യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 173 [ഭാഗം 4. സ്ഥിതി പ്രകരണം]

അഹമര്‍ത്ഥോപരിജ്ഞാത: പരമാര്‍ത്ഥാംബരേ മലം
പരിജ്ഞാതോഹമര്‍ത്ഥസ്തു പരമാത്മാംബരം ഭവേത് (4/33/24)

വസിഷ്ഠന്‍ തുടര്‍ന്നു: “ശരിയായ അറിവിന്റെ വെളിച്ചത്തിലല്ലെങ്കില്‍, ‘ഞാന്‍’ എന്നത് അനന്താവബോധത്തിലെ ഒരു തെറ്റിദ്ധാരണയാണ്‌. എന്നാല്‍ ശരിയായ അറിവിന്റെ നിറവിലോ അത് അനന്തതാവബോധം തന്നെയാണ്‌.” സ്വന്തം ഉണ്മയെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ‘ഞാന്‍’ എന്നത് അഹംഭാവമാണെന്ന ധാരണ പാടേ നീങ്ങി ഒരേയൊരു അനന്താവബോധം മാത്രമാണു ഞാന്‍ എന്ന സാക്ഷാത്കാരം ഉണ്ടാവുന്നു. വാസ്തവത്തില്‍ ‘ഞാന്‍’ എന്ന ഒരു പ്രത്യേക അസ്തിത്വം ഇല്ല തന്നെ. ഈ സത്യം നിര്‍മ്മലമനസ്സുള്ള ഒരുവനു വെളിപ്പെടുമ്പോള്‍ അവന്റെ അജ്ഞാനം ക്ഷണനേരംകൊണ്ട് ഇല്ലാതെയാവുന്നു. മറ്റുള്ളവര്‍ അവരുടെ തെറ്റിദ്ധാരണയ്ക്കു മാറ്റമൊന്നുമില്ലാതെ ചെറിയകുട്ടികള്‍ ഭൂതപിശാചുക്കളുടെ അസ്തിത്വത്തില്‍ വിശ്വസിക്കുന്നതുപോലെ കഴിഞ്ഞു കൂടുന്നു. ‘ഞാന്‍’ എന്ന ഒന്നിന്‌ അസ്തിത്വമില്ല എന്ന വസ്തുത അറിയുന്നവന്‍ എങ്ങിനെയാണ്‌ ‘ഞാനു’ മായി ബന്ധമുള്ള സ്വര്‍ഗ്ഗം, നരകം തുടങ്ങിയ മറ്റു ധാരണകള്‍ക്ക് വില കല്‍പ്പിക്കുക? ‘ഞാന്‍’ എന്ന ധാരണ സത്യമാണെന്നു കരുതുമ്പോള്‍ മാത്രമേ സ്വര്‍ഗ്ഗലാഭത്തിനും മുക്തിപദപ്രാപ്തിക്കും പോലുമുള്ള അഭിവാഞ്ഛ ഒരുവനില്‍ ഉയരുകയുള്ളു.

‘ഞാന്‍’ ഉള്ളിടത്തോളം ഒരുവന്റെ ജീവിതത്തില്‍ അസന്തുഷ്ടി മാത്രമേയുള്ളു. ‘അഹം’ ഇല്ലാതാകാന്‍ ആത്മജ്ഞാനമല്ലാതെ മറ്റൊരുമാര്‍ഗ്ഗമില്ല. ഈ ‘അഹം’ എന്ന ഭൂതം ആവേശിച്ചുകഴിഞ്ഞാല്‍ ഒരു ശാസ്ത്രഗ്രന്ഥത്തിനും, മന്ത്രങ്ങള്‍ക്കും ഒന്നും അതിനെ ഒഴിപ്പിക്കാന്‍ കഴിയില്ല. ആത്മാവ്, അനന്താവബോധത്തിന്റെ ശുദ്ധമായ പ്രതിഫലനം മാത്രമാണെന്ന സത്യം നിരന്തരമായി സ്മരിക്കുന്നതുകൊണ്ടു മാത്രമേ അഹത്തിന്റെ വളര്‍ച്ചയെ തടയുവാനാവൂ.

