സ്വാമി വിവേകാനന്ദന്‍

ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും
ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാന്‍ പോകുന്ന മൂന്നാമത്തെ ആശയം ഇതാണ്. ലോകത്തിലുള്ള മറ്റെല്ലാ വംശ്യരില്‍നിന്നും വ്യത്യസ്തമായി, കുറേ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു മാത്രമാണ് ലോകം സൃഷ്ടിക്കപ്പെട്ടതെന്നും അത് ഒരു നിര്‍ദ്ദിഷ്ടദിവസം എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുമെന്നും നാം വിശ്വസിക്കുന്നില്ല. ഇതുപോലെ, മനുഷ്യന്റെ ആത്മാവ് ഈ പ്രപഞ്ചത്തോടൊപ്പം, ശൂന്യതയില്‍നിന്നു സൃഷ്ടിക്കപ്പെട്ടതാണെന്നും നാം വിശ്വസിക്കുന്നില്ല. നമുക്കൊക്കെ യോജിക്കാവുന്ന മറ്റൊരു സംഗതിയാണിത് എന്നു തോന്നുന്നു. ആദിയുമന്തവുമില്ലാത്തതാണ് പ്രകൃതിയെന്ന് നാം വിശ്വസിക്കുന്നു. മനഃശാസ്ത്രീയമായി പ്രാധാന്യമുള്ള ചില ഘട്ടങ്ങളില്‍ ബാഹ്യപ്രപഞ്ചത്തിന്റെതായ സ്ഥൂലദ്രവ്യം അതിന്റെ സൂക്ഷ്മാവസ്ഥയിലേക്കു പോകുന്നെന്നു മാത്രം. കുറേക്കാലം അതങ്ങനെ തുടരുന്നു. വീണ്ടും പരിമിതവും പ്രകൃതിയെന്നറിയപ്പെടുന്നതുമായ ഈ ദൃശ്യം പ്രസര്‍ജ്ജിക്കപ്പെടുന്നു. കാലത്തിന്റെ തുടക്കത്തിന്നു മുമ്പുതന്നെ, സദാ തരംഗാകാരമായ ഈ ചലനം നടന്നുകൊണ്ടേയിരുന്നു: അനന്തമായ കാലമത്രയും നടന്നുകൊണ്ടിരിക്കയും ചെയ്യും. അടുത്തതായി, മനുഷ്യന്‍ വെറുമൊരു ജഡമയമായ സ്ഥൂലശരീരമല്ലെന്ന് എല്ലാ ഹിന്ദുക്കളും വിശ്വസിക്കുന്നു. ഇതിന്നുള്ളില്‍, കൂടുതല്‍ സൂക്ഷ്മമായ ഒരു ശരീരം, മനസ്സ്, ഉണ്ടെന്നു മാത്രമല്ല, അതിലും വലുതായ ഒരു വസ്തു – ശരീരവും മനസ്സും പരിണാമിയാകയാല്‍ – അപ്പുറത്തുള്ള ഒരു വസ്തു, ആത്മാവ്, ഉണ്ടെന്നും വിശ്വസിക്കുന്നു.

