യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 487 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ബ്രഹ്മണ്യശേഷശക്തിത്വാദചിത്വം വിദ്യതേ തഥാ
അക്ഷുബ്ധേ വിമലേ തോയേ ഭാവിഫേനലവോ യഥാ (6.2/10/3)

ഭൂശുണ്ടന്‍ തുടര്‍ന്നു: അല്ലയോ ഗന്ധര്‍വ്വാ, അങ്ങ് ഇക്കാണായ ലോകക്കാഴ്ചകള്‍ അനന്താവബോധത്തിന്റെ പ്രകടിതരൂപമാണെന്ന ചിന്തകളെ ഉപേക്ഷിച്ചാലും. എന്നിട്ട് നിത്യനിര്‍മ്മലമായ ആത്മാവില്‍ അഭിരമിച്ചാലും. ബോധതലത്തില്‍ മന്ദത സ്വയം ഉണ്ടാവുന്നതാണ്. എന്നാല്‍ അത് ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെടുന്നു. അഗ്നിയെ പ്രോജ്വലിപ്പിക്കുന്ന അതെ കാറ്റിനു തന്നെ അതിനെ കെടുത്താനും കഴിയുമല്ലോ. അതുപോലെയാണ് ബോധം അവബോധത്തെയും മാന്ദ്യത്തെയും പരിപോഷിപ്പിക്കുന്നത്.

അതിനാല്‍ അങ്ങയുടെ പ്രബുദ്ധമായ മേധാശക്തി അല്ലെങ്കില്‍ ബോധംകൊണ്ട് അഹം എന്നൊന്ന് ഇല്ലേയില്ല എന്ന തിരിച്ചറിവുണ്ടാക്കി ബാക്കി ശേഷിക്കുന്നത് എന്താണോ അതില്‍ അഭിരമിക്കുക. അപ്പോള്‍ ബോധം പരമാവബോധത്തില്‍ വിലീനമാവും. അവിടെ ബോധത്തിന് വിഷയമില്ല. അതാണ്‌ അന്യാദൃശ്യമായ പരബ്രഹ്മം. വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന അനന്തവും അവിച്ഛിന്നവുമായ ബോധമാണത്. ഇതിനെ സാക്ഷാത്ക്കരിച്ചശേഷം ഇഷ്ടാനുസരണം വര്‍ത്തിച്ചാലും.

അജ്ഞാനംമൂലം കണ്ണുകള്‍ മൂടപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ വൈവിദ്ധ്യതയാര്‍ന്ന ലോകത്തെ കാണുന്നുള്ളു. ഈ കാഴ്ചകളെല്ലാം കണ്ണിനസുഖമുള്ളവന്‍ ആകാശത്ത് കാണുന്ന വൃക്ഷങ്ങള്‍ എന്നപോലെയാണ്. ജലത്തില്‍ പ്രതിഫലിക്കുന്ന അഗ്നി അഗ്നിയില്‍ നിന്നുമെങ്ങിനെ വിഭിന്നമല്ലയോ അപ്രകാരം വെറും ജഡമായ വിശ്വം അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അതുപോലെ അവിദ്യയും വിദ്യയും തമ്മിലും വാസ്തവത്തില്‍ ഭിന്നതകള്‍ ഇല്ലതന്നെ.

“ബ്രഹ്മത്തിന്റെ സാദ്ധ്യതകള്‍ അനന്തമാകയാല്‍ മന്ദത, അല്ലെങ്കില്‍ ബോധഹീനാവസ്ഥയും ബോധത്തില്‍ പ്രകടിതമാവുന്നു. പ്രശാന്തമായ ജലോപരി അലകളും തരംഗങ്ങളും സാദ്ധ്യതകളായി ഉള്ളതുപോലെ ബ്രഹ്മത്തില്‍ മന്ദത ഒരു സാദ്ധ്യതാ സാന്നിദ്ധ്യമായി, ലീനശക്തിയായി നിലകൊള്ളുന്നുണ്ട്.

ജലത്തിന് അലകളെയുണ്ടാക്കാന്‍ യാതൊരു പ്രചോദനവും ഇല്ല. അതുപോലെ ബ്രഹ്മത്തില്‍ വിശ്വസൃഷ്ടിക്കായി യാതൊരുവിധ ചോദനകളും ഇല്ല. സൃഷ്ടിയെന്ന പ്രതിഭാസത്തിനു മതിയായ കാരണം ഇല്ലാത്തതുകൊണ്ട് സൃഷ്ടി നടന്നിട്ടുണ്ട് എന്ന് അനുമാനിക്കാന്‍ സാദ്ധ്യമല്ല. വിശ്വം ഒരു മരുമരീചികപോലെ അസത്താണ്. വസ്തുതയല്ല.

ബ്രഹ്മം മാത്രം നിലകൊള്ളുന്നു. പ്രശാന്തതയാണത്. ഉപാധിരഹിതമാണത്. ബ്രഹ്മം ഒന്നും സൃഷ്ടിക്കുന്നില്ല. അല്ലയോ ഗന്ധര്‍വ്വാ അങ്ങ് അവിച്ഛിന്നമായ, അവിഭാജ്യമായ, ആകാശസമാനമായ ഏക സ്വരൂപമാണ്. അങ്ങാണ് അറിയുന്നവന്‍. അങ്ങത് അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സംശയങ്ങള്‍ ഉപേക്ഷിക്കൂ. അങ്ങ് അജനും അനന്തനും ആണെന്ന് അറിയുമ്പോള്‍ എല്ലാ അവിദ്യയും മൂഢത്വവും അവസാനിക്കും. അതോടെ ലോകമെന്ന കേട്ടുകാഴ്ചയ്ക്കും അന്ത്യമാവും.

സര്‍വ്വ വ്യാപിയായ പരബ്രഹ്മം ഉള്ളിടത്തെല്ലാം (അതായത് എല്ലായിടത്തും) ഈ വിശ്വമെന്ന കാഴ്ചയുണ്ടാവും. പുല്‍ക്കൊടിയില്‍, മരത്തില്‍, ജലത്തില്‍, ജീവജാലങ്ങളില്‍, എല്ലായിടത്തും ഒരേയൊരു പരബ്രഹ്മം നിലകൊള്ളുന്നു. ആ പരബ്രഹ്മത്തെ വിവരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ല.അതിനെ നിര്‍വചിക്കാനുമാവില്ല. അതില്‍ ‘മറ്റൊന്ന്’ ഇല്ല. അതിനാല്‍ അതിനോട് താരതമ്യപ്പെടുത്താന്‍ ഒന്നുമില്ല. അതിനാല്‍ ബ്രഹ്മത്തിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നത് പോലും അസംബന്ധമാണ്.

അഹംഭാവം അസ്തമിക്കുമ്പോള്‍ എന്താണോ അനുഭവവേദ്യമാവുന്നത്, അത് തന്നെയാണ് അഹം നിലനില്‍ക്കെ അഹത്തിന്റെ ഉള്ളറിയാന്‍ ആത്മാന്വേഷണം നടത്തുന്നവനിലും അനുഭവപ്പെടുന്നത്. ബോധത്തില്‍ അഹം വിലീനമായിത്തീരുന്നുകയാണ്.