സ്വാമി വിവേകാനന്ദന്‍

ഇനി നമുക്ക് അദ്വൈതവാദം നോക്കാം. ഏതു കാലത്തും ഏതു രാജ്യത്തുമുണ്ടായിട്ടുള്ള മതതത്ത്വവിചാരങ്ങളില്‍ പരമാന്ത്യവും ഞങ്ങളുടെ അഭിപ്രായത്തില്‍ പരമോത്തമവും, മനുഷ്യബുദ്ധിയുടെ പരമോച്ചപ്രകാശനവും, ദുര്‍വിഗാഹ്യമെന്നു തോന്നുന്ന ഗഹനതയേയും കവിഞ്ഞുപോയതുമത്രേ അദ്വൈതവേദാന്തം. ബഹുജനബുദ്ധിക്കു വിഷയമാകാത്തവിധം അത് അത്ര സൂക്ഷ്മവും ഉച്ചവുമാണ്. ഭാരതവര്‍ഷം അതിന്റെ ജന്മഭൂമിയായിട്ടു, കഴിഞ്ഞ മൂവ്വായിരം സംവല്‍സരങ്ങളായി അത് അവിടെ സര്‍വ്വോല്‍കൃഷ്ടമായി വര്‍ത്തിച്ചിട്ടും, അവിടത്തെ ബഹുജനങ്ങള്‍ക്ക് അത് ഇപ്പോഴും സുഗ്രഹമായിട്ടില്ല. ഏതു രാജ്യത്തെ അതിബുദ്ധിശാലികളായ സ്ര്തീപുരുഷന്‍മാര്‍ക്കും അത് ദുര്‍ഗ്രഹമാണെന്നു മുന്നോട്ടു പോകുന്തോറും നമുക്കു കാണാം.  നാം നമ്മുടെ ബലവും നിലയും അത്ര താഴ്ത്തിയിരിക്കുന്നു. എന്തു പെരുമ പറഞ്ഞാലും, മറ്റൊരാളെ ചാരിനില്‍ക്കണം എന്നായിരിക്കുന്നു നമ്മുടെ സ്വഭാവം. നാം ബലമില്ലാത്ത കൊച്ചുചെടികളെപ്പോലെയാണ്: നമുക്ക് എപ്പോഴും ഒരൂന്നു വേണം. ഒരു ‘സുഖമുള്ള മതം’ വേണമെന്ന് എന്നോട് എത്ര തവണ ഓരോരുത്തര്‍ ആവശ്യപ്പെട്ടിരിക്കുന്നു!

സത്യമന്വേഷിക്കുന്നവര്‍ വളരെച്ചുരുക്കം: അതു മനസ്സിലാകുന്നവര്‍ അതിലും ചുരുക്കം. അതനുസരിച്ച് സര്‍വ്വപ്രകാരേണ നടപ്പാന്‍ ധൈര്യപ്പെടുന്നവരോ അതിനേക്കാളും ചുരുക്കം. ഇതു ജനങ്ങളുടെ കുറ്റമല്ല. അവരുടെ ബുദ്ധിക്കു ബലമില്ല. ഒരു പുതിയ ആശയം, വിശേഷിച്ചും കുറേ ഉല്‍കൃഷ്ടമായത്, തലച്ചോറില്‍ ഒരിളക്കമുണ്ടാക്കി അതില്‍ പുതിയ ചാലുണ്ടാക്കുവാന്‍ ശ്രമിക്കുംപോലെയാണ്. അതു ബുദ്ധിയെ അടിയോടെ മറിച്ചു മനുഷ്യന്റെ നില തെറ്റിക്കും. ചുറ്റുമുള്ള പലതിനോടും പറ്റിച്ചേര്‍ന്നുകൊണ്ടാണ് മനുഷ്യരുടെ സ്ഥിതി. അതു മാറണമെങ്കില്‍ അന്ധവിശ്വാസക്കുന്നുകള്‍ പലതും കടക്കണം: അവ തുലോം പഴക്കമുള്ളവയുമാണ്. വംശാന്ധവിശ്വാസങ്ങള്‍, ജാത്യന്ധവിശ്വാസങ്ങള്‍, നഗരാന്ധവിശ്വാസങ്ങള്‍ ഇതെല്ലാം കടന്നാല്‍പ്പിന്നെ, മനുഷ്യനു കൂടെപ്പിറപ്പായ അന്ധവിശ്വാസങ്ങള്‍, എങ്കിലും ഇതെല്ലാം കടന്ന് സത്യസാക്ഷാല്‍ക്കാരത്തിന്നൊരുമ്പെടുന്ന ചില ധീരന്‍മാരുണ്ട്. അവര്‍ സത്യത്തെ സ്വീകരിച്ച് അറ്റംവരെ അതനുഷ്ഠിക്കും.

