ശ്രീ രമണമഹര്‍ഷി

അരുണാചലാഷ്ടകം ആറാമദ്ധ്യായാത്തെപ്പറ്റി മഹര്‍ഷി ഇപ്രകാരം പറഞ്ഞു.

മുന്‍ ശ്ലോകത്തില്‍ ‘ഒന്ന്’ ഉണ്ടോ എന്ന് ചോദിക്കുന്നു. ഈ ശ്ലോകത്തില്‍ ‘ഉണ്ട്’ എന്നുത്തരം. എന്നാലും ആ ‘ഒന്ന്’ അതിന്‍റെ അതിശയകരമായ പ്രതിഭ നിമിത്തം, അജ്ഞാനമെന്നോ സുപ്തമായ വാസനകളുടെ സംഘാതമെന്നോ പറയാവുന്ന അണുമാത്രമായ ‘ഞാന്‍’ എന്ന ബോധത്തില്‍ പ്രതിഫലിക്കുന്നു. ഇതു ഒരുത്തന്റെ പ്രാരബ്ധം മൂലം സുപ്തവാസനകളെ ബാഹ്യപ്രപഞ്ചമായി ആവിഷ്ക്കരിക്കുകയും ബാഹ്യപ്രപഞ്ചത്തെ അതിസൂക്ഷ്മമായ ആന്തരവാസനകളാക്കി പ്രത്യാഹരിക്കുകയും ചെയ്യുന്നു. ഈ ശക്തിയെ സൂക്ഷ്മതലത്തില്‍ മനസ്സെന്നും സ്ഥൂലതലത്തില്‍ ബുദ്ധിയെന്നും പറയുന്നു. മനസ്സ് അഥവാ ബുദ്ധി സത്യവസ്തുവിന്റെ ഭൂതക്കണ്ണാടിയായി ബൃഹത്തായ ലോകത്തെ പ്രദര്‍ശിപ്പിക്കുന്നു. ജാഗ്രത്തിലും സ്വപ്നത്തിലും മനസ് ബഹിര്‍മുഖമായും വര്‍ത്തിക്കുന്നു. മധ്യവര്‍ത്തിയായ മനസ്സു ബ്രഹ്മവസ്തുവിനെ ജാഗ്രത്തിലും സ്വപ്നത്തിലും അനേകമാക്കിത്തീര്‍ക്കുന്നു. ഉറക്കത്തിലും അബോധാവസ്ഥയിലും അതിനെ ഉപസംഹരിക്കുകയും ചെയ്യുന്നു. അതിനാല്‍ നീ അതാണ്. മറ്റൊന്നാകാന്‍ തരമില്ല. എന്തൊക്കെ മാറ്റം വന്നാലും ബ്രഹ്മവസ്തു നീ തന്നെയായിരിക്കുന്നു. നിന്നെക്കവിഞ്ഞ് ആരുമില്ല.

മുന്‍ശ്ലോകം – നല്ല സൂര്യപ്രകാശത്തില്‍ നില്‍ക്കുന്ന ഒരാളിന്‍റെ ഫോട്ടോ സംവേദനപാളിയില്‍ (സ്ലൈഡില്‍) പതിയുകയുമില്ല. അതുപോലെ നിന്‍റെ സ്വരൂപപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ സംവേദന പാളിയായ നിന്‍റെ മനസ്സിനു ഈ ലോകത്തെ പ്രതിഫലിപ്പിക്കാന്‍ കഴിയുകയില്ല. പോരെങ്കില്‍ സൂര്യനും നിന്നില്‍ ഇരിക്കുകയാണ്. എന്നിട്ടും പ്രതിഫലങ്ങളെത്തടുക്കാന്‍ അതിനിത്ര ശക്തിയുണ്ടെങ്കില്‍ നിന്‍റെ പ്രകാശത്തിന്റെ ശക്തി എന്തായിരിക്കണം. അങ്ങനെ സത്താമാത്ര അദ്വൈത വസ്തുവിനന്യമായി ഒന്നില്ല. ആ അദ്വൈത വസ്തു നീയാണ്.

