സ്വാമി വിവേകാനന്ദന്‍

ശിവഗംഗയിലെയും മാനാമധുരയിലെയും സ്വാഗതത്തിനു മറുപടി

ശിവഗംഗയിലെയും മാനാമധുരയിലെയും ജന്മികളും പൗരന്മാരും താഴെ ചേര്‍ക്കുന്ന സ്വാഗതാശംസ സ്വാമിജിക്കു മാനാമധുരയില്‍വെച്ചു നല്കി.

ശ്രീ വിവേകാനന്ദസ്വാമികള്‍ക്ക്;
ഏറ്റവും സംപൂജ്യനായ സ്വാമിന്‍,
ശിവഗംഗയിലെയും മാനാമധുരയിലെയും പൗരന്മാരും ജന്മികളുമായ ഞങ്ങള്‍ അങ്ങയ്ക്ക് ഏറ്റവും ഹാര്‍ദ്ദമായ സ്വാഗതം സവിനയം നല്കുന്നു. ജീവിതത്തിലെ ഏറ്റവും ആശാപൂര്‍ണ്ണമായ നിമിഷങ്ങളില്‍പ്പോലും, അതിരുകടന്ന സ്വപ്നങ്ങളില്‍പ്പോലും ഞങ്ങള്‍ കരുതുകയുണ്ടായില്ല, ഞങ്ങളുടെ ഹൃദയത്തോട് ഇത്രയേറെ അടുത്ത അവിടുന്ന് ഞങ്ങളുടെ വീടുകള്‍ക്ക് ഇത്ര തൊട്ടടുത്തു വന്നുചേരുമെന്ന്. ശിവഗംഗയില്‍ വന്നുചേരുക അസാദ്ധ്യമെന്നു കാണിച്ചുള്ള ആദ്യത്തെ കമ്പി ഞങ്ങളുടെ ഹൃദയത്തില്‍ ഇരുള്‍ നിറച്ചു. പിന്നീടു മേഘത്തില്‍ തെളിഞ്ഞ വെള്ളിരേഖ ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ നൈരാശ്യം അതിരറ്റതായേനേ. അങ്ങു സ്വസാന്നിദ്ധ്യംകൊണ്ട് ഞങ്ങളുടെ പട്ടണത്തെ മാനിക്കാന്‍ തയ്യാറാണെന്ന് ആദ്യം കേട്ടപ്പോള്‍ ഏറ്റവും വലിയ ആശ നിറവേറ്റപ്പെട്ടതായിട്ടാണു ഞങ്ങള്‍ക്കു തോന്നിയത്. പര്‍വതം മുഹമ്മദിന്റെ അടുത്തേക്ക് ചെല്ലുമെന്നു പ്രതിജ്ഞ ചെയ്തു: ഞങ്ങളുടെ സന്തോഷം അതിരറ്റതായി. എന്നാല്‍ ആ സമ്മതി പിന്‍വലിക്കാന്‍ പര്‍വതം നിര്‍ബന്ധിതമായപ്പോള്‍, പര്‍വതത്തിലേക്കു പോകാന്‍ തരപ്പെടാതെ വരുമെന്ന വല്ലാത്ത ഭീതി ഞങ്ങള്‍ക്കുണ്ടായപ്പോള്‍, ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഞങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്ക് അങ്ങ് ഉദാരമാംവണ്ണം വഴങ്ങിത്തന്നു.

