സ്വാമി വിവേകാനന്ദന്‍

സ്വാര്‍ത്ഥം വിട്ടു പരാര്‍ത്ഥനിഷ്ഠ” എന്നത്രേ ധര്‍മ്മാചരണം എപ്പോഴും പറയുന്നത്. നിര്‍മ്മമതി എന്നാണ് അതിന്റെ മുദ്രാവാക്യം ആ അനന്തശക്തിയോ അനന്തസുഖമോ സമ്പാദിപ്പാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്‍ മുറുകെ പിടിച്ചിരിക്കുന്ന മിഥ്യയായ അഹംഭാവനകളെ തീരെ ത്യജിക്കണം എന്നാകുന്നു ധര്‍മ്മശാസ്ത്രവചനം. ‘ഞാന്‍ പിമ്പ്, നീ മുമ്പ്.’ എന്നാല്‍, ഇന്ദ്രിയങ്ങള്‍ പറയുന്നത്. ‘ഞാന്‍ മുമ്പ്’ എന്നാണ്. അങ്ങനെയല്ല. ‘എന്റെ കാര്യം അവസാനം’ എന്നു ധര്‍മ്മം ഉപദേശിക്കുന്നു. ഈ ത്യാഗബുദ്ധിയിന്‍മേലത്രേ ധര്‍മ്മാചരണങ്ങളെല്ലാം പ്രതിഷ്ംിതമായിട്ടുള്ളത്. ഭൗതികരംഗത്തില്‍ അഹംബോധത്തിന്റെ വിദ്ധ്വംസനമാണ്, സംരക്ഷണമല്ല, ഉപദേശിക്കപ്പെട്ടിരിക്കുന്നത്: അനന്തത്തിന്റെ പൂര്‍ണ്ണപ്രകാശം ഒരിക്കലും (അന്തത്തോടുകൂടിയ) ഭൗതികരംഗത്തിലുണ്ടാകയില്ല. അതു സാദ്ധ്യമല്ല: വിചാരിക്കാവുന്നതുമല്ല.

അതുകൊണ്ട് അനന്തത്തിന്റെ പരിപൂര്‍ണ്ണപ്രകാശനത്തിനുദ്യമിക്കുന്ന മനുഷ്യന്‍ ഭൗതികരംഗം വിട്ടുവിട്ട് ഉപരിതലങ്ങളിലേക്ക് ഉയരുകതന്നെ വേണം. ഈ രീതിയിലത്രേ നാനാധര്‍മ്മശാസ്ത്രങ്ങളും രൂപപ്പെട്ടുവരുന്നത്. അവയിലെല്ലാറ്റിലും കേന്ദ്രമായി നില്‍ക്കുന്ന ഭാവന സ്വാര്‍ത്ഥത്തിന്റെ ശാശ്വതരിത്യാഗവുമാകുന്നു. അഹന്തയുടെ പരിപൂര്‍ണ്ണധ്വംസമത്രേ ധര്‍മ്മാചരണാദര്‍ശം. തന്‍ഭാവത്തെപ്പറ്റി വിചാരിക്കരുതെന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഞെട്ടിപ്പോകുന്നു. തങ്ങളുടെ വ്യക്തിത്വമെന്നു പറയുന്നത് നഷ്ടമാകുന്നതിനെപ്പറ്റി അവര്‍ അത്രയേറെ ഭയപ്പെടുന്നതുപോലിരിക്കുന്നു. എന്നാല്‍ അതേ സമയത്ത് അതേ മനുഷ്യന്‍ ധര്‍മ്മാചരണത്തിന്റെ പരമാദര്‍ശങ്ങള്‍ ശരിയാണെന്നുല്‍ഘോഷിക്കുകയും ചെയ്യും. വ്യക്തിയെ തകര്‍ക്കുകയാണ്, തടിപ്പിക്കുകയല്ല, ധര്‍മ്മാചരണത്തിന്റെ താല്‍പര്യവും ലക്ഷ്യവും കാര്യവും എന്ന് അവര്‍ ഒരു നിമിഷവും ഓര്‍ക്കുന്നില്ല.

മനുഷ്യര്‍ക്കു തമ്മില്‍ത്തമ്മിലുള്ള ധാര്‍മ്മികബന്ധങ്ങള്‍ക്കു സമാധാനം പറയുവാന്‍ പ്രയോജനത്തോതുകള്‍ക്കു കഴിവില്ല: ഒന്നാമത്, പ്രയോജനചിന്തയില്‍നിന്ന് ധര്‍മ്മവിധികളൊന്നും കണ്ടെടുപ്പാന്‍ കഴിവില്ല. ധര്‍മ്മാചരണത്തിനാസ്പദമായി പറയപ്പെടുന്ന അലൗകികശാസനം, അഥവാ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന പേരായ അതീന്ദ്രിയപ്രത്യക്ഷം, എന്നതുതന്നെ വേണം. അനന്തപ്രാപ്തിക്കുള്ള പരിശ്രമമില്ലെങ്കില്‍ എങ്ങനെ ഒരാദര്‍ശമുണ്ടാകും? മനുഷ്യരെ അതാതു സമുദായപരിധിക്കുള്ളില്‍ തളച്ചിടുവാന്‍ നോക്കുന്ന സമ്പ്രദായങ്ങള്‍ക്കൊന്നും മനുഷ്യലോകത്തിന്റെ ധര്‍മ്മാചരണനിയമങ്ങള്‍ക്കു സമാധാനം കാണ്‍മാന്‍ കഴിവില്ല. അനന്തത്തെ പ്രാപിക്കാനുള്ള യത്‌നം, അതീന്ദ്രിയസാക്ഷാല്‍ക്കാരപരിശ്രമം, ഇത് അര്‍ത്ഥശൂന്യവും അപ്രായോഗികവുമാണെന്നും അതുകൊണ്ട് അതു കൈവിടണമെന്നും പ്രയോജനവാദി നമ്മോടാവശ്യപ്പെടുന്നു: അതേ ശ്വാസത്തില്‍ നമ്മോടു ധര്‍മ്മാചരണം സ്വീകരിക്കാനും സമുദായത്തിനു നന്‍മ ചെയ്യാനും ഉപദേശിക്കുകയും ചെയ്യുന്നു. നാം എന്തിനു നന്‍മ ചെയ്യണം? (നന്‍മ ചെയ്യുക എന്നത് അപ്രധാനം), നമുക്ക് ഒരാദര്‍ശമുണ്ടായിരിക്കണം (എന്നതാകുന്നു പ്രധാനം). ധര്‍മ്മാചരണം ഒരു സാധനം എന്നല്ലാതെ അതു സ്വയം സാദ്ധ്യമാകുന്നില്ല. ആ സാദ്ധ്യമല്ലെങ്കില്‍പ്പിന്നെ ധര്‍മ്മാചരണം എന്തിന്? ഞാന്‍ എന്തിനു പരോപകാരം ചെയ്യണം: എന്തുകൊണ്ടു പരോപദ്രവം ചെയ്തുകൂടാ? സുഖജീവിതമാണ് മനുഷ്യലക്ഷ്യമെങ്കില്‍ എനിക്ക് എന്റെ സുഖത്തിനുവേണ്ടി അന്യനെ ദുഃഖിപ്പിച്ചുകൂടേ? അതിനെന്തു വിരോധം? രണ്ടാമത്, പ്രയോജനവാദത്തിന്റെ അടിസ്ഥാനത്തിനു വിസ്താരം പോരാ. സമുദായത്തില്‍ ഇന്നുള്ള മര്യാദകളും സമ്പ്രദായങ്ങളുമെല്ലാം അതിന്റെ സ്വരൂപത്തെ അനുസരിച്ചുണ്ടായതാണ്. ഈ സമുദായം ശാശ്വതമാണെന്നു വിശ്വസിപ്പാന്‍ പ്രയോജനവാദിക്ക് എന്തവകാശം? പുരാതനകാലത്ത് സമുദായം എന്നൊരേര്‍പ്പാടുണ്ടായിരുന്നില്ല. കാലാന്തരത്തില്‍ പക്ഷേ അത് ഇല്ലാതാകുകയും ചെയ്യാം. അധികപക്ഷവും നാം ഉച്ചതരമായ ഒരു പരിണാമത്തിലേക്കു ചെയ്യുന്ന പ്രയാണത്തിലെ ഒരു ഘട്ടം മാത്രമാണതെന്നു വരാം. അതുകൊണ്ട് സമുദായസ്വരൂപത്തില്‍നിന്നു മാത്രമുണ്ടായ നിയമമൊന്നും ശാശ്വതമാവാന്‍ വയ്യ: അതിനു മനുഷ്യപ്രകൃതിയെ മുഴുവന്‍ വ്യാപിപ്പാനും കഴിവില്ല. എന്നിരിക്കെ പ്രയോജനസിദ്ധാന്തങ്ങള്‍ കവിഞ്ഞപക്ഷം ഇന്നത്തെ സാമുദായികാവസ്ഥകളില്‍ മാത്രം പ്രായോഗികമാവാം. അതിനപ്പുറം അവയ്ക്കു വിലയില്ല. മതത്തില്‍നിന്നും അദ്ധ്യാത്മികതയില്‍നിന്നും ഉളവാകുന്ന സദാചാരനിയമവും ധര്‍മ്മശാസ്ത്രവുമാവട്ടെ, അനന്തമായ മനുഷ്യപ്രകൃതിയെ മുഴുവന്‍ വ്യാപിക്കുന്നു. അത് ഓരോ വ്യക്തിയേയും ഉദ്ദേശിച്ചിട്ടുള്ളതുതന്നെ, എങ്കിലും അത് അനന്തത്തോടത്രേ ബന്ധിച്ചിരിക്കുന്നത്: അതു സമുദായകാര്യവും നോക്കുന്നുണ്ട്: എന്തുകൊണ്ടെന്നാല്‍ സമുദായമെന്നതു വ്യക്തികളുടെ സമൂഹമാണല്ലോ. അങ്ങനെ അത് ഓരോ വ്യക്തിയെയും അവന്റെ ശാശ്വതബന്ധങ്ങളേയും സ്പര്‍ശിക്കുന്നതുകൊണ്ടു തീര്‍ച്ചയായും മുഴുവന്‍ സമുദായത്തേയും അതിന്റെ സര്‍വ്വകാലാവസ്ഥകളിലും സ്പര്‍ശിക്കുന്നതായിരിക്കും. ഈ വിധം നോക്കുമ്പോള്‍ മനുഷ്യന് അദ്ധ്യാത്മമതം എപ്പോഴും ആവശ്യമാണെന്നു കാണുന്നു. ഇന്ദ്രിയാര്‍ത്ഥങ്ങള്‍ എത്ര സുഖകരമായാലും മനുഷ്യന് എല്ലാ സമയത്തും അവയെപ്പറ്റി മാത്രം വിചാരിപ്പാന്‍ കഴിവില്ല.

മറിച്ച് ആത്മവിചാരം ഏറിപ്പോയാല്‍ നമ്മുടെ ഭൗതികകാര്യങ്ങള്‍ ഇളകിപ്പോകും എന്നു ചിലര്‍ പറയുന്നുണ്ട്. ”നമുക്കിപ്പോള്‍ ഐഹികകാര്യം നോക്കുക: ഇതു കഴിഞ്ഞിട്ടാവാം ആമുഷ്മികകാര്യം നോക്കുക” എന്നു പണ്ടു ചീനയിലെ തത്ത്വജ്ഞാനിയായ കണ്‍ഫ്യൂഷ്യസ്സിന്റെ കാലത്തേ പറഞ്ഞിട്ടുണ്ട്. ഐഹികകാര്യം നോക്കിരക്ഷിക്കണമെന്നതു വളരെ നല്ലതുതന്നെ. ആത്മവിഷയത്തില്‍ ഏറെ ശ്രദ്ധിക്കുന്നത് ഐഹികബന്ധങ്ങളെ കുറഞ്ഞൊന്നു ബാധിച്ചേക്കാം. എന്നാല്‍ ഐഹികകാര്യം കൂടുതല്‍ പ്രയോജനകരമെന്നുവെച്ച് അതില്‍ അതിശ്രദ്ധ പതിപ്പിക്കുന്നത് ഇഹത്തിലും പരത്തിലും ദോഷകരമാകും. അതു നമ്മെ വെറും പ്രാകൃതരാക്കും, പ്രകൃതിയെയല്ല മനുഷ്യന്‍ ലക്ഷീകരിക്കേണ്ടത്, അതിനും ഉപരിയായ ഒന്നിനെയാകുന്നു.