‘കയറ്റില്‍ പാമ്പ്’ അരണ്ടവെളിച്ചത്തിലല്ലാതെ നല്ല സൂര്യ പ്രകാശത്തിലോ ഇരുട്ടിലോ ഉണ്ടായിരിക്കുകയില്ല. അതുപോലെ ഈ ലോകം സമാധിയിലെ സ്വസ്വരൂപ പ്രകാശത്തിലെ സുഷുപ്തിയിലോ അബോധാവസ്ഥയിലോ വിഷയമായിരിക്കുകയില്ല. ഇരുണ്ട പ്രതിഫലന പ്രകാശത്തില്‍ അഥവാ അജ്ഞാതകലുഷമായ വിഞ്ജാനത്തില്‍ മാത്രമേ പ്രപഞ്ചം വിഷയമാകുന്നുള്ളൂ. വിഷയ നാനാത്വങ്ങളും സത്യവസ്തുവിനോട് ചേര്‍ന്നുള്ളവയല്ല. ഇവിടെ ഒരൊന്നാന്തരം കളി നടക്കുകയാണ്. ഏകം അനേകമായി തോന്നപ്പെടുന്നു. പലതായി ഭാവിക്കുകയും ഉപസംഹരിക്കപ്പെടുകയും ചെയ്യുന്നു. അത്ഭുതകരമായ ഒരു ശക്തി ഈ പ്രവര്‍ത്തനത്തിലുണ്ടായിരിക്കും. അവളും സുസ്വന്ത്രയായിരിക്കുകയില്ല. സ്വയം പ്രകാശകമായ അദ്വൈതവസ്തുവില്‍ ശക്തിയെ കാണാനൊക്കുകയില്ല. വിചാരം തന്നെയാണ് ജഗത്ത്. സ്വയം പ്രകാശകമായ അദ്വൈതവസ്തു അധിഷ്ഠാനമായി അതിന്‍റെ പ്രതിഫലനമായി ജഗത്തും ഈശ്വരനും അതില്‍ വിലസുന്നു.

സൃഷ്ടിയുടെ സംവിധാനത്തില്‍ ‘ഞാന്‍’എന്ന അഹന്ത എന്താണെന്ന് നോക്കാം അതു കര്‍ത്താവോ കര്‍മ്മമോ?

ജാഗ്രത്തിലും സ്വപ്നത്തിലും അതു മറ്റെല്ലാത്തിനെയും കാണുന്നതിനാല്‍ കര്‍ത്താവ് തന്നെയാണ്. സാക്ഷാല്‍ക്കാരദിശയില്‍ അതു കര്‍മ്മമായിത്തീരുന്നു. ഈ ശുദ്ധാവസ്ഥ ജാഗ്രത്തിനും സുഷുപ്തിക്കും അനുഭവഗോചരമാവുന്നു. തുടര്‍ന്നു നിന്നാല്‍ അതു അഖണ്ഡബോധം അഥവാ ഈശ്വരനാണ്. ഈ ഒരു ഇടനാഴിയില്‍ കൂടിയേ ബ്രഹ്മ്സാക്ഷാല്‍ക്കാരം സാദ്ധ്യമായിത്തീരുന്നുള്ളൂ.

ഇനി ‘ഞാന്‍’ സുഖമായുറങ്ങി, ഒന്നുമറിഞ്ഞില്ല’. എന്നതില്‍ സുഖവും അജ്ഞാനവുമാണ്. അനുഭവങ്ങള്‍ അറിയാതിരുന്നത്‌ ആവരണവും (അജ്ഞാനം) പിന്നീടറിഞ്ഞത്‌ വിക്ഷേപവും (മനസ്സും) ആണ്.