ശ്രീ രമണമഹര്‍ഷി

ചോദ്യം: ജീവിതത്തിന്‍റെ ഉദ്ദേശ്യമെന്താണ്?
മഹര്‍ഷി: ഇങ്ങനെ ഒരു ചോദ്യമുണ്ടായത് പൂര്‍വ്വപുണ്യത്തിന്‍റെ ഫലമായിട്ടാണ്. താന്‍ യഥാര്‍ത്ഥത്തിലാര് എന്നറിയുമ്പോള്‍ ജീവിതത്തിന്‍റെ ഉദ്ദേശ്യമറിയും.

ചോദ്യം: ഞാനെപ്പോള്‍ ജ്ഞാനിയാവുമെന്നു ഭഗവാനരുളിചെയ്യുമോ?
മഹര്‍ഷി: ഞാന്‍ ഭഗവാനെങ്കില്‍ എനിക്കന്യമായി ഒന്നുമുണ്ടായിരിക്കുകയില്ല, പിന്നെ ആരോട് പറയും? ഞാന്‍ മറ്റൊരേതാരാളിനേയും പോലെയാണെങ്കില്‍ ഇതിനുത്തരം പറയാനൊക്കുകയുമില്ലല്ലോ?

ഭഗവാന്‍ സ്നാനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ കുറെ ഭക്തന്മാര്‍ കൂടിനിന്ന് ഗഞ്ചാവിനെപ്പറ്റി സംസാരിച്ചു. ഭഗവാന്‍ കുളികഴിഞ്ഞു വന്നപ്പോള്‍ ഒരാള്‍ അതിനെപ്പറ്റി ചോദിച്ചു.

മഹര്‍ഷി: അതുപയോഗിക്കുന്നവര്‍ക്കല്ലേ അറിയാനൊക്കൂ. എനിക്കെന്തറിയാം. അതാനന്ദമാണ്. ആനന്ദം! ആനന്ദം! എന്നുപറഞ്ഞു ഉന്മത്തനെപ്പോലെ തുള്ളിച്ചാടിവന്നു ചോദ്യകര്‍ത്താവിന്റെ മുതുകില്‍ ചാരിനിന്നു. എട്ടുവര്‍ഷം ആശ്രമത്തിലെ അന്തേവാസിയായിരുന്ന ആ ഭാഗ്യവാന് സ്പര്‍ശമേറ്റതുമുതല്‍ പുതിയ ഒരു വിശേഷാനുഭൂതി ഉണ്ടായതായും പിന്നീട് മനസ്സ് പരിപൂര്‍ണ ശാന്തി അനുഭവിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു.

നിദ്രയില്‍ നിന്നും വിരമിക്കുന്ന ക്ഷണത്തില്‍ ഒരു വെളിച്ചം അനുഭവമാകും. അത് മഹത്ത്വത്തില്‍കൂടി വെളിപ്പെടുന്ന ആത്മപ്രകാശമാണ്. സമഷ്ടിമനസ്സിനെയാണ് (അഖണ്ഡബോധത്തെയാണ്) മഹത്തത്ത്വമെന്നു പറയുന്നത്. അതിനെ അരൂപമനസ്സെന്നും പറയാം. പിന്നീടുണ്ടാകുന്നത് അഹന്താ(രൂപ)മനസ്സിന്‍റെ ആഭാസപ്രകാശമാണ്. ഈ പ്രകാശത്തിലാണ് ശരീരാദി പ്രപഞ്ചം ദൃശ്യമാകുന്നത്.