സമുദ്രയാത്രയിലെ അലംഘ്യപ്രായങ്ങളായ പ്രതിബന്ധങ്ങളെ കൂട്ടാക്കാതെ, അങ്ങ് ഉത്കൃഷ്ടമായ ആത്മത്യാഗസന്നദ്ധതയോടുകൂടി പൗരസ്ത്യദേശത്തിന്റെ സന്ദേശം പാശ്ചാത്യദേശത്തിനു നല്കി: പ്രഭാവത്തികവോടുകൂടി സ്വകര്‍ത്തവ്യം അങ്ങു നിര്‍വഹിച്ചു: അങ്ങയുടെ മാനവസ്നേഹചോദിതമായ പ്രയത്‌നങ്ങള്‍ക്കുണ്ടായ സഫലത അദ്ഭുതകരവും നിസ്തുലവുമായിട്ടുണ്ടുതാനും ഇവയെല്ലാം അനശ്വരമായ മഹനീയതയത്രേ അങ്ങയ്ക്കു തേടിത്തന്നിട്ടുള്ളത്. കൊറ്റിനു കൊടുക്കുന്ന പാശ്ചാത്യഭൗതികത ഭാരതീയമതബോധങ്ങള്‍ക്കു ദുര്‍വഹമായ കെടുതി വരുത്തുകയും നമ്മുടെ ഋഷിമാരുടെ വാക്കുകളും ഗ്രന്ഥങ്ങളും ക്ഷയോന്മുഖമാകയും ചെയ്ത ഒരു കാലം; അപ്പോള്‍ അങ്ങയെപ്പോലുള്ള ഒരു അഭിനവഗുരുപാദരുടെ വരവ് മതപരമായ പുരോഗതിയുടെ ചരിത്രത്തില്‍ ഒരു പുതുയുഗത്തിന്റെ തുടക്കം കുറിച്ചിരിക്കുന്നു. ഭാരതീയദര്‍ശനമാകുന്ന തനിത്തങ്കത്തെ താല്‍ക്കാലികമായി പൊതിഞ്ഞ അഴുക്കുകള്‍ യഥാകാലം തുടച്ചുമാറ്റാന്‍ അങ്ങയ്ക്കു കഴിയുമെന്നു ഞങ്ങള്‍ ആശിക്കുന്നു. പിന്നെ, അങ്ങയുടെ ബുദ്ധിയാകുന്ന കമ്മട്ടത്തില്‍ അതു രൂപപ്പെടുത്തി ഭൂമുഖത്തെങ്ങും പ്രചരിക്കുന്ന നാണയങ്ങളാക്കിത്തീര്‍ക്കുവാനും അങ്ങയ്ക്കു കഴിയും. പല വിമതസ്ഥരും ചേര്‍ന്നിരുന്ന ആ മതമഹാസമ്മേളനത്തില്‍ ഭാരതീയ ദാര്‍ശനികചിന്തകളുടെ കൊടി എത്ര മനോവിശാലതയോടു കൂടിയാണ് അങ്ങു വിജയപൂര്‍വ്വം പൊക്കിപ്പിടിച്ചതെന്നോര്‍ക്കുമ്പോള്‍, അടുത്ത ഭാവിയില്‍ത്തന്നെ അങ്ങും, രാഷ്ട്രീയമണ്ഡലത്തില്‍ അങ്ങയുടെ സമകാലികമായ ആ (ബ്രിട്ടീഷ്) ശക്തിയെപ്പോലെതന്നെ, സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ അധിനായകനായി വരുമെന്നു ഞങ്ങള്‍ ആശിക്കുന്നു. ഒരു വ്യത്യാസമേയുള്ളൂ; ബ്രിട്ടന്റെ സാമ്രാജ്യം ഭൗതികമാണ്. അങ്ങയുടേതു മാനസികവും. ഭരണദൈര്‍ഘ്യംകൊണ്ടും നന്മകൊണ്ടും രാഷ്ട്രീയചരിത്രരേഖകളെയൊക്കെ കവച്ചുവെയ്ക്കുവാന്‍ ബ്രിട്ടനു കഴിഞ്ഞതുപോലെ, ആദ്ധ്യാത്മികതയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പൂര്‍വികന്മാരെയെല്ലാം പിന്നിലാക്കി ശോഭിക്കുവാന്‍ വേണ്ടി, നിഷ്‌കാമമായി അങ്ങേറ്റെടുത്തിട്ടുള്ള സ്നേഹചോദിതമായ പ്രവൃത്തി നിറവേറ്റാന്‍ അങ്ങയ്ക്കു ദീര്‍ഘായുസ്സു നല്കണേ എന്നു സര്‍വശക്തനോടു ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
എന്ന്
സംപൂജ്യനായ അവിടത്തെ അനുസരണയും ശ്രദ്ധയുമുള്ള സേവകന്മാര്‍.

സ്വാമിജി ചുവടേ ചേര്‍ക്കുന്ന തരത്തില്‍ മറുപടി പറഞ്ഞു;

ഇപ്പോള്‍ എനിക്കു നല്കപ്പെട്ട സ്നേഹപൂര്‍ണ്ണവും സോത്‌സാഹവുമായ സ്വാഗതത്തിലൂടെ എന്റെമേല്‍ നിങ്ങള്‍ ചുമത്തിയ കൃതജ്ഞതാ ഭാരം എത്ര വലുതാണെന്നു പറയുക സാദ്ധ്യമല്ല. എത്രയൊക്കെ ആഗ്രഹമുണ്ടെങ്കിലും ഒരു നീണ്ട പ്രസംഗം ചെയ്യാനുള്ള അവസ്ഥയല്ല നിര്‍ഭാഗ്യവശാല്‍ എനിക്കിപ്പോഴുള്ളത്. സംസ്‌കൃതാഭിജ്ഞനായ നമ്മുടെ സുഹൃത്ത് എനിക്കു സമ്മാനിച്ച സുന്ദരവിശേഷണങ്ങളൊക്കെ അങ്ങനെയിരിക്കട്ടെ; മൗഢ്യമാകാം, എനിക്കുമൊരു ശരീരമുണ്ട്. ശരീരം എപ്പോഴും ജഡപദാര്‍ത്ഥത്തിന്റെ പ്രവണതകളും സ്ഥിതിവിശേഷങ്ങളും നിയമങ്ങളുമാണനുസരിക്കുക. അപ്പോള്‍ ക്ഷീണം,ശ്രാന്തി യെന്നൊന്ന്, ഭൗതികശരീരത്തിന്നുണ്ടെന്നു വരുന്നു.

പടിഞ്ഞാറ് എനിക്കു ചെയ്യാന്‍ കഴിഞ്ഞ സ്വല്പം ജോലിയെ ചൊല്ലി രാജ്യത്തിന്റെ ഓരോ ഭാഗത്തും പ്രകടമാകുന്ന അദ്ഭുതകരമായ ആനന്ദവും പ്രശംസയും കാണുക വലിയൊരു സംഗതിതന്നെ. ഞാനതു കാണുന്നത് ഇത്തരത്തിലാണ്; ഞാനതിനെ ഭാവിയില്‍ വരാനിരിക്കുന്ന മഹാത്മാക്കളോടു ചേര്‍ത്തിണക്കാനാഗ്രഹിക്കുന്നു. ഞാന്‍ ചെയ്ത ചെറിയ ജോലി ജനതയുടെ ഇത്ര വലിയ ശ്ലാഘയ്ക്കു പാത്രമായാല്‍, നമ്മുടെ പിന്നാലെ വരുന്ന ലോകപ്രകമ്പകന്മാരായ ആദ്ധ്യാത്മിക മല്ലന്മാര്‍ ഈ ജനതയില്‍നിന്ന് എത്ര വമ്പിച്ച പ്രശംസ നേടും! ഭാരതം മതത്തിന്റെ നാടാണ്. മതം മതം, മതംമാത്രമാണ് ഹിന്ദുവിനു മനസ്സിലാകുന്നത്. ആ വഴിയിലൂടെയുള്ള വിദ്യാഭ്യാസമാണ് പല ശതകങ്ങളായി നിലനിന്നുവരുന്നത്. ഫലമോ? ജീവിതത്തിലുള്ള ഒരേയൊരു താല്പര്യം മതമായിട്ടുണ്ട്. ഇതു ശരിയാണെന്നു നിങ്ങള്‍ക്കെല്ലാമറിയാം. ഓരോരുത്തനും കച്ചവടക്കാരനാകേണ്ടതില്ല: ഓരോരുത്തനും അദ്ധ്യാപകനാകണമെന്നുമില്ല. ഓരോരുത്തനും യോദ്ധാവാകണമെന്നുമില്ല. മറിച്ച്, ഫലത്തില്‍ പൊരുത്തം ഉളവാക്കുവാന്‍ ഈ ലോകത്തില്‍ പല ജനതകള്‍ ഉണ്ടായിരിക്കതന്നെ ചെയ്യും.

ഒരുപക്ഷേ ലോകജനതാസംഗീതത്തില്‍ ആദ്ധ്യാത്മികതയുടെ രാഗ മാലപിക്കുകയാകാം ഈശ്വരന്‍ നമുക്കു വിധിച്ചിട്ടുള്ളത്. ഏതു ജനതയ്ക്കും ബഹുമാന്യരാകേണ്ടുന്ന നമ്മുടെ നിതാന്തമഹനീയരായ പൂര്‍വ്വികന്മാര്‍ നമുക്കായിത്തന്നിട്ടുള്ള മഹത്തായ പാരമ്പര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നു കാണുന്നതില്‍ ഞാന്‍ ആനന്ദിക്കുന്നു. അതെനിക്ക് ആശയുളവാക്കുന്നു, നമ്മുടെ ജനതയുടെ ഭാവിയില്‍ ഉറച്ച വിശ്വാസമേകുന്നു. എനിക്ക് ഉന്‌മേഷം തോന്നുന്നതു വ്യക്തിപരമായി എന്നെ മാനിച്ചതുകൊണ്ടല്ല, ജനതയുടെ ഹൃദയം മതത്തിലാണെന്നും അത് ഇപ്പോഴും ഭദ്രമാണെന്നും അറിയുന്നതുകൊണ്ടാണ്. ഭാരതം ഇന്നും ജീവത്താണ്: മൃതമാണെന്നു പറയുന്നതാര്‍? നാം കര്‍മ്മപരരാകുന്നതു കാണാന്‍ പാശ്ചാത്യര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പോര്‍ക്കളത്തിലാണ് നമ്മെ കര്‍മ്മപരരായിക്കാണാന്‍ അവരാഗ്രഹിക്കുന്നതെങ്കില്‍ അവര്‍ ഭഗ്‌നാശരാകും: അതല്ല നമ്മുടെ മണ്ഡലം. യുദ്ധദക്ഷമായ ജനത ആദ്ധ്യാത്മികമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതു കാണാന്‍ നാമാഗ്രഹിച്ചാല്‍ നമുക്കുണ്ടാകുന്ന ആശാഭംഗംപോലെയാണത്. അവര്‍ ഇവിടെ വന്നു കാണട്ടെ, അവരെപ്പോലെ നാമും കര്‍മ്മപരരാണെന്ന്; നമ്മുടെ ജനത എങ്ങനെ ജീവിക്കുന്നുവെന്ന്: എന്നത്തെയുംപോലെ ഇന്നും അതു ജീവത്താണെന്ന്. നാം അധഃപതിച്ചു എന്ന ആശയംതന്നെ നമുക്കു ദൂരെത്തെറിപ്പിക്കണം. അത്രയ്ക്കായാല്‍ അത്ര നന്ന്.

എന്നാല്‍ പരുഷമായ ചില വാക്കുകള്‍ ഞാനിപ്പോള്‍ പറയാന്‍ പോകുന്നു. അതു കേട്ടു നിങ്ങള്‍ പ്രകുപിതരാകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. യൂറോപ്പിലെ ജഡവാദം നമ്മെ മിക്കവാറും വിഴുങ്ങിക്കളഞ്ഞു എന്നൊരു പരാതി ഇപ്പോഴുണ്ട്. അതു മുഴുവന്‍ യൂറോപ്യന്മാരുടെ കുറ്റമല്ല: കുറേ വലിയ തോതില്‍ നമ്മുടെ കുറ്റംകൂടിയാണ്. വേദാന്തികളെന്ന നിലയില്‍ ഉള്‍ക്കാഴ്ചയുടെ നിലപാടില്‍നിന്നു വേണം നമുക്കു വസ്തുതകളെ വീക്ഷിക്കാന്‍: അവയ്ക്കു നമ്മോടുള്ള ബന്ധങ്ങളുടെ നിലപാടില്‍നിന്നു വേണം. വേദാന്തികളെന്ന നിലയില്‍ നമുക്കറിയാം, ആദ്യം നാംതന്നെ നമ്മുടെ മേല്‍ പരിക്കേല്പിക്കുന്നില്ലെങ്കില്‍ ലോകത്തിലുള്ള മറ്റൊരു ശക്തിക്കും അതിനു കഴിവില്ലെന്ന്. ഭാരതീയരില്‍ അഞ്ചിലൊരു ഭാഗം മുഹമ്മദീയരായിരിക്കയാണ്: അതിനുമുമ്പ്, കുറേയേറെ പിന്നോട്ടു പോയാല്‍ കാണാം, പ്രാചീനകാലത്തുണ്ടായിരുന്നവരുടെ മൂന്നില്‍ രണ്ടു ഭാഗം ബൗദ്ധരായിപ്പോയിരുന്നു എന്ന്. അതുപോലെയാണിപ്പോള്‍ അഞ്ചിലൊന്നു മുഹമ്മദീയരായിട്ടുള്ളത്. ഇതിനകം, ക്രിസ്ത്യാനികള്‍ പത്തു ലക്ഷത്തിലധികമുണ്ടുതാനും.

ഇതൊക്കെ ആരുടെ കുറ്റമാണ്? നമ്മുടെ ചരിത്രകാരന്മാരിലൊരാള്‍ നിത്യസ്മരണീയമായ ഭാഷയില്‍ പറയുകയാണ്; ജീവിതത്തിന്റെ വറ്റാത്ത നീര്‍ച്ചാല്‍ അരികെ ഒഴുകുമ്പോള്‍ പാവപ്പെട്ട ഈ ഹതഭാഗ്യ ന്മാര്‍എന്തിനു പട്ടിണി കിടക്കണം, ദാഹംകൊണ്ടു മരിക്കണം? പ്രശ്‌നമിതാണ്; സ്വമതം വെടിഞ്ഞ ആ കൂട്ടുകാര്‍ക്കുവേണ്ടി നാം എന്തു ചെയ്തു? എന്തുകൊണ്ടാണവര്‍ മുഹമ്മദീയരായത്? സ്വതേ ചാരിത്രനിഷ്ഠയുള്ള ഒരു പെണ്‍കുട്ടി ഇംഗ്ലണ്ടില്‍ ഒരഴിഞ്ഞ ജീവിതം നയിക്കാന്‍ പോകുന്നതായ വാര്‍ത്ത ഞാന്‍ കേട്ടു. മാന്യയായ ഒരു സ്ര്തീ അതു നന്നല്ലെന്നു പറഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി മറുപടി പറഞ്ഞു; ”ആ ഒരു വഴിക്കേ എനിക്കു സഹാനുഭൂതിയാര്‍ജ്ജിക്കാന്‍ തരപ്പെടു. ഇപ്പോള്‍ എന്നെ തുണയ്ക്കാന്‍ ആരുമില്ല; എന്നാല്‍ നിലംപതിച്ചു ചവിട്ടിമെതിക്കപ്പെട്ട ഒരുവളായാല്‍ അനുകമ്പയുള്ള പല മാന്യവനിതകളും വല്ല വീട്ടിലേക്കും എന്നെ കൂട്ടിക്കൊണ്ടുപോയി ആവതെല്ലാം എനിക്കു ചെയ്തുതന്നേക്കും.” സ്വമതം വെടിഞ്ഞ ഈ കൂട്ടരെ ഉദ്ദേശിച്ചു നാം ഇപ്പോള്‍ കണ്ണുനീര്‍ പൊഴിക്കുന്നു. എന്നാല്‍ ഇതിനുമുമ്പ് ഇവര്‍ക്കുവേണ്ടി നാം എന്തു ചെയ്തു? നമ്മില്‍ ഓരോരുത്തനും സ്വയം ചോദിക്കണം. നാം എന്തു പഠിച്ചിട്ടുണ്ട്? നാം സത്യത്തിന്റെ എരിപന്തം ഏറ്റെടുത്തോ? എടുത്തെങ്കില്‍ നാം എത്രത്തോളം അതു മുന്നോട്ടു കൊണ്ടുപോയി? അപ്പോള്‍, നാം അവരെ തുണച്ചില്ല. ഈ ചോദ്യമാണ് നാം നമ്മോടു ചോദിക്കേണ്ടത്. നാം അങ്ങനെ ചെയ്യാതിരുന്നതു നമ്മുടെ കുറ്റമായിരുന്നു, കര്‍മ്മമായിരുന്നു. നമുക്കു മറ്റാരെയും കുറ്റപ്പെടുത്തേണ്ട: നമ്മുടെ കര്‍മ്മത്തെ ത്തന്നെ പഴിക്കാം.

ജഡവാദം, മുഹമ്മദുമതം ക്രിസ്തുമതം, അല്ലെങ്കില്‍ മറ്റു മതങ്ങള്‍ – ഇവയൊന്നും നാമനുവദിക്കാതെ ഫലിക്കുമായിരുന്നില്ല. പ്രവൃത്തി ദോഷം, ആഹാരദോഷം, ദാരിദ്ര്യം, അരക്ഷിതാവസ്ഥ എന്നിവയിലൂടെ ശരീരം ദുര്‍ബ്ബലപ്പെടുന്നില്ലെങ്കില്‍ ഒരു രോഗാണുവിനും അതിനെ ബാധിക്കാനാവില്ല. ആരോഗ്യമുള്ളവനു ലക്ഷം രോഗാണുക്കളുടെ ഇടയിലൂടെ ഒരു തകരാറും പറ്റാതെ കടന്നുപോകാം. നമ്മുടെ രീതികള്‍ മാറ്റുവാന്‍ ഇനിയും സമയമുണ്ട്. നിരര്‍ത്ഥകവും അസംബന്ധ ജഡിലവുമായ സംഗതികളെക്കുറിച്ചുള്ള ആ പഴഞ്ചന്‍വിവാദങ്ങളും പോരുകളും ഉപേക്ഷിക്കണം. അധഃപതനത്തിന്‍േറതായ കഴിഞ്ഞ അറുനൂറോ എഴുനൂറോ സംവത്‌സരങ്ങളെക്കുറിച്ചോര്‍ക്കുക. ഒരു പാത്രം വെള്ളം കുടിക്കേണ്ടതു വലത്തുകൈയ്‌കൊണ്ടോ ഇടത്തു കൈകൊണ്ടോ, കൈ കഴുകുന്നതു മൂന്നു തവണയോ നാലു തവണയോ, കുലുക്കുഴിയേണ്ടത് അഞ്ചു തവണയോ ആറു തവണയോ എന്നും മറ്റും പ്രായമായ നൂറുനൂറാളുകള്‍ അവഗാഢമായി വിവദിച്ചു കൊണ്ടിരിക്കയായിരുന്നു അക്കാലമത്രയും. ഗുരുതരമായ ഈവക പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തും ഗഹനമായ ദര്‍ശനങ്ങള്‍ ചമച്ചും ജീവിതം നയിച്ചുവന്ന ആ മനുഷ്യരില്‍നിന്ന് എന്താണ് നാം പ്രതീക്ഷിക്കുക? നമ്മുടെ മതം അടുക്കളയില്‍ കേറിക്കൂടുമെന്ന ഒരു വിപത്തുതന്നെയുണ്ട്. നമ്മില്‍ ഏറിയകൂറുമാളുകള്‍ വേദാന്തികളോ പൗരാണികരോ താന്ത്രികരോ അല്ല, വെറും ‘എന്നെത്തൊടരുതേ’ ക്കാരാണ്. അടുക്കളയിലാണ് നമ്മുടെ മതം: ചോറ്റുകലമാണ് നമ്മുടെ ഈശ്വരന്‍. ”എന്നെ തൊടരുത്, ഞാന്‍ ദിവ്യനാണ്” – ഇതു നമ്മുടെ മതവും. ഒരു നൂറ്റാണ്ടുകൂടി ഇതു തുടര്‍ന്നാല്‍ നാമൊക്കെ ഭ്രാന്താലയത്തിലാകും. ജീവിതത്തിലെ കനത്ത പ്രശ്‌നങ്ങള്‍ മനസ്സിനു ഗ്രഹിക്കാനാവാതെവരുക എന്നതു മസ്തിഷ്‌കദൗര്‍ബ്ബല്യത്തിന്റെ ശരിയായ ലക്ഷണമാണ്. അപ്പോള്‍ പുതുമ അസ്തമിക്കുന്നു. മനസ്സിന്റെ കരുത്തും പ്രവൃത്തിയും വിചാരശക്തിയും നഷ്ടപ്പെടുന്നു. പിന്നെ അത് ഏറ്റവും ചെറുതായ പരിധിയിലൂടെ നീങ്ങാന്‍ തുടങ്ങുകയായി. ഒന്നാമതായി ഈ വസ്തുസ്ഥിതി ദൂരെ വലിച്ചെറിയേണ്ടിയിരിക്കുന്നു. പിന്നെ വേണം നമുക്ക് എഴുനേറ്റുനില്ക്കാനും പ്രവര്‍ത്തിക്കാനും ശക്തി നേടാനും. അടുത്തതായി ഇന്നത്തെ ലോകത്തിനു മുഴുവന്‍ വേണ്ടതും നമ്മുടെ പൂര്‍വികര്‍ നമുക്കായി നേടിവെച്ചിട്ടുള്ളതുമായ ആ അനന്തമായ ആശയനിധിയുടെ അനന്തരാവകാശികളാണ് നാമെന്ന ബോധം നമുക്കു വീണ്ടു മുണ്ടാകണം. ഈ സമ്പന്നിധി വിതരണം ചെയ്തില്ലെങ്കില്‍ ലോകം നശിക്കും. അതു വെളിയിലെടുക്കുക, പരക്കെ വിതരണം ചെയ്യുക. വ്യാസന്‍ പറയുന്നു; കലിയുഗത്തിലെ ഒരേയൊരു ധര്‍മ്മം ദാനമാണ്. ദാനങ്ങളില്‍വെച്ച് ശ്രേഷ്ഠം അദ്ധ്യാത്മജീവിതദാനമാണ്. അടുത്തതാണ് ലൗകികജ്ഞാനദാനം. പിന്നത്തേതു ജീവിതദാനം. ഒടുവിലത്തേതു പട്ടിണിക്കാര്‍ക്ക് അന്നദാനം. അന്നം നാം ധാരാളം കൊടുത്തുകഴിഞ്ഞു. മറ്റൊരു ജനതയും നമ്മെപ്പോലെ ദാനം ചെയ്തിട്ടില്ല. പിച്ചക്കാരന്റെ കുടിലില്‍പ്പോലും ഒരപ്പക്കഷണമുണ്ടെങ്കില്‍ അയാള്‍ അതിന്റെ പകുതി കൊടുക്കും. അത്തരത്തിലൊരു പ്രതിഭാസം ഭാരതത്തിലേ കാണാനുള്ളൂ. അതു വേണ്ടത്ര നമുക്കുണ്ട്. നമുക്കു മറ്റേതു രണ്ടും, ആദ്ധ്യാത്മികവും ലൗകികവുമായ ജ്ഞാനങ്ങള്‍, കൊടുക്കാം. നാം ധീരരും ചങ്കൂറ്റമുള്ളവരുമാണെങ്കില്‍, നാം തികഞ്ഞ ആര്‍ജ്ജവത്തോടുകൂടി അതിനു പരിശ്രമിക്കുമെങ്കില്‍, ഇരുപത്തഞ്ചു കൊല്ലംകൊണ്ട് ഈ പ്രശ്‌നത്തിന്നാകെ സമാധാനം കണ്ടുപിടിക്കാം. പിന്നെ തമ്മില്‍ത്തല്ലാനുള്ള വകയൊന്നും ശേഷിക്കില്ല. ഭാരതഭൂമി മുഴുവന്‍ വീണ്ടും ആര്യമായിത്തീരും.

ഇപ്പോള്‍ ഇത്രയേ എനിക്കു നിങ്ങളോടു പറയാനുള്ളൂ. ആസൂത്രണങ്ങളെക്കുറിച്ചു പറയുക എന്റെ പതിവല്ല. ചെയ്തുകാട്ടി ക്കൊടുക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പിന്നെയാകാമല്ലോ ആസൂത്രണത്തെക്കുറിച്ചു പറയുക. എനിക്കുമുണ്ട് ആസൂത്രണങ്ങള്‍. ഈശ്വരസങ്കല്പമുണ്ടെങ്കില്‍, ആയുസ്സു കിട്ടിയാല്‍, അവയൊക്കെ പ്രയോഗിക്കാനും ഭാവമുണ്ട്. അതില്‍ വിജയിക്കുമോ ഇല്ലയോ എന്ന് എനിക്കറിവില്ല. പക്ഷേ മഹത്തായ ഒരാദര്‍ശം കൈക്കൊണ്ടിട്ട് അതിനുവേണ്ടി ജീവിതം മുഴുവന്‍ നല്കുക എന്നതുതന്നെ വലിയൊരു കാര്യമാണ്. അല്ലാതെ, അലസവും അല്പവും നീചവുമായ ഈ മനുഷ്യജീവിതത്തിന് എന്തു വില? ജീവിതത്തിന്റെ ഒരേയൊരു വില, അതിനെ ഉയര്‍ന്ന ഒരാദര്‍ശത്തിനു കീഴ്‌പ്പെടുത്തുകയാണ്. ഭാരതത്തില്‍ ചെയ്യേണ്ടുന്ന വന്‍കിട കാര്യവും ഇതുതന്നെ. ഇന്നുള്ള ഈ മതാഭ്യുത്ഥാനത്തിനു ഞാന്‍ സ്വാഗതമോതുന്നു. ചുട്ടുപഴുത്ത ഇരുമ്പില്‍ മേടാനുള്ള അവസരം വിട്ടുകളഞ്ഞാല്‍, അതെന്റെ മഠയത്തരംതന്നെയാവും.