ശ്രീ രമണമഹര്‍ഷി

ഫെബ്രുവരി 4, 1935

ചോ: ഭഗവദ്ഗീത, ഭ്രൂമദ്ധ്യത്തില്‍ മനസ്സിനെ കേന്ദ്രീകരിച്ച്‌ ശ്വാസസംയമനം ചെയ്താല്‍ ബ്രഹ്മത്തെ കാണാമെന്നു പറയുന്നു. അതെങ്ങനെ ചെയ്യാന്‍?

ഉ: നിങ്ങള്‍ എപ്പോഴും അതില്‍തന്നെ ഇരിക്കുന്നു. അതിനെ പ്രാപിക്കലില്ല. പുരികമധ്യം ഏകാഗ്രതക്കുള്ളത്‌ മാത്രമാണ്‌ (ധ്യാനത്തിന്റെ ഇരിപ്പിടം).

ചോ: ഹൃദയമാണ്‌ ധ്യാനത്തിനിരിപ്പിടം എന്നു പറഞ്ഞു.

ഉ: അതെ. അതും തന്നെ.

ചോ: ഹൃദയമെന്താണ്‌?

ഉ: അത്‌ ആത്മാവിന്റെ മധ്യമാണ്‌. ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രവുമാണ്‌. ഹൃദയം ആന്തരമായിട്ടുള്ളതാണ്‌, ബാഹ്യമല്ല.

ചോ: ജ്ഞാനം എന്ന വാക്ക്‌ സാക്ഷാല്‍ക്കരിച്ച അറിവിനെപ്പറ്റി പ്പറയുന്നതാണ്‌, ആ മാര്‍ഗ്ഗത്തെക്കുറിക്കുന്നതിനും ആ വാക്കുതന്നെ പറയുന്നു.

ഉ: ‘ജ്ഞാന’ത്തില്‍ അതിന്റെ മാര്‍ഗ്ഗവും ഉള്‍പ്പെടുന്നുണ്ട്‌. കാരണം, ആ മാര്‍ഗ്ഗത്തിന്റെ ഫലവും ജ്ഞാനം തന്നെ.

ചോ: ഉത്തമത്വം ഇല്ലാത്ത ഒരാള്‍ ജ്ഞാനോപദേശം ചെയ്യാമോ?

ഉ: അതവന്റെ കര്‍മ്മശിഷ്ടമായിരുന്നാല്‍, ഏത്‌, ഏവന്റെ പ്രാരബ്ധമായിരിക്കുന്നുവോ അത്‌ അവന്‍ ചെയ്തേ മതിയാവൂ.

കര്‍മ്മവും മുക്തിമാര്‍ഗ്ഗമായി വരുമോ എന്ന് അര്‍ജ്ജുനന്‍ ചോദിച്ചപ്പോള്‍, കര്‍മ്മം കര്‍ത്തൃത്വമില്ലാതെ ചെയ്താല്‍ അത്‌ മുക്തിമാര്‍ഗ്ഗത്തില്‍പ്പെടുമെന്നു കൃഷ്ണന്‍ സമാധാനം പറഞ്ഞ, വേദശാസ്ത്രാദികളില്‍ പറയപ്പെടുന്ന കര്‍മ്മം കര്‍മ്മനാശഹേതുകമാണ്‌. കര്‍ത്തൃത്വത്തോടുകൂടി ചെയ്യപ്പെടുന്നവയാണ്‌ വര്‍ജ്യം. കര്‍മ്മത്തെ വിടേണ്ട. അതസാധ്യവുമാണ്‌. കര്‍ത്തൃത്വത്തിനെയേ വിടേണ്ടിയുള്ളൂ. അപ്പോള്‍ നടക്കേണ്ടത്‌ താനെ നടക്കും. ഒരു കര്‍മ്മവും നമ്മെ ബാധിക്കുകയില്ല. കര്‍മ്മം നമ്മുടെ പ്രാരബ്ധമാണെന്നിരുന്നാല്‍ നം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചെയ്തുപോകും. അങ്ങനെയുള്ളതല്ലെങ്കില്‍ എത്ര ശ്രമിച്ചാലും ഫലപ്പെടുകയില്ല. ജനകന്‍, ശുകന്‍ തുടങ്ങിയവര്‍ അഹന്തവിട്ട്‌ ചെയ്യേണ്ടവയെച്ചെയ്തിട്ടുണ്ട്‌. കീര്‍ത്തിക്കുവേണ്ടി ഒരാള്‍ യത്നിക്കാം, അല്ലെങ്കില്‍ നിസ്വാര്‍ത്ഥമായി പരോപകാരകര്‍മ്മങ്ങള്‍ ചെയ്യാം, അപ്പോഴും മറ്റുള്ളവരുടെ അഭിനന്ദനത്തിലുള്ള ആഗ്രഹം ഗുഢമായിട്ടിരുന്നാല്‍ അത്‌ സ്വാര്‍ത്ഥമാണ്‌.