കിം മയാചരിതം ഭദ്രം കിം തപ്തം പരമം തപഃ
കിം വാഥാപ്യര്‍ഹതേ ദത്തം യദ്രക്ഷ്യാമ്യദ്യ കേശവം (10-38-3)
മമൈതദ്‌ ദുര്‍ലഭം മന്യ ഉത്തമശ്ലോകദര്‍ശനം
വിഷയാത്മനോ യഥാ ബ്രഹ്മകീര്‍ത്തനം ശൂദ്രജന്‍മനഃ (10-38-4)
മൈവം മമാധമസ്യാപി സ്യാദേവാച്യുനദര്‍ശനം
പ്രിയമാണഃ കാലനദ്യാ ക്വചിത്തരതികശ്ചന (10-38‌-5)
മമാദ്യാമംഗളം നഷ്ടം ഫലവാംശ്ചൈവ മേ ഭവഃ
യന്നമസ്യേ ഭഗവതോ യോഗിധ്യേയാങ്ഘ്രിപങ്കജം (10-38-6)

ശുകമുനി തുടര്‍ന്നു:
രാമകൃഷ്ണന്‍മാരെ മഥുരയ്ക്കു കൂട്ടിക്കൊണ്ടുവരാന്‍ കംസന്‍ ആവശ്യപ്പെട്ടതിനുശേഷം അക്രൂരന്‍ അത്യാഹ്ലാദചിത്തനായിരുന്നു. കിട്ടാന്‍ പോകുന്ന ഭഗവദ്ദര്‍ശന സൗഭാഗ്യമോര്‍ത്ത്‌ അക്രൂരന്‍ ഇങ്ങനെ ചിന്തിച്ചു: ‘ഇത്തരം പരമാനുഗ്രഹം ലഭിക്കാനുളള പുണ്യം ഞാനെങ്ങനെ ആര്‍ജ്ജിച്ചു? പാടില്ല. ഞാനങ്ങനെ ചിന്തിച്ചുകൂടാ. കാരണം സമയമെന്ന നദിയിലൊഴുകി നടക്കുമ്പോള്‍ ചിലര്‍ ചിലപ്പോള്‍ ആ സമയനദിയെ തരണം ചെയ്യുന്നു. ഇന്നു ഞാന്‍ ആ ഭഗവാനെ കാണും. സ്വാഭാവികമായും എന്റെ സകലപാപങ്ങളും അതോടെ അവസാനിക്കും. എന്റെ ജന്മം സഫലവുമാകും. ദുഷ്ടനായ കംസനും എനിക്കീ ജോലി തന്നതിനാല്‍ എന്നോട്‌ മഹത്തരമായ ഒരു സഹായമാണ്‌ ചെയ്തത്‌. ഇന്നു ഞാന്‍ സ്രഷ്ടാവുപോലും തലയില്‍ ചൂടുന്ന ആ പാദാരവിന്ദങ്ങള്‍ കാണും. ആ കാലടികള്‍ ഇപ്പോള്‍ കാലികള്‍ക്ക്‌ പിന്നാലെ മലയും കാടും ചവിട്ടി കയറിയിറങ്ങുന്നു. ഗോപാംഗനമാരുടെ മാറിടങ്ങളാല്‍ ആ കാലിണകള്‍ ലാളിക്കപ്പെടുന്നു. കാര്യകാരണങ്ങള്‍ക്കതീതനും അജ്ഞതാലേശമില്ലാത്തവനുമായവന്‍ ഇപ്പോള്‍ വൃന്ദാവനത്തില്‍ മര്‍ത്ത്യരോടൊപ്പം അവരിലൊരാളെന്നപോലെ വ്യാപരിക്കുന്നു. ശുഭോദര്‍ക്കമായ എന്തിനുമുടമയും കാഴ്ചയില്‍ അതീവ സൗന്ദര്യമുളളവനും പരമഗുരുവും മഹാത്മാക്കളുടെ ജീവിതലക്ഷ്യവുമായ ആ ഭഗവാനെ ഞാനിന്നു കാണും. അക്രൂരന്‍ മനസാ ഭഗവാനുമായുളള കൂടിക്കാഴ്ച ഓര്‍ത്തഭിനയിച്ചുതന്നെ ആനന്ദപാരവശ്യത്തിലെത്തിയിരുന്നു. സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ തന്റെ ശത്രുവായ കംസന്റെ ദൂതനാണെങ്കില്‍ കൂടി തന്നെ ഒരു വിനീതഭക്തനായി സ്വീകരിക്കുമെന്ന് അക്രൂരനുറപ്പായിരുന്നു.

വൈകുന്നേരമായപ്പോഴാണ്‌ അക്രൂരന്റെ രഥം വൃന്ദാവനത്തിലെത്തിയത്‌. വഴിയില്‍ കൃഷ്ണന്റെ കാല്‍പ്പാടുകള്‍ അക്രൂരന്‍ ദര്‍ശിച്ചു. ഉടനേ ചാടിയിറങ്ങി കൃഷ്ണപാദസ്പര്‍ശത്താല്‍ പവിത്രമാക്കപ്പെട്ട ആ ധൂളിയില്‍ അക്രൂരന്‍ കിടന്നുരുണ്ടു. ‘ഇതു കൃഷ്ണന്റെ കാല്‍പ്പാടുകള്‍ തന്നെ’ എന്നു പറഞ്ഞു സന്തോഷാശ്രു പൊഴിച്ചു.

താമസിയാതെ അക്രൂരന്‍ രാമകൃഷ്ണന്‍മാരുടെ മുന്‍പിലെത്തി. അദ്ദേഹം അവരെ പരംപൊരുളെന്നുതന്നെ കതുതി അവരുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. അവര്‍ അക്രൂരനെ ആലിംഗനം ചെയ്താദരിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബലരാമന്‍ അക്രൂരന്റെ പാദം കഴുകി. കൃഷ്ണന്‍ ആഹാരവും പൂമാലയുമായി വന്നു. നന്ദന്‍ കുശലം ചോദിച്ചു. സുഖംതന്നെയല്ലേ അക്രൂരാ? ദുഷ്ടനായ കംസന്റെ ദയവില്‍ കഴിയുമ്പോള്‍ എന്തു സുഖവും സമാധാനവും അല്ലേ?, അങ്ങനെ ആ ദിവ്യ കുടുംബത്തിനാലും കൃഷ്ണനാലും പരിചരിക്കപ്പെട്ട്‌ അക്രൂരന്‍ മഥുരയില്‍ നിന്നുളള യാത്രയുടെ ക്ഷീണം മറന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF