ശ്രീ രമണമഹര്‍ഷി
നവംബര്‍ 5,1936

സംഭാഷണമധ്യേ ഒരാള്‍ ബ്രണ്ടണും ഒരു സ്ത്രീയും രാത്രിയില്‍ വീട്ടിലേക്കു മടങ്ങിപ്പോകവെ മലയുടെ പകുതി ഉയരത്തില്‍ വടക്കുനിന്നും തെക്കോട്ടു പായുന്ന ഒരു ജ്യോതിസ്സു കണ്ടതിനെപ്പറ്റി പരമാര്‍ശമുണ്ടായി.

രമണമഹര്‍ഷി: ആ മല മൂര്‍ത്തീകരിച്ച ജ്ഞാനമാണ്.
ചോദ്യം: അത് സ്ഥൂല ചക്ഷുസ്സിനെങ്ങനെ വിഷയമായി.

മഹര്‍ഷി: തിരുജ്ഞാനസംബന്ധര്‍ എന്‍റെ ഹൃദയത്തെ വശീകരിച്ചവരെപ്പറ്റി ഞാന്‍ പാടും എന്നു പറഞ്ഞിരിക്കുന്നു.

മറ്റൊരാളൊരനുഭവും ചൂണ്ടിക്കാട്ടി. യോഗ്യനായ ഒരു യുവാവ് മഹര്‍ഷിയുടെ ചിത്രത്തെ നോക്കി ധ്യാനിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ ആചിത്രം മഹര്‍ഷിയുടെ ചൈതന്യരൂപം പൂണ്ടുനില്‍ക്കുന്നതുകണ്ടു. അയാള്‍ ഭയന്നു നിലവിളിച്ചു. ബഹളമായി ആളുകള്‍ വന്നു കൂടി. പലരും അയാള്‍ക്ക് മരുന്നുകള്‍ കൊടുത്ത്‌ അയാളുടെ ബുദ്ധിഭ്രമം തീര്‍ക്കാന്‍ ശ്രമിച്ചു. അയാള്‍ ദീര്‍ഘനേരം ഹതബോധനായി കിടന്നു.
മഹര്‍ഷി: അങ്ങനെയോ? എന്നോടിക്കാര്യം ആരും പറഞ്ഞിലല്ലോ

ചോദ്യം: അതു ശക്തിപാതമെന്ന ദിവ്യാനുഭവമാണോ?
മഹര്‍ഷി: മല പരിപാകം, കര്‍മ്മസാമ്യം (പുണ്യപാപസാമ്യം) ശക്തിപാതം എല്ലാം ഒന്നാണ്. താന്‍ ആത്മാവാണെന്ന ബോധം ജനിക്കുമ്പോള്‍ പൂര്‍വ്വ സംസ്ക്കാരങ്ങള്‍ ഊക്കോടെ വിട്ടൊഴിയും. ശക്തിപാതം ശരിയായ അനുഭവമാണ്. സാധാരണ മനസ് ഹൃദയത്തിലൊടുങ്ങുമ്പോഴാണ് ഇതു സംഭവിക്കുന്നത്. (മനോന്യാസജ്ഞാന:)

യു. പി യിലെ ഒരു സ്ത്രീ തന്‍റെ സഹോദരനും പരിചാരകനുമായി വന്നു. അവര്‍ ഹാളിനുളില്‍ ഭഗവാനെതിരെ ഇരിപ്പായി. ഭഗവാന്‍ ഒരു ബാലന്‍റെ പുനര്‍ജന്മകഥ വായിക്കുകയായിരുന്നു. ബാലന്‍ ലക്നൌവിലെ 14 വയസുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൂന്ന് വയസുള്ളപ്പോള്‍ ബാലന്‍ ഭൂമി അവിടവിടെ കുഴിച്ചു നോക്കുമത്രേ, ചോദിച്ചാല്‍ താന്‍ ഭൂമിയില്‍ നിക്ഷേപിച്ച ഒരു സാധനം എടുക്കാനാണെന്നു പറയും. നാലാം വയസില്‍ അയാളുടെ ഒരു വീട്ടില്‍ കല്യാണം നടന്നു. മടങ്ങിപ്പോയ ചില അതിഥികള്‍ ‘ ഇനി നിന്‍റെ കല്യാണത്തിനു വരാം’ എന്നു പറഞ്ഞു തനിക്കിപ്പോള്‍ തന്നെ രണ്ടു ഭാര്യമാരുണ്ടെന്നായി ബാലന്‍. ഒരു ഗ്രാമത്തിലുണ്ട്, കാണിച്ചുകൊടുക്കാമെന്നും പറഞ്ഞു. ആളുകള്‍ അയാളെ ആ ഗ്രാമത്തില്‍ കൊണ്ടുപോയി. ബാലന്‍ തന്‍റെ ഭാര്യമാരെ ചൂണ്ടിക്കാണിച്ചുകൊടുത്തു. ആ സ്ത്രീകളുടെ ഭര്‍ത്താവുമരിച്ചു 10 മാസമായപ്പോഴായിരുന്നു ബാലന്‍റെ ജനനമെന്നു പിന്നീടറിയാന്‍ കഴിഞ്ഞു.

യു. പി. യിലെ വനിത: മരണാനന്തര വിശേഷങ്ങളറിയാനൊക്കുമോ?
മഹര്‍ഷി: ചിലര്‍ ഉടന്‍തന്നെ വീണ്ടും ജനിക്കുന്നു. ചിലര്‍ അല്പം പിന്നീടും. ചിലര്‍ വീണ്ടും ജനിക്കാതെ ഉപരിമണഡലങ്ങളില്‍ സ്ഥിതിചെയ്യുന്നു. വളരെ ചുരുക്കം പേര്‍ ഇവിടെവച്ചുന്നെ മോചനം നേടുന്നു

ചോദ്യം: ഞാനുദ്ദേശിച്ചത് അതല്ല. ഇതെല്ലാം അറിയാന്‍ കഴിയുമോ എന്നാണ്.
മഹര്‍ഷി: കഴിയും. പക്ഷേ അതെല്ലാം നമെന്തിനറിയുന്നു. നിന്‍റെ സത്യം അന്വേഷകനെ അപേക്ഷിച്ചിരിക്കുന്നു.

ചോദ്യം: ഒരാളിന്‍റെ ജനനം, സ്ഥിതി, മരണം എല്ലാം നമ്മുക്കു സത്യമാണ്
മഹര്‍ഷി: നിങ്ങള്‍ ഒരാളിനെ അയാളുടെ ദേഹത്തില്‍ കാണുന്നത് കൊണ്ട്. നിങ്ങളോ നിങ്ങള്‍ കാണുന്ന ആളോ ദേഹമല്ല.

തന്‍റെ പ്രിയപുത്രന്‍ മരിച്ചു പോയ സങ്കടമുണര്‍ത്തിച്ച ഒരു സ്ത്രീയോട് ഭഗവാന്‍!
മഹര്‍ഷി: അഹം ബോധത്തിന്‍റെ ഉദയമാണ് ഒരാളിന്‍റെ ജനനം. അതിന്‍റെ മരണമാണ് ആ ആളിന്‍റെ മരണവും. അഹംബോധം മൂലം ദേഹാത്മബുദ്ധി ഉദിക്കുന്നു. നിങ്ങള്‍ ശരീരത്തെ താനെന്നു കരുതുന്ന പ്രമാണം തന്നെ അന്യരുടെ കാര്യത്തിലും നിങ്ങള്‍ പ്രയോഗിക്കുന്നു. നിങ്ങളുടെ പുത്രന്‍ ജനിക്കുന്നതിനുമുന്‍പ് നിങ്ങള്‍ അയാളെപ്പറ്റി വിചാരിച്ചിരുന്നോ? അയാളുടെ ജനനാനന്തരം ഉണ്ടായ വിചാരം അയാളുടെ മരണശേഷവും നിലനില്‍ക്കുന്നു. നിങ്ങള്‍ അവനെപ്പറ്റി വിചാരിക്കുന്നിടത്തോളം അയാള്‍ നിങ്ങളുടെ മകനാണ്. അയാള്‍ ഇപ്പോളെവിടെപ്പോയി? എവിടെ നിന്നും വന്നോ അവിടെപ്പോയി. നിങ്ങള്‍ ഉള്ളിടത്തോളം അവനും ഉണ്ട്. നിങ്ങള്‍ ദേഹത്തെ വിട്ടിട്ട് ആത്മാവിനെ കാണുന്ന പക്ഷം കുഴപ്പങ്ങളെല്ലാം തീരും. നിങ്ങള്‍ ശാശ്വതമാവുമ്പോള്‍ എല്ലാം ശാശ്വതമാവും. നിങ്ങള്‍ നിങ്ങളെ തിരിച്ചരിയുന്നതുവരെ ദു:ഖം തുടരും.

ചോദ്യം: എനിക്കു ഭഗവാന്‍റെ അനുഗ്രഹത്താല്‍ ശരിയായ അറിവുണ്ടാകട്ടെ!
മഹര്‍ഷി: അഹംബോധത്തെത്തള്ളൂ. അതുള്ളിടത്തോളം ദു:ഖം മാറുകില്ല. ഉറക്കത്തിലെ അവസ്ഥയെ ഓര്‍മ്മിക്കൂ. സൃഷ്‌ടി രണ്ടു തരത്തിലാണ്. ഈശ്വരസൃഷ്‌ടിയും ജീവസൃഷ്ടിയും ഈ ജഗത്ത്, ഈശ്വരസൃഷ്ടിയില്‍പെടും, അതുമായി ജീവന്‍ ബന്ധപ്പെടുന്നതു ജീവസൃഷ്ടിയാണ്. ആദ്യത്തേതില്‍ ദു:ഖമില്ല രണ്ടാമത്തേതാണ് ദുഖകരം. പഞ്ചദിശയില്‍ നിന്നും ഭഗവാന്‍ കഥ ഉദ്ധരിച്ചു ദക്ഷിണേന്ത്യയില്‍ ഒരു ഗ്രാമത്തിലെ രണ്ടു ചങ്ങാതിമാര്‍ വടക്കേ ഇന്‍ഡ്യയില്‍ തീര്‍ഥാടനത്തിനുപോയി. ഒരാള്‍ അവിടെ വച്ചു മരിച്ചുപോയി. മറ്റേയാള്‍ കുറെ മാസങ്ങള്‍ക്കുശേഷം മടങ്ങിപ്പോരാമെന്നു തീരുമാനിച്ചു. വഴിമദ്ധ്യേ ഒരു ദേശസഞ്ചാരിയെ കണ്ടുമുട്ടിയപ്പോള്‍ അയാള്‍ മുഖാന്തരം തന്‍റെ കൂട്ടുകാരന്‍ മരിച്ച വിവരവും താന്‍ കുറെനാള്‍ കഴിഞ്ഞു മടങ്ങിവരുമെന്ന വിവരവും രണ്ടു പേരുടെ വീടുകളിലും അറിയിക്കാനേര്‍പ്പാടുചെയ്തു. പക്ഷേ ദേശസഞ്ചാരി നാട്ടില്‍വന്ന് തെറ്റായി പേരുകള്‍ മാറ്റിപറയുകയുണ്ടായി . തല്‍ഫലമായി മരിച്ചയാളിന്‍റെ വീട്ടുകാര്‍ സന്തോഷിക്കുകയും മരിക്കാത്തവന്‍റെ വീട്ടുകാര്‍ ദു:ഖിക്കുകയും ചെയ്തു. നോക്കൂ, ഇവിടെ മനോസങ്കല്പങ്ങളാണ് ദു:ഖിക്കാനിടയാകിയത്. ഇതിന് ഹേതു ജീവ സങ്കല്പമാണ്. അഹംകാരനെ (ജീവനെ) നശിപ്പിക്കൂ. അതായത് ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കൂ.

ചോദ്യം: ഞാനിതെല്ലാം കേട്ടു. എങ്കിലും അതെന്‍റെ ഗ്രഹണ ശക്തിക്കതീതമായിരിക്കുന്നു. ഗ്രഹിക്കാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടെ.
ഞാന്‍ മൈസൂരില്‍ ഒരരുവിപ്പുറത്ത് പോയിരുന്നു. വെള്ളച്ചാട്ടം രമണീയമായ ഒരു കാഴ്ചയായിരുന്നു. പ്രവാഹജലം വിരല്‍നീളത്തില്‍ പാറയില്‍ പറ്റിപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീണ് അഗാധതയിലാണ്ട് പോകുന്നു. ഇതുപോലെയാണ് ജീവന്മാരും പരിതസ്ഥികളെപ്പറ്റിപ്പിടിക്കാന്‍ ശ്രമിക്കുന്നത്.

നാം കാലാകാലങ്ങളില്‍ മരങ്ങളില്‍ ഉണ്ടാകുന്ന ഇല, പൂവ്, കായ് എന്നിവയെക്കാളും മെച്ചമാണെന്നു തോന്നുന്നില്ല.

താന്‍ വരുമ്പോള്‍ ഭഗവാനോട് മരണാനന്തര കാര്യങ്ങളെപ്പറ്റി ചോദിക്കണമെന്നു വിചാരിച്ചിരുന്നു. പക്ഷേ ഭഗവാനെ കണ്ടപ്പോള്‍ ചോദിക്കാന്‍ തോന്നിയില്ലെന്നും ഏങ്കിലും തനാഗ്രഹിച്ചിരുന്നതിനെപ്പറ്റിത്തന്നെ ഭഗവാന്‍ സംസാരിക്കുകയുണ്ടായിയെന്നും ആ സ്ത്രീ പിന്നീട് പ്രസ്താവച്ചു