ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ശരീരത്തോടെ മോക്ഷം’ (ശ്രീരമണ തിരുവായ്മൊഴി)

ഭഗവാന്‍ ഇന്നു നടക്കാന്‍പോകുന്ന സമയം മലഭാഗത്തില്‍നിന്നു മാങ്ങ പറിക്കുകയാണ് കൂലിക്കാര്‍. മരത്തില്‍ കയറി പറിക്കാതെ താഴെനിന്നു കമ്പുകൊണ്ടടിച്ചു വീഴ്ത്തുകയാണ്. ഇലകളും കൊമ്പുകളും തകരുന്നു. ഇതു കണ്ടു സഹിക്കാന്‍ സാധിക്കാതെ ഭഗവാന്‍ പരുഷസ്വരത്തില്‍ ഈവിധം പറഞ്ഞു. “ഓ! ഹോ! മതി, മതി, ഇനി പോകുവിന്‍. കായ പറിക്കാന്‍ പറിഞ്ഞാല്‍ ഇലകള്‍ തകര്‍ക്കുകയാണോ ? നമുക്കു കായതന്നതിനു പ്രതിഫലം മരത്തില്‍ എല്ലാം നശിപ്പിക്കുകയാണോ ? ആരാണീ പ്രവൃത്തിക്കു നിയമിച്ചത്. ഇങ്ങിനെ തല്ലിതകര്‍ക്കുന്നതിന്നു പകരം അടിയില്‍നിന്നു തന്നെ മുറിച്ചാല്‍ മതിയല്ലോ ? കായയും പറിക്കേണ്ട ഒന്നും വേണ്ട, പോകുവിന്‍, പോകുവിന്‍.

ആ ഗംഭീരശബ്ദം എല്ലാവരുടെയും ചെവിയില്‍ അലച്ച് ഭയകമ്പിതരാക്കി. കൂലിക്കാര്‍ കയ്യിലുള്ള കമ്പുകള്‍ കീഴെയിട്ടു ബൊമ്മകളെപോലെ ‘കയ്യ്’ കൂപ്പിനിന്നു. വായതുറക്കുന്നില്ല. ഞാന്‍ ദൂരെ നിന്നുകൊണ്ടു ആ ദയാമൂര്‍ത്തിയെ നോക്കീയപ്പോള്‍ എന്റെ ഹൃദയംഅടിച്ചു കണ്ണുകളില്‍ ജലം നിറഞ്ഞു. അചേതനമായ ആ മരത്തിന്റെ ഇലകള്‍ തല്ലിതകര്‍ത്തതിനു ഇത്രയും കമ്പിച്ച കരുണാമയന്‍ ചേതനരായ മനുഷ്യരുടെ മനസ്സു വേദനിപ്പിക്കുന്നതു സഹിക്കുമൊ ? കരുണാപൂര്‍ണ്ണസുധാബ്ധിയല്ലയൊ ശ്രീരമണഭഗവാന്‍.

ശ്രീ ഭഗവാന്‍ ഗോശാലാഭാഗത്തില്‍ പോയി വരുമ്പോഴെക്കും അപരാധം ക്ഷമിക്കേണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ഇലകളെല്ലാം കൂനല്‍കൂട്ടി തൊഴുതുകൊണ്ടുനിന്നു. ഭക്തന്മാര്‍ “അപ്പപ്പാ!നോക്കിക്കൊള്ളുക, എത്ര തല്ലുകള്‍ തച്ചിരിക്കണം, എത്ര കൂനലായിരിക്കുന്നു ഇലകള്‍ ? ഉസ്സ്” എന്നു പറഞ്ഞുകൊണ്ടു ഭഗവാന്‍ ഹാളിലേക്കു കടന്നു.

ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ വസിക്കുമ്പോള്‍ “എച്ചമ്മ തന്റെ ഗൃഹത്തില്‍ ഭഗവാന്റെയും ശേഷാദ്രിസ്വാമിയുടെയും പടംവെച്ചു ലക്ഷപത്രിപൂജ ചെയ്യേണമെന്ന് സങ്കല്പിച്ചു ഭഗവാനോട് അനുവാദം വാങ്ങി പ്രാരംഭിച്ചു. എഴുപതിനായിരം പൂര്‍ത്തിയായപ്പോള്‍ വേനല്‍ക്കാലം വന്നു പത്രികിട്ടാതെ ഒരുനാള്‍ മല മുഴുവന്‍ ചുറ്റി വിയര്‍ത്തു ഭഗവാനോടു പ്രാര്‍ത്ഥിച്ചപ്പോള്‍, പത്രികിട്ടില്ലെങ്കില്‍ വേണ്ട നിങ്ങളുടെ ശരീരം നുള്ളി പൂജചെയ്യരുതൊ ? എന്നു പറഞ്ഞുവത്രെ. “അമ്മോ! വേദനിക്കയില്ലെ ? എന്നു പറഞ്ഞപ്പോള്‍, ശരീരം നുള്ളിയാല്‍ നിങ്ങള്‍ക്കു വേദനിക്കുമെങ്കില്‍, പത്രി പറിച്ചാല്‍ മരത്തിനു വേദനിക്കയില്ലെ ? “എന്നരുളിയത്രെ ഭഗവാന്‍. എച്ചമ്മ വിവശയായി. “ആദ്യംതന്നെ ഈ ഉപദേശം (തത്വം) എന്തുകൊണ്ട് ചെയ്തില്ല ഭഗവാനെ!”

നിങ്ങളുടെ ശരീരം നുള്ളിയാല്‍ വേദനിക്കുമെന്നറിയുമ്പോള്‍ പത്രി പറിച്ചാല്‍ മരത്തിന്നു ബാധയുണ്ടാകുമെന്നു എന്തുകൊണ്ടറിഞ്ഞില്ല ? ഞാന്‍ പറഞ്ഞു തരേണമോ ? എന്നരുളിയത്രെ ഭഗവാന്‍.

[ഈ എച്ചമ്മ ചെറുപ്രായത്തില്‍ വിധവയായി. ആ ദുഖം ഒരു വിധത്തിലും നീങ്ങാതായപ്പോള്‍ ഭഗവാന്റെ ദര്‍ശനമാത്രയില്‍ ശാന്തി കിട്ടിയ എച്ചമ്മ മരത്തിലുള്ള ഇലകളെല്ലാം നുള്ളിയെടുത്തു ഈശ്വരപ്രീതി വരുത്താന്‍ പ്രയത്നിച്ചതുകൊണ്ടു ശ്രീഭഗവാന്‍ ഇങ്ങിനെ ഒരുപദേശം കൊടുക്കേണ്ടി വന്നു]

23-4-46