ലോകമെന്ന കാഴ്ച്ച (പ്രകടനം) ഒരു മികച്ച ജാലവിദ്യക്കാരന്റെ കണ്‍കെട്ടാണ്‌. വിഷയ-വിഷയീ ബന്ധങ്ങളും ‘എനിയ്ക്ക്’ അവയുമായുള്ള ബന്ധവും ശുദ്ധ അസംബന്ധവും. ഈ അറിവുറയ്ക്കുമ്പോള്‍ അഹംഭാവത്തിന്റെ വേരറ്റുപോവുന്നു. ഈ അഹമാണ്‌ ‘ലോകം’ എന്ന ധാരണയ്ക്ക് കാരണമാവുന്നതെന്ന് അറിയുമ്പോള്‍ രണ്ടും പ്രശാന്തിയടഞ്ഞില്ലാതാവുന്നു. എന്നാല്‍ അഹംഭാവത്തിന്റെ ഉന്നതമായ ഒരു തലത്തിലാണ്‌ പ്രബുദ്ധനായവന്‍ കഴിയുന്നത്. അതില്‍ ‘ഞാനാ’ണീ വിശ്വം മുഴുവനും നിറഞ്ഞുവിളങ്ങുന്നത്; ‘എന്നി’ല്‍ നിന്നുവേറിട്ട് യാതൊന്നുമില്ല എന്ന ദൃഢമായ ധാരണയാണുള്ളത്. മറ്റൊരു തലത്തിലുള്ള അഹംഭാവത്തില്‍, ‘ഞാന്‍’ അതീവസൂക്ഷ്മമായ അണുമാത്രമാണെന്നും അതിനാല്‍ ഈ വിശ്വത്തിലെ എല്ലാറ്റില്‍നിന്നും സര്‍വ്വതന്ത്രസ്വതന്ത്രമാണെന്നും ഉള്ള അറിവാണുള്ളത്. ഇതും മുക്തിദായകമത്രേ. എന്നാല്‍ ദേഹാഭിമാനിയായ അഹം, ആത്മാവിനെ ശരീരത്തോട് തദാത്മ്യഭാവത്തില്‍ കാണുന്നതാണ്‌ തീര്‍ച്ചയായും വര്‍ജ്ജിക്കേണ്ടത്.

തുടര്‍ച്ചയായി ഉയര്‍ന്ന തലത്തിലുള്ള ഉത്തമ ‘അഹം’ ഭാവം ഉള്ളില്‍ വളര്‍ത്തിയുറപ്പിക്കുകവഴി അധമമായ അഹംഭാവത്തെ ഇല്ലാതെയാക്കാം. അധമമായ അഹംഭാവത്തെ നിരാകരിച്ച് ഉന്നതമായ ‘അഖിലവും ഞാന്‍’ എന്ന ഭാവമോ ‘ഏറ്റവും സൂക്ഷ്മമവും സ്വതന്ത്രവുമാണു ഞാന്‍’ എന്ന ഭാവമോ നിരന്തരം ഉള്ളിലുറപ്പിക്കുക. കാലക്രമത്തില്‍ ഈ രണ്ട് ‘ഉന്നതാഹംഭാവങ്ങളും’ വര്‍ജ്ജിക്കണം. അതിനുശേഷം എല്ലാവിധ കര്‍മ്മങ്ങളിലും സര്‍വ്വാത്മനാ മുഴുകിക്കഴിയുകയോ ഒന്നിലും ഏര്‍പ്പെടാതെ ഏകാന്തതയില്‍ കഴിയുകയോ ചെയ്യാം. കാരണം അങ്ങിനെയുള്ള ജ്ഞാനിക്ക് അപചയം ഉണ്ടാകുന്നതല്ല.