‘ആത്മാവ്’ എന്ന വാക്കു വിവര്‍ത്തനം ചെയ്യത്തക്കതല്ല: ഏതു വിവര്‍ത്തനവും തെറ്റും. സൂക്ഷ്മശരീരത്തിനും അപ്പുറമുള്ളതാണ് മനുഷ്യന്റെ ആത്മാവ്. ഇതിന്ന് ആദിയും അന്തവുമില്ല: മരണമെന്തെന്ന് അതിനറിവില്ല. മറ്റു മനുഷ്യവംശങ്ങളുടേതില്‍നിന്നെല്ലാം ഭിന്നവും സവിശേഷവുമായ ഒരാശയമിതാണ്; ഓരോരോ ശരീരത്തിലായി ഈ ആത്മാവ് കുടിപാര്‍ക്കുന്നു: അങ്ങനെ കുടിപാര്‍ക്കല്‍ താല്പര്യം തീരുന്നതുവരെ അതങ്ങനെ തുടരുന്നു. അപ്പോള്‍ വീണ്ടും ജനിക്കാത്തവണ്ണം അതു സ്വതന്ത്രമാകുന്നു. സംസാരത്തെക്കുറിച്ചും നിത്യാത്മാക്കളെക്കുറിച്ചും നമ്മുടെ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്ന സിദ്ധാന്തങ്ങളെപ്പറ്റിയാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. നാം ഏതു മതവിഭാഗങ്ങളില്‍പ്പെട്ടവരായാലും നമുക്കു യോജിപ്പുള്ള മറ്റൊരു സംഗതിയാണിത്. ആത്മാവും ഈശ്വരനും തമ്മിലുള്ള ബന്ധത്തെപ്പറ്റി മതഭേദങ്ങള്‍ ഉണ്ടാകാം. ഈശ്വരനില്‍നിന്നു നിത്യഭേദമാണ് ആത്മാവിന്നുള്ളതെന്ന് ഒരു മതവിഭാഗക്കാര്‍ കരുതുന്നുണ്ടാവാം, മറ്റൊരു കൂട്ടര്‍ അപരിമിതമായ ആ അഗ്‌നിയുടെ ഒരു സ്ഫുലിംഗമാണ് ആത്മാവെന്നാവാം കരുതുന്നത്. മൂന്നാമതൊരു കൂട്ടര്‍ക്ക് ആത്മാവും അപരിമിതവും ഒന്നുതന്നെയാകാം. പക്ഷേ, ഈ ആത്മാവ് അപരിമിതമാണെന്നും, സൃഷ്ടിക്കപ്പെട്ടതല്ലെന്നും, അതുകൊണ്ടുതന്നെ മരിക്കയില്ലെന്നും, മനുഷ്യശരീരത്തിലെത്തി പൂര്‍ണ്ണതയടയുന്നതുവരെ അതിന്നു പല ശരീരങ്ങളിലൂടെ കടന്നു പരിണമിക്കേണ്ടതുണ്ടെന്നുമുള്ള മൗലികവിശ്വാസത്തെ മുറുകെ പിടിക്കുന്നിടത്തോളം നമ്മുടെ വ്യാഖ്യാനമെന്തായാലും തരക്കേടില്ല. ഇതിലും നമുക്കൊക്കെ യോജിപ്പാണുള്ളത്.

ഇനിയുള്ളതാണ്, ആദ്ധ്യാത്മികമണ്ഡലത്തിലെ അത്യന്തം വ്യാവര്‍ത്തകവും മഹനീയവും അദ്ഭുതകരവുമായ കണ്ടുപിടുത്തം. ഒരുപക്ഷേ പാശ്ചാത്യചിന്താസരണികള്‍ പരിചയിച്ചിട്ടുള്ള നിങ്ങളില്‍ ചിലര്‍ ഇതിനകം, പാശ്ചാത്യമായതിനെയെല്ലാം പൗരസ്ത്യമായതില്‍നിന്നൊക്കെ ഉടനടി വേര്‍തിരിക്കുന്ന മൗലികമായ ഭേദം നിരീക്ഷിച്ചിരിക്കാം. അതിതാണ്; നാം ശാക്തന്മാരോ സൗരന്മാരോ വൈഷ്ണവന്മാരോ അഥവാ ബൗദ്ധന്മാരോ ജൈനന്മാര്‍പോലുമോ ആകട്ടെ: ഭാരതത്തില്‍ നാമെല്ലാം സമ്മതിക്കുന്നു, ആത്മാവ് ശുദ്ധവും പൂര്‍ണ്ണവും അപരിമിതശക്തിയും അനുഗൃഹീതവുമാണെന്ന്. വ്യത്യാസമിതത്രേ; ദ്വൈതമനുസരിച്ച്, സ്വാഭാവികമായ ഈ ആത്മാനന്ദം പഴയ ദുഷ്‌കര്‍മ്മംകൊണ്ടു സങ്കോചിക്കുന്നു: ഈശ്വര കൃപകൊണ്ടു വീണ്ടും അതു വികസിക്കയും അതിന്റെ പൂര്‍ണ്ണത പ്രകാശിപ്പിക്കയും ചെയ്യും. അദ്വൈതമനുസരിച്ചാകട്ടെ സങ്കോചമെന്ന ഈ ആശയംപോലും ഭാഗികമായ ഒരു തെറ്റാണ്. ആത്മശക്തികള്‍ നഷ്ടപ്പെട്ടു എന്ന് നമ്മെക്കൊണ്ടു ചിന്തിപ്പിക്കുന്നതു മായാവരണമാണ്. വാസ്തവത്തില്‍ പൂര്‍ണ്ണമായി വികസിച്ച ശക്തികളെല്ലാം അവിടെത്തന്നെയുണ്ട്. വ്യത്യാസങ്ങള്‍ എന്തൊക്കെയാണെങ്കിലും കേന്ദ്രസ്ഥമായ സാരത്തിലേക്കു നാം വരുന്നു. അവിടെ പാശ്ചാത്യവും പൗരസ്ത്യവും തമ്മില്‍ പൊരുത്തപ്പെടുത്താനാവാത്ത ഒരു ഭേദം നിലകൊള്ളുന്നുണ്ടു താനും. പൗരസ്ത്യന്‍ മഹത്തും പുണ്യവുമായതിന്നെല്ലാംവേണ്ടി ഉള്ളിലേക്കാണ് നോക്കുന്നത്: ആരാധിക്കുമ്പോള്‍ നാം കണ്ണടയ്ക്കുന്നു: ഈശ്വരനെ ഉള്ളില്‍ കാണാന്‍ ശ്രമിക്കുന്നു. പാശ്ചാത്യന്‍ വെളിയില്‍, മുകളിലേക്കാണ് ഈശ്വരനെ കാണാന്‍ നോക്കുന്നത്. പാശ്ചാത്യരുടെ മതഗ്രന്ഥങ്ങള്‍ ഈശ്വരന്‍ (പ്രവാചകഹൃദയത്തിലേക്ക്) ഉച്ഛ്വസിച്ചതാണ്. നമ്മുടേതാകട്ടേ ഈശ്വരന്‍ നിശ്വസിച്ചിട്ടുള്ളതാണ്. ശ്വാസംപോലെയാണ് അവ വന്നത് – ഈശ്വരനിശ്വാസം. ഋഷിമാരുടെ, മന്ത്രദ്രഷ്ടാക്കളുടെ, ഹൃദയത്തില്‍നിന്ന് അവ കുതിച്ചുപൊങ്ങി.

ധരിച്ചിരിക്കേണ്ട വലിയ ഒരു സംഗതിയാണിത്. സുഹൃത്തുക്കളേ, സഹോദരന്മാരെ, ഭാവിയില്‍ നമുക്കു ഉറപ്പിച്ചു പറയേണ്ട സംഗതിയും ഇതാണെന്ന് ഞാന്‍ പറഞ്ഞുകൊള്ളട്ടെ. എനിക്കു നല്ല നിശ്ചയമുണ്ട്, ഈ വസ്തുത ധരിക്കണമെന്ന് ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. സ്വയം ഒന്നിനും കൊള്ളരുതാത്തവനെന്നു രാവും പകലും കരുതുന്നവനില്‍നിന്ന് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ല. രാവും പകലും സ്വയം ദീനന്‍, നീചന്‍, വകയ്ക്കു കൊള്ളരുതാത്തവന്‍, എന്നും മറ്റും വിചാരിച്ചാല്‍ ഒന്നിനും കൊള്ളരുതാത്തവന്‍തന്നെയാകും. ‘എനിക്കുണ്മയുണ്ട്, ഉണ്മയുണ്ട്’ എന്നു പറഞ്ഞാല്‍, നിങ്ങള്‍ അത്തരക്കാരനാകുന്നു. മറിച്ച്, ‘എനിക്കുണ്മയില്ല, ഞാനെന്നൊന്നില്ല’ എന്ന് സദാ പറഞ്ഞാല്‍, ധ്യാനിച്ചാല്‍, ശരി, നിങ്ങള്‍ അങ്ങനെ ആയിത്തീരുന്നു. അവശ്യം നിങ്ങള്‍ ഓര്‍ക്കേണ്ട വലിയ വസ്തുതയിതാണ്. സര്‍വ്വശക്തന്റെ സന്താനങ്ങളാണ് നാം. പരിമിതിയറ്റ, ദിവ്യമായ അഗ്‌നിയില്‍നിന്നുണ്ടായ സ്ഫുലിംഗങ്ങളാണ് നാം. നാം എങ്ങനെ വെറും ശൂന്യമാകും? എല്ലാം നാമാണ്: എന്തു ചെയ്യാനും നാമൊരുക്കമാണ്. എല്ലാം ചെയ്യാന്‍ നമുക്കു കഴിയും. എല്ലാംതന്നെ മനുഷ്യന്‍ ചെയ്യണം. നമ്മുടെ പൂര്‍വ്വികന്മാര്‍ക്ക് ഈ ആത്മവിശ്വാസമുണ്ടായിരുന്നു. പരിഷ്‌കാരത്തിന്റെ അണിനടയില്‍ അവരെ ഏറെ ഏറെ മുന്നേറ്റിയ പ്രചാലകശക്തിയും ഈ ആത്മവിശ്വാസമായിരുന്നു. അധോഗതിയോ ദോഷമോ പിണഞ്ഞിട്ടുണ്ടെങ്കില്‍ – എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക – അതുണ്ടായത് നമ്മുടെ ആളുകള്‍ക്ക് ഈ ആത്മവിശ്വാസം നഷ്ടപ്പെട്ട ദിവസംതന്നെയാണ്. ആത്മവിശ്വാസം നശിക്കയെന്നുവെച്ചാല്‍, ഈശ്വരവിശ്വാസം നശിക്കയെന്നാണ് അര്‍ത്ഥം. നിങ്ങളിലും, നിങ്ങളിലൂടെയും, പ്രവര്‍ത്തിക്കുന്ന അനന്തവും മാംഗലികവുമായ ‘ഈശ്വരസത്തയില്‍’ നിങ്ങള്‍ക്കു വിശ്വാസമുണ്ടോ? സര്‍വ്വവ്യാപിയും അന്തര്യാമിയുമായ ‘ഈശ്വരസത്ത’ ഓരോ പരമാണുവിലും ഉണ്ടെന്ന്, സംസ്‌കൃതഭാഷയില്‍ പറയുമ്പോലെ, എല്ലാറ്റിലും ഓതപ്രോതമാണെന്ന്, ശരീരത്തിലും മനസ്സിലും ആത്മാവിലും വ്യാപ്തമാണെന്ന്, വിശ്വസിച്ചാല്‍, എങ്ങനെ നിങ്ങള്‍ക്കു നൈരാശ്യം നേരിടും? ഞാനൊരു ചെറിയ കുമിളയാവാം: നിങ്ങള്‍ മലപോലെയുള്ള ഒരലയാവാം: സാരമില്ല. നിങ്ങള്‍ക്കെന്നപോലെ എനിക്കും പശ്ചാത്തലമായിട്ടുള്ളതു കരയില്ലാക്കടലാണ്.