അദ്വൈതിയുടെ മതമെന്ത്?  ഈശ്വരനുണ്ടെങ്കില്‍ ആ ഈശ്വരന്‍ ജഗത്തിന്റെ നിമിത്തകാരണംമാത്രമല്ല, ഉപാദാനകാരണവുമാകണം: സ്രഷ്ടാവുമാത്രമല്ല സൃഷ്ടിക്കപ്പെട്ടതും ഈശ്വരനാകണം. ഈശ്വരന്‍തന്നെ ജഗത്ത്. അതെങ്ങനെ, വിശുദ്ധചൈതന്യം ഈ ജഗത്താകുമോ എന്നു ചോദിച്ചാല്‍, അതേ, ദൃഷ്ടമാത്രത്തില്‍ അങ്ങനെ തന്നെ. എന്നാല്‍ അജ്ഞാനികള്‍ ജഗത്തായി കാണുന്നത് ഉള്ളതല്ല. ഇങ്ങനെ കാണുന്നത് നമ്മുടെ വെറും വ്യാമോഹമാണ്. സത്തയായിട്ടുള്ളത് അഖണ്ഡസച്ചിദാനന്ദം മാത്രം. ആ അഖണ്ഡസത്തില്‍ നാം ഈ വിവിധസ്വപ്നങ്ങള്‍ കാണുന്നു. അത്, പരാത്പരമായി അനന്തമായി ജ്ഞാനജ്ഞേയങ്ങള്‍ക്കപ്പുറമായ ആത്മാവ്, അതുമാത്രം ഉള്ളത്. ഇക്കാണുന്ന മേശയും എന്റെ മുമ്പിലിരിക്കുന്ന ഈ ശ്രോതാക്കളും ഈ ചുമരും എല്ലാം, അവയുടെ നാമരൂപങ്ങളെ തള്ളിക്കളഞ്ഞാല്‍, അതുതന്നെ. മേശയുടെ രൂപം തള്ളിക്കളയുക, ശേഷിക്കുന്നതെന്ത്?  അത് വേദാന്തികള്‍ അതിനെ അവനെന്നോ അവളെന്നോ പറയുന്നില്ല. ലിംഗഭേദം ബുദ്ധിഭ്രമജന്യമാണ്. ആത്മാവിനു ലിംഗമില്ല. ഭ്രമത്തിലകപ്പെട്ടവര്‍, മൃഗതുല്യന്‍മാര്‍, അവരത്രേ സ്ര്തീപുരുഷഭേദം കാണുന്നത്. ഈശ്വരതുല്യന്‍മാര്‍ സ്ര്തീപുരുഷഭേദം കാണുന്നില്ല. സര്‍വ്വാതീതന്‍മാര്‍ എങ്ങനെ ലിംഗഭേദം കാണും? ഏതു ജീവിയും ഏതു വസ്തുവും, ലിംഗരഹിത-ശുദ്ധ-നിത്യാനന്ദമായ ആത്മാവല്ലാതെ മറ്റൊന്നുമല്ല.

നാമരൂപശരീരജഡപദാര്‍ത്ഥങ്ങളാണ് വ്യത്യാസങ്ങള്‍ തോന്നിക്കുന്നത്. നാമം, രൂപം എന്നീ രണ്ടു ഭേദങ്ങളെ എടുത്തുകളഞ്ഞാല്‍ ജഗത്താകെ ഒറ്റ വസ്തു, രണ്ടല്ല, ഏകം സര്‍വ്വത്ര. നിങ്ങളും ഞാനും ഒന്ന്. പിന്നെ, പ്രകൃതി ഈശ്വരന്‍ ജഗത്ത് എന്നീ വിവിധത്വമില്ല. ഒരേ അഖണ്ഡസദ്വസ്തു. അതില്‍നിന്നു നാമരൂപങ്ങളാലാണ് ഇതെല്ലാം ഉല്പന്നമായത് അതിനെ അറിയുന്നതെങ്ങനെ? അറിയുന്നവനെ അറിയുന്നതെങ്ങനെ? ജ്ഞാതാവിനെ ജ്ഞേയമാക്കാമോ? വയ്യ. സ്വന്തം ആത്മാവിനെ സ്വയം കാണ്‍മാന്‍ കഴിയുമോ? ഇല്ല: അതിനെ പ്രതിബിംബിച്ചു കാണാം. ഈ ജഗത്ത് അഖണ്ഡനിത്യസദ്വസ്തുവായ ആത്മാവിന്റെ പ്രതിബിംബമാണ്. കണ്ണാടി നല്ലതോ എന്നതനുസരിച്ചു പ്രതിബിംബം തെളിഞ്ഞോ മങ്ങിയോ ഇരിക്കും. ഘാതകനില്‍ കണ്ണാടി ശുദ്ധമല്ല: മഹാത്മാവില്‍ ശുദ്ധമാണ്.  ആത്മാവിലല്ല വ്യത്യാസം, അതു നിത്യശുദ്ധം. അതത്രേ ചെറുകീടംമുതല്‍ പരമസിദ്ധന്‍വരെ സ്വയം പ്രതിഫലിക്കുന്ന ജഗത്കാതലായ ഏകവസ്തു. ജഗത്തു മുഴുവന്‍ ഏകം, ഒരേ വസ്തു: ഭൗതികമായോ മാനസികമായോ ആത്മികമായോ ഏതുവിധം നോക്കിയാലും അത് അഖണ്ഡമായ ഏകവസ്തു. ഈ ഏകവസ്തുവിനെ നാം വിവിധരൂപങ്ങളില്‍ക്കൂടി നോക്കി വിവിധപ്രതിച്ഛായകള്‍ സൃഷ്ടിക്കുന്നു. മനുഷ്യപ്രകൃതിയിലായ ജീവന് ഇത് സ്വര്‍ഗ്ഗമായിരിക്കാം. ജഗത്തില്‍ ആത്മാവ് ഒന്നേയുള്ളൂ. രണ്ടില്ല. അതെങ്ങനെ മരിക്കും, എവിടെ പോകും? സ്വര്‍ഗ്ഗമെവിടെ, ഭൂമിയെവിടെ, എല്ലാ മനഃകല്പിതം. സത്യമല്ല, കാലത്രയത്തിലും സത്യമല്ല.

ഞാന്‍ സര്‍വ്വവ്യാപി, നിത്യന്‍; ഞാന്‍ എവിടേയ്ക്കു പോകും?  ഇപ്പോള്‍ത്തന്നെ ഞാനില്ലാത്ത സ്ഥലമേത്? പ്രകൃതി എന്ന ഗ്രന്ഥം വായിക്കുകയത്രേ ഞാന്‍ ചെയ്യുന്നത്. ഓരോ ഏടു വായിച്ചു മറിക്കുമ്പോള്‍ ഓരോ ജീവിതസ്വപ്നം കഴിഞ്ഞു പോകുന്നു. അങ്ങനെ മറിച്ചുമറിച്ചു വായന കഴിയുമ്പോള്‍ ഗ്രന്ഥം കൈവിട്ട് ഞാന്‍ ഏകാകിയായി നില്‍ക്കുന്നു. അദ്വൈതി സര്‍വദേവന്‍മാരെയും അവരുടെ സിംഹാസനങ്ങളില്‍നിന്നു പിടിച്ചുതള്ളുന്നു. മുമ്പുണ്ടായിട്ടുള്ളവരും മേലില്‍ ഉണ്ടാകുന്നവരുമായ സര്‍വ്വദേവന്‍മാരെയും പിടിച്ചിറക്കി ആ സ്ഥാനത്ത് മനുഷ്യാത്മാവിനെ പ്രതിഷ്ഠിക്കുന്നു. ആത്മാവ് സൂര്യചന്ദ്രന്‍മാരേക്കാള്‍ മീതെ, സ്വര്‍ഗ്ഗങ്ങളെ കവിഞ്ഞത്, മഹത്തായ ജഗത്തിനേക്കാള്‍ മഹത്തരം! മനുഷ്യരൂപത്തില്‍ കാണുന്ന “മഹതോമഹനീയ”നായ മഹാദേവന്‍, മുമ്പും ഇന്നും മേലിലും ഉള്ള ഏകദേവന്‍! ആത്മമഹിമ മനസ്സിനുപോലും ഗോചരമല്ല, അതിനെ വര്‍ണ്ണിപ്പാന്‍ ഏതു ഗ്രന്ഥം, ഏതു വേദം, ഏതു ശാസ്ത്രം? എന്റെ ആത്മാവിനെ ഒഴിച്ചു മറ്റേതിനെ ഞാന്‍ ആരാധിക്കും.? ഞാന്‍ മറ്റാരെ നമസ്‌കരിക്കും? ഞാന്‍ എന്നെ (ആത്മാവിനെ) ആരാധിക്കുന്നു; ആത്മാവിനെ വന്ദിക്കുന്നു, എന്നാണ് അദ്വൈതി പറയുന്നത്.

ഞാന്‍ ആരെ ആശ്രയിക്കും? അനന്തജഗത്‌സത്തായ എന്നെ സഹായിപ്പാന്‍ ആരുണ്ട്? ആര് ആരെ സഹായിച്ചിട്ടുണ്ട്? ആരുമില്ല. അതെല്ലാം വ്യാമോഹം, ഒരു ദുര്‍ബ്ബലന്‍, ദ്വൈതി, ആകാശത്തിലേക്കു നോക്കി ‘എന്നെ രക്ഷിക്കണേ’ എന്നു കരയുമ്പോള്‍ ആകാശം തന്റെ ഉള്ളില്‍ത്തന്നെയാണെന്നു അറിയുന്നില്ല. അയാള്‍ക്കു രക്ഷകിട്ടുന്നുണ്ട്, വാസ്തവം. അത് അയാളില്‍നിന്നുതന്നെ വരുന്നതാണ്. പുറമേനിന്നാണെന്നു തെറ്റിദ്ധരിക്കയാണ്. കിടക്കയില്‍ കിടക്കുന്ന രോഗിക്കു ചിലപ്പോള്‍ വാതില്‍ക്കല്‍ ആരോ മുട്ടുന്നുണ്ടെന്നു തോന്നും. ചെന്നു വാതില്‍ തുറന്നു നോക്കുമ്പോള്‍ അവിടെ ആരുമില്ല. തിരികെ ചെന്നു കിടക്കും: പിന്നെയും മുട്ടുന്ന ശബ്ദം കേട്ട്, പിന്നെയും വാതില്‍ തുറന്നുനോക്കുമ്പോള്‍ ആരുമില്ല. ഒടുവില്‍ തന്റെ ഹൃദയത്തിന്റെ മിടിപ്പാണ് കേട്ടിരുന്നതെന്നും അതു പുറമേ നിന്നാണെന്നു തെറ്റിദ്ധരിച്ചതാണെന്നും അയാള്‍ മനസ്സിലാക്കുന്നു. ഇപ്രകാരം മനുഷ്യന്‍ തന്നില്‍നിന്നു പുറത്തു പല ദേവന്‍മാരേയും അന്വേഷിച്ചു തിരഞ്ഞ് ഒടുവില്‍ വൃത്തം മുഴുമിച്ച്, പുറപ്പെട്ട സ്ഥലത്ത്, തന്റെ ആത്മാവില്‍ത്തന്നെ, മടങ്ങിയെത്തുന്നു. ഏറിയ കുന്നിലും ചെരുവിലും നദിയിലും ക്ഷേത്രത്തിലും പള്ളിയിലും സ്വര്‍ഗ്ഗത്തിലും പലേടത്തും താന്‍ അന്വേഷിച്ചു നടന്ന ഈശ്വരന്‍, സ്വര്‍ഗ്ഗസ്ഥനായി ലോകം ഭരിക്കുന്നവന്‍ എന്നു താന്‍ സങ്കല്പിച്ച ഈശ്വരന്‍, തന്റെ സ്വന്തം ആത്മാവുതന്നെ എന്ന് മനുഷ്യന്‍ ഒടുവില്‍ കണ്ടെത്തുന്നു. ‘സോഹം’, ഞാന്‍ ഈശ്വരന്‍, ഈശ്വരന്‍ ഞാന്‍, ഞാനല്ലാതെ ഒരീശ്വരനില്ല, ഈ ചെറിയ ഞാന്‍ ഉണ്ടായിരുന്നിട്ടേ ഇല്ല.

എങ്കില്‍, ആ മഹേശ്വരന് ഈ ഭ്രമമുണ്ടായതെങ്ങനെ? ഭ്രമം ഉണ്ടായിട്ടില്ല. മഹേശ്വരന്‍ ഭ്രമിക്കുകയോ? ഒരിക്കലുമില്ല. സത്യം ഒരിക്കലും സ്വപ്നം കാണില്ല. ഭ്രമം എവിടെനിന്നുണ്ടായി എന്ന ചോദ്യമേ വിഡ്ഢിത്തം. ഭ്രമത്തില്‍നിന്നേ ഭ്രമം ഉണ്ടാകൂ. സത്യം കണ്ട നിമിഷത്തില്‍ ഭ്രമം നീങ്ങുകയും ചെയ്യും. ഭ്രമത്തിലാണ് ഭ്രമമിരിക്കുന്നത്: ഒരിക്കലും ഈശ്വരനിലല്ല, സത്യത്തിലല്ല, ആത്മാവിലല്ല. നിങ്ങള്‍ ഭ്രമത്തില്‍പ്പെട്ടിട്ടില്ല: ഭ്രമം നിങ്ങളില്‍, നിങ്ങളുടെ മുമ്പിലാണ്. ഒരു മേഘം തൂങ്ങിനില്‍ക്കുന്നു. മറ്റൊരു മേഘം വന്ന് അതിനെ തള്ളിനീക്കി ആ സ്ഥാനത്തു നില്‍ക്കുന്നു. പിന്നെ മറ്റൊന്നു വന്ന് ആ സ്ഥാനം പിടിക്കുന്നു. അനന്തമായ നീലാകാശം, അതില്‍ വിവിധവര്‍ണ്ണങ്ങളായ മേഘങ്ങള്‍ വരുന്നു, ക്ഷണനേരം നില്‍ക്കുന്നു, പൊയ്‌പോകുന്നു, ആകാശം നീലമായിത്തന്നെ നില്‍ക്കുന്നു. അതുപോലെ നിങ്ങള്‍ നിത്യശുദ്ധന്‍മാര്‍, നിത്യപൂര്‍ണ്ണന്‍മാര്‍, യഥാര്‍ത്ഥജഗദീശ്വന്‍മാര്‍: ഈശ്വരന്‍മാര്‍ എന്ന ബഹുവചനമില്ല. ഈശ്വരന്‍ ഏകന്‍. നിങ്ങളും ഞാനും എന്നു പറയുന്നത് തെറ്റ്. ഞാന്‍ എന്നു മാത്രം പറയുക. അനേകലക്ഷം വക്ത്രങ്ങള്‍ കൊണ്ടു ഭക്ഷിക്കുന്നതു ഞാന്‍, എനിക്കു വിശപ്പെങ്ങനെ! അനേകലക്ഷം കൈകളാല്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍, ഞാന്‍ നിഷ്‌ക്രിയനോ? ഈ ജഗത്തു മുഴുവനിലും ജീവിക്കുന്നതു ഞാന്‍, എനിക്കു മരണമോ? ഞാന്‍ ജന്മമരണാതീതന്‍. ഞാന്‍ മുക്തിയെ നേടുകയോ? മുക്തി എന്റെ സ്വഭാവം. ജഗദീശ്വരനായ എന്നെ ബന്ധിപ്പാന്‍ എന്തുണ്ട്? ഞാന്‍ ജഗത്തില്‍ ഏകസത്ത് സര്‍വ്വവേദശാസ്ത്രങ്ങളും എന്റെ മഹിമ വിവരിക്കുന്ന പടങ്ങള്‍മാത്രം. പിന്നെ ഗ്രന്ഥങ്ങള്‍ എനിക്കെന്ത്? ഇതാണ് അദ്വൈതിയുടെ വാക്ക്.

‘തത്ത്വമറിഞ്ഞ് സദ്യോമുക്തനാവുക’, അന്ധകാരമെല്ലാം അപ്പോള്‍ നീങ്ങും. മനുഷ്യന്‍ തന്നെത്താന്‍ ജഗദധിഷ്ഠാനമായ അനന്തവസ്തുവായി കാണുമ്പോള്‍, ഭേദങ്ങളെല്ലാം അകലുമ്പോള്‍, സ്ര്തീയും പുരുഷനും ഈശ്വരന്‍മാരും സ്വര്‍ഗ്ഗവാസികളും ജന്തുക്കളും സസ്യങ്ങളും ജഗത്താകെയും ഉരുകി ആ ഐക്യമാകുമ്പോള്‍, സര്‍വ്വഭയങ്ങളും മാഞ്ഞുപോകുന്നു. ഞാന്‍ എന്നെത്തന്നെ ഉപദ്രവിക്കയോ, ദ്രോഹിക്കയോ കൊല്ലുകയോ? ആരെ ഭയപ്പെടണം? നിങ്ങള്‍ക്കു നിങ്ങളെത്തന്നെ ഭയമോ? അപ്പോള്‍ ദുഃഖങ്ങളെല്ലാം നീങ്ങും എന്നെ ദുഃഖിപ്പിപ്പാന്‍ എന്തുണ്ട്? ജഗത്തില്‍ ഞാനല്ലാതെ മറ്റെന്തുണ്ട്? അപ്പോള്‍ ഈര്‍ഷ്യയില്ലാതാകും. ആരോട് ഈര്‍ഷ്യ കരുതാം? എന്നോടോ? അപ്പോള്‍ വിദ്വേഷം എല്ലാം നശിക്കും. ആരെ ദ്വേഷിക്കാം? എന്നെത്തന്നെയോ? ഞാനല്ലാതെ മറ്റാരുമില്ലല്ലോ. ഇതത്രെ ജ്ഞാനമാര്‍ഗ്ഗം. ഭേദബുദ്ധിയെ നശിപ്പിക്കുക, ഒന്നിലധികമുണ്ടെന്ന മൂഢവിശ്വാസത്തെ നശിപ്പിക്കുക. അനേകത്തില്‍ ഏകത്തേയും ജഡത്തില്‍ ചൈതന്യത്തെയും മിഥ്യയില്‍ സത്യത്തേയും കാണുന്നവനു ശാന്തിയുണ്ടാകും, മറ്റാര്‍ക്കുമില്ല.

ഇവയത്രേ [ ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം] ഈശ്വരനിലേയ്‌ക്കെത്തുന്ന വേദാന്തസോപാനത്തിന്റെ മൂന്നു പടവുകളെപ്പറ്റിയുള്ള മുഖ്യസംഗതികള്‍. പ്രപഞ്ചത്തിനപ്പുറത്തു സഗുണനായ ഈശ്വരന്‍ എന്നു തുടങ്ങി, പ്രപഞ്ചശരീരനും സര്‍വാന്തര്യാമിയുമെന്ന നിലയില്‍ വന്ന് ആ ഈശ്വരനും ആത്മാവും ഒന്നുതന്നെ എന്നും ജീവജഗദീശ്വരന്‍മാര്‍ ആ പരമാത്മാവിന്റെ വിവിധ പ്രകാശനങ്ങളാണെന്നുമായി പര്യവസാനിച്ചു. ഇതത്രേ വേദങ്ങളിലെ പരമാന്ത്യവാക്യം. ദ്വൈതം തൊട്ടു തുടങ്ങി വിശിഷ്ടാദ്വൈതത്തില്‍ക്കൂടെ തികഞ്ഞ അദ്വൈതത്തില്‍ അവസാനിക്കുന്നു. അവസാനപദ്ധതിയിലെത്തുവാനും അതില്‍ വിശ്വസിപ്പാനും നന്നെച്ചുരുക്കം ജനങ്ങളേ ഉണ്ടാകൂ! അത് അനുഷ്ഠാനത്തില്‍ കൊണ്ടുവരുവാന്‍ അതിനേക്കാള്‍ ചുരുക്കംമാത്രം എന്നു നമുക്കറിയാം. എങ്കിലും ലോകത്തില്‍ സദാചാരത്തിനോ ധര്‍മ്മത്തിനോ അദ്ധ്യാത്മികതയ്‌ക്കോ അടിസ്ഥാനം അതൊന്നേ ഉള്ളൂ എന്നും നമുക്കറിയാം. ‘പരോപകാരം ചെയ്യണം’ എന്ന് എല്ലാവരും പറയുന്നു. എന്തിന്? മഹാത്മാക്കളെല്ലാം സര്‍വമനുഷ്യസാഹോദര്യം ഉപദേശിക്കുന്നു: അതിലും കവിഞ്ഞ സര്‍വ്വജീവിസാഹോദര്യമെന്നും മഹത്തരാത്മാക്കള്‍ ഉപദേശിച്ചിട്ടുണ്ട്. എന്തുകൊണ്ട്? അവരില്‍ അബോധമായോ അയുക്തികമായോ അന്ധവിശ്വാസമിശ്രമായോ, ഏതോ വിധത്തില്‍, നാനാത്വത്തെ നിരസിച്ച്, ജഗദൈക്യം സ്ഥാപിച്ച് ശാശ്വതപരമാത്മജ്യോതിസ്സ് ഉദ്ഗമിച്ചിരുന്നു: അതുകൊണ്ടുതന്നെ.

വേദാന്തവാക്യം നമുക്ക് ഏകജഗത്തിനെ തന്നിരിക്കുന്നു. ഇന്ദ്രിയങ്ങളില്‍ക്കൂടെ നോക്കുമ്പോള്‍ അതു ജഡപ്രപഞ്ചം: ബുദ്ധികൊണ്ടു നോക്കുമ്പോള്‍ ജീവന്‍: ആത്മാവില്‍ക്കൂടെ നോക്കുമ്പോള്‍ ഈശ്വരനും. ദുഷ്ടതയെന്നും പാപമെന്നും ലോകര്‍ പറയുന്ന മൂടുപടങ്ങള്‍ സ്വയം ധരിച്ച മനുഷ്യന് ഇതേ ലോകം പ്രകൃതം മാറി നരകമാകും. ഭോഗകാമനായ മനുഷ്യന് ഇതുതന്നെ രൂപം മാറി സ്വര്‍ഗ്ഗമാകും. സിദ്ധപുരുഷന് ഇതു മാഞ്ഞ് സ്വന്തം ആത്മാവാകും.

മനുഷ്യസമുദായത്തിന്റെ ഇന്നത്തെ നിലയില്‍ ഈ മൂന്നു പടവുകളും വേണ്ടിയിരിക്കുന്നു. ഒന്നു മറ്റൊന്നിനെ നിഷേധിക്കുന്നില്ല, പൂര്‍ത്തിയാക്കുന്നു. അദ്വൈതിയോ ദ്വൈതിയുടെ മതം തെറ്റാണെന്നു പറയുന്നില്ല, അതു ശരി: എന്നാല്‍, താണ പടിയാണ്. എങ്കിലും ഓരോരുത്തനും അവനവന്റെ ഭാവനപോലെ സത്യമാര്‍ഗ്ഗത്തില്‍ത്തന്നെ ജഗദ്ദര്‍ശനം പൂര്‍ത്തിയാക്കട്ടെ. ആരുടെയും ബുദ്ധി ഭേദിപ്പിക്കരുത്. ആരുടേയും നില തെറ്റാണെന്നു പറയരുത്. ഓരോരുത്തനെയും അവന്‍ നില്‍ക്കുന്ന നിലയില്‍ സഹായിപ്പാന്‍ കഴിയുമെങ്കില്‍ കൈകൊടുത്തുയര്‍ത്തുക. അല്ലാതെ, ദ്രോഹിക്കയോ നശിപ്പിക്കയോ ചെയ്യരുത്. ഒടുവില്‍ എല്ലാവരും തത്ത്വം ദര്‍ശിക്കും. ‘സര്‍വ്വകാമങ്ങളും നശിക്കുമ്പോള്‍ മര്‍ത്ത്യന്‍ അമര്‍ത്ത്യനാകും.’ അപ്പോള്‍ മനുഷ്യന്‍ ഈശ്വരനാകും.

വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം)