സ്വാമി വിവേകാനന്ദന്‍

നമ്മുടെ ശാസ്ര്തങ്ങളില്‍ രണ്ടുതരം സത്യമാണുള്ളത്. മനുഷ്യന്റെ ശാശ്വതമായ സ്വഭാവത്തെ വിഷയീകരിച്ചുള്ളതാണ് അവയിലൊന്ന്. ഇത് ഈശ്വരന്‍, ആത്മാവ്, പ്രകൃതി എന്നിവയുടെ നിത്യസംബന്ധത്തെ പരാമര്‍ശിക്കുന്നു. പ്രാദേശികപരിസ്ഥിതികള്‍, കാലികമായ ചുറ്റുപാടുകള്‍, തല്ക്കാലസാമൂഹ്യവ്യവസ്ഥകള്‍ തുടങ്ങിയവയാണ് മറ്റേത്. ഒന്നാം കിടയില്‍പ്പെട്ട സത്യങ്ങള്‍ പ്രധാനമായി നമ്മുടെ ശാസ്ര്തങ്ങളായ വേദങ്ങളില്‍ ഉള്‍പ്പെടുന്നു: രണ്ടാമത്തേവ സ്മൃതികള്‍ പുരാണങ്ങള്‍ മുതലായവയിലും. ഏതു കാലഘട്ടത്തിലും വേദങ്ങളാണ് അന്തിമമായ ലക്ഷ്യവും പ്രമാണവുമെന്നു നാമോര്‍ക്കണം. അപ്പോള്‍ പുരാണങ്ങള്‍ വല്ല അംശത്തിലും വേദങ്ങളില്‍നിന്നു വ്യത്യസ്തമായാല്‍ ആ പുരാണാംശം നിര്‍ദ്ദയം നിരാകരിക്കണം. ”ഇതാണ് ആചാരം, ഈ യുഗത്തില്‍ ഇതായിരിക്കണം അനുഷ്ഠാനപദ്ധതി” എന്നൊരു സ്മൃതി പറയുന്നു. മറ്റൊന്നു പറയുന്നു. ”ഈ യുഗത്തിലെ അനുഷ്ഠാനപദ്ധതി ഇതാണ്, സത്യയുഗത്തില്‍ ആചാരമാകേണ്ടത് ഇതത്രേ. കലിയുഗത്തില്‍ ഇതത്രേ” എന്നും മറ്റും. ശാശ്വതസത്യങ്ങള്‍ മനുഷ്യന്റെ സ്വഭാവത്തില്‍ അടിയുറച്ചവയാകയാല്‍, അവനുള്ളിടത്തോളം കാലം അവയ്ക്കു മാറ്റം വരികയില്ലെന്നതത്രേ നമ്മുടെ സിദ്ധാന്തങ്ങളില്‍വെച്ച് ഏറ്റവും ശ്ലാഘ്യം. അവ എന്നെന്നേക്കുമുള്ളതാണ്, എവിടേക്കുമുള്ളതാണ്, സര്‍വ്വവ്യാപകമായ ഗുണവിശേഷങ്ങളാണ്. സ്മൃതികളാകട്ടെ, പ്രാദേശികപരിസ്ഥിതികളെക്കുറിച്ചും അവയില്‍നിന്നുയിര്‍ക്കുന്ന ചുമതലകളെക്കുറിച്ചുമാണ് പറയുന്നത്. അവ കാലത്തിനൊത്തു മാറുന്നു. നിസ്സാരമായ ഒരു ദേശാചാരം മാറുന്നതുകൊണ്ടു നിങ്ങളുടെ മതം നഷ്ടപ്പെടുകയില്ലെന്ന് എപ്പോഴുമോര്‍ക്കണം. ഈവക ആചാരങ്ങള്‍ ഇപ്പോള്‍ത്തന്നെ മാറിവന്നവയാണെന്നും മറക്കരുത്. ഈ ഭാരതത്തില്‍ത്തന്നെ ഗോമാംസം കഴിക്കാതെ ആര്‍ക്കും ബ്രാഹ്മണനാകാന്‍ പാടില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു സന്ന്യാസിയോ രാജാവോ പ്രമാണിയോ വിരുന്നുവന്നാല്‍ ഒന്നാംതരം കാളയെയാണ് കൊന്നിരുന്നത്. കൃഷീവലരായ നമ്മുടെ വംശ്യര്‍ക്കു നല്ല കാളകള്‍ നഷ്ടപ്പെട്ടാല്‍ നാശമാണ് ഉണ്ടാകുക എന്നു ക്രമേണ അവര്‍ ധരിച്ചു. ഇതു വേദങ്ങളില്‍ത്തന്നെ കാണാം. അതിനാല്‍ ആ ആചാരം നിര്‍ത്തി: ഗോഹത്യയ്‌ക്കെതിരായി ഒരു ശബ്ദമുയര്‍ന്നു. ഇന്നിപ്പോള്‍ ഏറ്റവും ഭയങ്കരമെന്നു തോന്നുന്ന ആചാരങ്ങള്‍ ചില കാലങ്ങളില്‍ നടപ്പിലിരുന്നെന്നു കാണാം. കാലംപോകെ മറ്റാചാരങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. ക്രമേണ ഇവയും മാറേണ്ടിവരും: മറ്റു സ്മൃതികള്‍ നടപ്പില്‍വരും.

വേദങ്ങള്‍ ശാശ്വതങ്ങളാകയാല്‍ യുഗയുഗാന്തരങ്ങളായി മാറാതെ നിലനില്ക്കുമെന്നും സ്മൃതികള്‍ക്ക് അന്തമുണ്ടെന്നുമുള്ള സംഗതി നാം ധരിക്കേണ്ടതാണ്. കാലം തിരിഞ്ഞു മുന്നോട്ടു നീങ്ങുമ്പോള്‍ ഏറെയേറെ സ്മൃതികള്‍ മാഞ്ഞുമറയും: ഋഷിമാര്‍ വന്നുചേരും: അവര്‍ സമുദായത്തെ മാറ്റും: കൂടുതല്‍ ആശാസ്യമായ സരണികളിലൂടെ നയിക്കും: അതാതു യുഗത്തിലെ ആവശ്യങ്ങള്‍ക്കൊത്ത പുതിയ ധര്‍മ്മങ്ങളിലേക്കും മാര്‍ഗ്ഗങ്ങളിലേക്കും നയിക്കും. ഇതൊന്നും കൂടാതെ സമുദായത്തിനു നിലനില്ക്കാനാവില്ല. ഈ രണ്ടപായങ്ങളെ ഒഴിവാക്കിയിട്ടുവേണം നമ്മുടെ ഗതി വ്യവസ്ഥപ്പെടുത്താന്‍. ഇതിന്റെ അര്‍ത്ഥമെന്തെന്നു ധരിക്കത്തക്ക വിശാലതയും വിശ്വാസവും ഇവിടെയുള്ള നമുക്കൊക്കെ ഉണ്ടാകുമെന്നു ഞാനാശിക്കുന്നു. ഇതിന്റെ അര്‍ത്ഥം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുക എന്നാണ്, തള്ളിക്കളയുക എന്നല്ല. പിടിവാദിയുടെ ഊറ്റവും ജഡവാദിയുടെ പരപ്പുമാണ് ഞാനാവശ്യപ്പെടുന്നത്. ആഴിക്കൊത്ത ആഴവും അനന്തവാനത്തിനൊത്ത പരപ്പുമുള്ള ഹൃദയമാണ് നമുക്കാവശ്യം. ഏതു കാലത്തുണ്ടായ ഏതു ജനതയോടുമൊപ്പം നമുക്കു പുരോഗമികളാകണം: അതോടൊപ്പം നമ്മുടെ പാരമ്പര്യങ്ങളെസ്സംബന്ധിച്ചിടത്തോളം ഹിന്ദുക്കള്‍ക്കുമാത്രം വശമായ മട്ടില്‍, യാഥാസ്ഥിതികരും വിശ്വാസശീലരുമാകണം.

വ്യക്തമായി പറയാം; ഓരോ കാര്യത്തിലും സാരമേത് അസാരമേത് എന്നു നാം ധരിക്കണം. സാരമാണ് ശാശ്വതം. അസാരത്തിനു കുറച്ചു കാലത്തേക്കു വിലയുള്ളൂ. കുറേ കഴിഞ്ഞ് അസാരത്തിന്റെ സ്ഥാനം സാരം കയ്യടക്കിയില്ലെങ്കില്‍ ആദ്യത്തേത് ആപല്‍ക്കരംകൂടിയാകും. പഴയ ആചാരങ്ങളെയും വ്യവസ്ഥകളെയുമെല്ലാം നിങ്ങള്‍ നേരിട്ടു ചെറുത്തു നിന്ദിക്കണമെന്നല്ല ഞാന്‍ പറയുന്നത്: ഒരിക്കലുമല്ല. അവയില്‍വെച്ച് ഏറ്റവും നിന്ദ്യമായതിനെപ്പോലും നിന്ദിക്കരുത്. ഒന്നിനെയും നിന്ദിക്കരുത്. ഇന്നു തികഞ്ഞ തിന്മകളായിത്തോന്നുന്ന ആ ആചാരങ്ങള്‍പോലും, പണ്ടു തികച്ചും ജീവസന്ദായകങ്ങളായിരുന്നു. ഇവയെ നമുക്കു മാറ്റണമെങ്കില്‍, അതു ശാപവചസ്സുകളോടു കൂടിയാവരുത്. മറിച്ച്, നമ്മുടെ വംശത്തെ രക്ഷിച്ചുപുലര്‍ത്തുവാന്‍ ഈവക ആചാരങ്ങള്‍ നിര്‍വ്വഹിച്ച സേവനങ്ങളോര്‍ത്തു കൃതജ്ഞതയോടും അനുഗ്രഹവചസ്സുകളോടും കൂടിയാവണം. നമ്മുടെ സമുദായ നേതാക്കന്മാര്‍ ഋഷിമാരായിരുന്നു, ഒരിക്കലും സേനാനികളോ രാജാക്കന്മാരോ ആയിരുന്നില്ല എന്നും നാമോര്‍മ്മിക്കേണ്ടതുണ്ട്.

ആരാണീ ഋഷിമാര്‍? ഉപനിഷത്തുകളില്‍ പരാമൃഷ്ടനായ ഋഷി സാധാരണ മനുഷ്യനല്ല, മന്ത്രദ്രഷ്ടാവാണ്: മതം കാണുന്നവനാണ് ഋഷി. അദ്ദേഹത്തിനു മതം വെറും ഗ്രന്ഥപാണ്ഡിത്യമോ വാദവിവാദമോ ഊഹാപോഹമോ പ്രലപനമോ അല്ല: പ്രായോഗികമായ സാക്ഷാത്കാരമാണ്: ഇന്ദ്രിയാതീതമായ സത്യങ്ങളെ മുഖത്തോടുമുഖം നേരിടുകയാണ്. ഇതാണ് ഋഷിത്വം. ഇന്ന ഒരു യുഗത്തിനോ കാലത്തിനോ സമ്പ്രദായത്തിനോ ജാതിക്കുപോലുമോ അവകാശപ്പെടാവുന്നതുമല്ല ആ ഋഷിത്വം. സത്യം സാക്ഷാത്കരിക്കപ്പെടണമെന്നത്രേ വാത്‌സ്യായനന്‍ പറയുന്നത്. നിങ്ങള്‍ക്കും എനിക്കും, നമ്മിലോരോരുത്തന്നും, ‘ഋഷിയാകുക’ എന്ന ആഹ്വാനം ശ്രവിക്കേണ്ടിവരുമെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നമുക്ക് നമ്മില്‍ത്തന്നെ വിശ്വാസം വേണം: ലോകത്തെ നമുക്കിളക്കണം: എല്ലാം നമ്മില്‍ത്തന്നെയുണ്ട്. നമുക്ക് മതത്തെ അഭിമുഖമായി കാണണം, അനുഭവിക്കണം: അങ്ങനെ അതിനെക്കുറിച്ചുള്ള നമ്മുടെ സംശയങ്ങള്‍ക്കു പരിഹാരം നേടണം. പിന്നെ, ഋഷിത്വത്തിന്റെ നിതാന്തശ്ലാഘ്യമായ പ്രകാശത്തില്‍ നിലകൊള്ളുന്ന നമ്മില്‍ ഓരോരുത്തനും ഗംഭീരനാകും. അപ്പോള്‍ നമ്മുടെ ചുണ്ടുത്തുനിന്നു വീഴുന്ന ഓരോ വാക്കിനും പിമ്പില്‍ ഭദ്രതയുടേതായ അനന്തപ്രാമാണ്യമുണ്ടാകും. നമ്മുടെ മുമ്പില്‍നിന്നു തിന്മ സ്വയം മാഞ്ഞുമറയും. അതിന്റെ പേരില്‍ ആരെയും ശപിക്കേണ്ടിവരില്ല: ലോകത്തിലാരോടും പടവെട്ടേണ്ടിയും വരില്ല. നമ്മുടെയും അന്യരുടെയും ശാശ്വതമായ നന്മയ്ക്കായി ഋഷിത്വം സാക്ഷാത്കരിക്കുവാന്‍ ഇവിടെയുള്ള ഓരോരുത്തനെയും ഈശ്വരന്‍ തുണയ്ക്കട്ടെ.

[മധുരയിലെ സ്വാഗത്തിനു മറുപടി – വിവേകാനന്ദസാഹിത്യസര്‍വസ്വം]