ജീവിതം, പ്രഭാവം, ആദ്ധ്യാത്മികത – ഇവയുടേതായ ആ അപാരപാരാവാരമാണ് നിങ്ങള്‍ക്കെന്നപോലെ എനിക്കും പശ്ചാത്തലം. ഞാന്‍ എന്റെ ജനനം മുതല്‍ ജീവിക്കുന്നു എന്നതുകൊണ്ട് ഞാനും, അപരിമിതമായ ആ ജീവിതത്തോടും മംഗലത്തോടും പ്രഭാവത്തോടും നിങ്ങളെപ്പോലെ – മലപോലെ ഉയര്‍ന്നവനാണ് നിങ്ങളെങ്കിലും – ബന്ധപ്പെട്ടിരിക്കുന്നു. അവയോടെനിക്ക്, നിങ്ങള്‍ക്കെന്നപോലെ നിത്യബന്ധമുണ്ട്. അതിനാല്‍, സഹോദരന്മാരേ നിങ്ങളുടെ കുട്ടികളെ ജനനം മുതല്‌ക്കേ ജീവിതസന്ദായകവും മഹത്തും ഉത്കര്‍ഷകവും മഹനീയവുമായ ഈ സിദ്ധാന്തം പഠിപ്പിക്കുക. അവരെ അദ്വൈതം പഠിപ്പിക്കേണ്ടതില്ല: ദ്വൈതമോ ഇഷ്ടമുള്ള മറ്റെന്തെങ്കിലും മതമോ പഠിപ്പിക്കുക. ഭാരതത്തിലെല്ലാമുള്ള പൊതുമതം ഇതാണെന്ന് നാം കണ്ടല്ലോ – ആത്മപരമായ, ആത്മാവിന്റെ പൂര്‍ണ്ണതയെക്കുറി ച്ചുള്ള, ഈ സിദ്ധാന്തത്തില്‍ എല്ലാ സമ്പ്രദായങ്ങള്‍ക്കും വിശ്വാസമാണ്. നമ്മുടെ വന്‍കിട ദാര്‍ശനികനായ കപിലന്‍ പറയുംപോലെ, ആത്മ സ്വഭാവം പരിശുദ്ധിയല്ലെങ്കില്‍, പിന്നെ അതിന് ഒരിക്കലും പരിശുദ്ധി കൈവരുകയില്ല. കാരണം, സ്വാഭാവികമായില്ലാത്ത പരിപൂര്‍ണ്ണത കൈവന്നാലും വീണ്ടും നഷ്ടപ്പെടുകതന്നെ ചെയ്യും. മനുഷ്യന്റെ സ്വഭാവം തന്നെ മലിനതയാണെങ്കില്‍, അഞ്ചു നിമിഷനേരം ശുദ്ധമായാല്‍പ്പോലും, അവന്നു മലിനതയില്‍ കഴിയേണ്ടിവരും. കിട്ടിയ ശുദ്ധി മാഞ്ഞു പോകുന്ന സമയം വരും: സഹജമായ ഈ പഴയ മലിനത വീണ്ടും വാണരുളും. അതുകൊണ്ട് നമ്മുടെ ദാര്‍ശനികന്മാരെല്ലാം പറയുന്നു; നമ്മുടെ പ്രകൃതി നല്ലതും നിറവുറ്റതുമാണ്: അല്ലാതെ, അപൂര്‍ണ്ണവും മലീമസവുമല്ല. ഇതു നാം ഓര്‍ക്കണം. ”തന്റെ ശക്തിമത്തായ കര്‍മ്മങ്ങളും ചിന്തകളും ഓര്‍ക്കു” എന്നു മനസ്സിനോട് മരണ മുഹൂര്‍ത്തത്തില്‍ ആവശ്യപ്പെട്ട ആ മഹാസിദ്ധന്റെ മനോജ്ഞമായ ദൃഷ്ടാന്തം സ്മരിക്കുക. നോക്കൂ, ദൗര്‍ബല്യങ്ങളും മൂര്‍ഖതകളും ഓര്‍ക്കൂ എന്നല്ല മനസ്സിനോട് ഉപദേശിക്കുന്നത്. മൂര്‍ഖതകളുണ്ട്: ദൗര്‍ബല്യങ്ങള്‍ കൂടാതെ തരമില്ല: പക്ഷേ സ്വന്തം തനി സ്വഭാവമാണ് എപ്പോഴും ഓര്‍ക്കേണ്ടത്. ഇതൊന്നേ ദൗര്‍ബല്യം മാറ്റാന്‍, മൂര്‍ഖതകള്‍ മാറ്റാന്‍, ഉപായമായിട്ടുള്ളു.

ഭാരതത്തിലെ മതസമ്പ്രദായങ്ങള്‍ക്ക് പൊതുവിലുള്ളതാണ് മേല്‍ ചൊന്ന കുറേ സംഗതികളെന്നു തോന്നുന്നു. ഒരുപക്ഷേ, ഭാവിയില്‍ ഈ പൊതുവേദിയില്‍ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളും പഴമക്കാരും പുതുമക്കാരുമായ മതാനുയായികള്‍ വന്ന് ഇണങ്ങിച്ചേര്‍ന്നേക്കും. എല്ലാറ്റിനും ഉപരിയായി മറ്റൊരു കാര്യം ഓര്‍ക്കണം – കൂടെ ക്കൂടെ നാം മറക്കുന്നതാണെന്നും സഖേദം പ്രസ്താവിക്കാതെ തരമില്ല – ഭാരതത്തില്‍ മതമെന്നു പറഞ്ഞാല്‍ അനുഭൂതിയെന്നാണര്‍ത്ഥം: ഇതില്‍ കുറഞ്ഞതൊന്നുമല്ല. ”ഈ സിദ്ധാന്തത്തില്‍ വിശ്വസിക്കൂ: എന്നാല്‍ എല്ലാം ഭദ്രം” – എന്നു നമ്മെ പഠിപ്പിക്കത്തക്കതല്ല. നമുക്ക് ഇതില്‍ വിശ്വാസമില്ല. നിങ്ങള്‍: നിങ്ങളെ സ്വയം രൂപപ്പെടുത്തുന്നതെന്തായിട്ടോ അതാണ് നിങ്ങള്‍; ഈശ്വരാനുഗ്രഹംകൊണ്ടും സ്വപ്രയത്‌നംകൊണ്ടുമാണ് നിങ്ങള്‍ നിങ്ങളായത്. ചില സിദ്ധാന്തങ്ങളിലും നിഗമനങ്ങളിലും വിശ്വസിക്കുന്നതുകൊണ്ടുമാത്രം ഒരു മെച്ചവും നിങ്ങള്‍ക്കുണ്ടാവാന്‍ പോകുന്നില്ല. ഭാരതത്തിലെ ആദ്ധ്യാത്മികാന്തരീക്ഷത്തില്‍നിന്നു വന്ന ശക്തിമത്തായ വാക്കാണ് അനുഭൂതി. നമ്മുടെ ശാസ്ത്രങ്ങളിലെ ഈ പ്രഖ്യാപനം കൂടെക്കൂടെ കേള്‍ക്കാനുള്ളു; – ‘ഭഗവാനെ  കാണണം, ധൃഷ്ടവും ധീരവുമായ വാക്കുകളാണ് ഇവ സംശയമില്ല: പക്ഷേ, സാരത്തില്‍ സത്യവുമാണ്. ഓരോ നാദവും ഓരോ സ്പന്ദവും സത്യമാണ്. മതം അനുഭവപ്പെടാനുള്ളതാണ്, കേള്‍ക്കാനുള്ളതു മാത്രമല്ല. തത്തയെപ്പോലെ വല്ല സിദ്ധാന്തവും പഠിക്കുന്നതല്ല മതം. വെറും ബുദ്ധിപരമായ യോജിപ്പിലെത്തുന്നതും മതമല്ല: ഇതിലൊരര്‍ത്ഥവുമില്ല. നമ്മുടെ ഉള്ളിലേക്ക് വരേണ്ടതാണ് മതം. അത്, അതുകൊണ്ട് ഈശ്വരസത്തയെപ്പറ്റി നമുക്കുള്ള ഏറ്റവും വമ്പിച്ച തെളിവ് നമ്മുടെ ബുദ്ധി ശക്തി അങ്ങിനെ പറയുന്നു എന്നതല്ല: പിന്നെയോ, പ്രാചീനരും അര്‍വ്വാചീനരും ഈശ്വരനെ കണ്ടിട്ടുണ്ട് എന്നതാണ്. നാം സ്വന്തം ആത്മാവില്‍ വിശ്വസിക്കുന്നത് അതിന്റെ സത്ത തെളിയിക്കാന്‍ നല്ല യുക്തികളുണ്ടെന്നതുകൊണ്ടു മാത്രമല്ല: എല്ലറ്റിനും ഉപരിയായി – പണ്ടും ഇന്നും മേലാലും – ഭാരതത്തില്‍ ആയിരമായിരമാളുകള്‍ ആത്മാവിനെ സാക്ഷാത്കരിച്ചു, സാക്ഷാത്കരിക്കുന്നു, സാക്ഷാത്കരിക്കും എന്നുള്ളതുകൊണ്ടാണ്. ഈശ്വരനെ കാണുന്നതുവരെ, ആത്മാവിനെ സാക്ഷാത്കരിക്കുന്നതുവരെ, മനുഷ്യന് മുക്തിയില്ല. അതിനാല്‍, എല്ലാറ്റിനും ഉപരിയായി നമുക്ക് ഇതു മനസ്സിലാക്കാം: ഇത് കൂടുതല്‍ ധരിക്കുന്നതോടൊപ്പം വിഭാഗീയത ഭാരതത്തില്‍ കുറയുകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍, ഈശ്വരനെ സാക്ഷാത്കരിച്ചവനെ, കണ്ടവനെ മതപരനാകാന്‍ കഴിയു. അയാളുടെ കെട്ടുകള്‍ അറ്റിരിക്കുന്നു: അയാളുടെ സംശയങ്ങള്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും അടുത്തതിനെക്കാള്‍ അടുത്തും അകന്നതിനെക്കാള്‍ അകന്നും നിലകൊള്ളുന്ന ഈശ്വരനെ കണ്ടവനു പ്രാരബ്ധ കര്‍മ്മങ്ങളില്‍നിന്നു വിടുതല്‍ കിട്ടിയിരിക്കുന്നു. അതെ, മതത്തിന്‍േറ തായ സത്യം വെറും പ്രലപനമാണെന്നു നാം ഭ്രമിക്കാറുണ്ട്: വിജ്ഞാ നം നിറഞ്ഞ വാഗ്‌ധോരണി വമ്പിച്ച ആദ്ധ്യാത്മികാനുഭൂതിയെന്നും. അപ്പോഴാണ് വിഭാഗീയചിന്തയും പോരാട്ടവും ഉണ്ടാകുന്നത്. അനുഭൂതി മാത്രമേ മതമാകയുള്ളു എന്ന് ഒരിക്കല്‍ ധരിച്ചാല്‍ നാം നമ്മുടെ ഹൃദയത്തിലേക്കു നോക്കും, മതസത്യങ്ങളുടെ അനുഭൂതിയിലേക്ക് നാം എത്രമാത്രം അടുക്കുന്നു എന്നു കാണും. അപ്പോള്‍ ബോധപ്പെടും, നാം സ്വയം ഇരുളില്‍ തപ്പിത്തടയുകയാണെന്ന്; അന്യരേയും അതേ ഇരുട്ടുവഴിക്ക് തപ്പിത്തടയാന്‍ കൊണ്ടുപോകയാണെന്ന്; അപ്പോള്‍ വിഭാഗീയത, കലഹം, പോരാട്ടം എന്നിവ നാം നിര്‍ത്തും. വിഭാഗീയമായ കലഹത്തിനൊരുങ്ങുന്നവനോടു ചോദിക്കണം; ”ഈശ്വരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ആത്മാവിനെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഈശ്വരനാമം പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? ഇരുളില്‍ നടക്കുന്ന നിങ്ങള്‍ക്ക് എന്നെയും ആ ഇരുളിലേക്കു നയിക്കാന്‍ എന്തവകാശം? അന്ധന്‍ അന്ധനെ നയിക്കുന്നു, രണ്ടുപേരും കുഴിയില്‍ വീഴുന്നു!”