ചുറ്റും എല്ലാം നാമാണ്, ഭഗവാനാണ് (66)

ചില്ലുകൊട്ടാരത്തില്‍ കയറിയ നമ്മളെ ന‍ാം കാണുന്നപോലെ ഭഗവാന്റെ വിഭൂതിയെ അറിയണം. ചുറ്റും എല്ല‍ാം നാമാണ്, ഭഗവാനാണ്. തന്റെ തന്നെ നേര്‍ക്കാണ് ഓരോരുത്തരും നിഷ്ഫലമായി കുരച്ചുചാടി തളര്‍ന്നുവീഴുന്നത്. അത് താനാണെന്നറിയാതെയാണിത്. അറിഞ്ഞാല്‍ സര്‍വവും ഞാനെന്ന ആനന്ദമാണ്.

തന്റെ വിസ്താരങ്ങളില്‍ പ്രധാനപ്പെട്ടവയെ ഭഗവാന്‍ വിവരിക്കുന്നു. ഓരോ ഗണത്തിലും വിശേഷപ്പെട്ടവ, ആ ഗണത്തിന്റെ ഉന്നതമായ സര്‍വഭാവങ്ങളും ഉള്‍ക്കൊള്ളുന്നവ ഭഗവാന്‍ എടുത്തുകാട്ടുന്നു. അവ ഭഗവാനെന്നറിഞ്ഞാല്‍ മറ്റുള്ളവ പറയേണ്ടതില്ലല്ലോ. ഓരോ ഗണത്തിനും ഭഗവാന്‍ ഓരോ ലക്ഷ്യത്തെ കൊടുക്കുകയാണ് ഇതിലൂടെ. ആരായിത്തീരണം എന്ന സാധ്യതയെ. എല്ലാ സാധ്യതകളേയും പുറത്തെടുത്ത് പൂര്‍ണമായി മഹത്തരമായി വിരാജിക്കണം. അങ്ങനെയുള്ളവയെല്ല‍ാം പ്രചോദിപ്പിക്കുന്നവയാണ്.

ആദിത്യന്മാരില്‍ വിഷ്ണു, ജ്യോതിര്‍ഗോളങ്ങളില്‍ സൂര്യന്‍, മരുത്തുക്കളില്‍ മരീചി, നക്ഷത്രങ്ങളില്‍ ചന്ദ്രന്‍, വേദങ്ങളില്‍ സാമം, ദേവന്മാരില്‍ ഇന്ദ്രന്‍, ഇന്ദ്രിയങ്ങളില്‍ മനസ്സ്, ജീവികളില്‍ ചേതന, രുദ്രന്മാരില്‍ ശങ്കരന്‍, യക്ഷരക്ഷസ്സുകളില്‍ കുബേരന്‍, വസുക്കളില്‍ അഗ്നി, പര്‍വതങ്ങളില്‍ മേരു, പുരോഹിതന്മാരില്‍ ബൃഹസ്പതി, സേനാനികളില്‍ സുബ്രഹ്മണ്യന്‍, ജലാശയങ്ങളില്‍ സമുദ്രം, മഹര്‍ഷിമാരില്‍ ഭൃഗു, വാക്കുകളില്‍ പ്രണവം, യജ്ഞങ്ങളില്‍ ജപം, സ്ഥാവരങ്ങളില്‍ ഹിമാലയം, വൃക്ഷങ്ങളില്‍ അരയാല്‍, ദേവര്‍ഷികളില്‍ നാരദന്‍, ഗന്ധര്‍വന്മാരില്‍ ചിത്രരഥന്‍, സിദ്ധരില്‍ കപിലമുനി, കുതിരകളില്‍ ഉച്ചൈഃശ്രവസ്സ്, ആനകളില്‍ ഐരാവതം, മനുഷ്യരില്‍ രാജാവ്, ആയുധങ്ങളില്‍ വം, പശുക്കളില്‍ കാമധേനു, ഉല്പത്തിക്ക് കാരണമായത് കാമദേവന്‍, സര്‍പ്പങ്ങളില്‍ വാസുകി, നാഗങ്ങളില്‍ അനന്തന്‍, ജലജീവികളില്‍ വരുണന്‍, പിതൃക്കളില്‍ ആര്യമാവ്, ദണ്ഡനീതി നടത്തുന്നവരില്‍ യമന്‍, അസുരരില്‍ പ്രഹ്ലാദന്‍, ഗണിക്കാവുന്നവയില്‍ കാലം, മൃഗങ്ങളില്‍ സിംഹം, പക്ഷികളില്‍ ഗരുഡന്‍, ശുദ്ധീകരിക്കുന്നവയില്‍ കാറ്റ്, ആയുധധാരികളില്‍ ശ്രീരാമന്‍, മത്സ്യങ്ങളില്‍ മകരം, നദികളില്‍ ഗംഗ, വിദ്യകളില്‍ അധ്യാത്മവിദ്യ, വാദിക്കുന്നവരുടെ വാദം, അക്ഷരങ്ങളില്‍ അകാരം, സമാസങ്ങളില്‍ ദ്വന്ദം, അക്ഷയമായത് കാലം, സര്‍വതോമുഖനായ വിധാതാവ് തുടങ്ങിയവയെല്ല‍ാം ഇത്തരത്തില്‍ പ്രചോദനാത്മകമായ ഭഗവദ്സ്വരൂപമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം