സ്വാമി വിവേകാനന്ദന്‍

ഉപനിഷത്തുകളെപ്പറ്റി ഒന്നുരണ്ട് ആശയങ്ങള്‍കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു. അവയെക്കുറിച്ചു പറയാന്‍ എന്നെപ്പോലെ കെല്പില്ലാത്തവര്‍ക്കുപോലും പല കൊല്ലങ്ങള്‍തനെ വേണം. ഒരു പ്രസംഗം പോരതന്നെ, അതിനാല്‍ ഉപനിഷത്തിനെപ്പറ്റി ഒന്നുരണ്ടു കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനേ ഞാനാഗ്രഹിക്കുന്നുള്ളു. ഒന്നാമതായി ലോകത്തിലുള്ളവയില്‍വെച്ച് ഏറ്റവും അദ്ഭുതകരമായ കാവ്യങ്ങളാണവ. വേദങ്ങളിലെ സംഹിതാഭാഗം വായിച്ചാല്‍ അത്യദ്ഭുതസൗന്ദര്യമുള്ള ഘട്ടങ്ങള്‍ അപ്പോഴപ്പോള്‍ കാണാം. ഉദാഹരണമായി, സൃഷ്ടിക്കു മുമ്പുള്ള അവസ്ഥയെ വര്‍ണ്ണിക്കുന്ന പ്രസിദ്ധമായ മന്ത്രംതന്നെ: – തമ ആസീത്തമസാ ഗൂഢമഗ്രേ എന്നും മറ്റും. ‘ഇരുളിനെ ഇരുളു മൂടിയപ്പോള്‍’ എന്നും മറ്റുമാണ് അതു വര്‍ണ്ണിച്ചുപോകുന്നത്. ഇതു വായിക്കുമ്പോള്‍ കവിതയുടെ അദ്ഭുതമായ ഉദാത്തത അനുഭവപ്പെടുന്നുണ്ട്. ഭാരതത്തിനു വെളിയിലും അകത്തും ഉദാത്തതയെ ആലേഖനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്ന വസ്തുത ശ്രദ്ധിക്കണം. എന്നാല്‍ വെളിയില്‍ മാംസപേശിയുടെ അനന്തത, ബാഹ്യലോകം, ഭൗതികവസ്തുക്കളുടെ അനന്തത, ജഡത്തിന്റെയും ആകാശത്തിന്റെയുമായ അനന്തത – മാത്രമേ (അതിനു വിഷയം) ആയിട്ടുള്ളു. മില്‍ട്ടണോഡാന്റിയോ യൂറോപ്പിലുള്ള മറ്റു വന്‍കിട കവികളോ – അവര്‍ പ്രാചീനരോ അര്‍വാചീനരോ ആകട്ടെ – അനന്തതയുടെ ചിത്രം വരയ്ക്കാന്‍ പുറപ്പെടുമ്പോള്‍ വെളിയില്‍ പറന്നുയരാനാണ് നോക്കുന്നത്: നിങ്ങളെക്കൊണ്ടു മാംസപേശികളിലൂടെ അനന്തതയെ അനുഭവിപ്പിക്കയാണ് ഉദ്ദേശ്യം. ആ യത്‌നം ഇവിടെയും നടന്നിട്ടുണ്ട്. മറ്റൊരിടത്തുമുണ്ടായിട്ടില്ലാത്ത മട്ടില്‍, ഏറ്റവും അദ്ഭുതകരമായി, പരപ്പിന്റെ അനന്തത സംഹിതകളില്‍ ചിത്രീകരിച്ച് വായനക്കാരുടെ മുന്നില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആ ഒരു കാവ്യംതന്നെ സൂക്ഷിച്ചുനോക്കുക; തമ ആസീത്തമസാ ഗൂഢമഗ്രേ. ഇനി മൂന്നു കവികള്‍ ഇരുളിനെ വര്‍ണ്ണിച്ചിട്ടുള്ളതു ശ്രദ്ധിക്കുക. നമ്മുടെ കാളിദാസനെത്തന്നെ എടുക്കാം; ”സൂചിമുനകൊണ്ടു തുളയ്ക്കാവുന്ന ഇരുള്”: മില്‍ട്ടണ്‍ ”പ്രകാശമല്ല, മറിച്ച്, കാണപ്പെടത്തക്ക ഇരുളുതന്നെ.” ഇനി ഉപനിഷത്തുകളിലേക്കു കടക്കാം; ”ഇരുള് ഇരുളിനെ മറച്ചിരുന്നു.” ഉഷ്ണമേഖലയില്‍ പാര്‍ക്കുന്ന നമുക്ക് അതു മനസ്സിലാകും. പെട്ടെന്നു മഴക്കാലം പൊട്ടിപ്പുറപ്പെടുകയാണ്: അപ്പോള്‍ ഒരു നിമിഷത്തില്‍ ചക്രവാളം ഇരുളുന്നു. കറുത്തു കറങ്ങുന്ന മേഘങ്ങള്‍ മറ്റു മേഘങ്ങളെത്തന്നെ പൊതിയുന്നു. കവിത അങ്ങനെ മുമ്പോട്ടു നീങ്ങുന്നു. എങ്കിലും സംഹിതാഭാഗത്തില്‍ ഈ യത്‌നങ്ങളെല്ലാം ബാഹ്യങ്ങളാണ്. മറ്റു സ്ഥലങ്ങളിലെല്ലാമെന്നപോലെ, ജീവിതത്തിലെ വന്‍കിട പ്രശ്‌നങ്ങള്‍ക്കുത്തരം കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ബാഹ്യലോകത്തിലൂടെയാണ് നടന്നിട്ടുള്ളത്. ഗ്രീക്കുകാരുടെ മനസ്സും, അല്ലെങ്കില്‍, ഇന്നത്തെ യൂറോപ്യരുടെ മനസ്സും, ജീവിതപ്രശ്‌നങ്ങളുടെയും സത്താസംബന്ധിയായ പാവനപ്രശ്‌നങ്ങളുടെയും സമാധാനം ബാഹ്യലോകത്തിലുള്ള അന്വേഷണങ്ങളിലൂടെ കണ്ടുപിടിക്കാന്‍ തിടുക്കപ്പെടുന്നതുപോലെ, നമ്മുടെ പൂര്‍വ്വികന്മാരും തിടുക്കപ്പെട്ടു: യൂറോപ്യരെപ്പോലെ പരാജയമടയുകയും ചെയ്തു. പക്ഷേ, പാശ്ചാത്യര്‍ അവിടെനിന്നു മുന്നോട്ടു നിങ്ങിയില്ല; അവിടെത്തന്നെ ഉറച്ചുനിന്നു. ബാഹ്യലോകാന്വേഷണത്തിലൂടെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വന്‍പ്രശ്‌നങ്ങള്‍ക്കു സമാധാനം കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല: ആ നിലയില്‍ത്തന്നെ തങ്ങി അവര്‍ ഉറച്ചുപോയി. നമ്മുടെ പൂര്‍വികന്മാരും അതസാദ്ധ്യമാണെന്നു കണ്ടു. പക്ഷേ, സമാധാനം കാണുന്നതിലുള്ള ഇന്ദ്രിയങ്ങളുടെ കഴിവില്ലായ്മ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ അവര്‍ കൂടുതല്‍ ധൈര്യപ്പെട്ടു. ഉപനിഷത്തിലുള്ളതിലും മെച്ചപ്പെട്ട മട്ടില്‍ മറ്റൊരിടത്തും പ്രസ്തുത സമാധാനം കാണാനില്ലതന്നെ. യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ. ”മനസ്സോടൊത്തു വാക്കുകള്‍ എവിടെനിന്നാണോ പിന്‍വാങ്ങുന്നത്.” ന തത്ര ചക്ഷുര്‍ഗച്ഛതി ന വാഗ്ഗച്ഛതി. ”അവിടെ കണ്ണു ചെന്നെത്തുന്നില്ല, വാക്കെത്തുന്നില്ല.” ഇന്ദ്രിയങ്ങളുടെ തികഞ്ഞ ദുര്‍ബ്ബലത പ്രഖ്യാപിക്കുന്ന വാക്യങ്ങള്‍ പലതുമുണ്ട്. പക്ഷേ അവിടെ യും അവര്‍ തങ്ങിനിന്നില്ല. മനുഷ്യന്റെ ആഭ്യന്തരപ്രകൃതിയിലേക്കാണ് അവര്‍ പിന്‍വാങ്ങിയത്. അവര്‍ തങ്ങളുടെ ആത്മാവില്‍നിന്നുതന്നെ ഉത്തരം നേടാന്‍ പുറപ്പെട്ടു. അവര്‍ അന്തര്‍മുഖരായിത്തീര്‍ന്നു. ഒരു പരാജയമെന്ന നിലയില്‍ ബാഹ്യപ്രകൃതിയെ അവര്‍ കൈവെടിഞ്ഞു. അവിടെ കാര്യമായ യാതൊന്നും ചെയ്യാനാവില്ല. അവിടെ ആശയ്ക്കു വഴിയില്ല: ഉത്തരം കണ്ടെത്താന്‍ കഴിവില്ല. മൂഢവും നിര്‍ജീവവുമായ ജഡം സത്യം പ്രദാനം ചെയ്യുകയില്ലെന്ന് അവര്‍ കണ്ടുപിടിച്ചു. അപ്പോള്‍ പ്രകാശമാനമായ മനുഷ്യാത്മാവിലേക്കു പിന്‍വാങ്ങുകയാണ് അവര്‍ ചെയ്തത്. അവിടെ ഉത്തരം കണ്ടെത്തുകയും ചെയ്തു.

തമേവൈകം ജാനഥ ആത്മാനം അന്യാ വാചോ വിമുഞ്ചഥ. അവര്‍ പ്രഖ്യാപിച്ചു; ”ആത്മാവിനെമാത്രം അറിയുക: മറ്റു പാഴ്‌വാ ക്കുകളെല്ലാം വെടിയുക: മറ്റൊന്നും കേള്‍ക്കേണ്ടതില്ല.” ആത്മാവിലാണ് സമാധാനം അവര്‍ കണ്ടെത്തിയത്. ജഗന്നാഥനാണ് പരമാത്മാവ്, അഥവാ ഈശ്വരന്‍. മനുഷ്യന്റെ ആത്മാവിനോട് അവിടേയ്ക്കുള്ള ബന്ധം, അവിടുത്തോടു നമുക്കുള്ള കര്‍ത്തവ്യം; അതിലൂടെ നമുക്കുള്ള പരസ്പരബന്ധം. ലോകത്തിലുള്ളതില്‍വെച്ച് ഏറ്റവും ഉദാത്തമായ കാവ്യം ഇവിടെ കാണാം. ജഡത്തിന്റെ ഭാഷയില്‍, ഇനിമേല്‍, ആത്മാവിനെ ചിത്രീകരിക്കാന്‍ ശ്രമിക്കയില്ല. പോര, വിധിപരമായ ഭാഷതന്നെ ആ വിഷയത്തില്‍ അവര്‍ ഉപേക്ഷിച്ചിരിക്കയാണ്. അപരിമിതതയെപ്പറ്റിയുള്ള ആശയം രൂപപ്പെടുത്താന്‍ ഇന്ദ്രിയങ്ങളിലേക്കു വരാന്‍ ഇനിമേല്‍ ശ്രമമില്ല. ഇനിമേല്‍, ബാഹ്യവും മൂഢവും നിര്‍ജീവവും ഭൗതികവും വ്യാപകവും ഐന്ദ്രിയകവുമായ ഒരപരിമിത തതന്നെയില്ല. അതിനുപകരം വന്നിട്ടുള്ളത്,

ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോിയമഗ്‌നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വ്വമിദം വിഭാതി.

എന്നിടത്തു പറഞ്ഞതുപോലെ സൂക്ഷ്മമായ ഒന്നത്രേ. ഇതിനെക്കാള്‍ ഉദാത്തമായ കവിത മറ്റേതുണ്ട്? ”അവിടെ സൂര്യന്നു പ്രകാശിപ്പിക്കാന്‍ വയ്യ: ചന്ദ്രനും നക്ഷത്രങ്ങള്‍ക്കുമാവില്ല. ഈ മിന്നല്‍ അവിടെ വെളിച്ചം പരത്തില്ല: മര്‍ത്ത്യലോകത്തിലെ അഗ്‌നിയെക്കുറിച്ച് എന്താണു പറയുക!” മറ്റൊരിടത്തും ഈ ജാതിയിലുള്ള കവിതയില്ല: ഉപനിഷത്തുകളില്‍വെച്ച് ഏറ്റവും അദ്ഭുതമായ കഠംതന്നെ എടുക്കുക. അതിന്റെ പണിത്തികവ് എത്ര അദ്ഭുതം. എന്തൊരദ്ഭുതകലയാണ് ആ കാവ്യത്തില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്! ശ്രദ്ധ ആവേശിച്ച, യമനെ കാണാന്‍ ആഗ്രഹിച്ച, ആ ബാലനെക്കൊണ്ടാണ് അതിന്റെ ആശ്ചര്യമായ ആരംഭംതന്നെ. ഗുരുക്കന്മാരില്‍ അത്യാശ്ചര്യഗുരുവായ യമന്‍ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വമ്പിച്ച പാഠങ്ങള്‍ ആ ബാലനെ പഠിപ്പിക്കയാണ്. അവന്‍ തിരക്കിയതെന്താണ്? മരണത്തി ന്റെ മര്‍മ്മം അറിയാന്‍.

നിങ്ങള്‍ ഓര്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്ന രണ്ടാമത്തെ സംഗതി ഉപനിഷത്തുകള്‍ക്കുള്ള തികവുററ അപൗരുഷേയതയാണ്. പല പേരുകളും, പല വക്താക്കളും, പല ഗുരുക്കന്മാരും ഉപനിഷത്തുകളില്‍ ഉണ്ടെങ്കിലും അവരിലൊരുത്തനുമല്ല ഉപനിഷത്തുകള്‍ക്കു പ്രമാണഭൂതന്‍: അവരിലാരുടെയും ജീവിതത്തെ ആസ്പദിച്ചല്ല ഉപനിഷത്തുകളിലുള്ള ഒരു മന്ത്രംപോലും നിലകൊള്ളുന്നത്. ഈ പാത്രങ്ങളെല്ലാം പശ്ചാത്തലത്തില്‍ ചലിക്കുന്ന ഛായകള്‍പോലെയാണ്: ഇവര്‍ നേരിട്ടനുഭവപ്പെടുന്നില്ല, കാണപ്പെടുന്നില്ല, സാക്ഷാത്കരിക്കപ്പെടുന്നില്ല. ഉപനിഷത്തുകളിലുള്ള അദ്ഭുതകരവും സമുജ്വലവും പ്രകാശമയവും തികച്ചും അപൗരുഷേയവുമായ വാക്യങ്ങളിലാണ് യഥാര്‍ത്ഥമായ ശക്തി. ഇരുപതു യാജ്ഞവല്ക്യന്മാര്‍ വന്നു ജീവിച്ചുമരിച്ചെന്നിരന്നാലും അതൊരു കാര്യമല്ല: വേദാന്തവാക്യങ്ങള്‍ അവിടെ നില കൊള്ളുന്നു. എങ്കിലും ഒരു പുരുഷന്നും വിരുദ്ധമല്ല വേദാന്തം. ലോകത്തിലുണ്ടായിട്ടുള്ളതോ ഉണ്ടാകാന്‍ പോകുന്നതോ ആയ പുരുഷന്മാരെയെല്ലാം ഉള്‍ക്കൊള്ളത്തക്കവണ്ണംവിശാലവും വികസ്വരവുമാണ് വേദാന്തം. പുരുഷന്മാരെയോ അവതാരങ്ങളെയോ സിദ്ധന്മാരെയോ ആരാധിക്കുന്നതിന്നെതിരായി അതിന് ഒന്നും പറയാനില്ല. മറിച്ച്, വേദാന്തം അതിനെ എപ്പോഴും താങ്ങുകയത്രേ ചെയ്യുന്നത്. അതേയവസരത്തില്‍ അതു തികച്ചും അപൗരുഷേയമാണുതാനും. ഉപനിഷത്തുകളിലെ അപൗരുഷേയാശയം അതു പ്രഖ്യാപിക്കുന്ന ഈശ്വരനെപ്പോലെ തന്നെ, ഏറ്റവും അദ്ഭുതമാണ്. സിദ്ധനും ചിന്തകനും ദാര്‍ശനികന്നും യുക്തിവാദിക്കുമൊക്കെ, ഇന്നത്തെ ഏതു ശാസ്ത്രജ്ഞനും ആഗ്രഹിക്കുന്ന അളവില്‍ത്തന്നെ, ആ ആശയം അപൗരുഷേയമാണ്. ഇവയാണ് നമ്മുടെ മതഗ്രന്ഥങ്ങള്‍. ബൈബിള്‍ ക്രിസ്ത്യാനികള്‍ക്കും, കൊറാന്‍ മുഹമ്മദീയര്‍ക്കും, ത്രിപിടകങ്ങള്‍ ബൗദ്ധന്മാര്‍ക്കും, സെന്‍ഡ് അവസ്റ്റാ പാഴ്‌സികള്‍ക്കും ഏതുപോലെയോ, അതുപോലെയാണ് നമുക്ക് ഉപനിഷത്തുകള്‍ എന്ന് ഓര്‍മ്മിക്കണം. ഇവയാണ്, അല്ലാതെ മറ്റൊന്നുമല്ല, നമ്മുടെ മതഗ്രന്ഥങ്ങള്‍. പുരാണങ്ങളും തന്ത്രങ്ങളും മറ്റു പുസ്തകങ്ങളും – ബ്രഹ്മസൂത്രങ്ങള്‍പോലും – രണ്ടാംകിടയിലും മൂന്നാംകിടയിലുമുള്ള പ്രമാണമാണ്. ഒന്നാംകിടയില്‍പ്പെട്ട പ്രമാണം വേദങ്ങള്‍. മനുസ്മൃതിയും പുരാണങ്ങളും മറ്റു ഗ്രന്ഥങ്ങളും ഗ്രാഹ്യങ്ങളാകുക അവ ഉപനിഷത്തുകളുടെ പ്രാമാണ്യത്തിന്നനുഗുണമാകുന്നിടത്തോളമേയുള്ളു: അനുഗുണമല്ലെങ്കില്‍, അവയൊക്കെ നിര്‍ദ്ദയം കൈവെടിയണം. ഇതെപ്പോഴും നാം ഓര്‍ക്കണം. എന്നാല്‍ ഭാരതത്തിന്റെ ഭാഗ്യദോഷം കൊണ്ട് ഇന്നിപ്പോള്‍ നാമതു മറന്നിരിക്കുന്നു. ക്ഷുദ്രമായ ഒരു ഗ്രാമാചാരമാണ് ഇന്ന് വാസ്തവത്തിലുള്ള പ്രമാണമെന്നു തോന്നുന്നു: അല്ലാതെ, ഉപനിഷത്തുകള്‍ പഠിപ്പിക്കുന്നതൊന്നുമല്ല. ബംഗാളിലെ വഴിവക്കിലുള്ള ഒരു ഗ്രാമത്തില്‍ നിലവിലുള്ള നിസ്സാരമായ ഒരാശയത്തിനു വേദപ്രാമാണ്യമുള്ളതായിട്ടാണ് തോന്നുക: പോരാ, അതിലധികമുണ്ടെന്ന്. ‘യാഥാസ്ഥിതികമെന്ന വാക്കിന്റെ സ്വാധീനശക്തി എത്ര അദ്ഭുതമാണ്! കര്‍മ്മകാണ്ഡത്തിന്റെ ഓരോ കണികയും പിന്‍തുടരുന്നതിലാണ്, ഗ്രാമീണന്റെ ദൃഷ്ടിയില്‍, യാഥാസ്ഥിതികതയുടെ തികവു മുഴുവന്‍. അങ്ങനെ ചെയ്യാത്തവനോടു പറയും, ”കടന്നു പോകൂ: താന്‍ ഇനിമേല്‍ ഹിന്ദുവേയല്ല.” എന്റെ മാതൃരാജ്യത്തില്‍ – കടുത്ത നിര്‍ഭാഗ്യമെന്നേ പറയാവൂ – ഈ തന്ത്രങ്ങളിലൊന്ന് എടുത്തിട്ട് അതില്‍ പറയുന്ന സമ്പ്രദായം അനുഷ്ഠിക്കതന്നെ വേണമെന്നു പറയുന്ന ആളുകളുണ്ട്. അങ്ങനെ ചെയ്യാത്തവന്‍ അവരുടെ ദൃഷ്ടിയില്‍ യാഥാസ്ഥിതികമായ ആശയങ്ങളുള്ളവനല്ല. അതുകൊണ്ട് ഉപനിഷത്തിലാണ് മൗലികമായ പ്രാമാണ്യമുള്ളതെന്ന് ഓര്‍ക്കുന്നതാണ് നമുക്കു നല്ലത്. ഗൃഹ്യസൂത്രങ്ങളും ശ്രൗതസൂത്രങ്ങളുംപോലും വേദങ്ങളുടെ പ്രാമാണ്യത്തിന്നധീനമാണ്. അവ നമ്മുടെ പൂര്‍വികരായ ഋഷികളുടെ വചസ്സുകളത്രേ. ഹിന്ദുവാകണമെന്ന് ആഗ്രഹിക്കുന്നവര്‍ അവ വിശ്വസിക്കണം. ബ്രഹ്മത്തെക്കുറിച്ച് ഏറ്റവും വിചിത്രമായ വിശ്വാസങ്ങള്‍പോലും വെച്ചുപുലര്‍ത്താം. എന്നാല്‍ വേദപ്രാമാണ്യം നിഷേധിക്കുന്നവന്‍ നാസ്തികനാണ്. ക്രിസ്ത്യാനികളുടെയും ബൗദ്ധന്മാരുടെയും മതഗ്രന്ഥങ്ങളും നമ്മുടേതും തമ്മിലുള്ള വ്യത്യാസമതാണ്. അവരുടേതെല്ലാം പുരാണങ്ങളാണ്, മതഗ്രന്ഥങ്ങളല്ല. കാരണം, അവയില്‍ പ്രലയചരിത്രവും, രാജാക്കന്മാരുടെയും രാജവംശങ്ങളുടെയും ചരിത്രങ്ങളും, മഹാത്മാക്കളുടെ ചരിത്രങ്ങളും മറ്റുമാണുള്ളത്. ഇതൊക്കെ പുരാണവിഷയമാണ്. വേദങ്ങളോടു യോജിക്കുന്നിടത്തോളം ഇവയൊക്കെ നന്ന്. ബൈബിളും മറ്റു ജനതകളുടെ മതഗ്രന്ഥങ്ങളും വേദങ്ങളോടു യോജിക്കുന്നിടത്തോളം അവയൊക്കെ വളരെ നല്ലതു തന്നെ. പക്ഷേ, വിയോജിക്കുമ്പോള്‍, പിന്നെ അവയെ സ്വീകരിക്കേണ്ടതില്ല. ഇതുപോലെയാണ് കൊറാന്റെയും കാര്യം. ഇവയിലെല്ലാം പല സദാചാരോപദേശങ്ങളുണ്ട്: വേദങ്ങളോടു പൊരുത്തപ്പെടുന്നിടത്തോളം, പുരാണങ്ങള്‍ക്കുള്ള പ്രാമാണ്യം അവയ്ക്കുമുണ്ട്. പക്ഷേ, അതിലൊട്ടുമധികമില്ല. ആശയമിതാണ്; വേദങ്ങള്‍ ഒരിക്കലും എഴുതപ്പെട്ടിട്ടുള്ളതല്ല, അവ ഒരു കാലത്തും ഉണ്ടാക്കപ്പെട്ടതല്ല. ഒരു ക്രിസ്തുമത പ്രചാരകന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു; ”ഞങ്ങളുടെ മതഗ്രന്ഥങ്ങള്‍ക്കു ചരിത്രപരമായ ഒരു സ്വഭാവമുണ്ട്: അതിനാല്‍ അവ ശരിയാണ്.” എന്റെ മറുപടി ഇങ്ങനെയായിരുന്നു; ”എന്‍േറതിന്നു ചരിത്രപരമായ സ്വഭാവമില്ല. അതുകൊണ്ടാണ് അവ ശരിയാകുന്നത്: ചരിത്രപരമാകയാല്‍ നിങ്ങളുടെ മതഗ്രന്ഥങ്ങള്‍ അന്നൊരു ദിവസം ആരോ ഒരുവന്‍ ഉണ്ടാക്കിയതാണെന്നു സ്പഷ്ടം. നിങ്ങളുടേത് മനുഷ്യനിര്‍മ്മിതമാണ്. എന്‍േറതങ്ങനെയല്ല. ചരിത്രപരമല്ലെന്നത് അവയ്ക്കനുകൂലമാണ്.” ഇങ്ങനെയാണ് വേദങ്ങള്‍ക്ക് ഇന്നത്തെ മറ്റു മതഗ്രന്ഥങ്ങളോടുള്ള ബന്ധം.

നാമങ്ങനെ ഉപനിഷത്തുകളുടെ ഉപദേശങ്ങളിലേക്കു വന്നു ചേരുന്നു. പലതരം വാക്യങ്ങളാണുള്ളത്. ചിലതു തികച്ചും ദ്വൈതപരം. മറ്റു ചിലത് അദ്വൈതപരവും. എന്നാല്‍ ഭാരതത്തിലെ മതവിഭാഗക്കാര്‍ക്കെല്ലാം യോജിക്കാവുന്ന ചില സിദ്ധാന്തങ്ങളുണ്ട്. ഒന്നാമത് സംസാരത്തെ അഥവാ പുനര്‍ജന്മത്തെപ്പറ്റിയുള്ള സിദ്ധാന്തം. രണ്ടാമത് മനശ്ശാസ്ര്തത്തെപ്പറ്റി എല്ലാവര്‍ക്കുമുള്ള യോജിപ്പ്. ആദ്യമായിട്ടുള്ളതു ശരീരം: അതിന്റെ പിന്നില്‍ സൂക്ഷ്മശരീരമെന്നു വിളിക്കപ്പെടുന്ന അന്തഃകരണം: അതിനു പിന്നിലാണ് ജീവന്‍. പാശ്ചാത്യവും ഭാരതീയവുമായ മനശ്ശാസ്ത്രങ്ങള്‍ക്കു തമ്മിലുള്ള ഭേദമിതാണ്; പാശ്ചാത്യരുടെ മനശ്ശാസ്ത്രത്തില്‍ അന്തഃകരണമാണ് ആത്മാവ്: ഇവിടെ അതല്ല. അന്തഃകരണം, അന്തരിന്ദ്രിയമെന്നു വിളിക്കപ്പെടുന്ന മനസ്സ്, ജീവന്റെ ഒരുപകരണം മാത്രം. അതിലൂടെയാണ് ജീവന്‍ ശരീരത്തിലോ ബാഹ്യലോകത്തിലോ പ്രവര്‍ത്തിക്കുന്നത്. ഇതിനെപ്പറ്റി എല്ലാവര്‍ക്കും യോജിപ്പാണ്. വിഭിന്ന വിഭാഗക്കാര്‍ പല പേരുകള്‍ ചൊല്ലി വിളിക്കുന്ന ഈ ജീവന്‍, അഥവാ ജീവാത്മാവ്, അനാദിയും നിത്യനുമാണെന്നും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മോക്ഷമടയുന്നതുവരെ ജനിക്കയും പുനര്‍ജ്ജനിക്കയും ചെയ്യുന്നതും ഈ ആത്മാവുതന്നെയെന്നും എല്ലാവരും സമ്മതിക്കുന്നു. ഇതിലും എല്ലാവര്‍ക്കും യോജിപ്പാണ്. ഭാരതീയവും പാശ്ചാത്യവുമായ മനസ്സുകള്‍ക്കു തമ്മിലുള്ള ഭേദത്തെ ഏറ്റവും സ്വരസവും പ്രത്യക്ഷവും സജീവവുമായ മട്ടില്‍ കാട്ടുന്ന മറ്റൊരു മാര്‍മ്മികമായ കാര്യത്തിലും അവര്‍ക്കെല്ലാം തമ്മില്‍ യോജിപ്പുണ്ട്. അതാവിത്; എല്ലാം ആത്മാവിലുണ്ട്. വെളിയില്‍നിന്നുള്ളിലേക്കു പ്രവേശിപ്പിക്കയല്ല: സത്യത്തില്‍ ഉള്ളില്‍നിന്നു വെളിയിലേക്കു സ്ഫുരിപ്പിക്കലാണ്; (നിശ്വസിതമല്ല, ഉച്ഛ്വസിതമാണ്). ശക്തികളെല്ലാം, ശുദ്ധിയെല്ലാം, മഹത്ത്വമെല്ലാം – എല്ലാം – ആത്മാവിലാണ്. അണിമ, ലഘിമ തുടങ്ങി നേടാന്‍ നോക്കുന്ന സിദ്ധികള്‍ സൂക്ഷ്മത്തില്‍ നേടേണ്ടവയല്ലെന്നും, ഇപ്പൊഴേ അവ ആത്മാവിലുണ്ടെന്നും യോഗി പറഞ്ഞുതരും. അവയെ വ്യക്തമാക്കാനാണ് പ്രയത്‌നം.

ഉദാഹരണമായി, നിങ്ങളുടെ കാല്‍ച്ചോട്ടില്‍ ഇഴയുന്ന ഏറ്റവും ക്ഷുദ്രമായ കൃമിയില്‍പ്പോലും അണിമാദികളായ അഷ്ടസിദ്ധികള്‍ ഇപ്പൊഴേ ഉണ്ടെന്ന് പതഞ്ജലി ഉദ്‌ബോധിപ്പിക്കുന്നു. വ്യത്യാസം ശരീരംകൊണ്ടുണ്ടായതാണ്. അതിനു മെച്ചപ്പെട്ട ഒരു ശരീരമുണ്ടായാല്‍, സിദ്ധികള്‍ പ്രത്യക്ഷപ്പെടും. പക്ഷേ ഇപ്പൊഴേ അവയവിടെയുണ്ട്. ‘നിമിത്തമപ്രയോജകം പ്രകൃതീനാം വരണഭേദസ്തു തതഃ ക്ഷേത്രി കവത്.’ ‘പ്രകൃതിയുടെ പരിണാമത്തില്‍ സത്കര്‍മ്മങ്ങളും ദുഷ്‌കര്‍മ്മങ്ങളും നേരിട്ടു കാരണങ്ങളല്ല: അവ ആ പരിണാമത്തിനുള്ള പ്രതിബന്ധങ്ങളെ തകര്‍ക്കുന്നു.കൃഷിക്കാരന്‍ വെള്ളമൊഴുകുവാനുള്ള തടസ്സങ്ങള്‍ നീക്കുമ്പോള്‍, വെള്ളം തനിയേ ഒഴുകുന്നതുപോലെയാണത്.’ മറ്റെവിടെയോ ഉള്ള വലിയ ഒരു ജലാശയത്തില്‍നിന്ന് തന്റെ പാടത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന ഒരു കൃഷിക്കാരനെപ്പോലെ എന്ന് പ്രസിദ്ധമായ ഉദാഹരണമാണ് പതഞ്ജലി ഇവിടെ തന്നിരിക്കുന്നത്. ജലാശയം എപ്പോഴും നിറഞ്ഞിരിക്കയാണ്. ഒരു നിമിഷം മതി വെള്ളത്തിനു കൃഷിക്കാരന്റെ ഭൂമിയെ ആറാടിക്കാന്‍. രണ്ടിനും ഇടയ്ക്ക് ഒരു വരമ്പുണ്ടെന്നേയുള്ളു. ഈ വരമ്പു നീക്കിയാല്‍ ഉടന്‍തന്നെ വെള്ളം സ്വന്തം ഊക്കും തള്ളലുംകൊണ്ടു കുതിച്ചു വന്നുകൊള്ളും. ശക്തിയുടെയും ശുദ്ധിയുടെയും സിദ്ധിയുടെയും കൂമ്പാരം ഇപ്പൊഴേ ആത്മാവിലുണ്ട്. വ്യത്യാസം ആത്മാവിന്റെ മേലിട്ടിട്ടുള്ള ആവരണം വരുത്തിയതത്രേ. ഈ മൂടുപടം മാറ്റിയാല്‍ ആത്മാവു ശുദ്ധമാകുന്നു: അതിന്റെ ശക്തികള്‍ പ്രകാശിക്കുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകള്‍ക്കുള്ള വമ്പിച്ച അന്തരമിതാണെന്നു നിങ്ങള്‍ ഓര്‍ക്കണം. അതുകൊണ്ടാണ്, നാമൊക്കെ ജന്മനാ പാപികളാണെന്നും, ഭയങ്കരമായ ആവക സിദ്ധാന്തങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് നാമൊക്കെ ദുഷ്ടരായി ജനിക്കുന്നു എന്നും മറ്റുമുള്ള ഞെട്ടിക്കുന്ന സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുന്ന മനുഷ്യരെ കാണാന്‍ കിട്ടുന്നത്. സ്വാഭാവികമായി നാം ദുഷ്ടരാണെങ്കില്‍, ഒരിക്കലും നാം നല്ലവരാവില്ലെന്ന കാര്യം അവരാലോചിക്കുന്നേയില്ല. സ്വഭാവം എങ്ങനെ മാറും? മാറിയാല്‍ അതു സ്വയം നിഷേധിക്കയാകും. അപ്പോള്‍ അതു സ്വഭാവമല്ല. ഇതു നാം ഓര്‍ക്കേണ്ടതാണ്. ഇതില്‍ ദ്വൈതിക്കും അദ്വൈതിക്കും ഭാരതത്തിലുള്ള മറ്റെല്ലാവര്‍ക്കും യോജിപ്പാണുള്ളത്.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – വേദാന്തം: എല്ലാ വശങ്ങളിലൂടെയും(കല്ക്കത്തയില്‍ നടത്തിയ പ്രഭാഷണം) – തുടരും]