മാതൃത്വത്തിലും ഉന്നതമായ ഭാവമില്ല (103)

മാതൃത്വത്തിലും വലിയ ഭാവമില്ല. സന്ന്യാസിക്ക്‌ അമ്മയെ മാത്രമേ നമസ്കരിക്കേണ്ടൂ. ധ്യാനത്തിനൊരുങ്ങുന്ന മനസ്സ്‌ അമ്മയെ, പിതൃഭാവത്തെ, ഗുരുവിനെ ഒക്കെ മനസ്സാനമസ്‌കരിച്ചാണ്‌ തുടങ്ങുന്നത്‌. എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന ഭാവത്തിനായി പിന്നെ ഭൂമിയെ പ്രാര്‍ത്ഥിക്കുന്നു. തേജസ്സായി സൂര്യനക്ഷത്രഗ്രഹജാലത്തെ വണങ്ങുന്നു. സമസ്ത ജീവജാലങ്ങളിലുമുള്ള മഹത്തായ ദര്‍ശനങ്ങള്‍ക്കായി ഓരോന്നിനെയും സ്മരിക്കുന്നു. നികൃഷ്ടമായതിനെ സ്വീകരിച്ച്‌ ഉദാത്തമായതിനെ നല്‍കുന്ന പശുവിനെ, ആല്‍വൃക്ഷത്തെ, ഒക്കെ വന്ദിച്ചാണ്‌ ധ്യാനം തുടങ്ങുന്നത്‌.

ധ്യാനത്തിനിരിക്കുംമുമ്പുതന്നെ അറിയാനുള്ള ശ്രമത്തില്‍ നിന്ന്‌ ഒരിക്കലും പിന്മാറില്ലെന്നും ഞാന്‍ അറിയുക തന്നെ ചെയ്യുമെന്നുമുള്ള ദൃഢനിശ്ചയം വേണം. ധ്യാനത്തിലാണ്‌ നമ്മുടെ എല്ലാ കര്‍മ്മങ്ങളും ആരംഭിക്കേണ്ടത്‌. എന്നെ ഇതിനു തയ്യാറാക്കിയ അജ്ഞാതമായ കരങ്ങള്‍ക്കു മുമ്പിലെ സമര്‍പ്പണഭാവമാണ്‌ ധ്യാനം. മനസ്സുകൊണ്ട്‌ മനസ്സിനെ നിരീക്ഷിക്കുന്ന അങ്ങേയറ്റത്തെ ജാഗ്രതയാണത്‌. പത്മാസനത്തിലും മറ്റും ഇരിക്കുവാനാകാത്തവര്‍ക്ക്‌ കാല്‍നീട്ടിയോ കസേരയിലിരുന്നോ എങ്ങനേയും ധ്യാനിക്ക‍ാം. പക്ഷേ, ആത്മാന്വേഷണ വിഷയത്തില്‍ സ്വയം കബളിപ്പിക്കാന്‍ പാടില്ല. ശാന്തമായ മനസ്സില്‍ ഉണ്ടാകുന്ന സംശയങ്ങളാണ്‌ ഒരുവനെ സത്യത്തിലേക്ക്‌ നയിക്കുന്നത്‌. അശാന്ത മനസ്സിലെ സംശയങ്ങള്‍ രോഗത്തിലേക്ക്‌ നയിക്കും. അറിയാതെ ചെയ്യുന്ന പ്രവൃത്തികളെല്ല‍ാം ഭ്രാന്താണ്‌. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ അറിവ്‌ വേണം.

ബാഹ്യലോകത്തെ നിരീക്ഷിക്കുന്നതുപോലെ ആന്തരിക ചിത്തവൃത്തികളേയും നിരീക്ഷിക്കുക. ശബ്ദങ്ങളേയും നിശബ്ദതയേയും അറിയുക. മനസ്സിനെ നിരീക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സ്‌ ബലമുള്ളതാകുന്നു. നിരീക്ഷിക്കാത്ത മനസ്സ്‌ അടച്ചിട്ടമുറിപോലെയാണ്‌. ഗുരുവായി പ്രപഞ്ചത്തിലെ ഏതിനെയും സ്വീകരിക്ക‍ാം. ഗ്രന്ഥത്തെ, വ്യക്തിയെ, സമുദ്രത്തെ, കരിയിലയെ ഒക്കെ. പുലര്‍ച്ചയ്ക്ക്‌ എഴുന്നേല്‍ക്കാന്‍ സ്വയം സാധിക്കാത്തവരെ സഹായിക്കാനുള്ള അലാമിന്റെ ദൗത്യമാണ്‌ ഗുരുവിന്റേത്‌. അതേ ചെയ്യാവൂ. ഉണര്‍ത്താന്‍ കഴിവില്ലാത്തതിനെ ഗുരുവായി സ്വീകരിക്കരുത്‌. അതേപോലെ ശിഷ്യഭാവം ആടിയുലയുന്നതാകരുത്‌. ഗുരുവില്‍ പൂര്‍ണസമര്‍പ്പണം വേണം. മതം, ആചാര്യന്മാര്‍, ഗുരു തുടത്തിയ വേഷങ്ങളിലുള്ള പലതിനും വിഷമങ്ങള്‍ ഉണ്ടായിരിക്കലാണ്‌ ആവശ്യം. പ്രശ്നപരിഹാരത്തിനായുള്ള പൂജയും ഹോമവുമൊക്കെ നടത്തലാണവരുടെ തൊഴില്‍. അത്തരക്കാരുടെ പിറകെ പോകരുത്‌.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം