സ്വാമി വിവേകാനന്ദന്‍

യുക്തിയെ മുറുകെപ്പിടിക്കുന്ന പാശ്ചാത്യലോകം സ്വന്തം ദര്‍ശനത്തിന്റെയും ആചാരശാസ്ര്തത്തിന്റെയും യുക്തിയുക്തതയെ, സത്താഹേതുവിനെ, കണ്ടുപിടിക്കാനുറച്ചിരിക്കയാണ്. ഒരു വ്യക്തിക്ക് എത്ര പെരുമയും ദിവ്യതയുമുണ്ടായാലും, അയാളുടെ പ്രഭാവമൊന്നിനുമാത്രം ആചാരശാസ്ര്തത്തിനുവേണ്ട പിന്‍ബലം നല്കുക ശക്യമല്ല. ആചാര ശാസ്ര്തത്തിനു നല്കുന്ന അത്തരത്തിലൊരു വ്യാഖ്യാനത്തിന് ലോകത്തിലെ ഒന്നാംകിട ചിന്തകന്മാരെ ബോധപ്പെടുത്താന്‍ ഇനിമേല്‍ കഴിവുണ്ടാവില്ല. ആചാരശാസ്ര്തവും ആചാരപദ്ധതികളും മനുഷ്യരാശിയെ ഭരിക്കയും നയിക്കയും ചെയ്യണമെങ്കില്‍, വൈയക്തികമായ പിന്‍ബലത്തെ കവിഞ്ഞ വല്ലതുമൊന്നു വേണമെന്ന് അവര്‍ കരുതുന്നു. ആചാരശാസ്ര്തത്തിനു പിന്‍ബലം നല്കുന്നത് സത്യത്തിന്‍േറതായ നിത്യതത്ത്വമാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിത്യമായ ഈ പിന്‍ബലം നിങ്ങളിലും എന്നിലും എവിടെയും നിലകൊള്ളുന്ന അപരിമിതസത്യത്തിലല്ലാതെ, ആത്മാവിലല്ലാതെ, സ്വസ്വരൂപത്തിലല്ലാതെ, മറ്റെവിടെ കണ്ടെത്തും? ആചാരപദ്ധതികളുടെയെല്ലാം അനശ്വരമായ പിന്‍ബലം ആത്മാവിന്റെ അഖണ്ഡമായ ഐക്യമാണ്. നിങ്ങളും ഞാനും ഭ്രാതാക്കള്‍മാത്രമല്ല – മനുഷ്യന്റെ സ്വാതന്ത്ര്യസമരത്തിനു ജിഹ്വയായിട്ടുള്ള സാഹിത്യമെല്ലാം പ്രസംഗിച്ചിട്ടുള്ള ഒരു വസ്തുതയാണിത് – പിന്നെയോ, നിങ്ങളും ഞാനും വാസ്തവത്തില്‍ ഒന്നുതന്നെയാണ്: ഇതാണ് ഭാരതീയദര്‍ശനത്തിന്റെ അനുശാസനം. ഈ ഐക്യമാണ് ആചാരശാസ്ര്തങ്ങളുടെയെല്ലാം, ആദ്ധ്യാത്മികതയുടെയെല്ലാം പിമ്പിലുള്ള യുക്തി. ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടുള്ള നമ്മുടെ ജനകോടികള്‍ക്കെന്നപോലെ, യൂറോപ്പിനും ഇന്നിതാവശ്യമാണ്. ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ ഏറ്റവുമൊടുവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യാകാംക്ഷകള്‍ക്ക്, അബോധപൂര്‍വമായെങ്കിലും അധിഷ്ഠാനമായിട്ടുള്ളതും മഹത്തായ ഈ തത്ത്വംതന്നെ. സുഹൃത്തുക്കളേ, ഞാന്‍ പറയുന്നതു ശ്രദ്ധിച്ചുകൊള്ളൂ. സ്വാതന്ത്ര്യത്തെ, സാര്‍വലൗകികമായ സ്വാതന്ത്ര്യത്തെ, ഉന്നിക്കൊണ്ടുള്ള മനുഷ്യ സമരങ്ങള്‍ക്കു നാവായിവരുന്ന എല്ലാ സാഹിത്യത്തിലൂടെയും ഭാരതത്തിലെ വേദാന്തദര്‍ശനങ്ങള്‍ വീണ്ടും വീണ്ടും കിളര്‍ന്നുവരുന്നത് നിങ്ങള്‍ക്കു കാണാം. ചിലേടത്ത് ആ സാഹിത്യകാരന്മാര്‍ക്ക് സ്വന്തം പ്രചോദനത്തിന്റെ ഉറവിടമേതെന്നറിഞ്ഞുകൂടാ: മറ്റിടങ്ങളില്‍ അവര്‍ ഒട്ടേറെ ഉപജ്ഞാതൃത്വം നടിച്ചെന്നും വരാം. എന്നാല്‍ ധീരരും കൃതജ്ഞരുമായ ചുരുക്കം ചിലര്‍ അവരുടെ പ്രചോദനം എവിടുന്നു കിട്ടിയെന്നു രേഖപ്പെടുത്തുകയും അവയോടു തങ്ങള്‍ക്കുള്ള മൗലികമായ കടപ്പാട് അംഗീകരിക്കയും ചെയ്തുവരുന്നു.

ഞാന്‍ അമേരിക്കയിലായിരുന്നപ്പോള്‍ ഒരു പരാതി കേള്‍ക്കയുണ്ടായി; ഞാന്‍ ആവശ്യത്തിലധികം അദ്വൈതം പ്രസംഗിക്കുന്നു എന്നും, ദ്വൈതം ക്രമത്തിലധികം ചുരുക്കുന്നു എന്നും. മതത്തെയും ആരാധനയെയും കുറിച്ച് ദ്വൈതപരവും പ്രേമാധിഷ്ഠിതവുമായ സിദ്ധാന്തങ്ങള്‍ എത്ര മഹത്ത്വത്തെയും, പ്രേമസാഗരങ്ങളെത്തന്നെയും, അനന്തവും ആനന്ദസ്വരൂപവുമായ അനുഗ്രഹങ്ങളെയും സൗഖ്യങ്ങളെയും ഉള്‍ക്കൊള്ളുന്നു എന്ന് എനിക്ക് നന്നായറിയാം. ഇതൊക്കെ എനിക്കറിവുള്ളതുതന്നെ. പക്ഷേ, ആനന്ദംകൊണ്ടുതന്നെയായാലും, കരയാനുള്ള കാലമല്ല ഇത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. നമുക്കു മൃദുത്വം തേടേണ്ട കാലമല്ല ഇത്. ഈ മൃദുത്വം നമ്മോടു ചേര്‍ന്നിട്ടു കാലമേറെയായി, ഇന്നിപ്പോള്‍ നാം പഞ്ഞിക്കെട്ടുകള്‍പോലെയായിരിക്കുന്നു: മരിച്ചിരിക്കുന്നു. ഇന്നിപ്പോള്‍ നമ്മുടെ രാജ്യത്തിനു വേണ്ടത് ഇരുമ്പുകൊണ്ടുള്ള മാംസപേശികളും, ഉരുക്കുകൊണ്ടുള്ള സിരാതന്തുക്കളുമാണ്: ഒന്നിനും തടുക്കാനാവാത്തതും, ബ്രഹ്മാണ്ഡത്തിലെ ഗൂഢങ്ങളിലേക്കും ഗുപ്തങ്ങളിലേക്കും തുളച്ചിറങ്ങുന്നതും, കടലടിയിലേക്കു കടന്നുചെന്നോ മരണത്തെ നേരിട്ടോ എങ്ങനെയെങ്കിലും സ്വോദ്ദേശ്യം നേടുന്നതും, വമ്പിച്ചതുമായ ഇച്ഛാശക്തിയും – ഇതാണ് നമ്മുടെ ആവശ്യം. ഇതുളവാക്കുവാനും ഉറപ്പിച്ചെടുക്കുവാനും പ്രബലപ്പെടുത്തുവാനും എല്ലാറ്റിന്റെയും ഐക്യമെന്ന ആദര്‍ശം, അദ്വൈതാദര്‍ശം ധരിക്കണം: സാക്ഷാത്കരിക്കണം. വിശ്വാസം, വിശ്വാസം, നമ്മില്‍ത്തന്നെയുള്ള വിശ്വാസം, ഈശ്വരനിലുള്ള വിശ്വാസം, ഇതാണ് മഹത്ത്വത്തിന്റെ രഹസ്യം. പുരാണപ്രഥിതരായ മുപ്പത്തുമുക്കോടി ദേവതകളിലും, കൂടെക്കൂടെ നമ്മുടെ ഇടയിലേക്കു വിദേശീയര്‍ കടത്തിവിട്ടിട്ടുള്ള മറ്റു ദേവതകളിലും നിങ്ങള്‍ക്കു വിശ്വാസമുണ്ടായാലും, നിങ്ങള്‍ക്കു നിങ്ങളില്‍ത്തന്നെ ആ വിശ്വാസമില്ലെങ്കില്‍, രക്ഷയില്ലതന്നെ. നിങ്ങള്‍ക്കു നിങ്ങളില്‍ വിശ്വാസമുണ്ടാകട്ടെ. ആ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുക. അങ്ങനെ ശക്തിയാര്‍ജ്ജിക്കുക. അതാണു നമുക്കു വേണ്ടത്. മുപ്പത്തുമുക്കോടിയുള്ള നമ്മുടെ ആളുകളെ ഭരിക്കാന്‍, കഴിഞ്ഞ ആയിരം കൊല്ലമായി നിലംപറ്റി കിടന്ന നമ്മുടെ ശരീരത്തെ ചവുട്ടിമെതിക്കാന്‍ തിടുക്കപ്പെട്ട ചെറുസംഘം വിദേശീയര്‍ക്കൊക്കെ അതെങ്ങനെ സാധിച്ചു? കാരണമിതാണ്; അവര്‍ക്ക് അവരില്‍ വിശ്വാസമുണ്ടായിരുന്നു: നമുക്ക് അതില്ലായിരുന്നു. പടിഞ്ഞാറന്‍നാടുകളില്‍നിന്ന് എനിക്കെന്താണ് പഠിക്കാന്‍ കഴിഞ്ഞതെന്നോ? ”മനുഷ്യന്‍ അധഃപതിച്ച, ആശയറ്റവണ്ണം അധഃപതിച്ച, ഒരു പാപിയാണ്” – ക്രിസ്ര്തീയവിഭാഗക്കാര്‍ വീണ്ടും വീണ്ടും ഏറ്റുചൊല്ലുന്നതും പതഞ്ഞുപൊങ്ങുന്നതുമായ ഈ വാക്കുകളുടെ പിന്നില്‍ ഞാന്‍ കണ്ടതെന്താണെന്നോ! യൂറോപ്പിലും അമേരിക്കയിലുമുള്ള ജനതകളുടെ ഹൃദയത്തില്‍ മനുഷ്യരുടെ ആത്മവിശ്വാസത്തിന്റെ വമ്പിച്ച പ്രഭാവം കുടികൊള്ളുന്നതാണ് ഞാന്‍ കണ്ടത്. ഒരു ഇംഗ്ലീഷ് പയ്യന്‍ നിങ്ങളോടു പറയും; ”ഞാനൊരു ഇംഗ്ലീഷുകാരനാണ്. എനിക്കു ചെയ്യാനാവാത്തതൊന്നുമില്ല.” അമേരിക്കന്‍പയ്യനും യൂറോപ്യന്‍പയ്യനും അതുതന്നെ പറയും. നമ്മുടെ പയ്യന്മാര്‍ക്കും അതു പറയാന്‍ കഴിയുമോ? ഇല്ല. ഈ പയ്യന്മാരുടെ തന്തയാന്മാര്‍ക്ക് അതിനു കഴിവില്ല. നമ്മില്‍നിന്ന് ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു. അതിനാല്‍ വേദാന്തത്തിന്റെ അദ്വൈതഭാവം പ്രസംഗിക്കുന്നത് മനുഷ്യഹൃദയങ്ങളെ ഉണര്‍ത്തുവാന്‍ ആവശ്യമാണ്: ആത്മാവിന്റെ മഹനീയത തെളിച്ചുകാട്ടാന്‍ ആവശ്യമാണ്. അതു കൊണ്ടത്രേ ഞാന്‍ അദ്വൈതം പ്രസംഗിക്കുന്നത്, ഒരു വിഭാഗീയ ചിന്തകനെന്ന നിലയ്ക്കല്ല ഞാനതു ചെയ്യുന്നത്. മറിച്ച്, സാര്‍വലൗകികമായ, പരക്കെ അംഗീകൃതമായ, കാരണങ്ങള്‍ വെച്ചുകൊണ്ടാണ്.

ദ്വൈതിക്കും വിശിഷ്ടാദ്വൈതിക്കും നോവാത്തമട്ടില്‍, സമന്വയത്തിന്റെ വഴിയിലെത്താന്‍ പ്രയാസമില്ല. ഈശ്വരന്‍ ഉള്ളിലാണ്, എല്ലാറ്റിലും ദിവ്യത കുടികൊള്ളുന്നു എന്ന സിദ്ധാന്തം കൈക്കൊള്ളാത്ത ഒരു തത്ത്വസംഹിതയും ഭാരതത്തിലില്ല. നമ്മുടെ വേദാന്ത ദര്‍ശനങ്ങളെല്ലാം സമ്മതിക്കുന്നു, വിശുദ്ധിയും പൂര്‍ണ്ണതയും പ്രഭാവവുമൊക്കെ ആത്മാവില്‍ ഇപ്പൊഴേ കുടികൊള്ളുന്നുണ്ടെന്ന്. ചിലര്‍ പറയും, ചിലപ്പോള്‍ ഈ പൂര്‍ണ്ണത സങ്കുചിതവും ചിലപ്പോള്‍ വികസിതവുംപോലെയാകുന്നെന്ന്. ഇതൊക്കെ എങ്ങനെയായാലും, അതവിടെ ത്തന്നെയുണ്ട്. അദ്വൈതമനുസരിച്ച് അതു സങ്കോചിക്കുന്നുമില്ല വികസിക്കുന്നുമില്ല: പിന്നെയോ, ചിലപ്പോള്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും നില്ക്കുന്നു. ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കുന്നു. സാരാംശത്തില്‍, രണ്ടും ഏതാണ്ടൊന്നുതന്നെ. ഒന്നു മറ്റേതിനെക്കാള്‍ കൂടുതല്‍ യുക്തിയുക്തമാണെന്നു പറയാമായിരിക്കാം. ഫലത്തില്‍, പ്രായോഗികമായ നിഗമനങ്ങളില്‍, രണ്ടും ഏറെക്കുറെ ഒരുപോലെതന്നെ. കേന്ദ്രസ്ഥമായ ഈ ഒറ്റ ആശയമാണ് ലോകത്തിന്നാവശ്യം. ഇതിന്റെ ആവശ്യകത നമ്മുടെ മാതൃരാജ്യത്തിലെന്നോണം, അത്രയധികം, മറ്റൊരിടത്തും അനുഭവപ്പെടുന്നില്ല.

അതേ, സുഹൃത്തുക്കളേ, എനിക്കു നിങ്ങളോടു കുറേ പരുഷ സത്യങ്ങള്‍ പറയുവാനുണ്ട്. ഞാന്‍ പത്രത്തില്‍ വായിച്ചു, നമ്മുടെ ഒരു നാട്ടുകാരനെ ഒരിംഗ്ലീഷുകാരന്‍ കൊലപ്പെടുത്തുകയോ അപമാനിക്കയോ ചെയ്യുമ്പോള്‍ നാട്ടിലെങ്ങും ഒട്ടേറെ മുറവിളികള്‍ പൊങ്ങിത്തുടങ്ങുമെന്ന്; അതു ഞാന്‍ വായിക്കുന്നു, കണ്ണീര്‍ പൊഴിക്കുന്നു. പക്ഷേ അടുത്ത ക്ഷണത്തില്‍, എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയരുന്നു – ഇതിനൊക്കെ ആരാണുത്തരവാദി? വേദാന്തിയെന്ന നിലയില്‍ എനിക്ക് എന്നോടുതന്നെ ആ ചോദ്യം ചോദിക്കേണ്ടതുണ്ട്. ഉള്ളിലേക്കു നോക്കുന്ന മനുഷ്യനാണ് ഹിന്ദു. തന്നിലായി, തന്നിലൂടെതന്നെ, ജ്ഞാതൃദൃഷ്ട്യാ വസ്തുക്കളെ കാണാന്‍ അവന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ എന്നോടു ഞാന്‍ ചോദിക്കുന്നു, ആരാണുത്തരവാദി? ഓരോ സമയത്തും കിട്ടുന്ന ഉത്തരമിതാണ്; ഇംഗ്ലീഷുകാരല്ല: അല്ല, അവരല്ല ഉത്തരവാദികള്‍: നമ്മുടെ ദുരിതത്തിന്, അധഃപതനത്തിന് നാമാണ് നാമാണ്, നാം മാത്രമാണ്, ഉത്തരവാദികള്‍. പ്രഭുപ്രഭാവരായ നമ്മുടെ പൂര്‍വികര്‍ ഈ രാജ്യത്തിലെ സാമാന്യജനത്തെ ചവിട്ടിമെതിച്ചുപോന്നു. അങ്ങനെ അവര്‍ക്കാരുമില്ലാതയി. ഈ കഠിന വേദനയില്‍ തങ്ങള്‍ മനുഷ്യരാണ് എന്ന കഥപോലും ആ പച്ചപ്പാവങ്ങള്‍ മിക്ക വാറും മറന്നുപോയി. ശതകങ്ങളായി ഈ കൂട്ടരെ വെറും മരം വെട്ടികളും വെള്ളംകോരികളുമാകാന്‍ നിര്‍ബ്ബന്ധിച്ചുവരുകയാണ്. ഫലമോ, തങ്ങള്‍ ജാത്യാ ദാസന്മാരാണ്, മരംവെട്ടികളും വെള്ളംകോരികളുമാണ് എന്ന് അവര്‍ വിശ്വസിച്ചുവശായിരിക്കുന്നു. കണക്കറ്റ പ്രശംസയ്ക്കു പാത്രമായ ഇന്നത്തെ വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഈ സാധുക്കള്‍ക്കനുകൂലമായി ആരെങ്കിലും ഉരിയാടിയാല്‍ മതി, ഉടനെ, ചവിട്ടിയരയ്ക്കപ്പെട്ട ഈ പാപങ്ങളെ ഉദ്ധരിക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്ന് നമ്മുടെ ആളുകള്‍ പലപ്പോഴും പിന്‍വാങ്ങുന്നതായി ഞാന്‍ കാണുന്നു. മാത്രമല്ല, പരമ്പരാഗതമായ വാസനാപ്രവാഹമെന്നും മറ്റും പാശ്ചാത്യരില്‍നിന്നു കിട്ടിയ അപക്വാശയങ്ങളില്‍നിന്നു തേടിപ്പിടിച്ച അത്യാസുരവും മൃഗീയവുമായ യുക്തിവാദങ്ങളുമേന്തി, ഈ സാധുക്കളെ കൂടുതല്‍ മൃഗീയരാക്കാനും പീഡിപ്പിക്കാനും മുന്നോട്ടുവരുകയും ചെയ്യുന്നു. അമേരിക്കയില്‍വെച്ചു നടന്ന മതമഹാസമ്മേളനത്തില്‍ പലരുടെയും ഇടയ്ക്കു ചെറുപ്പക്കാരനായ ഒരു നീഗ്രോ – ആഫ്രിക്കയിലെ ഒരു തനി നീഗ്രോ – ഉണ്ടായിരുന്നു. അയാള്‍ സുന്ദരമായ ഒരു പ്രഭാഷണവും നടത്തി. എനിക്ക് ആ ചെറുപ്പക്കാരനില്‍ താല്പര്യം തോന്നി. ചിലപ്പോഴൊക്കെ അയാളോടു ഞാന്‍ സംസാരിച്ചു. പക്ഷേ അയാളെക്കുറിച്ച് ഒന്നുമറിയാന്‍ കഴിഞ്ഞില്ല. പിന്നെ ഒരു ദിവസം ഇംഗ്ലണ്ടില്‍വെച്ച് കുറേ അമേരിക്കരെ കണ്ടെത്തി. അവരെന്നോടു പറഞ്ഞതിതാണ്; ആഫ്രിക്കയുടെ എത്രയും ഉള്ളില്‍ ജീവിച്ചുവന്ന നീഗ്രോപ്രമാണിയുടെ മകനായിരുന്നു ആ ചെറുപ്പക്കാരന്‍. മറ്റൊരു പ്രമാണിക്ക് ഒന്നാമനോടു വിരോധം തോന്നുകയും, അയാളെയും അയാളുടെ ഭാര്യയെയും കൊന്നു വേവിച്ചു തിന്നുകയും ചെയ്തു. മകനെക്കൂടി കൊല്ലാന്‍ അയാള്‍ ഉത്തരവിട്ടു: അയാള്‍ക്ക് അവനെയും വേവിച്ചു തിന്നണം. പക്ഷേ പയ്യന്‍ ഓടിപ്പോയി, പല ക്ലേശങ്ങള്‍ സഹിച്ചു, നൂറുമൈല്‍കണക്കിനുള്ള ദൂരം സഞ്ചരിച്ചു. കടല്‍ക്കരയിലെത്തി. അവിടെനിന്ന് അവനെ അമേരിക്കര്‍ ഒരു കപ്പലില്‍ കയറ്റി, അമേരിക്കയിലെത്തിച്ചു. ഈ പയ്യനാണ് ആ പ്രഭാഷണം ചെയ്തത്. അതിനുശേഷം, നിങ്ങളുടെ ആ പാരമ്പര്യസിദ്ധാന്തത്തെക്കുറിച്ച് എന്തു ചിന്തയാണ് എനിക്കുണ്ടാകുക?

അതേ, ബ്രാഹ്മണരേ, പഠിക്കാനുള്ള വാസന പാരമ്പര്യമഹത്ത്വംകൊണ്ട് പറയനെ അപേക്ഷിച്ചു ബ്രാഹ്മണര്‍ക്കേറുമെങ്കില്‍ ബ്രാഹ്മണനെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഇനിയൊട്ടും പണം ചെലവിടേണ്ട. ഉള്ള പണമെല്ലാം പറയരെ പഠിപ്പിക്കാന്‍ ചെലവഴിക്കൂ. ദുര്‍ബ്ബലര്‍ക്കു വേണം കൊടുക്കാന്‍. അവിടെയാണ് ദാനങ്ങളെല്ലാം വേണ്ടത്. ബ്രാഹ്മണന്‍ ജാത്യാ സമര്‍ത്ഥനാണെങ്കില്‍, അവനു പരസഹായ്യംകൂടാതെ സുശിക്ഷിതനാകാം. മറ്റുള്ളവര്‍ ജാത്യാ സമര്‍ത്ഥരല്ലെങ്കില്‍, ആവശ്യമുള്ളത്ര അദ്ധ്യാപനവും അദ്ധ്യാപകരും അവര്‍ക്കാണ് കിട്ടേണ്ടത്. ഇതാണ് എനിക്കു മനസ്സിലാവുന്ന നീതിയും യുക്തിയും. അതിനാല്‍, നമ്മുടെ പാവങ്ങള്‍, ഭാരതത്തിലെ ചവിട്ടിയരയ്ക്കപ്പെട്ട ജനസഞ്ചയം, തങ്ങള്‍ യഥാര്‍ത്ഥത്തിലാരാണെന്നു കേള്‍ക്കയും അറിയുകയും വേണം. അതേ, ജാതിയും ജന്മവും ദൗര്‍ബ്ബല്യവും പ്രാബല്യവും വക വെയ്ക്കാതെ, ഓരോ പുരുഷനും സ്ര്തീയും ശിശുവും കേള്‍ക്കട്ടെ, അറിയട്ടെ, പ്രബലന്റെയും ദുര്‍ബ്ബലന്റെയും ഉന്നതന്റെയും അവന്‍ തന്റെയും, ഓരോരുത്തന്റെയും പിമ്പില്‍, പെരുമയും നന്മയും കൈവരുത്തുവാനുതകുന്ന അനന്തമായ സാദ്ധ്യതയും സാമര്‍ത്ഥ്യവും നിശ്ചിതമാക്കിക്കൊണ്ടു നിലകൊള്ളുന്നത് അഖണ്ഡമായ ആത്മാവാണെന്ന്. ഓരോ ആത്മാവിനോടും നമുക്കു പ്രഖ്യാപിക്കാം, ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത. ”എഴുന്നേല്ക്കുക, ഉണരുക, ലക്ഷ്യത്തിലെത്തുന്നതുവരെ നില്ക്കാതെ മുന്നോട്ടു നീങ്ങുക.” എഴുന്നേല്‍ക്കൂ, ഉണരൂ, ദൗര്‍ബ്ബല്യമുളവാക്കിയ മയക്കത്തില്‍നിന്നുണരൂ. സത്യത്തില്‍ ആരുമില്ല ദുര്‍ബ്ബലരായിട്ട്. ആത്മാവ് അപരിമിതനാണ്: സര്‍വശക്തനാണ്, സര്‍വജ്ഞനാണ്. എഴുനേറ്റു നില്ക്കൂ: ആത്മസത്തയെ മികപ്പിക്കൂ. നിങ്ങളിലുള്ള ഈശ്വരനെ പ്രഖ്യാപിക്കൂ: അവിടുത്തെ നിഷേധിക്കരുത്. അതിരറ്റ നൈഷ്‌കര്‍മ്മ്യം, അതിരറ്റ ദൗര്‍ബ്ബല്യം, അതിരറ്റ മയക്കുറക്കം, ഇന്നുവരെ, ഇന്നും, നമ്മുടെ വംശ്യരെ വശപ്പെടുത്തിയിരിക്കയാണ്. അല്ലയോ ആധുനികഹിന്ദുക്കളേ, നിങ്ങള്‍ ആ മയക്കുറക്കത്തില്‍നിന്നുണരുവിന്‍! അതിലേക്കുള്ള വഴി നിങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളില്‍ത്തന്നെ തെളിഞ്ഞുകിടപ്പുണ്ട്. സ്വസ്വരൂപം അവനവനെ ഉദ്‌ബോധിപ്പിക്കുക, എല്ലാവരെയും ഉദ്‌ബോധിപ്പിക്കുക. ഉറങ്ങുന്ന ആത്മാവിനെ ചെന്നു വിളിക്കുക, എങ്ങനെ അതുണരുന്നു എന്നു നോക്കിക്കാണുക. ശക്തി വന്നുകൂടും, മഹനീയത വന്നുകൂടും, നന്മ വന്നുകൂടും, വിശുദ്ധി വന്നുകൂടും, ഉത്കൃഷ്ടമായതെല്ലാം വന്നുകൂടും, ഉറക്കത്തില്‍ വീണ ഈ ആത്മാവ് ഉണര്‍ന്നു ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുമ്പോള്‍. അതേ, ഗീതയില്‍ ഏതെങ്കിലുമൊന്ന് എനിക്ക് കൂടുതല്‍ ഇഷ്ടമായിട്ടുണ്ടെങ്കില്‍, കൃഷ്ണന്റെ ഉപദേശങ്ങളുടെ രത്‌നച്ചുരുക്കവും സാരവുമായി ഊക്കോടെ വരുന്ന ഈ രണ്ടു ശ്ലോകങ്ങളാണത്; ”സമസ്തഭൂതങ്ങളിലും ഒരുപോലെ കുടികൊള്ളുന്നവനും നശ്വരങ്ങളില്‍ അനശ്വരനുമായ പരമേശ്വരനെ കാണുന്നവനത്രേ കാണുന്നവന്‍. എല്ലായിടത്തും ഒരുപോലെ വര്‍ത്തിക്കുന്ന ഈശ്വരനെ കാണുന്നവന്‍ ഒരിക്കലും ആത്മാവിനെ സ്വയം ഹിംസിക്കില്ല: അങ്ങനെയവന്‍ പരമഗതിയടയുകയും ചെയ്യുന്നു.”

ഇവിടെയും മറ്റിടങ്ങളിലും നന്മ ചെയ്യാന്‍ വിശാലമായ അവസരം വേദാന്തത്തിനുണ്ട്. ഇവിടെയും മറ്റിടങ്ങളിലുമുള്ള സാമാന്യജനത്തെ മെച്ചപ്പെടുത്തുവാനും ഉയര്‍ത്തുവാനുംവേണ്ടി പരമാത്മാവിന്റെ സമത്വവും സര്‍വവ്യാപിത്വവുമെന്ന അദ്ഭുതാശയം പ്രഖ്യാപിക്കണം. തിന്മയും അജ്ഞതയും അല്പജ്ഞതയും എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ, നമ്മുടെ മതഗ്രന്ഥങ്ങള്‍ പറയുമ്പോലെ, തിന്മയെല്ലാം വരുന്നതു ഭേദത്തെ ആശ്രയിച്ചാണെന്നും, നന്മയെല്ലാം വരുന്നത് സമത്വത്തിലും വസ്തുക്കളുടെ മൗലികമായ സാമ്യത്തിലും ഐക്യത്തിലുമുള്ള വിശ്വാസത്തില്‍നിന്നാണെന്നും അനുഭവത്തിലൂടെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് വേദാന്തത്തിന്റെ മഹത്തായ ആദര്‍ശം. ഈ ആദര്‍ശം ഉണ്ടായിരിക്കുക ഒന്നുവേറെ: ദൈനന്ദിന ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിലെല്ലാം അനുഷ്ഠിക്കുക ഒന്നുവേറെ. ഒരാദര്‍ശം ചൂണ്ടിക്കാട്ടുന്നതു വളരെ നന്ന്: പക്ഷേ അവിടെ എത്തുവാന്‍ പ്രായോഗികമാര്‍ഗമെവിടെ?

[വിവേകാനന്ദസാഹിത്യസര്‍വസ്വം – സ്വാമിജി കുംഭകോണം സന്ദര്‍ശിച്ചപ്പോള്‍ – തുടരും]