സ്വാമി വിവേകാനന്ദന്‍

ധ്യാനത്തെപ്പറ്റി പറയുന്നുണ്ട്. എന്തിനെ ധ്യാനിക്കണമെന്നു ചില ഉദാഹരണങ്ങളും കൊടുത്തിട്ടുണ്ട്. നിവര്‍ന്നിരുന്നു നാസാഗ്രം നോക്കുക. അതു വഴിക്കു മനസ്സ് ഏകാഗ്രമാകുന്നതെങ്ങനെ, രണ്ടു നേത്രസിരകളെ നിയന്ത്രിക്കുന്നതുകൊണ്ടു മാനസപ്രതികരണത്തിന്റെ സ്ഫുരണസ്ഥാനത്തെയും അങ്ങനെ ഇച്ഛാശക്തിയെത്തന്നെയും വളരെയേറെ വശത്താക്കാന്‍ കഴിയുന്നതെങ്ങനെ എന്നു നമുക്കു ക്രമേണ അറിവാകും – ധ്യാനത്തിന്റെ ചില മാതൃകകള്‍ ഇവിടെ പറയാം. ശിരോമധ്യത്തില്‍, എന്നാല്‍ ശിരസ്സു വിട്ട് ഏതാനും അംഗുലം മേലേ്പാട്ടായിട്ട് ഒരു പദ്മത്തെ ഭാവന ചെയ്യുക. അതിന്റെ മദ്ധ്യഭാഗം ധര്‍മ്മം: നാളം ജ്ഞാനം: അഷ്ടദളങ്ങള്‍ യോഗികളുടെ അഷ്‌ടൈശ്വര്യങ്ങള്‍: കര്‍ണ്ണികാ കേസരങ്ങള്‍ വിഷയവൈരാഗ്യം. ബാഹ്യൈശ്വര്യങ്ങളെ തള്ളിക്കളഞ്ഞാലേ യോഗി മുക്തനാകൂ. അതുകൊണ്ട് അഷ്ടദളങ്ങള്‍ അഷ്‌ടൈശ്വര്യങ്ങളാണ്, അകമേയുള്ള കര്‍ണ്ണികാകേസരങ്ങള്‍ പരവൈരാഗ്യമാണ്, സര്‍വ്വൈശ്വര്യത്യാഗമാണ്. പദ്മാന്തര്‍ഭാഗത്തു ഹിരണ്യഗര്‍ഭനെ (സ്വര്‍ണ്ണമയനെ) സര്‍വ്വ ശക്തനും ഇന്ദ്രിയസ്പര്‍ശാതീതനുമായവനെ, ഭാവന ചെയ്യുക. ഓങ്കാര രൂപനായി, വാചാമഗോചരനായി, തേജോമയനായ ആ ഏകനെ ധ്യാനിക്കുക. വേറൊരു ധ്യാനം പറയാം; ഹൃദയാന്തര്‍ഭാഗത്ത് ആകാശം, അതില്‍ ഒരഗ്‌നിശിഖ – അതു ജീവാത്മാവാണ്: അതിനുള്ളില്‍ അത്യുജ്ജ്വലമായ ഒരു തേജസ്സ് – അതു പരമാത്മാവ്, ഈശ്വരന്‍. ഇങ്ങനെ ഹൃദയത്തില്‍ ധ്യാനിക്കുക. ബ്രഹ്മചര്യം, അഹിംസ, ക്ഷാന്തി – പരമശത്രുവിനോടുപോലും ക്ഷമാഭാവം – സത്യം, ഈശ്വര വിശ്വാസം എന്നിവയെല്ലാം വൃത്തികളാണ്. ഇവയിലെല്ലാം പൂര്‍ണ്ണത ഇനിയും കിട്ടിയിട്ടില്ലല്ലോ എന്നു ഭയപ്പെടേണ്ട. അഭ്യസിക്കുക, ക്രമത്തില്‍ അവയെല്ലാം പൂര്‍ണ്ണമാകും. സര്‍വ്വസംഗവും സര്‍വ്വഭയവും സര്‍വ്വക്രോധവും പരിത്യജിച്ചു പരിശുദ്ധമനസ്സായി ഭഗവദ്ഗത പ്രാണനായി ഭഗവാനെത്തന്നെ ശരണം പ്രാപിച്ച മനുഷ്യന്‍ എന്താവശ്യപ്പെട്ടാലും ഭഗവാന്‍ നല്കുന്നു. അതുകൊണ്ടു ഭക്തിയോ ജ്ഞാനമോ വൈരാഗ്യമോ അവലംബിച്ചു ഭഗവാനെ ഭജിക്കുക.

‘ഒരു ജീവിയെയും ദ്വേഷിക്കാതെ, സര്‍വ്വത്ര മൈത്രിയും കരുണയുമാര്‍ന്ന്, തന്റെ വകയായി ഒന്നുമില്ലാതെ, ഞാനെന്ന ഭാവത്തില്‍ നിന്നു വിട്ടു, ദുഃഖത്തിലും സുഖത്തിലും മനസ്സു പതറാതെ, ക്ഷമ പൂണ്ട് (കിട്ടിയതുകൊണ്ട്) എപ്പോഴും സംതൃപ്തനായി, സര്‍വ്വദാ യോഗനിരതനായി, ഇന്ദ്രിയങ്ങളെ ജയിച്ച്, നിശ്ചയം ഉറച്ച്, മനസ്സും ബുദ്ധിയും എന്നില്‍ അര്‍പ്പിച്ച് എന്നെ ആരു ഭജിക്കുന്നുവോ അവന്‍ എനിക്കു പ്രിയനാണ്. ആരെച്ചൊല്ലി ലോകം പേടിക്കുന്നില്ലയോ, ആരു ലോകത്തെച്ചൊല്ലി പേടിക്കുന്നില്ലയോ, ആര് അതിസന്തോഷം അസൂയ, ഭയം, ഉത്കണ്ഠ എന്നിവയില്‍നിന്നു വേര്‍പെട്ടിരിക്കുന്നു വോ അവന്‍ എനിക്കു പ്രിയനാകുന്നു. ഒന്നിനെയും ആശ്രയിക്കാതെ, ശുദ്ധനും സമര്‍ത്ഥനുമായി, ഗുണമോ ദോഷമോ വരുന്നത് എന്നു ഗണിക്കാതെ, ഒരു വ്യാകുലതയും കൂടാതെ, തന്‍കാര്യത്തിനുള്ള പാടുപെടലൊക്കെ വെടിഞ്ഞ്, എന്നെ ഭജിക്കുന്നവന്‍ എനിക്കു പ്രിയനാണ്. (ഇഷ്ടപ്രാപ്തിയില്‍ ഹര്‍ഷവും അനിഷ്ട പ്രാപ്തിയില്‍ ദ്വേഷവും പ്രിയവിയോഗത്തില്‍ ശോകവും കാമങ്ങളില്‍ കാംക്ഷയും ഇല്ലാതെ ശുഭാശുഭങ്ങള്‍ രണ്ടും പരിത്യജിച്ചവന്‍ എനിക്കു പ്രിയനാണ്. ശത്രുമിത്രങ്ങളിലും മാനാപമാനങ്ങളിലും സമചിത്തനായി, സംഗരഹിതനായി) സ്തുതിനിന്ദകളില്‍ തുല്യമതിയായി, മൗനിയായി യദൃച്ഛയാ കൈവരുന്നതുകൊണ്ടു സ്വയം അനുഗൃഹീതനെന്നു കരുതി, ലോകംതന്നെ വീടാകയാല്‍ തനിക്കായൊരു വീടുമില്ലാതെ, സ്വനിശ്ചയത്തില്‍ പതറാതെ ഉറപ്പുള്ളവനായി, എന്നില്‍ ഭക്തിയോടുകൂടിയിരിക്കുന്നവനാണ് എന്റെ പ്രിയഭക്തന്‍.’ അങ്ങനെയുള്ളവര്‍ മാത്രമാണു യോഗികളാകുന്നത്.

നാരദന്‍ എന്നൊരു വലിയ ദേവര്‍ഷിയുണ്ട്. മനുഷ്യരുടെയിടയിലെന്നപോലെ ദേവന്മാരുടെ ഇടയിലുമുണ്ട് യോഗികള്‍. നാരദന്‍ ഒരു മഹായോഗിയാണ്. അദ്ദേഹം സര്‍വ്വലോകങ്ങളിലും സഞ്ചരിക്കും. ഒരു ദിവസം അദ്ദേഹം ഒരു കാട്ടില്‍ക്കൂടെ കടന്നുപോകയായിരുന്നു. അപ്പോള്‍ ഒരു മനുഷ്യനെക്കണ്ടു. വളരെക്കാലമായി ഒരേ ഇരിപ്പിലിരുന്നു ധ്യാനിച്ചതുകൊണ്ട് അയാളുടെ ചുറ്റും കൂറ്റന്‍ ചിതല്‍പ്പുറ്റുകള്‍ പൊന്തിക്കൂടിയിരുന്നു. അയാള്‍ നാരദനെക്കണ്ട്, ‘എങ്ങോട്ടു പോകുന്നു’ എന്നു ചോദിച്ചു. ‘ഞാന്‍ ഈശ്വരസന്നിധിയിലേക്കു പോകുകയാണ്’ എന്നു നാരദന്‍ മറുപടി പറഞ്ഞു. ‘എന്നാല്‍ എനിക്കു ഭഗവത് കടാക്ഷം എപ്പോഴുണ്ടാകും, എപ്പോള്‍ മുക്തി കിട്ടും എന്നു ഭഗവാനോടു ചോദിച്ചാല്‍കൊള്ളാം’ എന്ന് അയാള്‍ ആവശ്യപ്പെട്ടു. കുറേക്കൂടി ചെന്നപ്പോള്‍ നാരദന്‍ മറ്റൊരുവനെക്കണ്ടു. അയാള്‍ പാടിയും ആടിയും ചാഞ്ചാടിയുംകൊണ്ടിരുന്നു. അയാള്‍ നാരദനെക്കണ്ടപ്പോള്‍, ‘ഹേ നാരദരേ, എങ്ങോട്ടു പോകുന്നു?’ എന്ന് ഉറക്കെ ചോദിച്ചു. അയാളുടെ ചേഷ്ടകളും തീരെ സൗമ്യമായിരുന്നില്ല. ‘ഈശ്വരസന്നിധിയിലേക്ക്’ എന്ന് അയാളോടും നാരദന്‍ പറഞ്ഞു. ‘എന്നാല്‍ എനിക്കു മോക്ഷം എപ്പോള്‍ കിട്ടുമെന്നു ഭഗവാനോടന്വേഷിക്കണേ!’ എന്ന് അയാളും ആവശ്യപ്പെട്ടു. കാലം കുറെ കഴിഞ്ഞു, നാരദന്‍ വീണ്ടും അതേ വഴിക്കു വന്നു. പുറ്റില്‍ പൊതിഞ്ഞു ധ്യാനിക്കുന്നവന്‍ അവിടെയുണ്ട്. ‘എന്റെ കാര്യം ഭഗവാനോടു ചോദിച്ചുവോ?’ – എന്ന് അയാള്‍ അന്വേഷിച്ചു. ‘ഉവ്വ്, നിനക്ക് ഇനി നാലു ജന്മംകൊണ്ടു മുക്തി സിദ്ധിക്കും എന്നു ഭഗവാന്‍ അരുളിച്ചെയ്തു’ എന്നു നാരദന്‍ മറുപടി പറഞ്ഞു. ഉടനെ അയാള്‍ വ്യസനിച്ചു കരഞ്ഞു, ‘ഞാന്‍ എത്ര കാലമായി ധ്യാനിച്ചുകൊണ്ടിരിക്കുന്നു, എനിക്കു ചുറ്റും പുറ്റുകള്‍ പൊന്തിയിരിക്കുന്നില്ലേ? ഇനിയും നാലു ജന്മം കഴിയേണമോ?’ എന്നിങ്ങനെ അയാള്‍ വിലപിച്ചു. നാരദന്‍ നടന്നു. മറ്റേ മനുഷ്യന്റെ സമീപത്തെത്തി, ‘എന്റെ ചോദ്യം ചോദിച്ചുവോ?’ എന്ന് അയാള്‍ അന്വേഷിച്ചു. ‘ഉവ്വ്. ഇതാ ഒരു പുളിമരം നില്ക്കുന്നു, അതില്‍ എത്ര ഇലയുണ്ടോ അത്ര ജന്മം നിനക്ക് ഇനിയുണ്ട്. അതു കഴിഞ്ഞു നീ മുക്തനാകും’ എന്നു നാരദന്‍ മറുപടി പറഞ്ഞു. അയാള്‍ ആനന്ദനൃത്തംവെച്ചു പറഞ്ഞു; ‘ഇത്ര കുറഞ്ഞ കാലംകൊണ്ട് എനിക്കു മുക്തി കൈവരുമല്ലോ!’ ഉടനെ ഒരശരീരിവാക്കുണ്ടായി; ‘കുഞ്ഞേ, നിനക്ക് ഈ നിമിഷത്തില്‍ത്തന്നെ മുക്തിയാകും.’ അതത്രേ സ്ഥിരോത്‌സാഹത്തിനു പ്രതിഫലം. അത്രയധികം ജന്മങ്ങളിലും അശ്രാന്തപരിശ്രമത്തിന് അയാള്‍ സന്നദ്ധനായിരുന്നു. ഒന്നുംകൊണ്ടും അയാളുടെ ഉത്‌സാഹത്തിനു കുറവു വന്നില്ല. മറ്റേയാള്‍ക്കാകട്ടെ നാലു ജന്മംപോലും അസഹ്യമാം വിധം ദീര്‍ഘകാലമായിത്തോന്നി. കോടി ജന്മങ്ങള്‍ കാക്കാം, അത്രയും അനവരതം പ്രയത്‌നിക്കാം എന്നുറച്ച ആ മനുഷ്യനെപ്പോലെ ക്ഷമാപൂര്‍വ്വം അഭ്യസിക്കുന്നവര്‍ക്കുമാത്രം കിട്ടുന്നതാണ് ഉത്തമോത്തമഫലം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 8. പേജ് 233-236]