ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ആദ്യസ്നാനവും ആദ്യക്ഷൌരവും’ (ശ്രീരമണ തിരുവായ്മൊഴി)

ഭഗവാന്‍ ഇരിക്കുന്ന സോഫായുടെ പിന്‍ഭാഗം കെട്ടിയ രാമച്ഛതട്ടിക്ക് കുളുര്‍ത്ത ജലം തളിക്കുമ്പോള്‍ ഭഗവാന്റെ ദേഹത്തിലും പതിയാന്‍ മാത്രം തളിച്ചു. ഭഗവാന്‍ ശരീരത്തില്‍ തടവിക്കൊണ്ട് കുലുങ്ങി കുലുങ്ങി ചിരിച്ചു. ഏതോ പുര്‍വസ്മരണയാല്‍ ഈവിധം പറഞ്ഞു. ഈ രാജ്യത്തുവന്നു, നാലുമാസംവരെ സ്നാനം ഉണ്ടായിരുന്നില്ല. അരുണാചലേശ്വരാലയപ്രകാരത്തില്‍ ഉള്ളപ്പോള്‍ ഒരു ദിവസം പൊന്നുസ്വാമി എന്നൊരു ഭക്തന്റെ ഭാര്യ വന്നു എന്നെ അമന്തമായി വലിച്ചിഴച്ചിരുത്തി. ചീനിക്കായ്പൊടിയും എണ്ണയുംകൊണ്ട് തലയെല്ലാം തേച്ചു സ്നാനം ചെയ്യിപ്പിച്ചു. അവര്‍ കൂടെക്കൂടെവന്നുപോകുന്നവരാണ്. അന്നും അതുപോലെ വന്നവരാണെന്നാണ് കരുതിയത്. വരുമ്പോള്‍ തന്നെ എല്ലാം തയാറാക്കിയാണ് വന്നത്. അതായിരുന്നു ഇവന്റെ ആദ്യസ്നാനം. “

ഭക്തന്‍ – “ അതില്‍പിന്നെ ദിവസവും സ്നാനം ചെയ്യാറുണ്ടോ ?

ഭഗവാന്‍ – സ്നാനമെവിടെ ? ചെയ്യിപ്പിക്കുന്നതാരാണ് ? ചെയ്യുന്നതാരാണ് ? അതില്‍പ്പിന്നെ ഒന്നരവര്‍ഷം കഴിഞ്ഞു. ഗുരുമുര്‍ത്തത്തില്‍ കുറച്ചുകാലം ഇരുന്നിരുന്നു. അവിടെ അധികം ജനക്കുട്ടമില്ല. അതുകൊണ്ടധികം ഉപദ്രവമുണ്ടയിരുന്നില്ല. ‘മീനാക്ഷി’ എന്നോരമ്മ എപ്പോഴെങ്കിലും ആഹാരം കൊണ്ടുതന്നിരുന്നു. ആ അമ്മ ഒരുനാള്‍ ഒരു പാത്രം കൊണ്ടുവന്നു വെള്ളം കാച്ചുന്നത് കണ്ടു. എന്തിനാ എന്നു വിചാരിച്ചു. ഒരു കൊട്ടയില്‍ നിന്നും എണ്ണ, ചീനിക്കാപ്പൊടി മുതലായവയും എടുത്തു “സ്വാമി! വരുവിന്‍ ” എന്നു വിളിച്ചു. ഞാന്‍ പോയില്ല. ആ അമ്മ ഒരുക്കംകൂട്ടിവന്ന ദിക്കില്‍ വെറുതെ വിടുമോ ? തോളില്‍ പിടിച്ചുവലിച്ചിരുത്തി. എണ്ണയും ചിനിക്കായും തേച്ചു സ്നാനം ചെയ്യിച്ചു ജടകെട്ടിയ തലനാര്‍ വിടര്‍ത്തിയപ്പോള്‍ സിംഹരോമംപോലെ ആടിത്തുടങ്ങി. അതു രണ്ടാം സ്നാനം. അതില്‍പ്പിന്നെ പഴനിസ്വാമി (ഒരു മലയാളി) വന്നുചേര്‍ന്നു എങ്ങിനെയോ കഴിഞ്ഞുകൂടി.

“ഈ വിഷയം ചരിത്രത്തില്‍ ഇല്ലല്ലൊ എന്നു പറഞ്ഞു ഒരാള്‍. ” ഭഗവാന്‍ – “ഇല്ല, എന്തുകൊണ്ടോ അന്നു ആരും എഴുതീട്ടില്ല. ക്ഷൌരവും അതുപോലെയാണ്. ആദ്യ ക്ഷൌരം ചരിത്രത്തില്‍ ഉണ്ടല്ലോ. ആദ്യ ക്ഷൌരം ഒന്നര കൊല്ലം കഴിഞ്ഞപ്പോളാണ്. തലമുടി ഒരു കൊട്ട തുന്നിയപോലെ ആയി. അതില്‍ചെറുകല്ലുകളും പൊടികളും മണ്ണും ഇലകളും നിറഞ്ഞുകിടക്കുന്നു. ശിരസ്സു വല്ലാത്ത ഘനം. വളരെ നീണ്ട നഖങ്ങളും എല്ലാംകൂടി ഒരു ബീഭത്സരുപമെടുത്തിരിക്കുന്നു. ചിലരൊക്കെകൂടി നിര്‍ബന്ധിച്ചു മൊട്ട അടിച്ചപ്പോള്‍ തലയുണ്ടോ എനിക്ക് എന്നു സംശയമായി. അങ്ങോട്ടുമിങ്ങോട്ടും തല ആട്ടിനോക്കി. ഹാ! ഉണ്ട് എന്നറിഞ്ഞു. അത്ര ഭാരം കുറഞ്ഞിരിക്കുന്നുവെന്നു പറയണം.

ഒരാള്‍ – ഈ ഒന്നരകൊല്ലത്തോളം ആരും നിര്‍ബന്ധിച്ചില്ലേ ?

ഭഗവാന്‍ – ഓ! പ്രയത്നിച്ചിരുന്നു. സുബ്രഹ്മണ്യശ്വരലയത്തില്‍ ഇരിക്കുമ്പോള്‍ , ഇപ്പോള്‍ വക്കീലായിരിക്കുന്ന നീലകണ്‌ഠയ്യരുടെ പിതാമഹന്‍ നീലകണ്‌ഠയ്യര്‍ എന്റെ അടുത്ത് പതിവായി വരാറുണ്ട്. ഉത്തമഭക്തനാണ്. ഒരു ദിവസം ക്ഷ്വ്‌രപ്രയത്നത്തില്‍ വന്നു ദൂരത്തില്‍ നിന്നുക്കൊണ്ടിരുന്നു. സാധാരണ വന്നാല്‍ അടുത്തു വന്നിരിക്കുക പതിവുണ്ട്. എന്തിനോ വന്നതായിരിക്കുമെന്നു കരുതി ഞാന്‍ കണ്ണടച്ചിരിക്കുകയാണ്. പിന്‍പുറത്തില്‍നിന്ന്‍ ‘ടഫ്‌, ടഫ്‌’ എന്ന ശബ്ദംകേട്ടു കണ്ണുകള്‍ തുറന്നു നോക്കിയപ്പോള്‍, ക്ഷൌരക്കാരന്‍ കത്തി അണക്കുകയാണ്. മിണ്ടാതെ എഴുന്നേറ്റ്‌ അവിടംവിട്ടു പോയി അദ്ദേഹം എനിക്കിഷ്ടമില്ലെന്നു മനസ്സിലാക്കി നിര്‍ബന്ധിച്ചില്ല. പൊന്നുസ്വാമിയുടെ ഭാര്യ മീനാക്ഷിയമ്മ മാത്രം സ്നാനം ചെയ്യാതെ വിട്ടില്ല. തോളില്‍ പിടിച്ചു വലിച്ചാല്‍ എന്തു ചെയ്യും ? എന്നരുളി. . “അവര്‍ക്കു ഭഗവാനെ ഒരു മകനായി തോന്നിയിരിക്കാം” എന്നുപറഞ്ഞു ഞാന്‍ .