ആത്മമായാമൃതേ രാജന്‍ പരസ്യാനുഭ വാത്മനഃ
ന ഘടേതാര്‍ത്ഥസംബന്ധ : സ്വപ്നദ്രഷ്ടുരിവാഞ്ജസാ (2-9-1)
തപോ മേ ഹൃദയം സാക്ഷാദാത്മാഹം തപസോ നഘ! (2-9-22)
സൃജാമി തപസൈവേദം ഗ്രസാമി തപസാ പുനഃ
ബിഭര്‍മ്മി തപസാ വിശ്വം വീര്യം മേ ദുശ്ചരം തപഃ (2-9-23)

ശുകമുനി പറഞ്ഞു:

രാജന്‍, സൃഷ്ടിക്കപ്പെട്ട വസ്തുക്കളുമായി ആത്മാവിന്-ബോധസ്വരൂപമായ ആത്മാവിന്‍, യാതൊരു വകബന്ധങ്ങളും ഉണ്ടാവുകവയ്യ. എന്നാല്‍ ഭഗവല്‍മായയാല്‍ ആത്മ-വസ്തു ബന്ധം ഉളളതായി കാണപ്പെടുന്നു. മനുഷ്യനും അവന്റെ സ്വപ്നസംഗതികളുമായി യാഥാര്‍ഥ്യത്തില്‍ ബന്ധമില്ലാത്തതുപോലെ. നാമവും രൂപവും, ‘ഞാന്‍’, ‘എന്റെ’, എന്നഭാവങ്ങളും മായാവലയത്തിനു ള്ളില്‍ മാത്രമേയുളളൂ. അവയ്ക്ക്‌ നാമരഹിതമായ, അനന്തമായ, പരമാത്മാവിനെ തൊടാന്‍ സാദ്ധ്യമല്ല തന്നെ. ഭഗവാന്‍ സ്വയം സൃഷ്ടികര്‍ത്താവിനു വെളിപ്പെടുത്തിയ ആ സത്യം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതര‍ാം.

ആദിയില്‍ ബ്രഹ്മാവിനു സൃഷ്ടിക്കാനുളള ആഗ്രഹമുണ്ടായപ്പോള്‍ സ്വയം അതിനുളള കഴിവുണ്ടായിരുന്നില്ല. ആഗ്രഹസഫലീകരണത്തിനായി തീവ്രമായി ആലോചിച്ചിരിക്കുമ്പോള്‍ ‘തപഃ’, എന്ന രണ്ടക്ഷരങ്ങള്‍ രണ്ടുതവണ അശരീരിയായിക്കേട്ടു. ബ്രഹ്മാവ്‌ ഇതുനിര്‍ദ്ദേശമായിക്കരുതി കഠിനമായ തപസ്സനുഷ്ടിക്കാന്‍ തുടങ്ങി. ആയിരം ദേവവര്‍ഷങ്ങള്‍തന്നെ അദ്ദേഹം തപസ്സിരുന്നു. ഈ തപസ്സിന്റെ ഫലമായി അദ്ദേഹത്തിന്‌ സൃഷ്ടിപ്രക്രിയകള്‍ മനസിലുളവായി. അതറിവായി. സന്യാസിവര്യന്‍മാരുടെപോലും പരമധനമത്രെ തപസ്സ്‌.

ബ്രഹ്മ തപസ്സില്‍ സന്തുഷ്ടനായ ഭഗവാന്‍ സ്വപ്രഭാവം അദ്ദേഹത്തിനു വെളിപ്പെടുത്തി. ആ പ്രഭാവപ്രദേശത്ത്‌ യാതൊരുവിധ കാലുഷ്യങ്ങളോ ഭയമോ ഇല്ല. രജേസ്തമോഗുണങ്ങളോ സത്വഗുണമോ പോലും അവിടെയില്ല. അവിടെ മായയോ കാലമോ ഇല്ല. ഭഗവല്‍പാര്‍ഷദന്മ‍ാര്‍പോലും ഭഗവാനെപ്പോലെത്തന്നെ ശോഭയാര്‍ന്ന് കാണപ്പെടുന്നു. എല്ലാവിധ സല്‍ഗുണങ്ങളും ഐശ്വര്യങ്ങളും അവിടെ നിറഞ്ഞിരിക്കുന്നു.

സര്‍വ്വാന്തര്യാമിയായി, സര്‍വ്വനിയന്താവായി വര്‍ത്തിക്കുന്നു ആ പ്രഭാവത്തേയും ശോഭയേയും മനസില്‍ നിറച്ച്‌ ബ്രഹ്മാവു നിലകൊണ്ടു. അപൂര്‍വ്വാഭരണങ്ങളണിഞ്ഞ് ഏറ്റവും സുന്ദരമായൊരു സിംഹാസന ത്തിലാരൂഢനായി ഐശ്വര്യമഹത്തുക്കളുടെ അകമ്പടിയോടെ ഭഗവാന്‍ കാണപ്പെട്ടു. ഇരുപത്തിയഞ്ച്‌ പ്രകൃതി ശക്തികളാല്‍ (പത്തിന്ദ്രിയങ്ങള്‍, അഞ്ച്ഭൂതങ്ങള്‍, അഞ്ചുസൂക്ഷ്മഭൂതങ്ങള്‍, മനസ്, അഹങ്കാരം, വിശ്വബോധം, പ്രകൃതി, ആത്മാവ്‌) ആ സിംഹാസനം അലങ്കരിച്ചിരുന്നു.

ഭഗവാന്‍ ബ്രഹ്മാവിനോടു പറഞ്ഞു. “താങ്കളുടെ തപസ്സില്‍ ന‍ാം അതീവ സന്തുഷ്ടനായിരിക്കുന്നു. മനുഷ്യന്റെ ധാര്‍മ്മീകമായ പ്രവര്‍ത്തനങ്ങള്‍ എന്റെ ദൃഷ്ടിയില്‍ പര്യവസാനിക്കുന്നു. തപസ്സ്‌ എന്റെ ഹൃദയമാണ്‌. തപസ്സിന്റെ ആത്മാവുതന്നെ ഞാനാകുന്നു. ഈ തപസ്സിന്റെ ഫലമായാണ്‌ ഞാന്‍ വിശ്വം സൃഷ്ടിക്കുന്നുത്‌. ഇതേ തപസ്സിനാല്‍ ഞാന്‍ വിശ്വത്തെപരിരക്ഷിച്ച്‌ അവസാനം എന്നിലേക്ക്‌ വിലയിപ്പിക്കുന്നു. എന്റെ ശക്തി തപസ്സിലടങ്ങിയിരിക്കുന്നു. ശരിയായ തപസ്സിനാല്‍ ഞാന്‍ സംപ്രീതനാവുന്നു. കളളത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു യോഗിക്ക്‌ എന്നെ പ്രീതിപ്പെടുത്താന്‍ കഴിയില്ല. ബ്രഹ്മദേവാ, താങ്കള്‍ക്കാവശ്യമുളള വരം ആവശ്യപ്പെട്ടാലും. എല്ലാ അനുഗ്രഹങ്ങളും നല്‍കാന്‍ കഴിയുന്നവനാണ്‌ ഞാന്‍ എന്നറിയുക.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF