളൂ. പലതില്ല എന്നും, ആ ഏകവും അനന്തവുമായ ആത്മാവ് അനേകം വിഭിന്നാത്മാക്കളെപ്പോലെ തോന്നിക്കുന്ന ബഹുസഹസ്രദര്‍പ്പണങ്ങളില്‍ക്കൂടി സ്വയം പ്രതിബിംബിച്ചുകൊണ്ടിരിക്കുന്നു എന്നുമുള്ള നിഗമനത്തില്‍ നാം ചെന്നെത്തുന്നു. ജഗദധിഷ്ഠാനമായ ആ അനന്താത്മാവിനെയാണ് നാം ഈശ്വരനെന്നു വിളിക്കുന്നത്. അതേ അനന്താത്മാവാണ് മനുഷ്യാത്മാവെന്നു പറയുന്ന മനുഷ്യമനസ്സിന്റെ അധിഷ്ഠാനവും.

ആത്മാവും പ്രകൃതിയും ഈശ്വരനും – വിവേകാനന്ദസാഹിത്യസര്‍വ്വസ്വം.