യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 642 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

തദൈവൈതന്‍മഹാഭേദോ മൃദ്ഭാതുത്വമുപാഗതം
കാലേന വസുധാ ഭൂയോ ഭൂത്വാ മൃണ്‍മയതാം ഗതി (6.2/158/19)

അഗ്നിദേവന്‍ പറഞ്ഞു: വ്യാധന്‍ മുനിയില്‍ നിന്നും ഇതെല്ലാം കേട്ട് അത്ഭുതപരതന്ത്രനായി. രണ്ടാളും തുടര്‍ന്നും തപശ്ചര്യകള്‍ നടത്തിവന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മുനി നിര്‍വാണം പ്രാപിച്ചു തന്റെ ദേഹമുപേക്ഷിച്ചു.

പിന്നെയും ഏറെക്കാലം കഴിയെ ഇഷ്ടമുള്ള വരങ്ങള്‍ നല്‍കാനായി സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ്‌ വ്യാധന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. മനസ്സിന്റെ സ്വഭാവം, തന്റെ വാസനകളില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല, എങ്കിലും മുനിയുടെ പ്രവചനങ്ങള്‍ ഓര്‍മ്മയുടെ കോണിലെവിടെയോ ഉണ്ടായിരുന്നു. അതിനാല്‍ വ്യാധന്‍ ചോദിച്ച വരങ്ങള്‍ അവന്റെ വാസനായക്ക് അനുസൃതമായിരുന്നു.

വരബലംകൊണ്ട് വ്യാധന്റെ ദേഹം ആകാശംമുട്ടെ വളര്‍ന്നു വികസിക്കാന്‍ തുടങ്ങി. എന്നിട്ടും അദ്ദേഹത്തിനു അവിദ്യയുടെ അതിരറ്റങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം പരിക്ഷീണനും ആകുലചിത്തനുമായിത്തീര്‍ന്നു. പ്രാണത്യാഗംചെയ്ത് അദ്ദേഹം ആകാശത്തടിഞ്ഞു നിപതിച്ചു. ആകാശത്ത് നിലനിന്ന് അദ്ദേഹം സ്വയം സിന്ധു രാജാവാണെന്ന് സങ്കല്‍പ്പിക്കാന്‍ ആരംഭിച്ചു.

ആ ദേഹം പ്രത്യക്ഷമായത് ലോകത്തിന്റെ ഏതോ ഒരിടത്ത് ഒരു മുടിപ്പന്തുപോലെയുള്ള ഗോളത്തിന് മുകളിലായാണ്. ആ ഗോളം ഭൂമിയെ മുഴുവന്‍ മൂടാനുള്ളത്ര വലുതായിരുന്നു.

അല്ലയോ വിപശ്ചിത്ത് രാജന്‍, എങ്ങനെയാണാ ദേഹത്തെ തിരിച്ചറിയേണ്ടതെന്നു ഞാന്‍ പറഞ്ഞുവല്ലോ. ആ ദേഹം വന്നുവീണ ഇടം നമ്മെ സംബന്ധിച്ചിടത്തോളം ലോകമെന്ന കെട്ടുകാഴ്ചയായിത്തീര്‍ന്നു.

ഈ ദേഹത്തിലെ രക്തം വലിച്ചു കുടിച്ചശേഷം മാത്രമാണ് കാളീദേവിയുടെ ഉണങ്ങി വരണ്ട ദേഹത്തിനു പുഷ്ടിയുണ്ടായത്. അങ്ങനെ ദേവി ചണ്ഡികയായി.

ആ മൃതദേഹത്തിലെ മാംസമാണ് ഭൂമിയെന്ന അടിസ്ഥാനഭൂതമായത്. കാലക്രമത്തില്‍ ലോകം ഇപ്പോള്‍ കാണപ്പെടുന്ന ഭൂമിയുടെ രൂപഭാവങ്ങളായിത്തീര്‍ന്നു.” ഒരിക്കല്‍ക്കൂടി ഭൂമി ജീവജാലങ്ങളാലും വിപിനങ്ങളാലും ഗ്രമങ്ങളാലും നഗരങ്ങളാലും നിറഞ്ഞു. ഭൂമിയ്ക്ക് ഉറപ്പും നിറവും കൈവന്നു.

അല്ലയോ സദ്‌വൃത്തനായ മര്‍ത്ത്യാ, നിനക്ക് ഇഷ്ടമുള്ളയിടത്തേയ്ക്ക് പോകൂ. എന്നെ ദേവരാജാവായ ഇന്ദ്രന്‍ ക്ഷണിച്ചിട്ടുണ്ട്. എന്റെ സഹായത്തോടെ അദ്ദേഹമൊരു യാഗം നടത്താന്‍ ആഗ്രഹിക്കുന്നു. ഞാനങ്ങോട്ടു പോകട്ടെ.

ഭാസന്‍ (വിപശ്ചിത്‌) പറഞ്ഞു: ഇത്രയും പറഞ്ഞു അഗ്നിദേവന്‍ അവിടം വിട്ടുപോയി.

എന്നില്‍ ലീനമായിരുന്ന എല്ലാ മനോപാധികളോടും കൂടി ഞാന്‍ അവിടം വിട്ടുപോയി എന്റെ കര്‍മ്മങ്ങളില്‍ വ്യപൃതനായി. ഒരിക്കല്‍ക്കൂടി ഞാന്‍ അനന്തമായ ലോകങ്ങളെയും എണ്ണമറ്റ വിഷങ്ങളെയും ദര്‍ശിച്ചു. ചിലതൊരു കുടപോലെ കാണപ്പെട്ടു.ചിലത് മൃഗങ്ങളെപ്പോലെ. മറ്റുചിലത് മാമരങ്ങളെപ്പോലെ. ചിലയിടങ്ങളില്‍ കല്ലുകള്‍ മാത്രം നിറഞ്ഞിരുന്നു. എന്നാല്‍ അപ്പോഴും അജ്ഞാനത്തിന്റെ അറ്റം കണ്ടിരുന്നില്ല. അതിനാല്‍ ഞാന്‍ വിഷണ്ണനും വിഷാദവാനുമായിരുന്നു. അപ്പോള്‍ ഞാന്‍ തപസ്സിരിക്കാന്‍ തീരുമാനിച്ചു.

ഇത് കണ്ട് ഇന്ദ്രന്‍ പറഞ്ഞു: അല്ലയോ വിപശ്ചിത്തെ, ആകാശത്ത് അങ്ങേയ്ക്കും എനിക്കും മാനിന്റെ ദേഹമാണുള്ളത്. പണ്ട്, സ്വര്‍ഗ്ഗം എന്നൊരു മോഹവിഭ്രമം എന്നിലും ഉളവായതിനാല്‍ ഞാനവിടെ അലഞ്ഞു തിരിയുകയാണ്.

ഇതുകേട്ട് ഞാന്‍ ഇന്ദ്രനോട് പറഞ്ഞു: ‘അല്ലയോ സ്വര്‍ഗ്ഗ രാജാവേ, എനിക്കീ സംസാരം മതിയായി. ഇവിടെ നിന്നെന്നെ ഇത്രയം വേഗം സ്വതന്ത്രനാക്കിയാലും.’